പി. ഗോവിന്ദ മേനോൻ⚖️
സുപ്രീം കോടതി സ്ഥാപിച്ചതിന്റെ 75-ാം വാർഷികാഘോഷങ്ങൾക്കിടെ മലയാളി ഓർത്തിരിക്കേണ്ടൊരു പേരുണ്ട്: പാറക്കുളങ്ങര ഗോവിന്ദ മേനോൻ. നീതിയുടെ പരമോന്നതപീഠമേറിയ ആദ്യ മലയാളിയുടെ അറിയപ്പെടാത്ത ജീവിതം പരിചയപ്പെടാം.
16ന് അദ്ദേഹത്തിന്റെ 68-ാം ചരമവാർഷികം.
അച്ഛന്റെ കൈപിടിച്ച് അവധിക്കു കുറ്റിപ്പുറത്തെ തറവാട്ടിലേക്കു പോകു മ്പോൾ ഗോപാലിന്റെ കുഞ്ഞുമനസ്സ് നിറയെ അതുവരെ കേട്ട കെട്ടുകഥകളായിരുന്നു.
എപ്പോഴോ കോണിപ്പടി കയറി മുകളിലേക്കു ചെന്ന തും ഇരുട്ടിൻ്റെ മറവിൽ വെള്ളിത്തലമുടിയിളക്കി തല യാട്ടി നിൽക്കുന്ന രൂപം കണ്ടു പിന്തിരിഞ്ഞോടി! ആ പേടിക്കു പിന്നാലെ ചുരുളഴിഞ്ഞതു കെട്ടുകഥകളായി രുന്നില്ല, മറിച്ചു നീതിയുടെ ഭൂപടത്തിൽ ലോകസഞ്ചാ രം നടത്തിയ സ്വന്തം മുത്തച്ഛൻ്റെ ജീവചരിത്രമായി രുന്നു.
ഒരാൾ പൊക്കമുള്ള സ്‌റ്റാൻഡിലിരുന്ന വെള്ളിമുടി യുള്ള വിഗ് കാറ്റിലാടിയതാണ് കുട്ടിയായിരുന്ന ഗോപാലിനെ പേടിപ്പെടുത്തിയത്. പണ്ടു ന്യായാധിപന്മാരുടെ അടയാളമായിരുന്ന ആ വിഗ്ഗിന്റെ ഉടമ, സുപ്രീം കോടതിയിൽ ജഡ്‌ജിയായ ആദ്യ മലയാളി കുറ്റിപ്പുറം പാറക്കുളങ്ങര തറവാട്ടിലെ ഗോവിന്ദ മേനോനായിരുന്നു.
ഇന്ത്യയിലെ സുപ്രിം കോടതി രൂപീകരണത്തിന്റെ 75-ാം വർഷത്തിൻ്റെ ആഘോഷങ്ങൾക്കിടെ മലയാളികളും ജസ്റ്റിസ് പി.ഗോവിന്ദ മേനോനെ ഓർമിച്ചില്ല. രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്കു ജഡ്‌ജിയായി ആദ്യമെത്തിയ മലയാളി ന്യായാധിപനെക്കുറിച്ചു ലഭ്യമാകുന്നത് ചുരുക്കം ചില വിവരങ്ങൾ മാത്രം.
വിസ്മൃതിയിലേക്കു മാഞ്ഞുപോയ ജസ്റ്റിസ് ഗോവിന്ദ മേനോന്റെ ജീവിതത്തിലെ അറിയപ്പെടാത്ത കഥകൾ പറഞ്ഞു തരാൻ സുപ്രീം കോടതിയിൽ ഒരു പിന്മുറക്കാരനുണ്ട്; അദ്ദേഹത്തിന്റെ കൊച്ചുമകനും സീനിയർ അഭിഭാഷകനുമായ ഗോപാൽ ശങ്കരനാരായണൻ; അന്നു പേടിച്ചോടിയ കുട്ടി!
ജസ്റ്റിസ് ഗോവിന്ദ മേനോൻ്റെ മകനും കർണാടക മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന അച്ഛൻ എം.ശങ്കരനാരായണൻ പറഞ്ഞറിഞ്ഞതാണ് കഥകളധികവും. പഴയകാല രേഖകളിൽനിന്നു കണ്ടെടുത്ത വിവരങ്ങൾ കൂടി ചേരുമ്പോൾ ആ ജീവിതകഥയിലേക്കു കൂടുതൽ വെളിച്ചം വീഴുന്നു.
