🔵🔵🔵
🔵🔵
🔵
ആലപ്പുഴ
കിഴക്കിന്റെ വെനീസ്' എന്നറിയപ്പെടുന്ന ആലപ്പുഴ, വിശാലമായ അറബിക്കടലിന്റെയും, അതിലേക്കൊഴുകുന്ന നദീശൃംഖലയുടെയും ഇടക്ക് സ്ഥിതി ചെയ്യുന്ന നാഴികക്കല്ലാണ് ആലപ്പുഴ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദത്തില്‍ ഇന്ത്യാ മഹാസാമ്രാജ്യത്തിന്റെ വൈസ്രോയി ആയിരുന്ന കഴ്സന്‍ പ്രഭു, ആലപ്പുഴ സന്ദര്‍ശിച്ച വേളയില, ആലപ്പുഴയുടെ സൌന്ദര്യത്തില്‍ മതിമറന്ന് അത്യാഹ്ലാദത്തോടെ, ആശ്ചര്യത്തോടെ വിളിച്ച് പറഞ്ഞു, “ഇവിടെ പ്രകൃതി തന്റെ അനുഗ്രഹം വാരിക്കോരി ചൊരിഞ്ഞിരിക്കുന്നു, ആലപ്പുഴ – കിഴക്കിന്റെ വെനീസ്. “അന്ന് മുതല്‍ ലോകഭൂപടത്തില്‍ ആലപ്പുഴ ‘കിഴക്കിന്റെ വെനീസ് ‘എന്ന പേരില്‍ അറിയപ്പെട്ടു വരുന്നു. തുറമുഖം, കടല്‍പ്പാലം, തലങ്ങും വിലങ്ങും ഉള്ള തോടുകള്‍, അവയ്ക്ക് കുറുകേയുള്ള പാലങ്ങള്‍, റോഡുകള്‍, നീണ്ട ഇടമുറിയാത്ത കടല്‍ത്തീരം, പച്ചപ്പ് നിറഞ്ഞ ഭൂപ്രകൃതി, ഇവയെല്ലാമായിരിക്കും കഴ്സന്‍ പ്രഭുവിന്, ആലപ്പുഴയെ, കിഴക്കിന്റെ വെനീസിനോട് ഉപമിക്കാന്‍ പ്രചോദനം ഏകിയത്.
ആലപ്പുഴക്ക് ഒരു ശ്രേഷ്ഠമായ പൂര്‍വ്വകാല ചരിത്രം ഉണ്ട്. 18-)ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ദിവാന്‍ രാജകേശവദാസ് ആണ് ഇന്നത്തെ ആലപ്പുഴ പട്ടണം നിര്‍മ്മിച്ചതെങ്കിലും, സംഘകാല ചരിത്ര കൃതികളില്‍ തന്നെ ആലപ്പുഴയെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. നോക്കെത്താദൂരത്ത് പച്ചപ്പരവതാനി വിരിച്ചതു പോലെയുള്ള നെല്‍വയലുകളാല്‍ സമൃദ്ധമായ – കേരളത്തിന്റെ നെല്ലറയായ കുട്ടനാടും, കുഞ്ഞരുവികളും, തോടുകളും, അവയുടെ ഇടക്കുള്ള തെങ്ങിന്‍ തോപ്പുകളുമെല്ലാം സംഘകാലത്തിന്റെ ആദ്യ പാദം മുതല്‍ക്കുതന്നെ പ്രസിദ്ധമായിരുന്നു. പ്രാചീന കാലം മുതല്‍ക്കുതന്നെ ഗ്രീസുമായും, റോമുമായും, ആലപ്പുഴക്ക് കച്ചവട ബന്ധമുണ്ടായിരുന്നതായി ചരിത്രത്താളുകള്‍ പറയുന്നു.
കിഴക്ക് കോട്ടയം ജില്ലയില്‍ നിന്നും, തെക്ക് കൊല്ലം (പഴയ ക്വൈലോന്‍) ജില്ലയില്‍ നിന്നും ഉള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, 1957ആഗസ്റ്റ് 17 നാണ് ആലപ്പുഴ ജില്ല രൂപീകരിക്കപ്പെട്ടത്.
