കാക്കാം, അപരന്റെ അന്തസ്സ്
പ്രൈമറി ക്ലാസ മുറി. അജയ് ക്ലാസിലെ ഹീറോയാണ്. ഒരു ദിവസം അവന് ഒരബദ്ധം പറ്റി. അവൻ്റെ നിക്കർ നനഞ്ഞു. അറിയാതെ മൂത്രമൊഴിച്ചതാണ്. എഴുന്നേറ്റാൽ എല്ലാവരും അറിയും, കളിയാക്കും. അതുകൊണ്ട് അവൻ അവിടെത്തന്നെ ഇരുന്നു. വിഷമവും സങ്കടവുമുണ്ടെങ്കിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല. അപ്പോഴാണ് കൂട്ടുകാരൻ അനു അടുത്തെത്തിയത്. അവൻ കയ്യിൽ തുറന്നിരുന്ന വെള്ളക്കുപ്പി അജയ്യുടെ ദേഹത്തേക്കു തട്ടിയിട്ടു. ദേഹം മുഴുവൻ നനഞ്ഞ അജയ് അവിടെനിന്ന് എഴുന്നേറ്റു. അനുവിന് ടീച്ചറിന്റെ ശകാരവും കിട്ടി. വൈകുന്നേരം സ്‌കൂൾ ബസിൽവച്ച് അജയ് അനുവിനോടു ചോദിച്ചു. നീ ആ കുപ്പിയിലെ വെള്ളം മനഃപൂർവം എന്റെ ദേഹത്ത് ഒഴിച്ചതല്ലേ? അവൻ പറഞ്ഞു. അതേ, എൻ്റെ നിക്കറും പണ്ടു നനഞ്ഞിട്ടുണ്ട് അഭിമാനത്തെക്കാൾ സംരക്ഷിക്കപ്പെടേണ്ടതായി മറ്റൊന്നുമില്ല. കാലങ്ങൾകൊണ്ടു പണിതുയർത്തിയ സ്വാഭിമാനത്തിൻ്റെ ചില്ലു കൂടാരത്തിലാണ് ഓരോ ജീവിതവും അതിന്റെ സൗന്ദര്യവും സുരക്ഷിതത്വവും കണ്ടെത്തുന്നത്. താൻപോലുമറിയാതെ ചില വിള്ളലുകൾ വീഴാം. തകർന്നുവീഴാൻ അനുവദിക്കരുത്. കണ്ടു നിൽക്കുന്നവർ. ഒരു നിമിഷംകൊണ്ടു തകർക്കപ്പെട്ട പലതും ഒരു ജന്മംകൊണ്ടുപോലും പുനർനിർമിക്കാനായെന്നു വരില്ല. സമാന അനുഭവങ്ങൾ ഉണ്ടായവരിൽനിന്നു മാത്രമേ, സഹാനുഭൂതിയും സന്ദർഭാനുസൃത ഇടപെടലും ഉണ്ടാകൂ. അന്യന്റെ സങ്കടങ്ങളിൽ കണ്ണീരൊഴുക്കുന്നവരല്ല. കണ്ണീരൊപ്പുന്നവരാണ് ക്രിയാത്മകമായി ഇടപെടുന്നവർ ആത്മവിശ്വാസം നഷ്ടപ്പെടുന്നവൻ്റെ അടുത്തിരിക്കുന്നതാവും, ഏറ്റവും വലിയ പുണ്യപ്രവൃത്തി സമീപസ്‌ഥന്റെ ആത്മബലം കൊണ്ടുതന്നെ, വീണുപോയവനും പിടിച്ചെഴുന്നേൽക്കും. അയൽക്കാരന്റെ അന്തസ്സു സംരക്ഷിക്കാൻ അൽപമൊന്നു തലകുനിക്കേണ്ടി വരുന്നതാണ് വിലമതിക്കാനാകാത്ത വിട്ടുവീഴ്ച. സ്വന്തം അഭിമാനത്തെ സംരക്ഷിക്കുന്നവർ തൻകാര്യപ്രസക്‌തൻ. അപരൻ്റെ യശസ്സു പിടിച്ചു നിർത്തുന്നവൻ മനുഷ്യസ്നേഹി.
( കടപ്പാട് )


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