അക്ഷരക്കൂട്ടം: രാമായണം🕉️
അക്ഷരക്കൂട്ടം ഓൺലൈൻ
രാമായണം🕉️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
രാമായണം🕉️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

23 ജൂലൈ 2025

രാമായണം ക്വിസ്സ് 🗡️

രാമായണം ക്വിസ്സ്

(പഞ്ചവടി വരെ)

1. രാമായണം എഴുതിയത് ആരാണ് ?

(വാല്മീകി)


2. വല്മീകം എന്ന പദത്തിൻറെ അർത്ഥം എന്താണ്?

(മൺപുറ്റ്)


3. രാമകഥ നടന്നത് ഏത് യുഗത്തിലാണ്?

(ത്രേതായുഗത്തിൽ)


4. രാമായണകഥ ഒരു ആഖ്യാനമാണ് ഇത് ആർ ആർക്ക് ഉപദേശിക്കുന്നതാണ്?

(ശിവൻ പാർവ്വതിക്ക് )


5. "മുന്നമിതെന്നോടാരും ചോദ്യം ചെയ്തീല, ഞാനും നിന്നാണെ! കേൾപ്പിച്ചതില്ലാരെയും ജീവനാധേ." മുമ്പ് മറ്റാരും ചോദിക്കാത്തതും ആരെയും കേൾപ്പിക്കത്തതുമായ ഏതു കാര്യമാണ് ശിവൻ പാർവ്വതിയോടരുളുന്നത് ?

(രാമകഥാതത്വം)


6. രാമായണ നിര്മ്മിതിക്കായി വാല്മീകിയോട് ആവശ്യപ്പെട്ടതാർ?

(ബ്രഹ്മാവ്)


7. വാല്മീകിരാമായണത്തിൽ എത്ര ശ്ലോകങ്ങളുണ്ട്?

(ഇരുപത്തിനാലായിരം)


8. എഴുത്തച്ഛൻറെ രാമായണകൃതിയുടെ പേരെന്ത്? 

(ആദ്ധ്യാത്മരാമായണം കിളിപ്പാട്ട്)


9. എഴുത്തച്ഛനുമുമ്പ് മലയാളത്തിലുണ്ടായിട്ടുള്ള രാമായണ കൃതികൾ ഏതെല്ലാം?

(രാമചരിതം, രാമകഥപ്പാട്ട്, കണ്ണശ്ശരാമായണം)


10. ലോകത്തിലുണ്ടായ എല്ലാ രാമായണകൃതികള്ക്കും അടിസ്ഥാനഭൂതമായ കൃതിയേത്?

(വാത്മീകിരാമായണം)


12. തമിഴിലുണ്ടായ രാമായണകൃതിയേത്? 

(കമ്പരുടെ കമ്പരാമായണം)


13. രാമായണത്തിൽ എത്ര കാണ്ഡങ്ങൾ ഉണ്ട്? 

(ആറു കാണ്ഡങ്ങൾ)


14. രാമായണത്തിലെ ആറു കാണ്ഡങ്ങൾ ഏതെല്ലാം?

(1. ബാലകാണ്ഡം, 

2. അയോദ്ധ്യാകാണ്ഡം, 

3. ആരണ്യകാണ്ഡം, 

4. കിഷ്ക്കിന്ധാകാണ്ഡം, 

5. സുന്ദരകാണ്ഡം,

6. യുദ്ധകാണ്ഡം)


15. ശ്രീരാമനും സീതയുമായി അവതരിച്ചത് ആരെല്ലാമാണ്?

(മഹാലക്ഷ്മിയും മഹാവിഷ്ണുവും)


16. കോസലരാജ്യം ഏത് നദിയുടെ തീരത്താണ്?

(സരയു നദിയുടെ)


17. അയോധ്യ ഏത് രാജ്യത്തിൻറെ തലസ്ഥാനമാണ്?

(കോസലരാജ്യത്തിൻറെ)


18. ദശരഥൻ ഏത് വംശപരമ്പരയിൽ ഉൾപ്പടുന്നു?

(മനുവിൻറെ വംശപരമ്പര)


19. സുമന്ത്രർ ആരായിരുന്നു?

(ദശരഥമഹരാജാവിൻറെ മന്ത്രി)


20. ദശരഥനുമുമ്പ് ഒരിക്കൽ രാവണൻ അയോധ്യയിൽ പോയിട്ടുണ്ട്. അന്ന് ആരായിരുന്നു അയോധ്യയുടെ രാജാവ്?

(അനാരണ്യൻ)


21. അംഗരാജ്യത്ത് മഴപെയ്തത് ആരുടെ പാദസ്പര്ശമേറ്റപ്പോഴാണ്?

(ഋശ്യസൃംഗൻ്റെ)


22. ദശരഥമാഹരാജാവിൻറെ മൂന്നു ഭാര്യമാർ ആരെല്ലാം?

(കൗസല്യ, കൈകേയി, സുമിത്ര)


23. മക്കളുണ്ടാവാന്വേണ്ടി ദശരഥൻ അനുഷ്ടിച്ച യാഗം എത്?

(പുത്രകാമേഷ്ടി)


24. അയോധ്യയുടെ കുലഗുരുവാർ?

(വസിഷ്ഠൻ)


25. ശ്രീരാമനായി അവതരിച്ചത് ത്രിമൂര്ത്തികളിൽ ആരാണ്?

(മഹാവിഷ്ണു)


26. ശ്രീരാമൻറെ ജന്മനക്ഷത്രം ഏത്?

(പുണർതം)


27. സൌമിത്രി എന്ന വാക്കിൻറെ അർത്ഥമെന്താണ്?

(സുമിത്രയുടെ പുത്രൻ - ലക്ഷ്മണൻ)


28. വിശ്വാമിത്രമഹർഷി ആരായിരുന്നു?

(പുരോഹിതൻ)


29. രാമലക്ഷ്മണന്മാർക്ക് വിശ്വാമിത്രൻ ഉപദേശിച്ച വിദ്യകൾ എന്തെല്ലാം?

(ബലയും അതിബലയും)


30. വനയാത്രയിൽ ആദ്യദിവസം രാത്രി രാമലക്ഷ്മണന്മാർ തങ്ങിയതെവിടെയായിരുന്നു?

(തടകാവനത്തിൽ)


31. താടകയെ വധിച്ചതാര്?

(ശ്രീരാമൻ)


32. മാരീച സുബാഹുക്കളിൽ ഒരാൾ രാമബാണത്തിനിരയായി, മറ്റൊരാൾ രാമഭക്തനായി - ആരെല്ലാമാണ് അവർ ?

(മരിച്ചത്- സുബാഹു, രാമഭക്തനയത് - മാരീചൻ)


33. ജനകരാജധാനിയിൽ വെച്ച് ശ്രീരാമൻ ഒടിച്ച വില്ലിൻറെ പേരെന്താണ്?

(ത്യയംബകം)


34. വിദേഹരാജാവ് ആരായിരുന്നു?

(ജനകൻ)


35. ത്ര്യയംബകം ആരാണ് സമ്മാനിച്ചത്?

