ചില മനുഷ്യർ 👤
തന്നെത്തന്നെ പുതുക്കിപ്പണിയുന്ന
ചില മനുഷ്യരെ കണ്ടിട്ടുണ്ടോ ?
അല്ലെങ്കിൽ
അങ്ങനെയൊന്ന് മാറണമെന്ന്
ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?
കുറച്ചുദിവസങ്ങൾക്കു മുൻപുവരെ
ആൾക്കൂട്ടങ്ങളിലും ആരവങ്ങളിലും
ഓടിച്ചാടിനടന്ന ചില മനുഷ്യർ ..
കണ്ണിൽ കണ്ടവരോടെല്ലാം
വാതോരാതെ സംസാരിച്ചിരുന്ന
ചില മനുഷ്യർ.....
അവരിൽ ചിലർ പതിയെപ്പതിയെ എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറി
സ്വയം ഒതുങ്ങുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ ?
ഏറ്റവും പ്രിയപ്പെട്ടവരെന്നു കരുതിയ
ഏതെങ്കിലുമൊരാളിൽ നിന്ന്
ഉറപ്പായും ഒരു ദുരനുഭവം
അവർക്കുണ്ടായിട്ടുണ്ടാവും ...
അതല്ലെങ്കിൽ,
അത്തരത്തിലൊരാൾ
അവരുടെ മനസ്സിനെ
അത്രത്തോളം ആഴത്തിൽ
മുറിവേൽപ്പിച്ചിട്ടുണ്ടാവും !
ഏറ്റവും പ്രിയപ്പെട്ടവർ പോലും
അങ്ങനെയാണെന്ന് തിരിച്ചറിയുമ്പോൾ
മറ്റുള്ളവരിൽ നിന്ന്
ഉണ്ടാകാൻ സാധ്യതയുള്ള
വ്രണപ്പെടുത്തലുകൾ
എത്രത്തോളമായിരിക്കുമെന്ന്
അന്നുമുതൽ അവർ ചിന്തിച്ചുതുടങ്ങും !
അതുവരെ എല്ലാ മനുഷ്യരെയും
കണ്ണടച്ചു വിശ്വസിച്ചിരുന്ന അവർ
അതിനു ശേഷം പിന്നെ
ആരെയും വിശ്വസിക്കാതെയാകും !
അതോടെ അവർ
ഏകാന്തതയെ
അത്രമേൽ ഇഷ്ടപ്പെട്ടു തുടങ്ങും !
ഓടിച്ചാടി നടന്നവർ
ഒറ്റയ്ക്കിരിക്കാൻ ശീലിക്കും !
അതവർക്ക്
വല്ലാത്തൊരുനഭവമായിരിക്കും ..
ആ ഏകാന്തതയിൽ,
അതുവരെ മറ്റുള്ളവരെ മാത്രം
സ്നേഹിച്ച് ശീലിച്ച ആ മനുഷ്യർ
ആദ്യമായി തന്നെത്തന്നെ
സ്നേഹിച്ചു തുടങ്ങും ...
അതുവരെ അനുഭവിച്ചിട്ടില്ലാത്ത
ഒരുതരം ശാന്തത
അവർ അനുഭവിച്ചറിയും ...
കാറ്റും കോളും നിറഞ്ഞ അന്തരീക്ഷം
പെയ്തൊഴിഞ്ഞ് ശാന്തമാകുന്നതുപോലെ !
മുൻപ് പലപ്പോഴും
ആർക്കൊക്കെയോ വേണ്ടി മാറ്റിവച്ച
സ്വന്തം ഇഷ്ടങ്ങളെയൊക്കെ
അവർ പൊടിതട്ടിയെടുക്കും ..
അതിനൊക്കെയുള്ള സമയം
അതിനു മുൻപും ഉണ്ടായിരുന്നിട്ടും
ആർക്കൊക്കെയോ വേണ്ടി
അത് പാഴാക്കിയല്ലോയെന്ന്
നഷ്ടബോധത്തോടെ ഓർക്കും ..
