ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്
ജൂൺ 16: ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ് പ്രഫുല്ല ചന്ദ്രറായ് ഓർമ്മ ദിനം
''വസിഷ്ഠ മഹർഷി അഭിസാരികയുടെ മകനായിരുന്നു. നാരദൻ വേശ്യയുടെ മകനായിരുന്നു. വ്യാസൻ മുക്കുവത്തിയുടെ മകനായിരുന്നു. അന്ന് ഈ ബ്രാഹ്മണർ എവിടെയായിരുന്നു?''‐ ഈ ചോദ്യം ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവായ ആചാര്യ പി സി റായിയുടേതാണ്. കാക്കിനട കോൺഗ്രസ് സമ്മേളനത്തിന് അയിത്തോച്ചാടന പ്രമേയം അവതരിപ്പക്കാൻ വന്ന ടി കെ മാധവനോടാണ് റായി ഇത് പറഞ്ഞത്. വാസ്തവത്തിൽ ഇത് ശരിയല്ലെങ്കിലും കഥയിൽ ചോദ്യമില്ലാത്തതുകൊണ്ട് അന്നത്തെ പുരോഗമന വാദികളുടെ ഒരു പൊതുധാരണ അങ്ങിനെ ആയിരുന്നല്ലോ?
"രാഷ്ട്രീയത്തിൽ ഇപ്പോൾതന്നെ ധാരാളം പേരുണ്ട്. എന്റെ മേഖല ശാസ്ത്രമാണ്"എന്നു പ്രഖ്യാപിച്ച്
ഇന്ത്യയിൽ രസതന്ത്ര ഗവേഷണത്തിനും അതിലധിഷ്ഠിതമായ വ്യവസായത്തിന്നും തുടക്കം കുറിക്കുകയും വരുമാനം മുഴുവൻ പാവങ്ങൾക്ക് ദാനം ചെയ്ത് ഒറ്റ മുറിയുള്ള പാർപ്പിടത്തിൽ ജീർണ വസ്ത്രവുമായി ജീവിച്ച ശാസ്ത്രജ്ഞനാണ് പ്രഫുല്ല ചന്ദ്രറായ് (1861 - 1944).
1892-ൽ റായ് സ്ഥാപിച്ച 'ബംഗാൾ കെമിക്കൽസ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്' ആണ് ഇന്ത്യയിലെ ആദ്യത്തെ മരുന്ന് നിർമ്മാണ കമ്പനി.
റേയുടെ ഗവേഷണ പ്രവർത്തനങ്ങൾ നിരവധി മേഖലകളിലേക്ക് വ്യാപിച്ചിരുന്നു; ഭക്ഷണത്തിലെ മായംചേർക്കൽ മുതൽ പീരിയോഡിക് ടേബിളിലെ അജ്ഞാതമൂലകങ്ങൾവരെ. പുതിയ മൂലകങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾക്കിടയിൽ അദ്ദേഹം മെർക്കുറസ് നൈട്രേറ്റ് എന്ന ലവണം കണ്ടെത്തുകയുണ്ടായി. ഈ ലവണത്തെക്കുറിച്ചുള്ള പഠനം അദ്ദേഹം നിരവധി വർഷങ്ങളോളം തുടർന്നു. നൂറിലേറെ ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇപ്പോഴത്തെ ബംഗ്ലാദേശിലെ ഖുൽനാ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സാധാരണ ഗ്രാമത്തിലാണ് പ്രഫുല്ല ചന്ദ്ര ജനിച്ചത്. പിന്നീട് കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ പിതാവ് ഹരിശ്ചന്ദ്ര കൽക്കത്തയിലേക്ക് താമസം മാറ്റി. പ്രഫുല്ല ചന്ദ്ര ആദ്യം കൽക്കത്തയിലെ മെട്രോ പൊളിറ്റൻ കോളേജിലും തുടർന്ന് പ്രസിദ്ധമായ പ്രസിഡൻസി കോളേജിലുമാണ് ഉന്നതവിദ്യാഭ്യാസം ആരംഭിച്ചത്.
