അക്ഷരക്കൂട്ടം: (5) പ്രവൃത്തിയും പ്രതിഫലവും 💱
അക്ഷരക്കൂട്ടം ഓൺലൈൻ

(5) പ്രവൃത്തിയും പ്രതിഫലവും 💱

 പ്രവൃത്തിയും പ്രതിഫലവും



       രാജാവ് ഗുരുവിനോടു ചോദിച്ചു: തിന്മ ചെയ്യുന്നവർ ശിക്ഷിക്കപ്പെടുമെന്നാണല്ലോ താങ്കൾ പറയുന്നത്. പക്ഷേ, അവരെല്ലാം ജീവിതം ആഘോഷിക്കുന്നതാണ് കാണുന്നത്. ഗുരു പറഞ്ഞു: കുറ്റം ചെയ്യുന്നവർ അപ്പോൾത്തന്നെ ശിക്ഷിക്കപ്പെടണമെന്നു നിർബന്ധമില്ല പശുവിനു തീറ്റ കൊടുത്താൽ അപ്പോൾത്തന്നെ പാൽ ചുരത്തില്ല. വിതച്ചയുടനെ വിത്ത് വിളവാകാറില്ല. കാലം തീരുമാനിക്കുന്ന സമയത്തേ തിന്മകൾക്കും പ്രതിഫലം ലഭിക്കൂ.


             കർമഫലത്തിന് കാത്തിരിക്കണം. അനുഗ്രഹമായതു ചെയ്താലും അരുതാത്തതു ചെയ്താലും ഓരോ പ്രവൃത്തിയും തുടർപ്രവൃത്തികളോ പ്രതിപ്രവർത്തനങ്ങളോ സൃഷ്‌ടിക്കും. ആനന്ദദായകമെങ്കിൽ അതു വൈകരുതെന്നും അഹിതമെങ്കിൽ അതു സംഭവിക്കരുതെന്നുമാണ് എല്ലാവരുടെയും പ്രാർഥന. 


             വിതറുന്നത് സുകൃതങ്ങളും സൽക്കർമങ്ങളുമെങ്കിൽ വളരുന്നതും വ്യാപിക്കുന്നതും നന്മയായിരിക്കും. നടുന്നത് കൊള്ളരുതാത്തതും വിനാശകരവുമെങ്കിൽ കായ്ക്കുന്നതും ക്രയവിക്രയം നടക്കുന്നതും നികൃഷ്ടമായതായിരിക്കും. എന്താണെങ്കിലും അനുയോജ്യമായ സമയത്ത് പ്രവൃത്തികൾക്കെല്ലാം പ്രതിപ്രവർത്തനം സംഭവിക്കും. തൊടുത്തുവിടുന്നതെല്ലാം അതേ വീര്യത്തിൽ തിരിച്ചുവരുമെന്ന സാമാന്യബോധം ഓരോരുത്തർക്കുമുണ്ടെങ്കിൽ നശീകരണശേഷിയുള്ള കർമങ്ങൾക്ക് ആരും മുതിരില്ല.


             തിന്മ ചെയ്യുന്നവർക്ക് തെറ്റിന്റെ ആഴത്തിനനുസരിച്ചുള്ള തിരിച്ചടി ലഭിക്കുന്നുണ്ടോയെന്ന് അളന്നെടുക്കുകയാണ് നന്മ ചെയ്യുന്നവരുടെ പ്രധാന വിനോദം തങ്ങൾ ചെയ്യുന്ന ശരികൾക്കും അന്യർ ചെയ്യുന്ന തെറ്റുകൾക്കും ഒരേ അളവിൽ യഥാസമയം മറുപടി വേണമെന്ന വാശിയാണ് ചെയ്യുന്ന നന്മകളുടെ ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുന്നത് സൽക്കർമങ്ങൾക്കെല്ലാം ഇരട്ടിയായി അനുഗ്രഹങ്ങൾ ലഭിക്കുമെന്നുള്ള വിശ്വാസത്തിൽ സ്വയോന്നമനത്തിനും സൽപേരിനുംവേണ്ടി വിശുദ്ധരാകാനുള്ള ശ്രമം ദുഷ്‌കർമത്തിന്റെ മോടിപിടിപ്പിച്ച രൂപംതന്നെയാണ്.


              തിരിച്ചുകിട്ടുമെന്നു കരുതി ചെയ്യുന്ന നന്മയും ഒരിക്കലും തിരിച്ചുകിട്ടില്ലെന്നു കരുതി ചെയ്യുന്ന തിന്മയും ഒരുപോലെ അശുദ്ധമാണ്. ദൃശ്യമായ കർമം മാത്രമല്ല അദൃശ്യമായ ലക്ഷ്യവും പ്രസക്‌തമാകും. ഓരോ പ്രവൃത്തിയും കഴിഞ്ഞ് അതിൻ്റെ ഫലത്തിനുവേണ്ടി കാത്തിരിക്കേണ്ട. പരിണതഫലങ്ങൾ യഥാസമയത്തു വന്നുചേരും. അന്യനും അവനവനും ഉപകരിക്കുന്ന കർമങ്ങൾ അനുസ്യൂതം തുടരുക എന്നതാണ് നന്മയുടെ വ്യാപനശേഷി വർധിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം.


(കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