അവിടം മുതൽ
അവർ മാറിത്തുടങ്ങും ..
ഉപേക്ഷിച്ചതു പലതും
ചെയ്തു തീർക്കുമ്പോൾ
പ്രതീക്ഷകൾക്ക് ചിറകുമുളയ്ക്കും ..
ഇനിയുള്ള സമയം
ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്ന്
ഉറച്ച തീരുമാനമെടുക്കും ...
അങ്ങനെയങ്ങനെ
ഏകാന്തതയുടെ ആ ചിതൽപ്പുറ്റിനുള്ളിൽ
അവരൊരു പുതിയ മനുഷ്യനാകും ..
അവനവനെത്തന്നെ പുതുക്കിപ്പണിഞ്ഞ
ഒരു പുതിയ മനുഷ്യൻ !
അതോടൊപ്പം പക്ഷേ
മറ്റൊന്നുകൂടി സംഭവിക്കും ...
ആ പുതുക്കിപ്പണിയലിൽ
അവരുടെ മനസ്സിനേറ്റ
മുറിവുകൾ ഉണങ്ങിയേക്കാം ..
പക്ഷേ അതിൻ്റെ മുറിപ്പാടുകൾ
ഒരിക്കലും മായാതെ
ഒരോർമ്മപ്പെടുത്തലായി
അവിടെത്തന്നെയുണ്ടാകും ...!
പിന്നീടൊരിക്കലും
ഒരാളിനെപ്പോലും
അമിതമായി വിശ്വസിക്കാൻ
അവർ കൂട്ടാക്കിയെന്നു വരില്ല ...
ഒരാളിനെപ്പോലും
അമിതമായി സ്നേഹിക്കാനും
അവർക്കൊരിക്കലും കഴിയുകയുമില്ല ..!
" നീ ആകെ മാറിപ്പോയി " എന്ന്
കുറ്റപ്പെടുത്തലുകളും
പരാതികളുമൊക്കെ
ചുറ്റിലും മുഴങ്ങും ...
അതു കേൾക്കുമ്പോൾ
അവർക്ക് ചിലപ്പോൾ
മനസ്സിലൊരു ചിരിപൊട്ടും ..
എന്നിട്ട്
മനസ്സ് മനസ്സിനോടു തന്നെ പറയും
" അതേ ... മാറിപ്പോയി ...
മാറാൻ കാരണം നിങ്ങളൊക്കെത്തന്നെയാണ് ..
പക്ഷേ .. ഈ മാറ്റം
കുറച്ചു നേരത്തേ വേണമായിരുന്നെന്ന്
എനിക്കിപ്പോൾ തോന്നുന്നു " എന്ന് !!
ചില ദുരനുഭവങ്ങൾ
ഒരർത്ഥത്തിൽ നല്ലതു തന്നെയാണ് ..
സ്വയം തിരിച്ചറിയാൻ
നമ്മൾ വൈകിപ്പോയെന്ന്
ഓർമ്മ വരുന്നത്
അത്തരം ചില അനുഭവങ്ങൾ ഉണ്ടാകുമ്പോഴായിരിക്കും !
അവിടെ തളർന്നു പോകാതെ
മനസ്സിനെ തിരിച്ചുപിടിക്കുക ...
നമ്മളെത്തന്നെ പുതുക്കിപ്പണിയാനുള്ള
സമയമായി എന്ന് ചിന്തിക്കുക ..
അതിലേക്ക് ശ്രദ്ധ തിരിക്കുക !
അത് ചിലപ്പോൾ
ഒരു പുതിയ തുടക്കമായേക്കാം ...
അങ്ങനെ മാറിയ
ഒരുപാട് മനുഷ്യർ നമുക്കിടയിലുണ്ട് ...
♥️✍️© ജയേഷ് മൈനാഗപ്പളളി


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