കായലിന്റെ രാജാവ്
ഇതിഹാസ തുല്യമായിരുന്നു വേമ്പനാട്ടു കായലിന്റെ രാജാവായി വാണിരുന്ന ജോസഫ് മുരിക്കന്റെ ജീവിതം.
സത്യത്തിൽ തെക്കൻ കേരളത്തെ മുട്ടില്ലാതെ അരിഭക്ഷണം ഊട്ടിയതിൽ ആ മഹാന്റെ പ്രയത്നം വളരെ വളരെ വലുതാണ്.
കേരളത്തിലെ കുട്ടനാട്ടിൽ നെൽകൃഷി വ്യാപകമാകുന്നതിൽ സുപ്രധാന പങ്കുവഹിച്ച കർഷകനും ഭൂവുടമയുമായിരുന്നു മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കൻ.
ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, ഔതച്ചൻ ജനിച്ചത് 1900 -ത്തിൽ ആയിരുന്നു. വൈക്കത്തിനടുത്ത്, കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷി സ്ഥലം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി.
1940 കളിൽ വലിയ അരിക്ഷാമം കേരളത്തെ നേരിടുകയുണ്ടായി അന്ന് പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ ഭൂമിയുണ്ടാക്കി നെൽകൃഷി ഇറക്കി മധ്യതിരുവതാംകൂറിനെ അന്നമൂട്ടിയ അന്നദാന പ്രഭു ആയിരുന്നു ജോസഫ് മുരിക്കൻ.
കായൽ നികത്തി ആയിരത്തിലേറെ ഏക്കർ കൃഷിനിലം പുതുതായി ഉയർത്തിയാണ് മുരിക്കൻ ശ്രദ്ധേയനായത്.
കുട്ടനാട്ടിലെ കാവാലം സ്വദേശിയായിരുന്ന ഇദ്ദേഹം കായൽ രാജാവ് എന്നറിയപ്പെടുന്നു.
നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സംവിധാനം അദ്ദേഹത്തിനുണ്ടായിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം, ബർമയിൽ നിന്നെത്തിയിരുന്ന അരിയും വരാതായി.
ബജറ, ഗോതമ്പ്, ഉണക്ക കപ്പ തുടങ്ങിയവ കൊണ്ട് നാടിന് വിശപ്പടക്കേണ്ടി വന്ന കാലം.
ഈ കെടുതി പരിഹരിക്കാൻ കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തണമെന്ന ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് കായൽ നികത്തി മുരിക്കൻ നെല്പാടങ്ങളുണ്ടാക്കിയത്.
മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽ നികത്തൽ.
ബണ്ട് നിർമ്മാണമാണ് ആദ്യം.
തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച് നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ് ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക.
അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച് അടി വീതിയുമാണ് ബണ്ടിന്.
തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത് മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ് ഭിത്തി നിർമ്മിക്കുക.
ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ് വിരിക്കും.
അതിന് മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട.
കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു.
അതിനും മുകളിൽ കട്ടയും മണലുമിട്ട് ചിറയാക്കുന്നു.
ആയിരക്കണക്കിന് ദണ്‌ഡ് നീളമുള്ള ചിറയാണ് മുരിക്കൻ നിർമ്മിച്ചത്.
ഒരു ദണ്‌ഡ് നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട് മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ് കണക്ക്.
ഭൂമി തെളിഞ്ഞപ്പോൾ മഹാരാജാവ് നേരിട്ടെത്തി നെൽ വിത്തെറിഞ്ഞു.
അത് അൻപതും, നൂറും മേനിയായി വിളഞ്ഞു.
ജോലിക്ക് മുടക്കം കൂടാതെ കൂലി കൊടുത്തു.
വറുതിയിലേക്ക് വീണുപോയ ഒരു സമൂഹത്തെ നിശ്ചയ ദാർഢ്യം കൊണ്ടും കരുത്തുകൊണ്ടും കൈപിടിച്ചുയർത്തി, മുരിക്കുംമൂട്ടിൽ ഔതച്ചൻ.