കേരളം ജനിക്കും മുൻപ്
പാറക്കുളങ്ങര തറവാട്ടിൽ 1896-ലായിരുന്നു ഗോവിന്ദ മേനോന്റെ ജനനം. അച്ഛൻ വയ്യവുനാത്ത് കിഴക്കേപ്പാട്ടെ കുഞ്ഞുണ്ണി ഭൂവുടമയായിരുന്നു. നാരായണിയായിരുന്നു (അമ്മാളു) അമ്മ. അവരുടെ ആറു മക്കളിൽ മൂത്തയാൾ നാരായണ മേനോൻ തിരഞ്ഞെടുത്ത നിയമവഴി അഞ്ചാമനായ ഗോവിന്ദ മേനോന്റെ ജനനം. കോഴിക്കോട് ഗണപത് ഹൈസ്‌കുളിൽ പ്രാഥമിക വിദ്യാഭ്യാസം. മദ്രാസ് പ്രസിഡൻസി കോളജിൽ നിന്നു ബിരുദം നേടിയിറങ്ങുമ്പോൾ വയസ്സ് 21.
യുദ്ധാനന്തരം, ക്രൗൺ
ലോക യുദ്ധങ്ങളോടു ചേർന്നും ഇഴപിരിഞ്ഞും കിടക്കുന്നതാണ് ഗോവിന്ദ മേനോന്റെ അഭിഭാഷക ജീവിതം. ഒന്നാം ലോകയുദ്ധം ലോകത്തെ ആശങ്കാമുനയിൽ നിർത്തിയ കാലത്തു ബിരുദം നേടിയ അദ്ദേഹം യുദ്ധാനന്തര കാലത്തു മദ്രാസ് ലോ കോളജിൽ നിയമപഠനം പൂർത്തിയാക്കി. പിന്നാലെ മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്തു. അക്കാലത്ത് അതതിടങ്ങളിലെ ഏറ്റവും ഉയർന്ന അപ്പീൽ കോടതികൾ മദ്രാസ്, കൽക്കട്ട, ബോംബെ ഹൈക്കോടതികളായിരുന്നു; അവയ്ക്കു മുകളിൽ ഇന്ത്യയ്ക്കകത്ത് അപ്പിൽ കോടതികളില്ല. ഫലത്തിൽ, പെരുമ കേട്ട മദ്രാസ് ഹൈക്കോടതിയിലെ തുടക്കം നിയമജ്‌ഞനെന്ന നിലയിൽ ഗോവിന്ദ മേനോന്റെ ജീവിതത്തിൽ വഴിത്തിരിവായി. പിന്നീടുള്ള മൂന്നരപ്പതിറ്റാണ്ട് അഭിഭാഷകനായും ഹൈക്കോടതി ജഡ്‌ജിയായും മദ്രാസിൽ നിറഞ്ഞു നിന്നു.
സ്വാതന്ത്ര്യലബ്ധിയിലേക്കു കൂടുതൽ അടുത്തിരുന്ന ആ കാലത്ത് മദ്രാസിലെ ഏറ്റവും തലപ്പൊക്കമുള്ള അഭിഭാഷകനായി ഗോവിന്ദ മേനോൻ മാറി. നിയമജീവിതത്തിൽ വളർച്ചയുടെ പടവുകൾ കയറുന്നതിൽ നിർണായകമായ അധ്യായങ്ങളിലൊന്നു അക്കാലത്താണ് അദ്ദേഹത്തിൻ്റെ ജീവിതത്തിൽ സംഭവിച്ചത്. രണ്ടാം ലോക യുദ്ധത്തിൻ്റെ കാഠിന്യം കൂടി തുടങ്ങിയ 1940-ൽ, ബ്രിട്ടിഷ് സർക്കാർ ഗോവിന്ദ് മേനോനെ മദ്രാസ് ഹൈക്കോടതിയിൽ പ്രോസിക്യൂട്ടറാക്കി.
ക്രിമിനൽ കേസുകളിലും സിവിൽ കേസുകളിലും പ്രകടിപ്പിച്ച അസാമാന്യ പ്രാവീണ്യമായിരുന്നു 44-ാം വയസ്സിൽ ഗോവിന്ദ മേനോനെ 'ക്രൗൺ പ്രോസിക്യൂട്ടറാക്കിയത്'.
