കൈപിന് പ്രതിഫലം മധുരം
പതിവ് തെറ്റിക്കാതെ അച്ഛൻ അന്നും പടികടന്നു വന്നു, പഠിച്ച പുസ്തകങ്ങൾ മടക്കിവെച്ചു പടിക്കെട്ട് ചവിട്ടി മച്ചിന് മുകളിലേക്കു ഞാൻ കയറി, ഉറങ്ങി കിടന്ന അനിയത്തി കുട്ടിയെ ചേർത്ത് പിടിച്ചു കാതുകൾ മൂടി കണ്ണുകളടച്ചു കിടന്നു.
അടുക്കള കോലായിൽ നിന്നും ബഹളങ്ങൾ കേൾക്കാം. അച്ഛന്റെ ആക്രോശം, എറിഞ്ഞുടക്കപ്പെടുന്ന മൺചട്ടികളുടെ ശബ്ദം, പക്ഷെ അമ്മയുടെ കരച്ചിലോ ശബ്ദമോ കേൾക്കുന്നില്ലല്ലോ, ഉള്ളം പിടച്ചു തുടങ്ങി, പോകാൻ വശമില്ല യാതൊരു കാരണവശാലും താഴേക്കു ഇറങ്ങി ചെല്ലരുത്. അതാണ് അമ്മയുടെ ശാസന.
തെല്ലു കഴിഞ്ഞ് ബഹളങ്ങൾ ഒതുങ്ങി, അമ്മ പടികയറി വരുന്നത് കേൾക്കാം, അമ്മയോട് ചേർന്ന് കിടന്നപ്പോൾ ഞാൻ അമ്മയുടെ മുഖം നോക്കി, ഇല്ല അമ്മ കരഞ്ഞിട്ടില്ല, അമ്മയെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു.
“അമ്മേ നമ്മുക്ക് ഇവിടെ നിന്നും പോകാം അച്ഛൻ നമ്മളെ കൊല്ലും, അച്ഛനെ എനിക്കു പേടിയാ”
എന്റെ കണ്ണീർ തുടച്ചു മാറോടു ചേർത്ത് അമ്മ പറഞ്ഞു.
“നമ്മൾ പോയാൽ അച്ഛൻ ഒറ്റക്കാകില്ലെ, നമ്മളല്ലാതെ ആരാ അച്ഛന് കൂട്ട് ?"
“അച്ഛൻ ഒറ്റക്ക് ജീവിച്ചോട്ടെ, എനിക്കു അച്ചനെ വേണ്ട അച്ഛൻ ചീത്തയാ അമ്മേ, നമ്മുക്ക് പോകാം വേറെ എവിടേലും പോകാം.”
“ഉണ്ണി, മോനെ അങ്ങിനെ പറയരുത്, ലോകത്ത് എവിടെ പോയാലും അച്ഛനേക്കാൾ മറ്റൊരു സുരക്ഷയില്ല, ഇവിടെ അച്ഛന്റെ കൂടെ ഉള്ളപ്പോൾ മാത്രമാണ് നമ്മൾക്ക് രക്ഷ, അച്ഛനൊരു പാവമാണ്, ഒരു തെറ്റ് പറ്റി, അച്ഛനെ നമ്മുക്ക് തിരിച്ചു കൊണ്ടുവരാം.
അമ്മ പറഞ്ഞതിന്റെ അർത്ഥം എനിക്കു മനസിലായില്ല എങ്കിലും ഒരു കാര്യം മാത്രം പിടികിട്ടി, അമ്മയും മാറിയിരിക്കുന്നു.
നാട്ടിലെ പ്രമാണിയായ ശ്രീധരൻ നായരുടെ ഒരേ ഒരു മകനാണ് ദേവൻ എന്റെ അച്ഛൻ. തലമുറകൾ കഴിയാൻ വേണ്ട പണവും പണ്ടവും സ്വത്തും മണ്മറഞ്ഞുപോയ പൂർവികർ ഉണ്ടാക്കിയിട്ടിട്ടുള്ളത് കൊണ്ട് ഇന്നു വരെ പട്ടിണി അറിഞ്ഞിട്ടില്ല.
അച്ഛനെ ചുറ്റിയായിരുന്നു അമ്മയുടെ ലോകം, ഒന്ന് നേരാവണം സംസാരിക്കാൻ പോലും അമ്മക്ക് അറിഞ്ഞുടാ, വീടിനും അമ്പലത്തിനുമിടയിൽ ഞങ്ങളെ ചുറ്റി തിരിഞ്ഞുകൊണ്ടേങ്ങിനെ.