1882-ൽ പ്രഫുല്ല ചന്ദ്ര രസതന്ത്രത്തിൽ ഉന്നതവിദ്യാഭ്യാസം നടത്താനുള്ള ഗിൽക്രിസ്റ്റ് സ്‌കോളർഷിപ്പിന് അർഹതനേടി. ഒട്ടേറെ വിപരീതപരിതസ്ഥിതികളെ നേരിട്ടുകൊണ്ടാണ് അസാമാന്യ ബുദ്ധിസാമർത്ഥ്യമുള്ള അദ്ദേഹം ഈ സ്‌കോളർഷിപ്പ് നേടുന്നതും എഡിൻബറോ സർവകലാശാലയിൽ ശാസ്ത്രപഠനത്തിനായി എത്തിച്ചേരുന്നതും. എഡിൻബറോയിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനും മാർഗദർശിയും പ്രസിദ്ധ രസതന്ത്രജ്ഞനായ എ.സി.ബ്രൗൺ ആയിരുന്നു. 1887-ൽ പ്രഫുല്ല ചന്ദ്ര DSc ബിരുദം കരസ്ഥമാക്കി. പിന്നീട് അദ്ദേഹം പ്രസിദ്ധമായ ഹോപ്പ് പുരസ്‌കാര (Hope Prize)ത്തിന് അർഹനാവുകയും എഡിൻബറോ സർവകലാശാലയിലെ കെമിക്കൽ സൊസൈറ്റിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ഉണ്ടായി. എഡിൻബറോ സർവ്വകലാശാലയിലെ പഠനകാലത്താണ് അദ്ദേഹം രസതന്ത്രവുമായുള്ള തന്റെ ആത്മബന്ധം ഊട്ടിയുറപ്പിച്ചത്.
പ്രഫുല്ല ചന്ദ്ര 1888-ൽ ഇന്ത്യയിൽ മടങ്ങിയെത്തി. അക്കാലത്ത് ഇന്ത്യക്കാർക്ക് സർവകലാശാലകളിൽ ജോലി നേടുക സാധ്യമായിരുന്നില്ല. യൂണിവേഴ്‌സിറ്റിയിലെ ജോലികളെല്ലാം വെള്ളക്കാർക്കായി മാറ്റിവച്ചിരുന്നു. ഒടുവിൽ അദ്ദേഹം പ്രസിഡൻസി കോളേജിൽ അധ്യാപകനായി ചേർന്നു. തുടർന്ന് 27 വർഷക്കാലം ആ ജോലിയിൽ തുടരുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് ഏറെ പ്രിയപ്പെട്ട അധ്യാപകനായിരുന്നു അദ്ദേഹം. ക്ലാസുമുറിയിലെ പരീക്ഷണങ്ങളിലൂടെ അദ്ദേഹം തന്റെ ക്ലാസുകൾക്ക് ജീവൻ പകർന്നു. പിൽക്കാലത്ത് ഏറെ പ്രശസ്തരായിത്തീർന്ന മേഘനാദ് സാഹ, സത്യേന്ദ്രനാഥ് ബോസ് എന്നിവർ അദ്ദേഹത്തിന്റെ പ്രിയശിഷ്യന്മാരായിരുന്നു. കൂടാതെ നീൽ രത്തൻ ഘോഷ്, ജെ. സി. ഘോഷ് എന്നിങ്ങനെയുള്ള പ്രഗത്ഭരും പ്രഫുല്ല ചന്ദ്രയുമായി ഏറെ അടുപ്പം പുലർത്തിയ വിദ്യാർത്ഥികളായിരുന്നു. ഇവരുടെയെല്ലാം കൂട്ടായ പ്രവർത്തനഫലമായാണ് ഇന്ത്യയിലെ ഒന്നാമത്തെ രസതന്ത്രപഠനകേന്ദ്രം (Indian School of Chemistry) സ്ഥാപിതമായത്. ഈ കേന്ദ്രത്തിന്റെ പ്രശസ്തി വളരെ പെട്ടെന്നു നാട്ടിലും വിദേശങ്ങളിലും പരന്നു. പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്ന ജഗദീശ് ചന്ദ്ര ബോസ്, പ്രസിഡൻസി കോളേജിൽ പ്രഫുല്ല ചന്ദ്രയേക്കാൾ മൂന്നുവർഷം സീനിയറായിരുന്നു. ഉറ്റ സുഹൃത്തുക്കളായിമാറിയ ഇവർ ഇരുവരും ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ ശാസ്ത്രത്തിന്റെ പതാകവാഹകരായി മാറി.