(പരമശിവൻ)


36. ഗൌതമ മുനിയുടെ ശാപം കാരണം ശിലയായിമാറിയതാർ?

(അഹല്യ)


37. അഹല്യക്ക് ശാപമോക്ഷം നല്കിയതാര്?

(ശ്രീരാമൻ)


38. ജാനകി എന്ന് അറിയപ്പെടുന്നതാര്?

(സീത)


39. സിതം എന്ന വാക്കിൻറെ അര്ഥം എന്താണ്?

(ഉഴുവുചാൽ)


40. യഥാര്ത്ഥത്തിൽ സീത ആരുടെ അവതാരമാണ്?

(മഹാലക്ഷ്മിയുടെ)


41. സീതസ്വയംവരത്തിനുശേഷം അയോധ്യയിലേക്ക്പോകുകയായിരുന്ന വിവാഹഘോഷയാത്രക്ക് തടസ്സമുണ്ടാക്കാൻ തുനിഞ്ഞതാർ?

(പരശുരാമൻ)


42. രാമൻറെ പട്ടാഭിഷകത്തിനുള്ള ഒരുക്കങ്ങൾ ആരുടെ നിര്ദ്ദേശപ്രകരമായിരുന്നു?

(കുലഗുരുവായ വസിഷ്ഠൻറെ)


43. മന്ഥര ആരായിരുന്നു?

(കൈകേയിയുടെ ദാസി)


44. കൈകേയി ദശരഥനോട് ആവശ്യപ്പെട്ട രണ്ടു വരം എന്തൊക്കെയായിരുന്നു?

(1 ഭരതനെ രാജ്യവാക്കണം

2 രാമനെ പതിന്നാലു വർഷം വനവാസത്തിനു അയക്കണം)


45. വനവാസത്തിനു പുറപ്പെട്ട സീതാരാമലക്ഷ്മണന്മാരുടെ തേർ തെളിച്ചതാര്?

(സുമന്ത്രർ)


46. സൃംഗിവേരം എന്ന രാജ്യത്തിൻറെ ഭരണാധികാരി ആരായിരുന്നു?

(ഗുഹൻ എന്ന നിഷാദരാജാവ്)


47. കാനന യാത്രയിൽ സീതാരാമലക്ഷ്മണന്മാർ ആദ്യം കണ്ടുമുട്ടിയ മഹർഷി ആർ?


(ഭരധ്വാജൻ)


48. സീതാരാമലക്ഷ്മണന്മാർക്ക് താമസത്തിനായി ഭരധ്വാജമഹർഷി കാണിച്ചുകൊടുത്ത സ്ഥലമേത്?

(ചിത്രകൂട പർവ്വതം)


49. ഭരധ്വാജൻറെ ആശ്രമത്തില്‌നിന്നും ചിത്രകൂടത്തിലേക്ക് ഒരു നദി മുറിച്ചുകടക്കണം. ആ നദി ഏതാണ്?

(കാളിന്ദി)


50. ദശരഥൻറെ മരണവാര്ത്ത രാമനെ അറിയിച്ചതാര്?

(വസിഷ്ഠൻ)


51. മനുഷ്യനൊഴികെ മറ്റാര്ക്കും രാവണനെ വധിക്കാൻ കഴിയില്ല എന്ന വരം അദ്ദേഹത്തിനു നല്കിയതാർ?

(ബ്രഹ്മാവ്)


52. രാവണസാഹോദരി ആരാണ്?

(ശൂർപ്പണഖ)


53. രാവണന് ചന്ദ്രഹാസം എന്ന വാൾ സമ്മാനമായി നല്കിയതാർ?

(ശിവൻ)


54. രാവണൻറെ പത്നിയുടെ പേരെന്ത്?

(മണ്ഡോദരി)


55. സ്ത്രീമൂലം നിനക്ക് നാശമുണ്ടാവട്ടെ എന്ന് രാവണനെ ശപിച്ചതാർ?

(വേദവതി)


56. ബാലിയുടെ രാജ്യം ഏതാണ്?

(കിഷ്കിന്ധ)


57. രാവണനെ വാലിൽ വരിഞ്ഞുകെട്ടിയ വാനരരാജാവ് ആരാണ്?

(ബാലി)


58. രാവണൻറെ പുത്രൻ ആരാണ്?

(മേഘനാദൻ)


59. ഇന്ദ്രജിത്ത് എന്ന വാക്കിൻറെ അര്‌ഥം എന്താണ്?

(ദേവേന്ദ്രനെ ജയിച്ചവൻ)


60. സീതാരാമലക്ഷ്മണന്മാർക്ക് താമസിക്കാൻ അഗസ്ത്യമുനി നിര്‌ദേശിച്ച സ്ഥലം താണ്?

(പഞ്ചവടി)

❄️❄️❄️❄️❄️❄️❄️

16 ജൂലൈ 2025

ഇന്ന് കർക്കിടകം ഒന്ന് 🕉️

ഇന്ന് കർക്കിടകം ഒന്ന്

ഭക്തിയുടെയും ആത്മീയ തീവ്രതയുടെയും ധർമ്മത്തിന്റെയും ഉൽകൃഷ്ട പാഠങ്ങൾ മനസിലുരുവിട്ടു കൊണ്ട് ഒരു രാമായണ മാസം കൂടെ വരവായി.

ശ്രീരാമനെന്ന ഉല്‍കൃഷ്ട ഭരണാധികാരിയുടേയും, പുത്ര ധര്‍മ്മമെന്ന, പാവന ധര്‍മ്മം അതിന്റെ പൂര്‍ണ്ണമായ അളവില്‍ ലോകത്തിനു കാട്ടിതന്ന സത്പുത്രന്റെ ജീവിത കഥയാണ് രാമായണം.

രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും.

 തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികൾ നിറഞ്ഞ പ്രഭാതങ്ങളാണിനി.

 ഹൈന്ദവഗൃഹങ്ങളിൽ ദിവസവും രാമായണം പാരായണം ചെയ്യും.

 കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം.

സ്ത്രീകൾ ദശപുഷ്പം ചൂടി, മുക്കുറ്റിയില ചാലിച്ച് നെറ്റിയിൽ തൊടും.

സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം.

 കള്ളക്കര്‍ക്കടകം എന്നും പഞ്ഞക്കര്‍ക്കടകം എന്നും കര്‍ക്കടകത്തിന് വിളിപ്പേരുകളുണ്ട്. 

കര്‍ക്കടം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാരുടേതായുണ്ട്.

പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവിന് പിതൃക്കള്‍ക്ക് ബലി ദർപ്പണവും നടത്തും.

 ആരോഗ്യത്തിന് ഏറ്റവും പ്രധാന്യം നല്‍കുന്ന മാസം കൂടിയാണ് ഈ കര്‍ക്കിടകം.

 ഈ മാസം തയ്യാറാക്കുന്ന കര്‍ക്കിടക കഞ്ഞി ഏറെ പ്രശസ്തമാണ്.