മുണ്ടും നേര്യതും മാത്രം ഉടുക്കുന്ന, നെറ്റിയിൽ ചന്ദന കുറി ചാർത്തി, മുടിയിൽ തുളസിയില ചൂടി നടക്കുന്ന ഒരു പാവം അമ്മ.
അച്ഛനാകട്ടെ അന്ന് ഞങ്ങളോട് ഭയങ്കര സ്നേഹമായിരുന്നു, കാവിലെ പൂരത്തിന് എന്നെ തോളിലിരുത്തി കൊണ്ടുപോകും, ബലൂണും പീപ്പിയും, മിഠായിയും വാങ്ങി തരുമായിരുന്നു.
അച്ഛന്റെ കൂട്ടുകാരൻ ബാലൻമാമയാണ് അച്ഛനെ കള്ള് കുടിപ്പിക്കുന്നെന്ന് അമ്മ പറഞ്ഞത്, ബാലൻമാമൻ ഗൾഫിൽ ആയിരുന്നത്രെ, ജോലി പോയപ്പോ ഇങ്ങോട്ടു പൊന്നു, ഇപ്പോ വേലേം കൂലിയുമില്ലാതെ നാട്ടിൽ ഇരുപ്പാ.
രാവന്തിയോളം അച്ഛന്റെ കൂടെ നടന്നു പറമ്പിലും കടയിലും പോയി കണ്ടതെല്ലാം കക്കും, രാത്രിക് അച്ഛനെ കൂട്ടി ഷാപ്പിൽ പോകും, ഒക്കെ അച്ഛന്റെ പൈസ ചിലവിൽ.
ഒരുനാൾ തൃസന്ധ്യക്ക് കള്ളും കുടിച്ചു വീട്ടിൽ വന്ന അച്ഛനെ കണ്ടു അമ്മ വാ തോരാതെ കരഞ്ഞു, അമ്മയുടെ കൂടെ ഞാനും, അത്താഴത്തിനു വച്ചിരുന്ന ചോറും കൂട്ടാനും, ചട്ടികളോടെ നിലത്തെറിഞ്ഞുടച്ചു, അന്നാദ്യമായി ഞാൻ അത്താഴപ്പട്ടിണി കിടന്നു, നിലത്തു വീണ ചോറ് പെറുക്കി തിന്നാൻ നോക്കുമ്പോൾ അമ്മ കരയുന്നുണ്ടായിരുന്നു, ഉറി ചട്ടിയിലെ ഒരുപിടി അവല് നനച്ചു വാരി തരുമ്പോഴും അമ്മയുടെ കണ്ണീർ തോർന്നിട്ടില്ലായിരുന്നു.
പിന്നീടുള്ള രാത്രികൾ തനിയാവർത്തനങ്ങളായിരുന്നു, അമ്മയുടെ കരച്ചിലും, തകർന്നുപോയ മൺപാത്രങ്ങളും, ചെളിപുരണ്ട ചോറ് വറ്റുകളും രാത്രികളെ ഞങ്ങൾക്ക് ഭയമുള്ളതാക്കി മാറ്റിയിരുന്നു.
കടം പറഞ്ഞു മേടിച്ച അവസാന വറ്റു ചോറുമണിപോലും നിലത്തിട്ടു ചവിട്ടിയരച്ച ഒരുരാത്രി അമ്മ തിരിച്ചു പ്രതികരിച്ചു. കാലുകൊണ്ട് തൊഴിച്ചിട്ടും ദേഷ്യം തീരാതെ പിന്നെയും പിന്നെയും അമ്മയെ ഉപദ്രവിച്ചപ്പോൾ അന്നത്തെ പത്തു വയസുകാരൻ കൈയിൽ കിട്ടിയ ചിരവ പലകകൊണ്ടു അച്ഛനെ അടിച്ചു, അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ പതറിയിട്ടും അതേ പലകകൊണ്ട് അച്ഛൻ എന്നെ തിരിച്ചടിച്ചു. നെറ്റി പൊട്ടി ചോര ഒലിച്ച എന്നെ ഒരു തോളിലിട്ട് മറ്റേ തോളിൽ അനിയത്തിയെ എടുത്തു ആ പാതിരാത്രി അമ്മ ഓടിയത് ആശുപത്രിയിലേക്കായിരുന്നു.