1919-ൽ അദ്ദേഹത്തിന് നൈറ്റ് പദവി നൽകപ്പെട്ടു. 1934-ൽ പ്രഫുല്ല ചന്ദ്ര ലണ്ടൻ കെമിക്കൽ സൊസൈറ്റിയിലെ ഹോണററി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഒട്ടേറെ സർവകലാശാലകൾ അദ്ദേഹത്തെ ആദരിച്ചു. 1924-ൽ ഇന്ത്യൻ കെമിക്കൽ സൊസൈറ്റി രൂപീകൃതമായപ്പോൾ അതിന്റെ സ്ഥാപകഅധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത് പ്രഫുല്ല ചന്ദ്രറേ ആണ്.
പി. സി. റേ ജോലി ചെയ്തിരുന്ന അതേ ഇൻസ്റ്റിറ്റ്യൂട്ടിൽ സി.വി. രാമൻ പാലിറ്റ് പ്രൊഫസറായി പ്രവർത്തിച്ചിരുന്നു. നൊബേൽ സമ്മാനം ലഭിക്കുന്നതിന് വളരെക്കാലം മുൻപുതന്നെ റേ, സി. വി. രാമനെക്കുറിച്ച് ഇപ്രകാരം പറയുകയുണ്ടായി : ”ശാസ്ത്രത്തിന്റെ ഈ മഹാക്ഷേത്രം ഈ ഒരു രാമന് മാത്രമേ ജന്മം കൊടുക്കുന്നുള്ളൂ എങ്കിൽപോലും, അതിന്റെ സ്ഥാപകന്റെ മഹത്തായ പ്രതീക്ഷകൾ ന്യായീകരിക്കപ്പെട്ടതായി കണക്കാക്കാം”.
കോളേജ് കെട്ടിടത്തിനുമുകളിലുള്ള ഒരു ഒറ്റമുറിയിലാണ് ജീവിതകാലം മുഴുവൻ അദ്ദേഹം താമസിച്ചത്. ദരിദ്രരായ പല വിദ്യാർത്ഥികളെയും അദ്ദേഹം സന്തോഷപൂർവം തന്നോടൊപ്പം താമസിപ്പിക്കുകയും അവരുടെ ഫീസും മറ്റും നൽകുകയും ചെയ്തുപോന്നു. തൊട്ടുകൂടായ്മയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ മുൻപന്തിയിലുണ്ടായിരുന്നു പ്രഫുല്ല ചന്ദ്ര റേ. അദ്ദേഹം വിധവാ വിവാഹത്തെ വളരെയേറെ പ്രോത്സാഹിപ്പിച്ചിരുന്നു. വെള്ളപ്പൊക്കവും ക്ഷാമവും വന്നപ്പോൾ അദ്ദേഹം സന്നദ്ധപ്രവർത്തനത്തിന് മുന്നിട്ടിറങ്ങി. ജീവിതകാലം മുഴുവൻ അവിവാഹിതനായിക്കഴിഞ്ഞ റേ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിൽ ആനന്ദം കണ്ടെത്തി. സ്‌നേഹസമ്പന്നരായ അദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ തങ്ങളുടെ പ്രിയപ്പെട്ട ഗുരുനാഥന് നൽകിയ പേരാണ് ‘ആചാര്യ’.
1944 ജൂൺ 16 ന് പ്രഫുല്ല ചന്ദ്ര റേ അന്തരിച്ചു. പക്ഷേ തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്ന ദേശീയസ്വാതന്ത്ര്യം നേരിട്ടനുഭവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പക്ഷേ അദ്ദേഹം പരിശീലനം നൽകിയ രസതന്ത്രജ്ഞരുടെ പുത്തൻ തലമുറ, സ്വതന്ത്ര ഇന്ത്യയിൽ അദ്ദേഹം സ്വപ്നം കണ്ടിരുന്ന പ്രവർത്തനങ്ങൾ മുന്നോട്ടു നയിച്ചു. അവർ, തങ്ങൾക്ക് ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത സ്വന്തം ഗുരുനാഥനെ ”ഇന്ത്യൻ രസതന്ത്രത്തിന്റെ പിതാവ്” എന്ന പേരു നൽകി ആദരിച്ചു.
(കടപ്പാട്)