വിശ്വാസികളെ സംബന്ധിച്ച് കർക്കിടകത്തിലെ നാലമ്പല ദർശനവും പ്രധാനപ്പെട്ടതാണ്.

വറുതിയുടെ കാലംകടന്ന് സമൃദ്ധിയുടെ ഓണക്കാലത്തിന് വേണ്ടിയുള്ള കാത്തിരിപ്പും ഇവിടെ തുടങ്ങുകയാണ്.

✖️❌✖️❌✖️❌✖️❌✖️❌✖️❌✖️

06 ഓഗസ്റ്റ് 2024

ധർമ മാർഗത്തിലാവണം സ്‌ഥാനമാനം നേടേണ്ടത് 👑

 ധർമ മാർഗത്തിലാവണം സ്‌ഥാനമാനം നേടേണ്ടത് 10


ഉറച്ച തീരുമാനങ്ങളാണ് ശ്രീരാമനെ മറ്റുളളവരിൽ നിന്നു വ്യത്യസ്തനാക്കിയതും കീർത്തിമാനാക്കിയതും. വർത്തമാനകാലത്ത് തീരുമാനങ്ങളെടുക്കാനും എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാനും സാമാന്യ മനുഷ്യർ ഏറെ പ്രയാസപ്പെടുകയാണ്. പട്ടാഭിഷേക സമയത്തുണ്ടായ അന്തപുര കലഹങ്ങൾ ദശരഥ മഹാരാജാവിനെയും തീരുമാനമെടുക്കുന്നതിൽ കുഴക്കിയിരുന്നു.


പ്രലോഭനങ്ങളെ അതിജീവിക്കാൻ ഉറച്ച തീരുമാനങ്ങളെടുക്കുന്നവർക്കേ കഴിയൂയെന്നു രാമൻ സ്വജീവിതത്തിലൂടെ കാണിക്കുന്നു.


യൗവനവും വാർധക്യവും കഴിഞ്ഞ് ദേഹത്യാഗത്തിനാണ് വനവാസത്തിനിറങ്ങുക. രാമനാവട്ടെ യൗവനത്തിൽ തന്നെ സന്തോഷത്തോടെ വനവാസം സ്വീകരിച്ചു. ഇത് രാമൻ്റെ മഹത്വം ഉയർത്തി.


അധികാരത്തിലെത്താൻ എന്ത് അടവും പ്രയോഗിക്കുന്നവർക്കിടയിൽ രാമൻ ലഭിച്ച സ്ഥാനം ത്യജിച്ചാണ് മനസുകളിൽ ഇടം നേടിയത്.


തളർന്നു വീണ ദശരഥൻ തന്നെ കീഴടക്കി രാജ്യാധികാരം ഏറ്റെടുക്കാൻ രാമനോട് ആവശ്യപ്പെടുന്നുണ്ട്. പട്ടാഭിഷേകത്തിന് എതിരു നിൽക്കുന്നവർ ആരായാലും അവരെ ബലമായി കീഴടക്കുമെന്നു ലക്ഷ്മണനും ആക്രോശിക്കുന്നുണ്ട്. ഈ സമയത്ത് രാമൻ സംയമനം പാലിക്കുകയാണ്. വിവാദങ്ങൾക്കിടയിൽ വരുന്ന സ്ഥാനമാനങ്ങൾ ഭാവിയിൽ കീർത്തിയെ ബാധിക്കുമെന്ന് രാമനറിയാമായിരുന്നു. പരാക്രമത്താലല്ല ധർമ മാർഗത്തിലാണ് സ്ഥാനമാനങ്ങൾ നേടേണ്ടതെന്നു രാമൻ ലക്ഷ്മണനെ ഓർമിപ്പിക്കുന്നു.


വനവാസത്തിനു താനുമുണ്ടെന്നു പറഞ്ഞ കൗസല്യയെ രാമൻ പിന്തിരിപ്പിക്കുന്നു. അച്ഛൻ്റെ ഈ അവസ്‌ഥയിൽ അമ്മ കൂടെയുണ്ടാവണമെന്നും ഭർത്താവിനൊപ്പമാവണം ഭാര്യയുടെ സ്‌ഥാനമെന്നും രാമൻ പറയാൻ മറന്നില്ല. സീതയാവട്ടെ ഈ വാക്കുകൾ കേട്ടതും ഭർത്താവായ രാമൻ്റെ കൂടെ വനയാത്രയ്ക്ക് തയാറായി.

24 ജൂലൈ 2024

നൽകിയ വാക്കുകൾക്കിടയിൽ വീർപ്പുമുട്ടി ദശരഥരാജൻ 9 🌀

നൽകിയ വാക്കുകൾക്കിടയിൽ വീർപ്പുമുട്ടി ദശരഥരാജൻ 9

ചില വാക്കുകൾ ജന്മാന്തരത്തോളം നമ്മെ പ്രചോദിപ്പിക്കുകയും ചിലതു വേട്ടയാടുകയും ചെയ്യും. ദശരഥ മഹാരാജാവിനെ വേട്ടയാടിയത് അന്ധരായ വൃദ്ധദമ്പതികളുടെ ശാപമാണ്.


നായാട്ടിനിടെ വന്ന അശ്രദ്ധ ഒരു ജീവനെടുക്കുകയും കുടുംബത്തെ തകർക്കുകയും ചെയ്തു. മകനെ വധിച്ച ദശരഥനെ മരണസ‌മയത്തു മക്കളടുത്തില്ലാതെ പോകട്ടെയെന്നാണു ശപിക്കുന്നത്.


അയോധ്യ രാമൻ്റെ പട്ടാഭിഷേകത്തിനു തയാറായി നിൽക്കുന്നു. എപ്രകാരവും ചടങ്ങ് മുടക്കാനുള്ള മന്ഥരയുടെ തന്ത്രം ഫലിച്ചു.


കൊട്ടാരം സന്തോഷത്തിലാറാടി നിൽക്കെ കൈകേയിയുടെ അന്തപുരം ശോകമൂകമായി. വിവരമറിഞ്ഞെത്തിയ ദശരഥൻ ഭാര്യമാരിൽ ഏറ്റവും ഇളയവളായ കൈകേയിയുടെ ദുഃഖത്തിൻ്റെ കാരണമന്വേഷിച്ചു. ആദ്യം ഒന്നും മിണ്ടാതെ നിന്ന കൈകേയി അവസാനം ദേവാസുര സമയത്തു തനിക്കു നൽകാമെന്നേറ്റ രണ്ടു വരങ്ങൾ ദശരഥനോട് ആവശ്യപ്പെട്ടു


ഭരതനെ യുവരാജാവായി വാഴിക്കണമെന്നും രാമനെ 14 വർഷം വനവാസത്തിനയ്ക്കണമെന്നുമുള്ള ആവശ്യം കേട്ട് ദശരഥൻ തളർന്നു.


