അക്ഷരക്കൂട്ടം: അലക്സാണ്ടർ ഫ്ലെമിംഗ് - ആന്റി ബയോട്ടിക്കിന്റെ പിതാവ് 💉
അക്ഷരക്കൂട്ടം ഓൺലൈൻ

31 ജൂലൈ 2025

അലക്സാണ്ടർ ഫ്ലെമിംഗ് - ആന്റി ബയോട്ടിക്കിന്റെ പിതാവ് 💉

ആരാണ് അലക്സാണ്ടർ ഫ്ലെമിംഗ് ?

1928 -ൽ സെപ്റ്റംബർ 28 നാണ് മനുഷ്യരാശിയെ ഏറ്റവും അധികം മരണങ്ങളിൽ നിന്ന് രക്ഷിച്ച ഒരു നിരീക്ഷണം ഈ വ്യക്തി നടത്തിയത് അതായത് ആന്റി ബയോട്ടിക്കിന്റെ പിതാവ് എന്നറിയപ്പെടുന്നു.


ഇന്ന് ലോകത്ത് പകുതിയിൽ കൂടുതൽ ആളുകൾ ജീവിച്ചിരിക്കുന്നതിന് കാരണം ഒരുപക്ഷ ഈ കണ്ടെത്തലിന്റെ ബലത്തിൽ ആയിരിക്കാം. 

ലോകത്തിലെ ആദ്യ ആന്റി ബയോട്ടിക്ക് ആയ പെനിസിലിൻ അലക്സാണ്ടർ ഫ്ലെമിംഗ് കണ്ടെത്തിയിട്ട് 97 വർഷങ്ങൾ പിന്നിടുകയാണ്. 

ആൻ്റിബയോട്ടിക്കുകളുടെ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ  അധ്യായമാണ് പെനിസിലിൻ്റെ കണ്ടുപിടുത്തം. 


ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഫ്ലെമിംഗ് ഒരു ഗവേഷണത്തിനിടെ യാദൃച്ഛികമായിട്ടാണ് ഇത് കണ്ടെത്തിയത്. 

തൻ്റെ ലാബിൽ, സ്റ്റാഫൈലോകോക്കസ് (Staphylococcus) എന്ന ബാക്ടീരിയയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു പെട്രി ഡിഷ്  തുറന്ന നിലയിൽ വെച്ചിരിക്കുന്നത് ഫ്ലെമിംഗിൻ്റെ ശ്രദ്ധയിൽപ്പെട്ടു. 

അതിൽ എക്സ്പയറി കഴിഞ്ഞ ബ്രഡിലെ പോലെ കുറേ പൂപ്പൽ വളർന്നിരുന്നു. 

ആ പൂപ്പലിന് ചുറ്റുമുള്ള ഭാഗത്ത് ബാക്ടീരിയ വളരുന്നില്ലെന്ന അസാധാരണതയും  അദ്ദേഹം കണ്ടെത്തി.

ഈ പൂപ്പൽ പെനിസിലിയം നൊട്ടേറ്റം (Penicillium notatum) എന്നയിനത്തിൽപ്പെട്ടതാണെന്ന് ഫ്ലെമിംഗ് തിരിച്ചറിഞ്ഞു. 

ഈ പൂപ്പൽ എന്തോ ഒരു പദാർത്ഥം ഉത്പാദിപ്പിക്കുന്നുവെന്നും അതിന് ബാക്ടീരിയയെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്നും അദ്ദേഹം ഊഹിച്ചു.

അതോടെ അദ്ദേഹം  വൈദ്യശാസ്ത്രത്തിലെ വിപ്ലവാത്മകമായ ഒരു അധ്യായത്തിന് തുടക്കമിടുകയായിരുന്നു.


ആ അജ്ഞാത പദാർത്ഥത്തിന് അദ്ദേഹം പെനിസിലിൻ എന്ന് പേരിട്ടു. 

അതായിരുന്നു ലോകത്തെ മാറ്റിമറിച്ച ഒരു തുടക്കത്തിന് കാരണം. 


ദശലക്ഷ കണക്കിന് മനുഷ്യ ജീവനുകളാണ് ആന്റി ബയോട്ടിക്കുകൾ കൊണ്ട് രക്ഷപ്പെട്ടതും ഇന്നും അത് തുടരുന്നതും. 

ബാക്ടീരിയ എന്ന സൂക്ഷ്മ ജീവിയുടെ വളർച്ച ഇല്ലാതാക്കുകയോ  അവയെ നശിപ്പിക്കുകയോ ചെയ്യുന്ന പദാർത്ഥമോ സംയുക്തമോ ആണ് ആന്റീബാക്ടീരിയൽ എന്നത്. 

സൂക്ഷ്മജീവികളായ ബാക്ടീരിയ, ഫങ്കസ് പ്രോട്ടോസോവ എന്നിവയുടെ രോഗ സംക്രമം ചെറുക്കുന്ന രോഗാണുനാശകങ്ങളുടെ ഒരു വിഭാഗമാണ്‌ ആന്റിബയോട്ടിക്കുകൾ.


പെനിസിലിന്റെ കണ്ടുപിടുത്തത്തിന് അലക്സാണ്ടർ ഫ്ലെമിങ്ങിന് നോബൽ പ്രൈസ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.