തന്റെ "എലിയാസ്" എന്ന ബോട്ടിൽ തുണികൊണ്ടുള്ള ചാരുകസേരയായിരുന്ന് വേമ്പനാട് കായലിലൂടെ അദ്ദേഹം സഞ്ചരിച്ചു.
വെള്ള ചീട്ടി തുണിയുടെ ഒറ്റമുണ്ടും, ഷർട്ടും ധരിക്കാറുണ്ടായിരുന്ന മുരിക്കുംമൂട്ടിൽ ഔതച്ചൻ ഒരിക്കലും ‘മുതലാളി’ എന്ന് വിളിക്കപ്പെടാൻ ഇഷ്ട്ടപ്പെടാത്ത വ്യക്തിത്വമായിരുന്നു.
അതുകൊണ്ട് കുട്ടനാട് അദ്ദേഹത്തിനെ സ്നേഹപൂർവ്വം " അച്ചായൻ" എന്ന് വിളിച്ചു.
ജലനിരപ്പിനു താഴെ കൃഷി ചെയ്തുകൊണ്ടുള്ള അത്ഭുതം കുട്ടനാട്ടിലും പിന്നങ്ങ് ഹോളണ്ടിലും മാത്രമേ ഉള്ളു.
മൂന്ന് പതിറ്റാണ്ടിനുമേൽ അച്ചായൻ കൃഷിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധിയോടൊപ്പം കായൽ നിലങ്ങൾ സന്ദർശിച്ച്, സന്തോഷിച്ച്, അദ്ദേഹത്തെ അഭിനന്ദിച്ചു…
പക്ഷെ കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതു പക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ മുരിക്കനെതിരെ സമരങ്ങൾ നടത്തി.
തുടർന്ന് 1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച് മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു.
ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി.
അടുത്ത രണ്ടു വർഷവും നഷ്‌ടമായി.
1976-ൽ കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല.
പിറ്റേ വർഷം ഭൂരഹിത കർഷക തൊഴിലാളികൾക്ക് അര ഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി.
പിന്നീട് പാട്ടക്കൃഷിയും പരീക്ഷിച്ചുവെങ്കിലും മാർത്താണ്‌ഡം ഒഴികെയുള്ള നിലങ്ങളിൽ പരാജയപ്പെട്ടു.
ചിത്തിരയിലും റാണിയിലും ബണ്ടുകൾ തകർന്നു.
തൊഴിലാളിക്ക് പണിയില്ലാതായി.
കേരളം ആന്ധ്രയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും വരുന്ന അരിക്കായി കാത്തിരിപ്പ് തുടങ്ങി.
1974 ഡിസംബർ 9ന് ഒരു ഭാരത് ബന്ദ് ദിവസം കായലിന്റെ രാജാവ് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ കിടക്കവേ ജീവിതത്തിന്റെ മറുകരയിലേക്ക് യാത്രയായി.
ശ്രീചിത്തിര തിരുനാൾ ഔതച്ചന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഇങ്ങനെ പറഞ്ഞു :-
" സാഹസികനും, കഠിനാദ്ധ്വാനിയും, ഈശ്വരവിശ്വാസിയും, എളിമയും ഉള്ള മുരിക്കുംമൂട്ടിൽ തൊമ്മൻജോസഫ് രണ്ടാം ലോകമഹായുദ്ധാന്തര കാലത്ത് തിരുവതാംകൂറിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ തിരുവതാംകൂറിലെ പ്രജകളെ പട്ടിണിയിൽ നിന്നും രക്ഷിച്ച മഹത് വ്യക്തിയാണ് "
മനുഷ്യ സാധ്യം എന്ന വാക്കിന് കൂടുതൽ മാനങ്ങൾ തീർത്ത, ഐതിഹാസിക ജീവിതം നയിച്ച വേമ്പനാട്ടുകായലിന്റെ രാജാവിന്റെ ഓർമ്മകൾ മനുഷ്യനുള്ളിടത്തോളം മായാതിരിക്കട്ടെ….
(കടപ്പാട്)