പുത്രൻമാരുടെ ഖ്യാതി വാനോളം ഉയർന്നു നിൽക്കുന്നതിനിടെ കൊട്ടാരത്തിലുണ്ടായ അന്തഛിദ്രം എങ്ങനെയെങ്കിലും മറയ്ക്കാൻ ദശരഥൻ പാടുപെട്ടു. ഭരതനെ യുവരാജാവാക്കാം. പക്ഷേ, രാമനെ കാട്ടിലേക്ക് അയക്കാനുള്ള വരം പിൻവലിക്കാൻ കൈകേയിയോട് ആവശ്യപ്പെട്ടു. കൈകേയി പിൻമാറിയില്ല.


രാജാവും രാഞ്ജിയും തമ്മിലുള്ള കലഹം പതുക്കെ പുറത്തേക്കു പടരാൻ തുടങ്ങി.


ഈ സമയം അവിടെയെത്തിയ രാമൻ അച്ഛൻ നൽകിയ വാക്കു പാലിക്കാൻ താൻ വനവാസത്തിനൊരുക്കമാണെന്നു പറഞ്ഞു.


പ്രജകൾക്കിടയിൽ മാത്രമല്ല, അയൽരാജ്യങ്ങൾക്കിടയിലും വംശമഹിമ നിലനിർത്താൻ തൻ്റെ സുഖസൗകര്യങ്ങൾ ഒഴിവാക്കാൻ തയാറായി.


 മന്ത്രി സുമന്ത്രരോട് വനവാസത്തിനു വേണ്ട ഒരുക്കങ്ങൾ നടത്താൻ രാമൻ കൽപന കൊടുത്തു.

22 ജൂലൈ 2024

പട്ടാഭിഷേകം മുടക്കാൻ മന്ഥരയുടെ തന്ത്രങ്ങൾ 8🎡

 പട്ടാഭിഷേകം മുടക്കാൻ മന്ഥരയുടെ തന്ത്രങ്ങൾ 8

എന്തിലും ദോഷം മാത്രം കാണുന്നവർക്കും തെറ്റായ കർമങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നവരെ പരിഹാസ രൂപേണ വിളിക്കുന്ന പേരായി മാറി മന്ഥര. കൈകേയിയോടൊപ്പും അയോധ്യ രാജധാനിയിലേക്ക് ചാരവൃത്തിക്കായി നിയോഗിച്ച ദാസിയാണ് മന്ഥര. അയൽ ജനപദങ്ങളായ കേകയ രാജ്യവും മിഥിലയും സംഘർഷത്തിലിരുന്നു. കോസലവുമായി ബന്ധുത്വം ലഭിച്ചാൽ മിഥില ആക്രമിക്കില്ലെന്നു ധരിച്ച കേകയ രാജാവ് മകൾ കൈകേയിയെ ദശരഥൻ്റെ മൂന്നാം വിവാഹത്തിനു നൽകാൻ തീരുമാനിച്ചു. വിവാഹാനന്തരം കൈകേയിക്കൊപ്പം പരിചാരവൃത്തിക്കെന്ന പോലെ മന്ഥരെയും കൂടെ അയച്ചു.

ശ്രീരാമനും ലക്ഷ്മണനും മിഥിലയിലെത്തിയതും സീതാ സ്വയംവരം നടന്നതും മന്ഥരയ്ക്കറിയാതെ പോയി. കോസല മഹാരാജാവ് പുത്രന്മാർക്കുളള ഭാവി വധുക്കളെ നേരിട്ട് സംഘർഷമില്ലാത്ത മിഥിലയിൽ നിന്നു സ്വീകരിച്ചു. വിവാഹ തീരുമാനം നേരത്തെ അറിയാതിരുന്നതിന് മന്ഥരെ കേകയരാജാവ് ശാസിച്ചു. ജനകനാവട്ടെ സീതയെ കൊണ്ട് ആദ്യം വരണമാല്യം അണിയിച്ച ശേഷമാണ് അയോധ്യയിലേക്ക് ദൂതനെ അയക്കുന്നത്.

ഇപ്പോൾ ഭരതനും ശത്രുഘ്നനും രാജ്യത്തില്ലാത്ത സമയത്ത് രാമന്റെ പട്ടാഭിഷേകത്തിനു തയാറെടുക്കുന്നതറിഞ്ഞ മന്ഥര തടയാൻ തന്ത്രങ്ങളാവിഷ്കരിച്ചു. ദേവാസുര യുദ്ധകാലത്ത് സഹായിച്ചതിനു നൽകാമെന്നേറ്റ രണ്ടു വരം കൈകേയിയോട് ചോദിക്കാൻ ആവശ്യപ്പെട്ടു. രാമൻ രാജാവായാൽ കൗസല്യ രാജമാതാവാകും. മിഥില കേകയ രാജ്യത്തെ ആക്രമിച്ചാൽ അയോധ്യ മിഥിലയ്ക്കൊപ്പം നിൽക്കുമെന്നും പിറന്ന നാടിനെ മറക്കരുതെന്നും വിശ്വസിപ്പിച്ചാണ് കൈകേയിയോട് വരം ചോദിക്കാൻ ആവശ്യപ്പെടുന്നത്. ഇതോടെ കൈകേയി തീരുമാനം മാറ്റി.

21 ജൂലൈ 2024

അഹങ്കാരത്തെ കീഴടക്കി അമരനായി രാമൻ 7🥳

 അഹങ്കാരത്തെ കീഴടക്കി അമരനായി രാമൻ


പകയുടെ സഞ്ചരിക്കുന്ന പ്രതിരൂപമാണ് വാൽമീകിയുടെ പരശുരാമൻ. അച്ഛൻ ജമാഗ്നിയോട് ക്ഷത്രിയ രാജാവായ കാർത്തവീര്യാർജുനൻ ചെയ്ത അപമാനത്തിനും ക്രൂരതയ്ക്കും 21 വട്ടമാണ് ക്ഷത്രിയ രാജാക്കന്മാരെ വംശഹത്യചെയ്തിരിക്കുന്നത്.


മഹർഷിയുടെ പുത്രനായിട്ടും ഭാർഗവരാമന്റെ വിധി പരശു (മഴു) എന്ന ആയുധവുമേന്തി നടക്കാനാണ്. ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ഒരാൾ ഏതു കുലത്തിലാണ് ഉൾപ്പെടുന്നതെന്നും വാൽമീകി രഹസ്യമായി പറയുന്നു.


ക്ഷത്രിയരാജാക്കന്മാരിൽ പലരും പരശുരാമനു മുന്നിൽ കീഴടങ്ങി. അഹങ്കാരം വർധിച്ച പരശുരാമൻ ഭൂമിയിൽ മദിച്ചു നടന്നു.


ഭാർഗവരാമൻ്റെ പേര് കേട്ട് ക്ഷത്രിയർ ഭയന്നു വിറച്ചു.


ഈ സമയത്താണ് ക്ഷത്രിയ കുലജാതനായ ശ്രീരാമൻ തൻ്റെ കൂടി ഗുരുവായ മഹേശ്വരൻ്റെ ചാപം വലിച്ചൊടിച്ച് സീതയെ വിവാഹം ചെയ്ത‌ വാർത്തയറിയുന്നത്.


