ഭിക്ഷക്കാരനും ബിസിനസുകാരനും
ഒരു മനുഷ്യൻ റെയിൽവേ പ്ലാറ്റ്ഫോമിൽ ഇരുന്ന് ഭിക്ഷ യാചിക്കുകയായിരുന്നു. നിസ്സാരമായ തുട്ടുകൾ മാത്രമാണ് അയാൾക്ക് ലഭിച്ചിരുന്നത്.
ഒരിക്കൽ നല്ല ഉയരമുള്ള ഒരു മനുഷ്യൻ വന്നപ്പോൾ അയാൾ ഭിക്ഷ ചോദിച്ചു. ആ മനുഷ്യൻ ചോദിച്ചു ;
എനിക്ക് എന്ത് തരുവാൻ നിന്റെ കയ്യിലുണ്ട് ?
അവൻ പറഞ്ഞു ഒന്നുമില്ല.
ഞാൻ ഒരു ഭിക്ഷക്കാരൻ ആണ്.
അയാൾ പറഞ്ഞു,
നിനക്ക് എന്തെങ്കിലും ലഭിക്കണമെങ്കിൽ നീയും എന്തെങ്കിലും കൊടുക്കണം. ഞാനൊരു ബിസിനസുകാരനാണ് എന്തെങ്കിലും തരുവാൻ നിനക്ക് ഉണ്ടെങ്കിൽ ഞാൻ തരും അല്ലെങ്കിൽ ഞാൻ പോകുന്നു. അയാൾ ട്രെയിൻ കയറി പോയി.
ഭിക്ഷക്കാരൻ ചിന്തിച്ചു, എന്റെ പക്കൽ കൊടുക്കാൻ എന്തുണ്ട്? എനിക്ക് എന്തെങ്കിലും ലഭിക്കണമെങ്കിൽ ഞാൻ എന്തെങ്കിലും കൊടുക്കണം. രണ്ടുമൂന്നു ദിവസം അയാൾ ചിന്തിച്ചു നടന്നു. തുടർന്ന് അയാൾ കുറച്ചു പൂക്കൾ ശേഖരിച്ചു, തനിക്ക് ഭിക്ഷ നൽകുന്ന എല്ലാവർക്കും അയാൾ ഒരോ പൂക്കൾ നൽകി. അപ്പോൾ അയാൾക്ക് കൂടുതൽ പണം ലഭിക്കുകയും ചെയ്തു. ഒരിക്കൽ ആ ഉയരമുള്ള മനുഷ്യനെ വീണ്ടും അയാൾ ട്രെയിനിൽ കണ്ടുമുട്ടി. അയാൾ പറഞ്ഞു,
സർ, ഇന്ന് എനിക്ക് ഭിക്ഷ തരുന്നവർക്ക് ഞാൻ ഒരു പൂക്കൾ കൊടുക്കുന്നു. ബിസിനസുകാരൻ ഒരു പൂ വാങ്ങി അയാൾക്ക് പണം കൊടുത്തിട്ട് പറഞ്ഞു, ഇന്ന് നീയും എന്നെപ്പോലെ ഒരു ബിസിനസുകാരനാണ്. വീണ്ടും അയാൾ ചിന്തിച്ചു, ഞാനും ഒരു ബിസിനസുകാരനായല്ലൊ. കൊള്ളാം നല്ലത്. അയാൾ പൂക്കൾ വരുത്തി വിൽക്കുവാൻ തുടങ്ങി. വീണ്ടുമൊരിക്കൽ ട്രെയിനിൽ വച്ച് അവർ കണ്ടുമുട്ടി. അപ്പോൾ പഴയ വേഷത്തിൽ ആയിരുന്നില്ല. നന്നായി ഡ്രസ്സ് ചെയ്ത ഭിക്ഷക്കാരൻ ചോദിച്ചു താങ്കൾ എന്നെ അറിയുമോ, ബിസിനസുകാരൻ പറഞ്ഞു ഇല്ലല്ലോ. ഭിക്ഷക്കാരൻ തന്റെ അനുഭവം എല്ലാം പറഞ്ഞു. അയാളുടെ ജീവിതത്തിൽ മാറ്റം വരുത്തിയ ബിസിനസുകാരന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
കൊടുക്കുക, സ്വീകരിക്കുക (Give and take), ഇത് ബിസിനസിന്റെ ഒരു പ്രമാണമാണ്. എന്നാൽ ബിസിനസ്സ് പ്രമാണം മാത്രമല്ല, അതിലുപരി ഒരു ജീവിത തത്വശാസ്ത്രമാണ്. കൊടുക്കുവാൻ ശ്രമിക്കുന്നവർക്ക് ലഭിച്ചുകൊണ്ടേയിരിക്കും. ലഭിക്കുവാൻ വേണ്ടി മാത്രം ശ്രമിക്കുന്നവരെ മറ്റുള്ളവർക്ക് പുച്ഛം ആയിരിക്കും.
ഒരു വിധത്തിൽ നമ്മുടെ പക്കൽ കൊടുക്കുവാൻ എന്തെല്ലാം ഉണ്ട്? എന്തെങ്കിലും കൊടുക്കുവാൻ ഒന്നുമില്ലാത്ത ആരും തന്നെയില്ല, കേട്ടോ. ഒരു പുഞ്ചിരി എങ്കിലും മറ്റുള്ളവർക്ക് സമ്മാനിക്കുവാൻ കഴിയില്ല? ഒരു താങ്ക്സ് പറയുവാൻ ആർക്കാണ് കഴിയാത്തത്? ആ ഭിക്ഷക്കാരൻ ചെയ്തതുപോലെ, നമ്മെ സഹായിക്കുന്നവർക്ക് നന്ദി സൂചകമായി ഒരു പൂ കൊടുക്കാൻ കഴിയില്ലേ? ഒരുപക്ഷേ പണം കുറവാണെങ്കിലും, ചില പ്രയത്നങ്ങൾ ചെയ്യുവാൻ നമുക്ക് കഴിയില്ലേ? മനസ്സുണ്ടെങ്കിൽ, കൊടുക്കുവാൻ നമ്മുടെ പക്കൽ എന്തെല്ലാമുണ്ടാകും! കൊടുക്കുവാൻ മനസ്സില്ലാത്തവർക്ക് എത്രയുണ്ടായിരുന്നാലും ഒന്നും കൊടുക്കുവാൻ കഴിയില്ല. നമ്മുടെ ആസ്തിബാധ്യതകൾ അല്ല, കൊടുക്കുന്നവരാക്കി നമ്മെ രൂപാന്തര പ്പെടുത്തുന്നത്. നമ്മുടെ നല്ല മനസ്സാണ്. കൊടുക്കുവാനുള്ള മനസ്സ് ഉണ്ടായിരിക്കുന്നത് ഒരു വ്യക്തിയുടെ ഔന്നത്യത്തെ കാണിക്കുന്നു. വാങ്ങുന്നതിനേക്കാൾ ഭാഗ്യമാണ് കൊടുക്കുന്നത്. സ്വാർത്ഥരാകാതെ, മറ്റുള്ളവരെ കരുതുന്നവരായിരിക്കാൻ നമുക്ക് സജ്ജമാകാം.
`°•<><><>💫<><><>•°`