ആശുപത്രി വാസത്തിനു ശേഷം തിരികെ എത്തിയപ്പോൾ എന്നെ കൈപിടിച്ചത് മറ്റൊരു അമ്മയായിരുന്നു. പൊടിയും മാറാലയും പിടിച്ചു കിടന്ന മച്ചിൻ പുറം അടിച്ചു തൂത്തു വൃത്തിയാക്കി. നിലത്തൊരു മെത്തയുമിട്ട്, അകത്തേക്കു തുറക്കുന്ന വാതിലിന് കൊളുത്തുമിട്ടു ഞങ്ങൾക്കൊരു സുരക്ഷയിടമാക്കി. നിലക്കുറക്കാത്ത കാലുമായി ചെറു കോണിപടികൾ കയറി ഞങ്ങൾക്കരികിലെത്താൻ അച്ഛനാകില്ല എന്ന് അമ്മ ഉറപ്പുവരുത്തിയിരുന്നു.
അച്ഛന്റെ പതിവുകൾ ഞങ്ങൾക്ക് ശീലമായി. അച്ഛന്റെ വരവിനു സമയമാകുംമുന്നേ ഞാനും അമ്മയും അനിയത്തിയും ഭക്ഷണം കഴിച്ചിരിക്കും. അനിയത്തിയെ അമ്മ ഉറക്കിയിരിക്കും. അച്ഛൻ വരുന്നത് കാണുമ്പോൾ ഞാനും കയറും ഞങ്ങളുടെ മാളത്തിലേക്ക്.
എത്ര തല്ലിയിട്ടും ചതച്ചിട്ടും ഒരു തുള്ളി കണ്ണീർ വരാത്ത അമ്മയെ കണ്ടു ശീലിച്ചത്കൊണ്ടാകണം ഇപ്പോ അച്ഛൻ അമ്മയെ തല്ലാറില്ല, കണ്ണീരു വറ്റിയത് കൊണ്ടോ അതോ ജീവിക്കാനുള്ള അവസാന പരിശ്രമമോ ആയിരിക്കണം അമ്മയുടെ ചെറുത്തു നിൽപ്പ്.
തറയിലെറിഞ്ഞിട്ടും, തൊഴിച്ചു മറിച്ചിട്ടും പൊട്ടിപോകാത്ത അലുമിനിയം കലങ്ങളും, പാത്രങ്ങളും അച്ചനെ നോക്കി കൊഞ്ചനം കുത്തി. ഉരുണ്ട് പോയ പാത്രങ്ങളിലെ അവസാന വറ്റു ചോറ് തന്റെതന്നെ പങ്കായിരുന്നുവെന്നു രാത്രികളിലെ വിശപ്പിന്റെ വിളികൾ അച്ഛനെ അറിയിച്ചുകൊണ്ടിരുന്നു.
അച്ഛന് ഇന്നും ഒരു മാറ്റവും ഇല്ല. പക്ഷെ മാറിയതത്രെയും അമ്മയായിരുന്നു. അമ്മക്ക് ഇപ്പോ സംസാരിക്കാനറിയാം. പണിക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നല്കി പണിയെടുപ്പിക്കാനറിയാം. ഓരോ കാലത്തും ചെയ്യേണ്ട കൃഷിയെയും, വളത്തെയും മണ്ണിനെയുമറിയാം. മേടിച്ചു കൊണ്ടുപോയ വസ്തുക്കളും പൈസയും കണക്കു പറഞ്ഞു തിരിച്ചുവാങ്ങിക്കാനും അമ്മ പഠിച്ചു. ഇരുചക്ര സൈക്കിൾ ബാലൻസ് പോലും ഇല്ലാതിരുന്ന അമ്മയാണ് ഇന്നെന്നെ സ്കൂളിൽ ആക്കുന്നത് അതും മുത്തച്ഛന്റെ കാറിൽ. കുടുംബശ്രീ സംഘങ്ങൾ പരദൂഷണം വേദികൾ അല്ലയെന്നു അമ്മ തിരിച്ചറിഞ്ഞു. മൗനം പെണ്ണിന് യോജിച്ചതല്ലായെന്നു നാട് നീളെ വിളിച്ചു പറഞ്ഞു.
മേലെപാട്ട് ശ്രീധരന്റെ മരുമകളിൽ നിന്നും, ദേവന്റെ ഭാര്യപട്ടത്തിൽ നിന്നും മാറ്റം കൊടുത്തത് നാട്ടുകാരായിരുന്നു. അവർ അമ്മയെ വിളിച്ചു ശ്രീദേവിയെന്നു. തളർന്നുപോകാതെ പോരാടിയ പോരാളിയെന്ന്, ഒരിക്കൽ കതകിനു പുറകിൽ ഒളിച്ചു നിന്നു മുഖം നോക്കാതെ വർത്തമാനം പറഞ്ഞവൾ, ഇന്നു വേദികളിൽ ഘോരഘോരം സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്നു.
വീടിന്റെ ചുറ്റും ഇപ്പോൾ പൂക്കളാണ്. മനോഹരങ്ങളായ പൂക്കൾ. പല വർണത്തിൽ പല വലുപ്പത്തിൽ.
