ഉൾക്കരുത്തെന്ന ആയുധം
ക്രിസ്മസ് സമ്മാനം വാങ്ങാനായി അച്ഛനും മകനും കടയിലെത്തി. എന്തും വാങ്ങാനുള്ള സ്വാതന്ത്ര്യം അച്ഛൻ മകനു നൽകി. ബലൂണുകൾകൊണ്ടു നിർമിച്ച വലിയൊരു രൂപം അവൻ ശ്രദ്ധിച്ചു. കൗതുകം തോന്നി അവൻ അതിൽ ആഞ്ഞിടിച്ചു. മറിഞ്ഞുവീണെങ്കിലും രണ്ടു തവണ ഉയർന്നുതാണ് അതു പൂർവസ്‌ഥിതിയിലെത്തി. പലതവണ അവൻ അതു തള്ളിത്താഴെയിടാൻ ശ്രമിച്ചു. പക്ഷേ, അതു വീണ്ടും നിവർന്നുതന്നെ നിന്നു.
അച്ഛൻ ചോദിച്ചു :
എന്തുകൊണ്ടാണ് നീ പലതവണ ശ്രമിച്ചിട്ടും ബലൂൺപ്രതിമ വീണ്ടും ഉയർന്നുവരുന്നത്.
അവൻ പറഞ്ഞു;
'ഉത്തരം കൃത്യമായി അറിയില്ല. പക്ഷേ, അതിനുള്ളിൽ അതിനെ എഴുന്നേൽപിച്ചു നിർത്തുന്ന എന്തോ ഉണ്ട്'.
പുറന്തോടുകൾക്ക് ആകൃതി നൽകാനേ കഴിയു. കഴിവും കരുത്തും അകമേനിന്നു രൂപപ്പെടണം. പുറത്തുനിന്നുള്ള ആക്രമണങ്ങൾ മൂലമല്ല പലർക്കും അടി തെറ്റുന്നത്, അവയെ താങ്ങാനുള്ള ഉൾബലം ഇല്ലാത്തതുകൊണ്ടാണ്. അഴകു കൂട്ടാൻ ചെലവഴിക്കുന്ന സമയവും സമ്പത്തും അകം രൂപപ്പെടുത്താൻ ഉപയോഗിച്ചിരുന്നെങ്കിൽ ചെറിയ കയ്യേറ്റങ്ങളോ അധിക്ഷേപങ്ങളോ നെഞ്ചിൽത്തറയ്ക്കാതിരുന്നേനെ. മൂർച്ചയില്ലാത്ത അസ്ത്രങ്ങൾക്കുപോലും കീറിമുറിക്കാൻ പാകത്തിൽ, വികാരങ്ങളും ചിന്തകളും ദുർബലമാകുന്നതാണ് പ്രതിരോധശേഷി നഷ്ടപ്പെടാൻ കാരണം. പുറത്തുനിന്നുള്ള ഒന്നിനും ആരെയും കീഴടക്കാനാകില്ല, ഉള്ള് ഉരുക്കുകൊണ്ടു നിർമിച്ചതാണെങ്കിൽ. വാഴ്ത്തുന്നവരുടെ കൂടെ മാത്രമല്ല, പരീക്ഷണത്തിനെങ്കിലും, പ്രഹരമേൽപിക്കുന്നവരുടെ കൂടെയും സഹവസിക്കണം. ഒരിക്കലെങ്കിലും ആഘാതമേൽക്കാത്തവർ ആദ്യ ആക്രമണത്തിൽത്തന്നെ താഴെ വീഴും. വീഴാതിരിക്കാനുള്ള ശേഷിയല്ല സമ്പാദിക്കേണ്ടത്. വീണിടത്തുനിന്ന് എഴുന്നേൽക്കാനും വീഴ്ചയെ ന്യായീകരിക്കാതിരിക്കാനുമുള്ള പ്രാപ്തിയാണു നേടേണ്ടത്. തിരിച്ചുവരവു നൽകുന്ന കരുത്തും പാഠവും വീണിടത്തുകിടന്നാൽ ലഭിക്കില്ല.
(കടപ്പാട് )


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