കോപാകുലനായ ഭാർഗവരാമൻ ശ്രീരാമനെ വഴിയിൽ തടഞ്ഞുനിർത്തി പോരിനു വിളിച്ചു. ദശരഥ മഹാരാജാവ് കൈകൂപ്പി കേണെങ്കിലും ഉളളിൽ ആളുന്ന കോപാഗ്നിയിൽ പരശുരാമൻ തിളച്ചു നിന്നു.


എത്തിയ ഇടങ്ങളിലെല്ലാം വിജയശ്രീലാളിതനായ ശ്രീരാമൻ പരശുരാമന് ഉത്തരം നൽകാൻ തീരുമാനിച്ചു.


ക്ഷത്രിയ വിദ്യകൾ അറിയാവുന്ന പരശുരാമനോട് അതേ നാണയത്തിൽ തന്നെയാണ് ശ്രീരാമൻ മറുപടി പറഞ്ഞത്.


ആദ്യം വിനീതനും ശാന്തനുമായ രാമൻ തന്നെപോലൊരു ബാലനോട് ഏറ്റുമുട്ടുന്നത് ഹിതമല്ലെന്നു സൂചിപ്പിച്ച് പരശുരാമനെ സുഖിപ്പിച്ചു.


തന്നെ അംഗീകരിച്ച ബലത്തിൽ തൻ്റെ നേർക്ക് വില്ല് കുലയ്ക്കാൻ ധൈര്യമുണ്ടോയെന്നു ശ്രീരാമനോട് ചോദിച്ച പരശുരാമനോട് മറുപടി നൽകാൻ ഇത്തവണ ശ്രീരാമൻ മടിച്ചില്ല.


വില്ലു കൈയിലേന്തി ലക്ഷ്യം കാണിച്ചു തരാൻ സ്വരം മാറ്റി പറഞ്ഞു. ഇത്തവണ അന്ധാളിച്ചത് പരശുരാമനാണ്.


ആയുധം കൈയിൽനിന്നു പോയി അപ്രിയം സംഭവിച്ചാൽ നാണക്കേടാണ് ഇതോടെ നല്ല രീതിയിൽ സന്ധി ചെയ്യാൻ നിർബന്ധിതനാവുകയും ശ്രീരാമൻ വീരനാണെന്നു പ്രഖ്യാപിച്ച് അനുഗ്രഹങ്ങൾ നൽകി മടങ്ങുകയാണ് പരശുരാമൻ.

ശൈവചാപം കുലച്ച് ശ്രീരാമചന്ദ്രൻ 6🏹

 ശൈവചാപം കുലച്ച് ശ്രീരാമചന്ദ്രൻ


അഹല്യയെ ജീവിതത്തിലേക്ക് തിരികെ പ്രവേശിപ്പിച്ച് ശ്രീരാമൻ വിശ്വാമിത്രനൊപ്പം ജനക മഹാരാജാവ് നടത്തുന്ന ശൈവചാപ പൂജയിൽ പങ്കെടുക്കാൻ മിഥിലയിലേക്ക് പുറപ്പെട്ടു. മഹേശ്വരൻ നൽകിയ ശൈവചാപം എന്ന വില്ല് എടുത്തുയർത്തുന്നവർക്ക് മകൾ സീതയെ വിവാഹം കഴിച്ചു കൊടുക്കുമെന്ന ജനകൻ്റെ വാഗ്ദാനവും വിശ്വാമിത്രൻ രാമനെ ഓർമിപ്പിച്ചു. മല്ലന്മാരെ കൊണ്ടത്തിച്ച ശൈവചാപം എടുത്തുയർത്താൻ ശ്രമിച്ച രാജാക്കന്മാർ പരാജിതരായി മടങ്ങുമ്പോൾ വിശ്വാമിത്രൻ രാമനെ പ്രചോദിപ്പിച്ചു. പലരും തോറ്റു മടങ്ങിയ താടകയോടും രാക്ഷസന്മാരോടും അവരുടെ ശക്തികേന്ദ്രത്തിൽ തന്നെ വധിച്ച ധൈര്യത്തോടെയാണ് രാമൻ ശൈവചാപത്തിനടുത്തെത്തുന്നത്. പ്രണയാർദ്രമായ മുഖത്തോടെ സീതയുടെ കടാക്ഷമേറ്റ രാമനിൽ വീര്യം സ്വാഭാവികമായും ഉയരുകയും ശൈവചാപം കുലയ്ക്കുന്നതിനിടെ വില്ലൊടിയുകയും ചെയ്തു. സീത ശ്രീരാമൻ്റെ കഴുത്തിൽ വരണമാല്യം ചാർത്തി. ജനകൻ വിവരം ദശരഥനെ അറിയിക്കാൻ ദൂതനെ അയച്ചു. കുമാരന്മാർ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനുളള തീരുമാനവും ഒപ്പമുണ്ടായി. സീതയ്ക്കൊപ്പം മിഥിലാപുരിയിലെ കുമാരികളായ ഊർമിള, മാണ്ഡവി, ശ്രുതകീർത്തി എന്നിവരും വിവാഹിതരായി. രണ്ടു രാജ്യങ്ങൾ തമ്മിൽ ബന്ധം സുദൃഢമാവാൻ ഈ വിവാഹങ്ങൾക്കായി. അയോധ്യയിലേക്ക് മടങ്ങുന്നതിനിടെ അനിഷ്‌ടം നേരിടാൻ സാധ്യതയുളളതായിവസിഷ്‌ഠൻ ഓർമിപ്പിച്ചു. ഒട്ടേറെപേർ പരാജയപ്പെട്ടിടത്താണ് ഈ നേട്ടം രാമൻ കൈവരിച്ചത്. അതുകൊണ്ടുതന്നെ ശത്രുക്കളുണ്ടാവാൻ വേറെ കാരണമന്വേഷിക്കേണ്ട. വസിഷ്ഠൻ്റെ സൂക്ഷ്‌മ ദൃഷ്‌ടി സത്യമായി. മഹേശ്വരന്റെ ശിഷ്യനും സഹസ്രബാഹുവായ കാർത്തവീര്യാർജുനൻ തൊട്ട് 21 ക്ഷത്രിയ തലമുറയെ ഉന്മൂലനം ചെയ്‌തവനുമായ ഭാർഗവരാമൻ പത്നീസമേതനായി മടങ്ങുന്ന ശ്രീരാമനെ വഴിയിൽ തടഞ്ഞു.

20 ജൂലൈ 2024

ആദികവിയുടെ പുരുഷോത്തമൻ🏹

 ആദികവിയുടെ പുരുഷോത്തമൻ


           വാൽമീകിയുടെ രാമായണത്തിൽ ദൈവം മനുഷ്യനായാണ് മാറുന്നത്. ദുര, സംശയം, സ്വാർഥത, കൂറു മാറ്റം, ചതി തുടങ്ങി മനുഷ്യ മനസ്സിനുണ്ടാവുന്ന ചാഞ്ചല്യങ്ങൾ പൊടിപ്പും തൊങ്ങലുമില്ലാതെയാണ് വാൽമീകി അവതരിപ്പിക്കുന്നത്. വാൽമീകി രാമായണം പിൻപറ്റിയുണ്ടായ രാമായണങ്ങളിലെല്ലാം രാമൻ അവതാര പുരുഷനാക്കി. കാവ്യഗതി നിയന്ത്രിക്കുന്ന സ്ത്രീ കഥാപാത്രങ്ങളെ സംശയത്തിൻറെ നിഴലിലാണ് വാൽമീകി നിർത്തുന്നത്. കൊളളമുതൽ പങ്കിടുന്ന ഭാര്യയും മക്കളും തൻ്റെ പാപങ്ങൾ ഏറ്റെടുക്കില്ലെന്ന രത്നാകരന്റെ വ്യഥ വാൽമീകിയായി മാറിയിട്ടും മ നസ്സിൽ ശേഷിക്കുന്നതായി വേണം കാണാൻ.


