AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

(24) കാത്തിരിപ്പ് മതിയാക്കാം ⏳

 കാത്തിരിപ്പ് മതിയാക്കാം


നദീതീരത്തിരിക്കുന്ന വയോധികനോടു യുവാവ് ചോദിച്ചു: 

താങ്കൾ എന്തെടുക്കുകയാണ്? 

അദ്ദേഹം പറഞ്ഞു: 

ഞാൻ ഈ നദി വറ്റുന്നതും കാത്തിരിക്കുകയാണ്. എന്നിട്ടുവേണം സുരക്ഷിതമായി അപ്പുറത്തെത്താൻ.

യുവാവ് ചോദിച്ചു: 

എന്ത് വിഡ്ഢിത്തമാണ് പറയുന്നത്. വെള്ളമില്ലാതാകുന്നതും കാത്തിരുന്നാൽ നിങ്ങൾക്കെന്നെങ്കിലും ഈ പുഴകടക്കാൻ കഴിയുമോ? 

വയോധികൻ പറഞ്ഞു: 

ഇതു തന്നെയാണ് ഈ നാട്ടിലുള്ളവരോടു നാളുകളായി ഞാനും പറയുന്നത്. ജീവിതത്തിലെ പ്രശ്നങ്ങളും ഉത്തരവാദിത്തങ്ങളുമെല്ലാം തീർന്നശേഷം ആഘോഷിക്കാനിരുന്നാൽ ഒരിക്കലും ആനന്ദിക്കാൻ കഴിയില്ലെന്ന്. 

പക്ഷേ, ആർക്കും അതു മനസ്സിലാകുന്നില്ല.


ദീർഘമായ കാത്തിരിപ്പ് വിരസമാണെന്നു മാത്രമല്ല, പ്രയോജനരഹിതവുമാണ്. പ്രതീക്ഷിച്ചിരിക്കുന്നതിന്റെയും തക്കം പാർത്തിരിക്കുന്നതിന്റെയും ഭംഗി അതിന്റെ ഹ്രസ്വതയിലാണ്. എന്തെങ്കിലും വരാൻ വേണ്ടിയോ എന്തെങ്കിലും ഒഴിവാക്കാൻ വേണ്ടിയോ കാത്തിരിക്കുന്ന ആരും തങ്ങളുടെ ആഗ്രഹങ്ങളിലേക്ക് എത്തിച്ചേരില്ല.

 രണ്ടു സത്യങ്ങൾ അംഗീകരിക്കണം. 

ഒന്ന്, 

എല്ലാം അനുകൂലമായ ശേഷം യാത്ര തുടങ്ങാനിരിക്കുന്നവർ ഒരടിപോലും മുന്നോട്ടുവയ്ക്കില്ല. 

രണ്ട്,

 നമുക്കുവേണ്ടി മാത്രമല്ലാതെ സംഭവിക്കുന്ന ഒരു കാര്യത്തെയും ആർക്കും തന്നിഷ്ടപ്രകാരം ഉപയോഗിക്കാനാകില്ല.

 എല്ലാ പ്രതിസന്ധികളും ഒരിക്കൽ അവസാനിക്കും, ഏതോ ഒരു ദിവസം നല്ലകാലം വരും എന്നൊക്കെയുള്ള പ്രതീക്ഷകളും പ്രവചനങ്ങളും സ്വന്തം മതിപ്പുവില ഇടിക്കുന്ന പ്രക്രിയകൾ മാത്രമാണ്. എല്ലാ പ്രശ്‌നങ്ങളുടെയും ഇടയിലൂടെ കടന്നുപോകണം, എന്റെ നല്ലകാലം ഞാൻ തന്നെ സൃഷ്ടിക്കുന്നതാണ് തുടങ്ങിയ തിരിച്ചറിവുകൾ അവനവൻ്റെ ആത്മബലവും കർമശേഷിയും വർധിപ്പിക്കും. ജനിച്ചു വീഴുന്നതുപോലും അസ്വസ്‌ഥതയുണ്ടാക്കുന്ന സാഹചര്യത്തിലേക്കാണ്. ഗർഭാശയത്തിൻ്റെ സുഖമോ സംരക്ഷണമോ അനുഭവവേദ്യമാകാത്ത ഒരിടം. പിന്നീടുള്ള പൊരുത്തപ്പെടലും തരണം ചെയ്യലുമാണ് ജീവിതം. വെയിലോ നിലാവോ മഴയോ മഞ്ഞോ ആരുടെയും സ്വകാര്യസ്വത്തല്ല. അത് ആർക്കുവേണ്ടിയും വരികയോ വരാതിരിക്കുകയോ ചെയ്യുന്നില്ല. സ്വന്തം നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങൾ അനുകൂലമാകുന്നതി വേണ്ടിയുള്ള കാത്തിരിപ്പാണ് മുരടിപ്പിക്കുന്നത്.

( കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