അലക്സാണ്ടർ ഫ്ലെമിംഗ് ശാസ്ത്രലോകത്തെ ഒരു നക്ഷത്രമാണ്. 

പെനിസിലിന് ശേഷം നിരവധി ആന്റിബയോട്ടിക്കുകൾ കണ്ടെത്തി. 

ബാക്ടീരിയ മൂലമുള്ള അണുബാധകളെ ഫലപ്രദമായി ചികിത്സിക്കാൻ കഴിഞ്ഞു. 

ബാക്ടീരിയ മൂലമുള്ള അസുഖങ്ങൾ എന്നെന്നേയ്ക്കുമായി തുടച്ചു മാറ്റാമെന്ന് നമ്മൾ സ്വപ്നം കണ്ടു. 

പക്ഷെ, ഇന്നത്തെ ചിത്രം വ്യത്യസ്ഥമാണ്. 

പല ബാക്ടീരിയൽ അണുബാധകളും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്നവയാണ്. 


നിലവിലുള്ള എല്ലാ ആന്റിബയോട്ടിക്കുകളേയും പ്രതിരോധിക്കുന്ന ബാക്ടീരിയകൾ ഉണ്ട്. 

സൂപ്പർ ബഗ്ഗുകൾ എന്നാണ് അവയെ വിളിക്കുന്നത്. 

ലോകത്ത് പ്രതിവർഷം അമ്പത് ലക്ഷം പേർ ഈ സൂപ്പർ ബഗ് അണുബാധ മൂലം മരിക്കുന്നു എന്നാണ് കണക്ക്. 

2050 ആകുന്നതോടെ ഇത് നാല് കോടിയിലേക്ക് ഉയരും എന്ന് പ്രതീക്ഷിക്കുന്നു.


പുതിയ ആന്റിബയോട്ടിക്കുകൾ ഒന്നും കാര്യമായി കണ്ടെത്തുന്നില്ല. 

ഉണ്ടെങ്കിൽ തന്നെ വലിയ വിലയും ആണ്. 

ഒരു ഡോസിന് തന്നെ രണ്ടായിരം, മൂവായിരം രൂപയൊക്കെ വരും. 

ഈ ആന്റിബയോട്ടിക് പ്രതിരോധം (Resistance) ജീവികളുടെ പരിണാമത്തിന് കൃത്യമായ ഉദാഹരണമാണ്. 

കണ്ടെത്തുന്ന ആന്റിബയോട്ടിക്കിനെ അതിജീവിക്കാനുള്ള പരിണാമം ബാക്ടീരിയയിൽ സംഭവിക്കുന്നു. 

ആന്റിബയോട്ടിക്കിനെ നശിപ്പിക്കാനുള്ള രാസവസ്തു (Enzyme) ബാക്ടീരിയ നിർമിക്കുകയും അത് നിർമിക്കാനുള്ള ജെനറ്റിക് കോഡ് അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. 

അത്യന്തം അപകടകരമായ ഒരു അവസ്ഥയിലേക്കാണ് നാം നീങ്ങുന്നത്. 

ആന്റിബയോട്ടിക് പ്രതിരോധം ഇന്ത്യ ഉൾപ്പെടുന്ന വികസ്വര രാജ്യങ്ങളിലാണ് കൂടുതൽ കാണുന്നതും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതും. 

വികസിത രാജ്യങ്ങളിൽ പൊതുവെ കുറവാണ്. 

അതിന് കാരണങ്ങളുമുണ്ട്. 

1. ആന്റിബയോട്ടിക്കുകൾ അനാവശ്യമായി, യാതൊരു നിയന്ത്രണവമില്ലാതെ എഴുതുന്ന ഡോക്ടർമാർ. 

2. ചെറിയ ജലദോഷത്തിന് പോലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയും വേണമെങ്കിൽ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് സ്വയം വാങ്ങി കഴിക്കുകയും ചെയ്യുന്ന പൊതുജനങ്ങൾ.

3. ആവശ്യപ്പെടുന്ന ഏത് ആന്റിബയോട്ടിക്കും പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ആളുകൾക്ക് നൽകുന്ന മെഡിക്കൽ സ്റ്റോറുകൾ.

4. കൃത്യമായി നിർദേശിക്കുന്ന ആന്റിബയോട്ടിക്കുകൾ കാലാവധി പൂർത്തിയാക്കി കഴിക്കാത്ത രോഗികൾ.

5. ഡയബറ്റിസ് രോഗം നിയന്ത്രിക്കാതെ ആഴ്ച്ച തോറും പുതിയ പുതിയ അണുബാധകളുമായി എത്തുന്ന പ്രമേഹരോഗികൾ.

6. വ്യക്തമായ മാനദണ്ഡങ്ങൾ പാലിക്കാതെ മൃഗങ്ങൾക്ക് നൽകുന്ന ആന്റിബയോട്ടിക് ചികിത്സ.

7. ആന്റിബയോട്ടിക് ഉത്പാദനം, വിതരണം, ഉപയോഗം, ഗുണനിലവാര പരിശോധന ഇതിലൊന്നും വ്യക്തവും ശക്തവുമായ നിയന്ത്രണങ്ങൾ ഇല്ലാത്ത രാജ്യത്തെ സംവിധാനം.


🟤🟦🟤🟦🟤🟦🟤🟦🟤🟦🟤

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