പർണശാലയിൽ ഇന്ദ്രനോടൊപ്പം കണ്ട അഹല്യയെ ഭർത്താവ് ഗൗതമൻ ശപിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. സഹോദരി ശൂർപ്പണഖയ്‌ക്കേറ്റ അംഗഛേദത്തിനു പകരം വീട്ടുന്നതിനേക്കാളേറെ സീതയെന്ന സൗന്ദര്യധാമത്തെ സ്വന്തമാക്കാനാണ് രാവണൻ മനക്കോട്ട കെട്ടുന്നത്. അഗ്നിശുദ്ധിയിൽ പതിവ്രതയാണെന്നു തെളിയിച്ച സീതയെ കാട്ടിലുപേക്ഷിക്കുകയാണ് രാമൻ.


വിശ്വാമിത്രനോടൊപ്പം മിഥിലയിലേക്ക് പോകുന്നതിനിടെയാണ് ഗൗതമാശ്രമത്തിലെത്തുന്നത്. ഗൗതമ പത്നിയായ അഹല്യയിൽ മോഹിച്ച ഇന്ദ്രൻ ഒരിക്കൽ വേഷം മാറി ആശ്രമത്തിലെത്തി. ഗൗതമനില്ലാത്ത നേരത്ത് അഹല്യയുമൊത്ത് സംഗമിച്ച ഇന്ദ്രനെയും തൻ്റെ പത്നിയെയും ശപിക്കുന്നു. ചെയ്‌തുകൂടാത്തതു ചെയ്‌ത നീ സഹസ്രഭഗനായും പിന്നീട് സഹസ്രനയനനായി തീരട്ടെയെന്നു ഇന്ദ്രനെ ശപിക്കുന്നു.

താൻ അറിഞ്ഞുകൊണ്ടു ചെയ്യാത്ത തെറ്റിനു അഹല്യയും ശാപഗ്രസ്‌തയായ കഥ വിശ്വാമിത്രൻ രാമലക്ഷമണന്മാർക്ക് പറഞ്ഞു കൊടുക്കുന്നു. ഈ സംഭവത്തോടൊത്തു ചേർത്തു വായിക്കാവുന്നതാണ് സീതാപരിത്യാഗം. കാമനകൾക്ക് മുന്നിൽ സ്‌ഥാനം മറന്ന ദേവേന്ദ്രനും ലങ്കാധിപതിക്കും ഒപ്പമാണ് ഗൗതമ മഹർഷിയുടെ സ്‌ഥാനം ആത്മാവാണ് ശ്രേഷ്ഠമെന്നു പഠിപ്പിച്ച മഹർഷി ഹ്രസ്വവികാരത്തിനടിമപ്പെട്ടാണ് ധർമപത്നിയെ ഉപേക്ഷിക്കുന്നത്. സ്‌ഥാനമേതായാലും മനുഷ്യമനസ്സ് ചില നേരങ്ങളിൽ ഒരുപോലെയാണെന്നു വാൽമീകി നമ്മെ അറിയിക്കുന്നു.

19 ജൂലൈ 2024

വിശ്വാമിത്രൻ്റെ വാത്സല്യം🤸‍♂️

 വിശ്വാമിത്രൻ്റെ വാത്സല്യം

   ജീവിതം അർഥപൂർണമാക്കാൻ ദൈവം തന്നെയാണ് ഗുരുക്കന്മാരുടെ രൂപത്തിൽ ഓരോ കാലങ്ങളിലായി നമുക്കടുത്തെത്തുന്നത്. ഒരു ജന്മം കൊണ്ട് ചെയ്തു‌ തീർക്കാനുള്ളതെല്ലാം യഥാവിധി അനുഷ്‌ഠിക്കാൻ ഗുരുസ്ഥാനീയരുടെ തുണയുണ്ടാവണം.

ശ്രീരാമനും സഹോദരന്മാർക്കും ആത്മവിദ്യ പോലെ ആയോധന വിദ്യ പകർന്നുകൊടുക്കാൻ തനിക്കാവില്ലെന്നു വസിഷ്ഠ മഹർഷിക്ക് അറിയാവുന്നതിനാലാണ് രാജർഷിയായ വിശ്വാമിത്രനൊപ്പം രാമലക്ഷ്‌മണന്മാരെ അയ്ക്കാൻ ദശരഥനോട് പറഞ്ഞത്. രാജാവായി നാടുവാഴുകയും തുടർന്ന് ഋഷിപദം നേടിയ വിശ്വാമിത്രൻ രാജാവിനു വേണ്ട ഗുണവും വീര്യവും സാഹസികതയും കുമാരന്മാർക്ക് പഠിപ്പിക്കുമെന്നു വസിഷ്ഠൻ മനസിൽ കണ്ടു.

യജ്‌ഞം മുടക്കാനെത്തുന്ന രാക്ഷസന്മാരിൽ നിന്നു രക്ഷനേടാനാണ് ശ്രീരാമനെ അനേഷിച്ച് വിശ്വാമിത്രൻ അയോധ്യയിലെത്തുന്നത്. ദശരഥൻ ഒന്നു ശങ്കിച്ചെങ്കിലും വിശ്വാമിത്രനൊപ്പം വനത്തിലേക്ക് രാമലക്ഷ്മണന്മാരെ അയച്ചു ഒരു സേനയുടെയും പിൻബലമില്ലാതെയാണ് രാമലക്ഷ്‌മണന്മാർ അപരിചിതമായ വനത്തിനുള്ളിൽ ദുർവൃത്തയായ താടകയെയും രാക്ഷസന്മാരായ മാരീചനെയും സുബാഹുവിനെയും വധിക്കുന്നത്

ആത്മജ്‌ഞാനം ഉപദേശിച്ച് മനോബലം നൽകിയാണ് കുമാരന്മാരിൽ യുദ്ധവീര്യമുണർത്തുന്നത്. വിശപ്പും ദാഹവുമകറ്റാൻ ബല അതിബല എന്ന ഔഷധ വിദ്യകളും നൽകി. സ്ത്രീയായ താടകയെ വധിക്കുന്നതിൽ സംശയിച്ച രാമനോട് വിശ്വാമിത്രൻ ദുർവൃത്തരിൽ സ്ത്രീപുരുഷ ഭേദമില്ലെന്ന ഉദാഹരണങ്ങളാൽ കുറ്റബോധമില്ലാതാക്കി. ശൂർപ്പണഖ, ബാലി, സീത എന്നിവരോട് കരുണയില്ലാത്ത വിധം പെരുമാറുന്നതിനു പിന്നിൽ വിശ്വാമിത്രന്റെ ഈ ഉപദേശവും സ്വാധീനിച്ചതായി കാണാം.

