ആദികവിയുടെ പുരുഷോത്തമൻ
വാൽമീകിയുടെ രാമായണത്തിൽ ദൈവം മനുഷ്യനായാണ് മാറുന്നത്. ദുര, സംശയം, സ്വാർഥത, കൂറു മാറ്റം, ചതി തുടങ്ങി മനുഷ്യ മനസ്സിനുണ്ടാവുന്ന ചാഞ്ചല്യങ്ങൾ പൊടിപ്പും തൊങ്ങലുമില്ലാതെയാണ് വാൽമീകി അവതരിപ്പിക്കുന്നത്. വാൽമീകി രാമായണം പിൻപറ്റിയുണ്ടായ രാമായണങ്ങളിലെല്ലാം രാമൻ അവതാര പുരുഷനാക്കി. കാവ്യഗതി നിയന്ത്രിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ സംശയത്തിൻറെ നിഴലിലാണ് വാൽമീകി നിർത്തുന്നത്. കൊളളമുതൽ പങ്കിടുന്ന ഭാര്യയും മക്കളും തൻ്റെ പാപങ്ങൾ ഏറ്റെടുക്കില്ലെന്ന രത്നാകരന്റെ വ്യഥ വാൽമീകിയായി മാറിയിട്ടും മ നസ്സിൽ ശേഷിക്കുന്നതായി വേണം കാണാൻ.
പർണശാലയിൽ ഇന്ദ്രനോടൊപ്പം കണ്ട അഹല്യയെ ഭർത്താവ് ഗൗതമൻ ശപിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. സഹോദരി ശൂർപ്പണഖയ്‌ക്കേറ്റ അംഗഛേദത്തിനു പകരം വീട്ടുന്നതിനേക്കാളേറെ സീതയെന്ന സൗന്ദര്യധാമത്തെ സ്വന്തമാക്കാനാണ് രാവണൻ മനക്കോട്ട കെട്ടുന്നത്. അഗ്നിശുദ്ധിയിൽ പതിവ്രതയാണെന്നു തെളിയിച്ച സീതയെ കാട്ടിലുപേക്ഷിക്കുകയാണ് രാമൻ.
വിശ്വാമിത്രനോടൊപ്പം മിഥിലയിലേക്ക് പോകുന്നതിനിടെയാണ് ഗൗതമാശ്രമത്തിലെത്തുന്നത്. ഗൗതമ പത്നിയായ അഹല്യയിൽ മോഹിച്ച ഇന്ദ്രൻ ഒരിക്കൽ വേഷം മാറി ആശ്രമത്തിലെത്തി. ഗൗതമനില്ലാത്ത നേരത്ത് അഹല്യയുമൊത്ത് സംഗമിച്ച ഇന്ദ്രനെയും തൻ്റെ പത്നിയെയും ശപിക്കുന്നു. ചെയ്‌തുകൂടാത്തതു ചെയ്‌ത നീ സഹസ്രഭഗനായും പിന്നീട് സഹസ്രനയനനായി തീരട്ടെയെന്നു ഇന്ദ്രനെ ശപിക്കുന്നു.
താൻ അറിഞ്ഞുകൊണ്ടു ചെയ്യാത്ത തെറ്റിനു അഹല്യയും ശാപഗ്രസ്‌തയായ കഥ വിശ്വാമിത്രൻ രാമലക്ഷമണന്മാർക്ക് പറഞ്ഞു കൊടുക്കുന്നു. ഈ സംഭവത്തോടൊത്തു ചേർത്തു വായിക്കാവുന്നതാണ് സീതാപരിത്യാഗം. കാമനകൾക്ക് മുന്നിൽ സ്‌ഥാനം മറന്ന ദേവേന്ദ്രനും ലങ്കാധിപതിക്കും ഒപ്പമാണ് ഗൗതമ മഹർഷിയുടെ സ്‌ഥാനം ആത്മാവാണ് ശ്രേഷ്ഠമെന്നു പഠിപ്പിച്ച മഹർഷി ഹ്രസ്വവികാരത്തിനടിമപ്പെട്ടാണ് ധർമപത്നിയെ ഉപേക്ഷിക്കുന്നത്. സ്‌ഥാനമേതായാലും മനുഷ്യമനസ്സ് ചില നേരങ്ങളിൽ ഒരുപോലെയാണെന്നു വാൽമീകി നമ്മെ അറിയിക്കുന്നു.

.jpeg)