അന്നൊരു അവധി ദിനമായിരുന്നു. കാലത്തെഴുനേറ്റു ചെന്നപ്പോൾ എനിക്ക് നേരെ കൈ നീട്ടി ചിരിച്ചു കൊണ്ടിരുന്ന അച്ഛനെ കണ്ടു ഞാൻ കാറികൊണ്ടോടി.
“ എനിക്കു അച്ചനെ പേടിയാണെന്നു”
വിളിച്ചു പറഞ്ഞു അമ്മക്ക് പിറകിലൊളിച്ചു.
“അച്ഛൻ വേണ്ട, അച്ഛൻ എന്നെ കൊല്ലും അച്ഛൻ ചീത്തയാണെന്നും” നിലവിളിച്ചു കൊണ്ടിരുന്നു.
എന്റെ വാക്കുകൾ അച്ഛനൊരു വേദനയായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ. അച്ഛന്റെ അർദ്രമായ നോട്ടത്തിന് രൗദ്രമായ മറുനോട്ടത്തിലൂടെ അമ്മ മറുപിടി കൊടുത്തപ്പോൾ ഒന്നും പറയാതെ ആ പൂമുഖം വിട്ട് അച്ഛൻ ഇറങ്ങിപോയി.
പതിവിന് വിപരീതമായി അന്ന് നാമം ജപിച്ചുകൊണ്ടിരുന്നപ്പോഴാണ് അച്ഛൻ പടി കടന്നു വന്നത്.
അച്ഛനെ കണ്ടതും ഞാൻ അമ്മക്ക് പുറകിൽ ഒളിച്ചു കഴിഞ്ഞിരുന്നു. എങ്ങലടിച്ചുള്ള എന്റെ കരച്ചിലിനെക്കാൾ ഉച്ചത്തിൽ മറ്റൊരുകരച്ചിൽ കാതിൽ പതിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് മുന്നിൽ അമ്മയുടെ കാല് പിടിച്ചു നിലംകുമ്പിട്ടു കിടക്കുന്ന അച്ഛനെ ഞാൻ കണ്ടത്.
“ക്ഷമിക്കെടി എന്നോട് ”
അത് മാത്രമായിരുന്നു അച്ഛൻ പുലമ്പിക്കൊണ്ടിരുന്നത്. അച്ചന്റെ അരികിലേക്ക് അമ്മ എന്നെയും അനിയത്തിയെയും ഉന്തി വിട്ടപ്പോൾ ഞങ്ങളെ കെട്ടിപിടിച്ചു പൊട്ടിക്കരയുകയായിരുന്നു അച്ഛൻ. നെറ്റിയിൽ അച്ഛൻ ഏല്പിച്ച മുറിപ്പാട് നോക്കി പിന്നെയും പിന്നെയും എങ്ങലടിച്ചു കരഞ്ഞ അച്ഛനെ ഞങ്ങളും കെട്ടിപിടിച്ചു. നാളുകൾക്കു ശേഷം അമ്മയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു, ചുണ്ടിലൊരു പുഞ്ചിരിയും. അപ്പോഴേക്കും തന്റെ കൈ വലയത്തിലേക് ഞങ്ങളെ മൂവരെയും അമ്മ ചേർത്ത് പിടിച്ചിരുന്നു.
അന്ന് രാത്രി അച്ഛന്റെ മാറോടുചേർന്നു കിടക്കുമ്പോൾ ഞാൻ തിരിച്ചറിഞ്ഞു; അമ്മയായിരുന്നു ശരി, അമ്മ പറഞ്ഞതായിരുന്നു ശരി.
സൂര്യന് കീഴിൽ അച്ഛന്റെ കൈ കീഴെയുള്ള സുരക്ഷയക്കാൾ മറ്റൊന്നില്ല. അച്ഛന്റെ തണലിനെക്കാൾ മനോഹരമായ മറ്റൊരു തണലുമില്ല.
ഇടവപ്പാതി പെയ്ത്തിനിടയിൽ ഞങ്ങൾക്കരുകിലേക്ക് വന്നൊരു കുഞ്ഞികാറ്റു എന്റെ ചെവിയിലോതികൊണ്ടിരുന്നു.
കാത്തിരിപ്പിനൊരു അവസാനമുണ്ട് ഉണ്ണി:
കയ്പ്പിന് പ്രതിഫലം മധുരവും.
ക്ഷമയുടെ സ്നേഹത്തിനു സ്വർഗ്ഗവും.
നിന്റെ കുടുംബം പോലൊരു സ്വർഗം.
(കടപ്പാട്)
✍️ഐശ്വര്യ കെഎസ്


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