രാമനിൽ അളവറ്റ വിശ്വാസവും വാൽസല്യവും തോന്നിയ വിശ്വാമിത്രൻ 72 അപൂർവവും ദിവ്യവുമായ അസ്ത്രവിദ്യകൾ നൽകി.

സരയൂതീരത്ത് അതിരാവിലെ രാമനെ വിളിച്ചുണർത്തുന്ന

 'കൗസല്യ സുപ്രജാ രാമ പൂർവാസന്ധ്യാ പ്രവർതതേ / ഉത്തിഷ്‌ഠ നരശാർദൂല കർതവ്യം ദൈവമാഹ്‌നികം' 

(ബാല. 2.32) 

എന്ന വാൽമീകി രാമായണത്തിലെ പ്രസിദ്ധമായ ശ്ലോകം വിശ്വാമിത്രൻ്റെ വാൽസല്യമാണ് പ്രകടമാക്കുന്നത്.

17 ജൂലൈ 2024

നാടിനെ അറിയാൻ ഗുരുവിനൊപ്പം👣,

നാടിനെ അറിയാൻ ഗുരുവിനൊപ്പം


ദുഃഖം പലർക്കും പല വിധത്തിലും രൂപതിലുമാണു പ്രത്യക്ഷപ്പെടുക. അധികാരവും സമ്പത്തും സമൃദ്ധിയുമുണ്ടായിട്ടും ദശരഥൻ അനുഭവിച്ച പുത്രദുഃഖം അയോധ്യയെ മാത്രമല്ല ദുഃഖത്തിലാഴ്ത്തിയത്. ദേവന്മാരുടെ സഹായത്തിനു എന്നും കൂട്ടു പോകുന്ന ദശരഥനു പിൻഗാമിയില്ലെന്ന സത്യം ദേവാദികളെയും വ്യസനിപ്പിച്ചു രാജഗുരു വസിഷ്ഠന്റെ നിർദേശ പ്രകാരം ഋഷ്യശൃംഗനെത്തി പുത്രകാമേഷ്ടി യാഗം നടത്തി ദിവ്യൗഷധവും കയ്യിലേന്തിയെത്തിയ അഗ്നിദേവൻ ദശരഥനെയും ഭാര്യമാരെയും അനുഗ്രഹിച്ചു പായസം കഴിച്ച കൗസല്യയും സുമിത്രയും കൈകേയിയും ഗർഭം ധരിച്ച് പുത്രന്മാരെ പ്രസവിച്ചു. ചൈത്രമാസത്തെ വെളുത്ത പക്ഷ നവമിയിൽ പുണർതം നക്ഷത്രത്തിലാണ് ശ്രീരാമന്റെ ജനനം. തൊട്ടടുത്ത ദിവസം കൈകേയി ഭരതനെയും പിറ്റേന്ന് സുമിത്ര ലക്ഷ്മണനെയും ശത്രുഘ്നനെയും പ്രസവിച്ചു. ഒരു ഉണ്ണിയെ കൊതിച്ച ദശരഥൻ്റെ കൊട്ടാരം നാലു കുമാരന്മാർ ചേർന്ന് ആനന്ദസാഗരത്തിലെത്തിച്ചു.


രാജ്യത്തിന്റെ വളർച്ചയ്ക്കും സുരക്ഷയ്ക്കും ആവശ്യമായ വിദ്യാഭ്യാസം തന്നെയാണു പിതാവ് മക്കൾക്കും നൽകിയത്. ശാസ്ത്രം, രാജനീതി, ബ്രഹ്‌മചര്യം എന്നിവയ്ക്കു പുറമേ രാജധർമത്തിൽ പ്രധാനമായ ധനുർവിദ്യയും അഭ്യസിച്ച കുമാരന്മാർ സമർഥന്മാരായി എന്നും പുലർകാലേ എഴുന്നേറ്റ് പ്രാർഥനയും സന്ധ്യാവന്ദനവും കഴിഞ്ഞ് അച്ഛനമ്മമാരെ പൂജിച്ച് ദിവസം തുടങ്ങുന്ന കുമാരന്മാരെ രാജ്യപാലനത്തിനു ധർമമാർഗം മറക്കാതിരിക്കാൻ കുലഗുരു വസിഷ്ഠൻ ഏറെ ശ്രദ്ധിച്ചു.


പഠനകാല ശേഷം തീർഥാടനവും ദേശസഞ്ചാരവും കഴിച്ചാണ് ഗുരു ശിഷ്യന്മാരെ രക്ഷിതാക്കൾക്കൊപ്പമയക്കുന്നത്. ഭരണകർത്താവാകുന്നതിനു മുൻപ് ഭരിക്കാൻ പോകുന്ന നാടിനെയും അവിടെയുള്ള ജനങ്ങളെയും അവരുടെ ജീവിതരീതിയും നേരിട്ടറിയാൻ പാകത്തിലാണ് രാജ്യത്തിലൂടെ കുമാരന്മാരുമൊത്ത് ഗുരു സഞ്ചരിച്ചത്.


ശ്രീരാമനും സഹോദരന്മാർക്കും അത് ജീവിതത്തിൽ ഏറെ പ്രയോജനവുമുണ്ടായി.


പ്രജകൾക്ക് തങ്ങളുടെ ഭാവിയിലെ ഭരണാധികാരിയെ നേരിട്ട് കാണാനും സങ്കടങ്ങൾ നിവർത്തിക്കാനും ഇതോടൊപ്പം കഴിഞ്ഞു.

16 ജൂലൈ 2024

രാമായണത്തെ മനോഹരമാക്കി തുല്യപ്രധാന കഥാപാത്രങ്ങൾ🎬

 രാമായണത്തെ മനോഹരമാക്കി തുല്യപ്രധാന കഥാപാത്രങ്ങൾ


ശക്തിയും ദൗർബല്യങ്ങളുമുളള ഒട്ടേറെ കഥാപാത്രങ്ങളാണ് വാൽമീകിയുടെ രാമായണ കാവ്യത്തിനു മിഴിവേകുന്നത്. രാമനോളം യാത്രയും യാതനയും അനുഭവിക്കുന്ന ലക്ഷമണനും സീതയ്ക്കും കാവ്യത്തിൽ തുല്യ സ്ഥാനവുമുണ്ട്. മക്കൾ വനത്തിലേക്കു പോയ സങ്കടത്തോടെ കൊട്ടാരത്തിൽ കഴിയുന്ന കൗസല്യയും സുമിത്രയും ജനകനും ഭർതൃസാമീപ്യമില്ലാതെ ഒരു പതിറ്റാണ്ടിലധികം ഓർമകൾ മാത്രം താലോലിച്ചിരിക്കുന്ന ഊർമിളയും അനുഭവിച്ച സങ്കടങ്ങൾ വായനക്കാരെ നൊമ്പരപ്പെടുത്തും. ജീവിതത്തിനു വഴികാണാൻ പ്രിയപ്പെട്ടവരെ വിട്ടകലുന്ന വർത്തമാനകാലത്തെ ഓരോ മനസിലും ഈ സങ്കടകണികകൾ കാണാം.


