ശൈവചാപം കുലച്ച് ശ്രീരാമചന്ദ്രൻ
അഹല്യയെ ജീവിതത്തിലേക്ക് തിരികെ പ്രവേശിപ്പിച്ച് ശ്രീരാമൻ വിശ്വാമിത്രനൊപ്പം ജനക മഹാരാജാവ് നടത്തുന്ന ശൈവചാപ പൂജയിൽ പങ്കെടുക്കാൻ മിഥിലയിലേക്ക് പുറപ്പെട്ടു. മഹേശ്വരൻ നൽകിയ ശൈവചാപം എന്ന വില്ല് എടുത്തുയർത്തുന്നവർക്ക് മകൾ സീതയെ വിവാഹം കഴിച്ചു കൊടുക്കുമെന്ന ജനകൻ്റെ വാഗ്ദാനവും വിശ്വാമിത്രൻ രാമനെ ഓർമിപ്പിച്ചു. മല്ലന്മാരെ കൊണ്ടത്തിച്ച ശൈവചാപം എടുത്തുയർത്താൻ ശ്രമിച്ച രാജാക്കന്മാർ പരാജിതരായി മടങ്ങുമ്പോൾ വിശ്വാമിത്രൻ രാമനെ പ്രചോദിപ്പിച്ചു. പലരും തോറ്റു മടങ്ങിയ താടകയോടും രാക്ഷസന്മാരോടും അവരുടെ ശക്തികേന്ദ്രത്തിൽ തന്നെ വധിച്ച ധൈര്യത്തോടെയാണ് രാമൻ ശൈവചാപത്തിനടുത്തെത്തുന്നത്. പ്രണയാർദ്രമായ മുഖത്തോടെ സീതയുടെ കടാക്ഷമേറ്റ രാമനിൽ വീര്യം സ്വാഭാവികമായും ഉയരുകയും ശൈവചാപം കുലയ്ക്കുന്നതിനിടെ വില്ലൊടിയുകയും ചെയ്തു. സീത ശ്രീരാമൻ്റെ കഴുത്തിൽ വരണമാല്യം ചാർത്തി. ജനകൻ വിവരം ദശരഥനെ അറിയിക്കാൻ ദൂതനെ അയച്ചു. കുമാരന്മാർ നാലുപേരുടെയും വിവാഹം ഒന്നിച്ചു നടത്താനുളള തീരുമാനവും ഒപ്പമുണ്ടായി. സീതയ്ക്കൊപ്പം മിഥിലാപുരിയിലെ കുമാരികളായ ഊർമിള, മാണ്ഡവി, ശ്രുതകീർത്തി എന്നിവരും വിവാഹിതരായി. രണ്ടു രാജ്യങ്ങൾ തമ്മിൽ ബന്ധം സുദൃഢമാവാൻ ഈ വിവാഹങ്ങൾക്കായി. അയോധ്യയിലേക്ക് മടങ്ങുന്നതിനിടെ അനിഷ്‌ടം നേരിടാൻ സാധ്യതയുളളതായിവസിഷ്‌ഠൻ ഓർമിപ്പിച്ചു. ഒട്ടേറെപേർ പരാജയപ്പെട്ടിടത്താണ് ഈ നേട്ടം രാമൻ കൈവരിച്ചത്. അതുകൊണ്ടുതന്നെ ശത്രുക്കളുണ്ടാവാൻ വേറെ കാരണമന്വേഷിക്കേണ്ട. വസിഷ്ഠൻ്റെ സൂക്ഷ്‌മ ദൃഷ്‌ടി സത്യമായി. മഹേശ്വരന്റെ ശിഷ്യനും സഹസ്രബാഹുവായ കാർത്തവീര്യാർജുനൻ തൊട്ട് 21 ക്ഷത്രിയ തലമുറയെ ഉന്മൂലനം ചെയ്‌തവനുമായ ഭാർഗവരാമൻ പത്നീസമേതനായി മടങ്ങുന്ന ശ്രീരാമനെ വഴിയിൽ തടഞ്ഞു.

.jpeg)