രാമായണത്തെ മനോഹരമാക്കി തുല്യപ്രധാന കഥാപാത്രങ്ങൾ
ശക്തിയും ദൗർബല്യങ്ങളുമുളള ഒട്ടേറെ കഥാപാത്രങ്ങളാണ് വാൽമീകിയുടെ രാമായണ കാവ്യത്തിനു മിഴിവേകുന്നത്. രാമനോളം യാത്രയും യാതനയും അനുഭവിക്കുന്ന ലക്ഷമണനും സീതയ്ക്കും കാവ്യത്തിൽ തുല്യ സ്ഥാനവുമുണ്ട്. മക്കൾ വനത്തിലേക്കു പോയ സങ്കടത്തോടെ കൊട്ടാരത്തിൽ കഴിയുന്ന കൗസല്യയും സുമിത്രയും ജനകനും ഭർതൃസാമീപ്യമില്ലാതെ ഒരു പതിറ്റാണ്ടിലധികം ഓർമകൾ മാത്രം താലോലിച്ചിരിക്കുന്ന ഊർമിളയും അനുഭവിച്ച സങ്കടങ്ങൾ വായനക്കാരെ നൊമ്പരപ്പെടുത്തും. ജീവിതത്തിനു വഴികാണാൻ പ്രിയപ്പെട്ടവരെ വിട്ടകലുന്ന വർത്തമാനകാലത്തെ ഓരോ മനസിലും ഈ സങ്കടകണികകൾ കാണാം.
സരയൂ നദി തീരത്തെ വിശാല ജനപദമായ കോസലം പുതിയ രാജ്യാവകാശിയില്ലാതെ ദുഃഖിക്കുന്ന കാലം. പ്രാർഥനകളും ചികിൽസകളുമായി ദശരഥ മഹാരാജാവും ഭാര്യമാരായ കൗസല്യയും കൈകേയിയും സുമിത്രയും അയോധ്യ രാജധാനിയിൽ കഴിയുകയാണ്. രാജഗുരു വസിഷ്ഠൻ ഋശ്യശൃംഗനെയെത്തിക്കാനും പുത്രകാമേഷ്‌ടിയാഗം നടത്തിയാൽ സന്താനഭാഗ്യമുണ്ടാവുമെന്നും ദശരഥനോട് പറയുന്നു.
വനത്തിൽ പരമനുഷ്യ സാമീപ്യമില്ലാതെയാണ് വിഭാണ്ഡക മഹർഷി പുത്രനായ ഋശ്യശൃംഗനെ വളർത്തിയത്. ആത്മജ്‌ഞാനവും ബ്രഹ്‌മ ജ്‌ഞാനവും നൽകി പുത്രനെ ലോകമറിയപ്പെടുന്ന പണ്ഡിതനാക്കണമെന്നായിരുന്നു വിഭാണ്ഡക മഹർഷിയുടെ ആഗ്രഹം. എന്നാൽ അച്ഛൻ്റെ ആഗ്രഹത്തിനു വിപരീത വിധിയാണ് മകനുണ്ടാവുന്നത്. അംഗരാജ്യത്തെ കൊടിയ വരൾച്ച ഇല്ലാതാക്കാനായി ഋശ്യശൃംഗനെ രാജ്യത്തെത്തിക്കാൻ ലോമപാദ രാജാവ് തരുണീമണികളെയാണ് അയയ്ക്കുന്നത്.
രാജാധികാരവും ആൾബലവുമുണ്ടായിരുന്നിട്ടും ഉദ്ദേശിച്ച ആളെ അടുത്തെത്തിക്കാൻ ആരെയും വശീകരിക്കാൻ കഴിവുളള യുവതികളെ അയച്ച തന്ത്രം വിജയിച്ചു. ആത്മജ്‌ഞാനത്തിനു വേണ്ടതെല്ലാം പഠിപ്പിച്ച വിഭാണ്ഡകന്റെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു ശരീരത്തിൻ്റെ ആകർഷണം. പ്രായത്തിന്റെ കാമനകൾക്ക് മുന്നിൽ വിനീതനായ ഋശ്യശൃംഗൻ അംഗരാജ്യത്ത് കാൽവച്ചതും വരണ്ടു കിടക്കുന്ന ഭൂമിയിലേക്ക് ആകാശത്തുനിന്നു നീർച്ചാലുകൾ ധാരയായി ഒഴുകിയെത്തി.

.jpeg)