സരയൂ നദി തീരത്തെ വിശാല ജനപദമായ കോസലം പുതിയ രാജ്യാവകാശിയില്ലാതെ ദുഃഖിക്കുന്ന കാലം. പ്രാർഥനകളും ചികിൽസകളുമായി ദശരഥ മഹാരാജാവും ഭാര്യമാരായ കൗസല്യയും കൈകേയിയും സുമിത്രയും അയോധ്യ രാജധാനിയിൽ കഴിയുകയാണ്. രാജഗുരു വസിഷ്ഠൻ ഋശ്യശൃംഗനെയെത്തിക്കാനും പുത്രകാമേഷ്‌ടിയാഗം നടത്തിയാൽ സന്താനഭാഗ്യമുണ്ടാവുമെന്നും ദശരഥനോട് പറയുന്നു.


വനത്തിൽ പരമനുഷ്യ സാമീപ്യമില്ലാതെയാണ് വിഭാണ്ഡക മഹർഷി പുത്രനായ ഋശ്യശൃംഗനെ വളർത്തിയത്. ആത്മജ്‌ഞാനവും ബ്രഹ്‌മ ജ്‌ഞാനവും നൽകി പുത്രനെ ലോകമറിയപ്പെടുന്ന പണ്ഡിതനാക്കണമെന്നായിരുന്നു വിഭാണ്ഡക മഹർഷിയുടെ ആഗ്രഹം. എന്നാൽ അച്ഛൻ്റെ ആഗ്രഹത്തിനു വിപരീത വിധിയാണ് മകനുണ്ടാവുന്നത്. അംഗരാജ്യത്തെ കൊടിയ വരൾച്ച ഇല്ലാതാക്കാനായി ഋശ്യശൃംഗനെ രാജ്യത്തെത്തിക്കാൻ ലോമപാദ രാജാവ് തരുണീമണികളെയാണ് അയയ്ക്കുന്നത്.


രാജാധികാരവും ആൾബലവുമുണ്ടായിരുന്നിട്ടും ഉദ്ദേശിച്ച ആളെ അടുത്തെത്തിക്കാൻ ആരെയും വശീകരിക്കാൻ കഴിവുളള യുവതികളെ അയച്ച തന്ത്രം വിജയിച്ചു. ആത്മജ്‌ഞാനത്തിനു വേണ്ടതെല്ലാം പഠിപ്പിച്ച വിഭാണ്ഡകന്റെ നിയന്ത്രണത്തിനും അപ്പുറമായിരുന്നു ശരീരത്തിൻ്റെ ആകർഷണം. പ്രായത്തിന്റെ കാമനകൾക്ക് മുന്നിൽ വിനീതനായ ഋശ്യശൃംഗൻ അംഗരാജ്യത്ത് കാൽവച്ചതും വരണ്ടു കിടക്കുന്ന ഭൂമിയിലേക്ക് ആകാശത്തുനിന്നു നീർച്ചാലുകൾ ധാരയായി ഒഴുകിയെത്തി.

ധർമചിന്തയുണർത്താൻ രാമായണ പാരായണം

 ധർമചിന്തയുണർത്താൻ രാമായണ പാരായണം



മോഹിപ്പിക്കുന്ന ഓരോ കാഴ്ചയും ശബ്ദവും സുഖത്തിൻ്റെ മുഖംമൂടിയണിഞ്ഞാണു തേടിയെത്തുന്നത്. അതിജീവിക്കാനാവാത്തവർ തീരാദുഃഖത്തിലേക്കാണു വീഴുന്നത്. ആഗ്രഹങ്ങളെ നിയന്ത്രിച്ച് ധർമ ചിന്തയോടെ ജീവിക്കാൻ രാമായണത്തിലെ പ്രധാന കഥാപാത്രങ്ങൾ ഇക്കാലത്തും മനുഷ്യനു പ്രേരണയേകുന്നു. രാവണനെന്ന ലങ്കാധിപന്റെ പ്രതാപം അസ്തമിച്ചത് പ്രലോഭനങ്ങളിൽ നിന്നു രക്ഷപ്പെടാനാവാത്ത കാരണമാണ്. അതേ സമയം നൽകിയ വാക്കിലും തീരുമാനത്തിലും ഉറച്ചു നിന്ന ശ്രീരാമൻ ഒരു രാജകുമാരനിൽ നിന്ന് അമാനുഷനായി തീർന്നു.


രത്നാകരൻ എന്ന കാട്ടാളനെ മഹർഷി പദത്തിലേക്കു നയിച്ചത് സുഖാലസ്യമല്ല ജീവിതമെന്ന തിരിച്ചറിവാണ്. വനത്തിലെത്തുന്ന വഴിപോക്കരെ കൊള്ളയടിച്ചു ജീവിച്ച രത്നാകരൻ കിട്ടുന്നതെല്ലാം കുടുബമൊത്ത് പങ്കിട്ടു ഒരിക്കൽ വനത്തിലെത്തിയ മാമുനിമാരെ കൊള്ളയടിക്കുന്നതിനിടെ 'നീ ചെയ്തു കൂട്ടുന്ന പാപങ്ങൾ നിൻ്റെ പ്രിയപ്പെട്ടവരും കൂടെ ഏൽക്കുമോ'യെന്ന ചോദ്യത്തിനു മുന്നിൽ രത്നാകരൻ പതറി.


വീട്ടിലെത്തിയ രത്നാകരനോട് പാപവും ദുഃഖവും തനിയെ ഏറ്റാൽ മതിയെന്ന പ്രിയപ്പെട്ടവരുടെ വാക്കുകൾ തളർത്തുകയാണുണ്ടായത്. വിശ്വാസത്തിനേറ്റ കളങ്കത്തിൽ മനംനൊന്ത രത്നാകരൻ താൽക്കാലിക സുഖം ഉപേക്ഷിച്ച് പുതിയ ജീവിതം തിരഞ്ഞെടുത്തു. പിൽക്കാലത്ത് ഇദ്ദേഹമാണ് വാൽമീകിയെന്ന പേരിൽ ലോകം അറിയപ്പെടുന്ന മഹർഷിയായതും രാമായണമെന്ന ആദികാവ്യം രചിച്ചതും.


'കൂജന്തം രാമ രാമേതി 
മധുരം മധുരാക്ഷരം
ആരുഹ്യ കവിതാശാഖാം 
വന്ദേ വാൽമീകി കോകിലം'


 വിസ്നേശ്വരാദികൾക്കൊപ്പം ആദികവിയായ വാൽമീകിയെ സ്തുതിക്കുന്ന ശ്ലോകം ചൊല്ലിയിട്ടേ രാമായണ വായന തുടങ്ങാവൂ.