റബ്ബർ തോട്ടങ്ങളുടെ പിതാവ്
റബ്ബർ തോട്ടങ്ങളുടെ (പ്ലാന്റേഷൻ റബ്ബർ ഇൻഡസ്ട്രി) പിതാവ് എന്നറിയപ്പെടുന്നത് സർ ഹെൻറി അലക്സാണ്ടർ വിക്ക്ഹാമിനെയാണ് (1846–1928). ബ്രിട്ടീഷ് പര്യവേക്ഷകനായിരുന്ന വിക്ക്ഹാമാണ് ബ്രസീലിൽ നിന്നും റബ്ബർ വിത്തുകൾ ആദ്യമായി ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് എത്തിക്കുന്നത്. ബ്രസീലിയൻ അധികാരികളുടെ അനുമതിയില്ലാതെ എഴുപതിനായിരത്തിലധികം റബ്ബർ വിത്തുകളാണ് വിക്ക്ഹാം ലണ്ടനിലേക്ക് കടത്തിക്കൊണ്ടു വന്നത്.
വിക്ക്ഹാമിന്റെ ഈ പ്രവർത്തി ആമസോണിയൻ റബ്ബർ ബൂമിന് അന്ത്യം കുറിച്ചു. ആമസോൺ പ്രദേശത്തെ ഏറ്റവും വലിയ ജൈവചോരണമായി ചരിത്രകാരന്മാർ വിക്ക്ഹാമിന്റെ ഈ പ്രവൃത്തിയെ രേഖപ്പെടുത്തുന്നു. വിക്ക്ഹാം ശേഖരിച്ച റബ്ബർസീഡുകൾ ഇംഗ്ലണ്ടിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻ ക്യൂവിൽ 1876 ജൂൺ മാസം 15 ന് എത്തിച്ചേർന്നു. ഇവിടെ മുളപ്പിച്ച വിത്തുകൾ തോട്ട നിർമ്മാണം ലക്ഷ്യമിട്ടു കൊണ്ട് വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടു പോയി. ഈ ശേഖരത്തിൽ നിന്നുള്ള വിത്തുകൾ ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ തെക്ക് കിഴക്കൻ ഏഷ്യയിലെ കോളനി രാജ്യങ്ങളിൽ റബ്ബർ കൃഷിക്ക് തുടക്കമിടുന്നത്.
ശ്രീലങ്കയിലെ ഹെനാറത്ത്ഗോഡ ബൊട്ടാണിക്കൽ ഗാർഡനിൽ ലഭിച്ച വിക്ക്ഹാം ശേഖരത്തിൽ നിന്നുള്ള 28 പാരാ റബ്ബർ തൈകളാണ് (Hevea brasiliensis) 1879 ജൂലൈ മാസം പരീക്ഷണാർത്ഥം നിലമ്പൂരിൽ നട്ടു പിടിപ്പിച്ചത്.
ഹെനാറത്ത്ഗോഡ ബൊട്ടാണിക്കൽ ഗാർഡനിലെ പ്രായം കൂടിയ റബ്ബർ മരത്തിനൊപ്പമുള്ള ഹെൻറി വിക്ക്ഹാമിന്റെ ചിത്രം (1913)
(കടപ്പാട്)