ആംഗലേയ ഭാഷയില്‍ ‘ആലപ്പി’ എന്ന് അറിയപ്പെട്ടിരുന്ന ഈ ദേശം 07.02.1990 ലെ എെ.ഒ.പി.നമ്പര്‍.113/90/RD ഉത്തരവ് പ്രകാരം പിന്നീട് ആലപ്പുഴ എന്ന നാമത്തില്‍ അറിയപ്പെട്ടു. ആലപ്പുഴയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും ഭൌതികമായ പ്രത്യേകതകളുമാകാം ആലപ്പുഴ എന്ന നാമം ഈ പ്രദേശത്തിന് നേടിക്കൊടുത്തത് എന്ന് ഊഹിക്കാം. കടലിന്റെയും അതിലേക്ക് ഒഴുകി പതിക്കുന്ന പരസ്പര ബന്ധിതമായ നദികളുടേയും ഇടയിലെ ഭൂമി എന്നാണ് ആലപ്പുഴ എന്ന നാമത്തിന്റെ അര്‍ത്ഥം. 29.10.1982 ലെ ജി.ഒ (എം.എസ്) 1026/82/RD ഉത്തരവ് പ്രകാരം പുതുതായി രൂപീകൃതമായ പത്തനംതിട്ട ജില്ല, ആലപ്പുഴ, കൊല്ലം, ഇടുക്കി എന്നീ ജില്ലകളുടെ ചില ഭാഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ചിട്ടുള്ളതാണ്. പഴയ ആലപ്പുഴ ജില്ലയില്‍ നിന്നും പുതുതായി രൂപീകരിച്ച പത്തനംതിട്ട ജില്ലയിലേയ്ക്ക് ചേര്‍ന്ന ഭാഗങ്ങള്‍ തിരുവല്ല താലൂക്ക് മുഴുവനായും ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളുടെ ചില ഭാഗങ്ങളുമാണ്.
"ആലപ്പുഴ പഴമ"
പ്രാചീന ശിലായുഗത്തിലെ ആലപ്പുഴ ജില്ലയുടെ ചരിത്രം സുവ്യക്തമല്ല. തീരദേശ താലൂക്കുകളായ ചേര്‍ത്തല, അമ്പലപ്പുഴ, കാര്‍ത്തികപ്പള്ളി പ്രദേശങ്ങള്‍ ഒരു കാലത്ത് ജലത്താല്‍ മൂടപ്പെട്ടു കിടന്ന പ്രദേശങ്ങളാണെന്ന് ഊഹിക്കുന്നു.പിന്നീട് മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് എക്കലും, മണലും കുന്ന് കൂടി ഉണ്ടായതാണ് ഈ പ്രദേശമെന്ന് കരുതുന്നു. എന്നാല്‍ കുട്ടനാട് സംഘകാലത്തിന്റെ തുടക്കം മുതല്‍ ഖ്യാതി കേട്ടപ്രദേശമാണ്. പഴയകാല ചേരരാജക്കന്‍മാര്‍ കുട്ടനാട്ടില്‍ താമസിച്ചിരുന്നു. അവരെ ‘കുട്ടുവര്‍’ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ആ നാമത്തില്‍ നിന്നാണ് കുട്ടനാട് എന്ന പദം ഉരുത്തിരിഞ്ഞത് എന്ന് പറയപ്പെടുന്നു. ക്ഷേത്രങ്ങളിലും പളളികളിലും കാണുന്ന ശിലാ ലിഖിതങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, പാറയിലുള്ള കൊത്തുപണികള്‍, ചില പുരാവസ്തു അവശിഷ്ടങ്ങള്‍ എന്നിവയും, ‘ഉണ്ണുനീലി സന്ദേശം’ പോലുളള സാഹിത്യ കൃതികളും ജില്ലയുടെ പുരാതന കാലഘട്ടത്തിലേയ്ക്ക് ഉള്‍ക്കാഴ്ച പകരുന്നതാണ്. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ പ്രശസ്ത യാത്രികരായിരുന്ന പ്ലിനിയും ടോളമിയും അവരുടെ ചിരസമ്മതമായ ഗ്രന്ഥങ്ങളില്‍ ആലപ്പുഴയിലെ പുറക്കാട് (ബാരാസ്) പോലുളള സ്ഥലങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. എ.ഡി.ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ ക്രിസ്തുമതം ജില്ലയില്‍ കാലുറപ്പിച്ചുകഴിഞ്ഞിരുന്നു. ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരാളായ വിശുദ്ധ സെന്റ് തോമസ് സ്ഥാപിച്ച ഏഴ് പളളികളില്‍ ഒന്നായ കൊക്കമംഗലം അല്ലെങ്കില്‍ കൊക്കോതമംഗലം പളളി ജില്ലയിലെ ചേര്‍ത്തല താലൂക്കില്‍ ആയിരുന്നു. എ.ഡി.52 ല്‍ മൂസിരിസ് തുറമുഖത്തെ മാലിയക്കരയിലാണ് സെന്റ് തോമസ് ആദ്യമായി എത്തിചേര്‍ന്നത്. ഇന്ന് കൊടുങ്ങല്ലൂര്‍ എന്ന് അറിയപ്പെടുന്ന ആ തുറമുഖം ക്രാങ്ങനൂര്‍ എന്നും അറിയപ്പെട്ടിരുന്നു. തെക്കേ ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിച്ചത് ഈ കാലഘട്ടത്തിലാണ്. എ.ഡി 09-ാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെ രണ്ടാം ചേര സാമ്രാജ്യത്തിന്റെറ കീഴില്‍ ജില്ല, മതപരവും സാംസ്ക്കാരികവുമായി അഭൂതപൂര്‍വമായ വളര്‍ച്ച പ്രാപിക്കുകയുണ്ടായി. ചെങ്ങന്നൂര്‍ ഗ്രാമത്തിലെ പണ്ഡിതനായ ശക്തി ഭദ്രന്‍ രചിച്ച ആചാര്യ ചൂഢാമണി എന്ന പ്രശ്ത സംസ്കൃത നാടകം ഈ കാലഘട്ടത്തിന്റെ സംഭാവനയാണ്
ധര്‍മ്മരാജയുടെ ഭരണകാലത്താണ് ജില്ലയ്ക്ക് എല്ലാവിധത്തിലുമുളള പുരോഗതി കൈവരുന്നത്. ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്ന, തിരുവിതാംകൂറിലെ അന്നത്തെ ദിവാന്‍ രാജാകേശവദാസ് ആലപ്പുഴയെ തിരുവിതാംകൂറിലെ പ്രധാന തുറമുഖ നഗരമാക്കി മാറ്റി. പണ്ടകശാലകളും, ഗതാഗത-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ക്കായി ധാരാളം റോഡുകളും, തോടുകളും നിര്‍മ്മിച്ചു. ദൂരെനിന്നും അടുത്തുനിന്നുമുളള വ്യാപാരികള്‍ക്കും കച്ചവടക്കാര്‍ക്കും എല്ലാവിധ സൌകര്യങ്ങളും അദ്ദേഹം നല്‍കി. ബാലരാമവര്‍മ്മ മഹാരാജാവിന്റെ ഭരണകാലത്തും വേലുത്തമ്പിദളവ, ആലപ്പുഴ പട്ടണത്തിന്റെയും തുറമുഖത്തിന്റെയും വികസനത്തിന് വേണ്ടി പ്രത്യേകം താല്‍പ്പര്യം എടുത്തിരുന്നു. പാതിരാമണല്‍ ദ്വീപില്‍ മുഴുവന്‍ കേരവൃക്ഷങ്ങളള്‍ നട്ടു പിടിപ്പിക്കുകയും വലിയ ഭൂപ്രദേശം നെല്‍കൃഷി ചെയ്യുകയും ചെയ്തു. ആലപ്പുഴയുടെ വികസനത്തിന് വേലുത്തമ്പി ദളവയുടെ പങ്ക് നിസ്തുലമാണ്. 19-ാം നൂറ്റാണ്ടോടെ എല്ലാ മേഖലയിലും ആലപ്പുഴ ജില്ല പുരോഗതി കൈവരിച്ചു. കോടതികളുടെ പുനസംഘടനയുടെ ഭാഗമായി സംസ്ഥാനത്ത് തുടങ്ങിയ 5 സബ്കോടതികളില്‍ ഒന്ന് കേണല്‍ മണ്ട്രോ മാവേലിക്കരയില്‍ ആരംഭിച്ചു. പഴയ തിരുവിതാംകൂര്‍ രാജ്യത്തെ ആദ്യ പോസ്റ്റ് ഒാഫീസ്, ആദ്യ ടെലഗ്രാം ഒാഫീസ് എന്നിവ ആലപ്പുഴയുടെ നേട്ടങ്ങളില്‍പ്പെടുന്നു. കയറ്റുപായും കയര്‍ത്തടുക്കും നിര്‍മിക്കുന്ന ആധുനിക ഫാക്ടറി ആദ്യമായി സ്ഥാപിച്ചത് 1859 ല്‍ ആണ്. 1894-ല്‍ നഗര വികസന കമ്മറ്റിയും നിലവില്‍ വന്നു....!
🔵
🔵🔵
🔵🔵🔵