ജപ്പാനിലൊരു നിയോഗം
മദ്രാസ് സർക്കാരിൻ്റെ ക്രൗൺ പ്രോസിക്യൂട്ടറായി തിളങ്ങിയ ഗോവിന്ദ മേനോനെ തേടിയെത്തിയ അടുത്ത നിയോഗം ലോക യുദ്ധ ചരിത്രത്തിൻ്റെ ഭാഗമാണ്. രണ്ടാം ലോക യുദ്ധാനന്തരം ജപ്പാനിലെ യുദ്ധത്തടവുകാരായ നേതാക്കളെയും സൈനിക ഉദ്യോഗസ്ഥരെയും വിചാരണ ചെയ്യാൻ ഇൻ്റർനാഷനൽ മിലിറ്ററി ട്രൈബ്യൂണൽ ഫോർ ദ് ഫാർ ഈസ്‌റ്റ് എന്ന സൈനിക ട്രൈബ്യൂണൽ രൂപീകരിച്ചിരുന്നു. ടോക്കിയോ ട്രയൽ എന്ന പേരിൽ വിഖ്യാതമാണിത്. ഇന്ത്യ ഉൾപ്പെടെ 11 രാജ്യങ്ങൾ ജഡ്‌ജിമാരെയും പ്രോസി ക്യൂട്ടർമാരെയും നൽകി. അതിൽ, ചീഫ് പ്രോസിക്യൂട്ടറായി ബ്രിട്ടിഷ് ഇന്ത്യയെ പ്രതിനിധീകരിച്ചത് ഗോവിന്ദ മേനോനായിരുന്നു. 1946 ഏപ്രിൽ-സെപ്റ്റംബറിലായിരുന്നു ടോക്കിയോ ട്രയൽ. ഇതിൽ ജപ്പാനിലെ യുദ്ധകാല നേതാക്കൾ കുറ്റക്കാരല്ലെന്ന ഭിന്നവിധിയെഴുതിയ ഏക ജഡ്‌ജി ഇന്ത്യക്കാരനായ ജസ്റ്റിസ് രാധാ ബിനോദ് പാൽ ആയിരുന്നു.
സമുറായ് വാളെവിടെ ?
ടോക്കിയോ ട്രയലിൽ പങ്കെടുത്ത പ്രോസിക്യൂട്ടർമാർക്ക് അവിടെ നിന്നു മടങ്ങുമ്പോൾ ജപ്പാനിലെ പരമ്പരാഗതമായ സമുറായ് വാൾ സമ്മാനിക്കപ്പെട്ടിരുന്നു. ഇക്കാര്യം ഗോവിന്ദ മേനോൻ്റെ വിയോഗശേഷം ഏറെ വൈകിയാണ് കുടുംബം അറിഞ്ഞത്. ഗോവിന്ദ മേനോനു ലഭിച്ച വാൾ എവിടേക്കുപോയി എന്നത് കുടുംബത്തിന് ഇപ്പോഴും അറിയില്ല. വാളിന്റെ കാര്യം ഗോവിന്ദ മേനോൻ മകൻ ശങ്ക രനാരായണനോടും പറഞ്ഞിരുന്നില്ല. ഒരു ഘട്ടത്തിൽ ജപ്പാനിലെ ഇന്ത്യൻ എംബസിക്കോ മറ്റോ കത്തെഴുതിയാലോ എന്നുപോലും കുടുംബം ആലോചിച്ചു.
മാറ്റം, ജഡ്‌ജിപദത്തിലേക്ക്
ടോക്കിയോ ട്രയൽ കഴിഞ്ഞെത്തിയ ഗോവിന്ദ മേനോനെ മദ്രാസ് ഹൈക്കോടതിയിൽ ജഡ്‌ജിയാക്കുന്ന ചർച്ച വന്നു. 1947 ജൂലൈ 28ന് 50-ാം വയസ്സിൽ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിൽ അഡിഷനൽ ജഡ്‌ജിയായി; മാസങ്ങൾക്കുള്ളിൽ സ്ഥിരം ജഡ്‌ജിയും. അഭിഭാഷകനായി പ്രാഗല്ഭ്യം തെളിയിച്ച ഗോവിന്ദ മേനോനു ന്യായാധിപക്കസേരയും ആദരം നേടികൊടുത്തു. ഹൈക്കോടതിയിലായിരിക്കെ സുപ്രധാനമായ ഒട്ടേറെ വിധിന്യായങ്ങൾ അദ്ദേഹത്തിൽ നിന്നുണ്ടായി.
തിരക്കുള്ള അഭിഭാഷകനിൽ നിന്നു ജഡ്ജി പദവിയിലേക്കു മാറുമ്പോൾ ഗോവിന്ദ മേനോനെ ഏറ്റവും കുഴപ്പിച്ചത് അതുവരെ കൈകാര്യം ചെയ്തുവന്ന കേസുകൾ ആരെ ഏൽപിക്കുമെന്നതായിരുന്നു. സഹോദരനും മംഗളൂരുവിൽ ജില്ലാ ജഡ്ജിയുമായിരുന്ന നാരായണ മേനോനോടാണ് അഭിപ്രായം തേടിയത്. മംഗളൂരു കോടതിയിൽ മിടുക്കു കാട്ടിയ എം.കെ.നമ്പ്യാരെ അദ്ദേഹം നിർദേശിച്ചു.
ഗോവിന്ദ മേനോന്റെ കേസുകൾ ഏറ്റെടുക്കാൻ മദ്രാസിലെത്തിയ നമ്പ്യാരുടെ അഭിഭാഷക ജീവിതം പിൽക്കാലത്ത് വലിയ പടവുകൾ കയറി. നമ്പ്യാരുടെ മകൻ കെ.കെ.വേണുഗോപാൽ സുപ്രീം കോടതിയിലെ ഇപ്പോഴത്തെ ഏറ്റവും മുതിർന്ന അഭിഭാഷകനാണ്. അഭിഭാഷകനായിരിക്കെ ഗോവിന്ദ മേനോനൊപ്പം ജൂനിയറായി നിന്ന രണ്ടുപേർ പിന്നീടു കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി.
സ്വാതന്ത്ര്യാനന്തരം, ഡൽഹി
60 വയസ്സായിരുന്നു അന്ന് ഹൈക്കോടതി ജഡ്‌ജിമാരുടെ വിരമിക്കൽ പ്രായം 9 വർഷത്തോളം മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഗോവിന്ദ മേനോൻ വിരമിക്കലിന്റെ തൊട്ടടുത്ത് എത്തിയിരുന്നു. എന്നാൽ അദ്ദേഹത്തെ സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം നൽകാനായിരുന്നു തീരുമാനം 1956 സെപ്റ്റംബർ ഒന്നിന് ജസ്‌റ്റിസ് ഗോവിന്ദ മേനോൻ സുപ്രീം കോടതിയുടെ 16-ാം ജഡ്‌ജിയായി സത്യപ്രതിജ്‌ഞ ചെയ്തു.
സുപ്രീം കോടതി ജഡ്‌ജി പദത്തിൽ ജസ്‌റ്റിസ് ഗോവിന മേനോനു ആകെ ലഭിച്ചത് ഒരു വർഷവും ഒന്നര മാസവും മാത്രം. അതി നിടയിൽ 16 വിധിന്യായങ്ങൾ പുറപ്പെടുവിച്ചു. ചുമതലയേറ്റ് ഒന്ന രമാസത്തിനുള്ളിൽ സുപ്രീം കോടതിയിലെ തൻ്റെ ആദ്യ വിധിന്യായമെഴുതി. മദ്രാസ് ഹൈക്കോടതി ശരിവച്ച വധശിക്ഷയ്ക്കെതിരെ കൊലക്കേസ് പ്രതി സുബ്രഹ്‌മണ്യൻ ഗൗണ്ട് നൽകിയ അപ്പീൽക്കേസിലായിരുന്നു ജസ്‌റ്റിസ് ഗോവിന്ദ മേനോൻ അവ സാന വിധിയെഴുതിയത്. സ്വമേധയാ നൽകിയതല്ല കുറ്റസമ്മത മൊഴിയെന്നതായിരുന്നു ഗൗണ്ടയുടെ വാദം എന്നാൽ, മൊഴിയും കേസിന്റെ സാഹചര്യങ്ങളും പരിശോധിച്ച ജസ്റ്റിസ് മേനോൻ, ഗൗണ്ടയുടെ വധശിക്ഷ ശരിവച്ചു. 1957 സെപ്റ്റംബർ 17 നായിരുന്നു ഇത്. വൈകാതെ രോഗഗ്രസ്‌തനായ ജസ്‌റ്റിസ് ഗോവിന്ദ മേനോൻ പദവിയിൽ നാലു വർഷം ബാക്കി നിൽക്കെ, ഒക്ടോ ബർ 16നു വിടപറഞ്ഞു.
മകൻ്റെ നേട്ടം കണ്ടു. കണ്ടില്ല
ഗോവിന്ദ മേനോൻ സുപ്രീം കോടതി ജഡ്ജിയായിരിക്കെയാണ് മകൻ ശങ്കരനാരായണൻ സിവിൽ സർവീസസ് പരീക്ഷയിൽ ഉന്നത ജയം നേടി ഐഎഫ്എസിലെത്തിയത്, മകൻ്റെ പരിശീലന കാലം പൂർത്തിയായ ഉടനെയായിരുന്നു ജസ്റ്റിസ് ഗോവിന്ദ മേനോന്റെ വിയോഗം. അസുഖബാധിതയായി പള്ളിപ്പുറത്തെ വീട്ടിൽ തന്നെയായിരുന്ന അമ്മ കല്യാണിയുടെ വിളിപ്പുറത്തുണ്ടാകാൻ ശങ്കരനാരായണൻ ഐഎഫ്എസിൽ നിന്ന് ഐഎഎസി ലേക്ക് മാറി. മദ്രാസ് ചോദിച്ചെങ്കിലും കിട്ടിയത് കർണാടക കേഡർ, അവിടെ ചീഫ് സെക്രട്ടറിയായി വിരമിച്ചു. 2018-ലായിരുന്നു വിയോഗം.
പനമ്പള്ളിയല്ല, പാറക്കുളങ്ങര
ടോക്കിയോ വിചാരണയുടെ മുഴുവൻ രേഖകളും ഉൾക്കൊള്ളിച്ചു വെർജീനിയ സർവകലാശാല സജ്‌ജമാക്കിയ ഡിജിറ്റൽ ശേഖരത്തിൽ ഗോവിന്ദ മേനോൻ്റെ പങ്ക് വ്യക്തമാകും. 'പി. ഗോവിന്ദ മേനോൻ' എന്ന പേര് പ്രോസിക്യൂട്ടർമാരെ കുറിച്ചുള്ള ചെറുകുറിപ്പിൽ അവർ പനമ്പള്ളി ഗോവിന്ദ മേനോൻ എന്നു തെറ്റായാണ് പരാമർശിച്ചിരുന്നത്. ചെറുമകൻ ഗോപാൽ ശങ്കരനാരായണൻ ഇതു സർവകലാശാലയുടെ ശ്രദ്ധയിൽപെടുത്തി തിരുത്തിച്ചു.
പേരിലെ ആശയക്കുഴപ്പം മുതിർന്ന അഭിഭാഷകർക്കു പോലും സംഭവിക്കാറുണ്ടെന്നതു ഗോപാലിൻ്റെ നേരിട്ടുള്ള അനുഭവം. നിയമനിർമാണ സഭകളിൽ നിന്നുള്ള ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിനുള്ള സമയപരിധി വിഷയത്തിലെ രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കവേ ഭരണഘടന ബെഞ്ചിൽ കേരളത്തിനു വേണ്ടി കെ.കെ.വേണുഗോപാൽ ഹാജരായിരുന്നു. വേണുഗോപാൽ, പ്രമുഖ അഭിഭാഷകനായ എം.കെ.നമ്പ്യാരുടെ മകനാണെന്നും അദ്ദേഹം മദ്രാസ് ഹൈക്കോടതിയിലേക്ക് പ്രാക്ടിസ് മാറ്റിയതിനു ജഡ്ജിയായിരുന്ന 'പനമ്പള്ളി ഗോവിന്ദ മേനോനായിരുന്നു' കാരണമെന്നും മുതിർന്ന അഭിഭാഷകരിൽ ഒരാൾ തന്റെ ജുനിയറിനോടു പറഞ്ഞു! ഇതു കേട്ടിരുന്ന ഗോപാൽ, പാറക്കുളങ്ങര ഗോവിന്ദ മേനോനാണ് ആ ജഡ്‌ജിയെന്നു തിരുത്തി. ഓ, ദാറ്റ്സ് ഇന്ററസ്റ്റിങ് എന്ന മറുപടിയിൽ സംഭാഷണം അവസാനിച്ചു.
ആ ഗോവിന്ദ മേനോൻ തൻ്റെ മുത്തച്‌ഛനാണെന്ന കാര്യം ഗോപാൽ പറയാതിരുന്നത് മനഃപൂർവമാണ്. ആ പെരുമ ആദരപൂർവം മാത്രം ഉപയോഗിക്കേണ്ടതാണെന്ന ബോധ്യം എപ്പോഴുമുള്ളതിനാൽ.
(കടപ്പാട്: മലയാള മനോരമ 12.10.2025)
⚖️⚖️⚖️⚖️⚖️

