അക്ഷരക്കൂട്ടം: (9) പ്രബോധനവും പ്രസക്‌തിയും 👐
അക്ഷരക്കൂട്ടം ഓൺലൈൻ

(9) പ്രബോധനവും പ്രസക്‌തിയും 👐

പ്രബോധനവും പ്രസക്‌തിയും




ആത്മീയ പ്രഭാഷകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു പ്രശസ്ത ഗുരു പ്രഭാഷണത്തിനിടയ്ക്ക് അദ്ദേഹം അവരോടു ചോദിച്ചു എന്തുകൊണ്ടാണ് പല പ്രബോധനങ്ങളും വിരസമായി മാറുന്നത്? ആർക്കും ഉത്തരമില്ലായിരുന്നു. എന്തു പറഞ്ഞാലും അത് സ്വയം കുറ്റപ്പെടുത്തുന്നതിനു തുല്യമാകുമെന്ന് അവർക്കറിയാമായിരുന്നു. അവസാനം ഗുരുതന്നെ ഉത്തരം നൽകി - 'ആരും ചോദിക്കാത്ത ചോദ്യങ്ങൾക്കാണ് നിങ്ങൾ ഉത്തരം നൽകാൻ ശ്രമിക്കുന്നത് ചോദ്യമുള്ളിടത്താണ് ഉത്തരത്തിനു പ്രസക്‌തി ചോദിക്കുമ്പോൾ മാത്രമാണ് ഉത്തരം നൽകേണ്ടതും അന്വേഷിക്കുന്നവനു മുന്നിൽ വിതറുന്നതിനെല്ലാം പ്രാധാന്യവും പോഷണവുമുണ്ടാകും. അത് അറിവായാലും ധനമായാലും ഒന്നും ആവശ്യമില്ലാത്തവനെ എന്തു നൽകി തൃപ്‌തിപ്പെടുത്താനാണ്? പ്രഭാഷണങ്ങൾക്കും പ്രബോധനങ്ങൾക്കും ശേഷം ഒരു ചോദ്യം പോലും ഉയർന്നില്ലെങ്കിൽ അവിടെ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്.


                ഒന്നുകിൽ ഒരു ചോദ്യം പോലും ചോദിക്കാനാകാത്തവിധം നിർജീവമാണ് ആ സമൂഹം. അല്ലെങ്കിൽ ചോദ്യം ചോദിക്കാൻ പ്രേരിപ്പിക്കുംവിധം അവരിലേക്ക് ഒന്നും വിനിമയ ചെയ്യപ്പെട്ടിട്ടില്ല. ഓരോ പ്രബോധനത്തോടുമുള്ള ക്രിയാത്മക പ്രതികരണമാണ് അവിടെനിന്നുയരുന്ന ചോദ്യങ്ങൾ അനുദിന ചിന്തകളെയോ പ്രവൃത്തികളെയോ സ്വാധീനിക്കാത്ത ഒന്നിനെക്കുറിച്ച് എത്ര ഗഹനമായി പ്രസംഗിച്ചാലും ആരെന്തു ചോദിക്കാൻ!


          ഇന്നിന്റെ പ്രശ്നങ്ങളെ സംബോധന ചെയ്യാതെ, നാളെയുടെ സൗഭാഗ്യത്തെക്കുറിച്ചു വീമ്പടിച്ചിട്ട് എന്തു കാര്യം? വിയർപ്പും വിശപ്പും പ്രതിസന്ധിയാകുന്നവരോട് മൂല്യച്യുതിയെക്കുറിച്ചല്ല സംസാരിക്കേണ്ടത് അവനു വേണ്ടത് അധ്വാനത്തിനുള്ള പ്രചോദനവും വിശപ്പിനുള്ള പരിഹാരവുമാണ് ചിന്തിക്കാനും ചോദിക്കാനും പ്രേരിപ്പിക്കുന്ന അനുശാസനങ്ങൾ മാത്രമേ, പ്രസംഗത്തെ പ്രവൃത്തിയിലേക്കു നയിക്കൂ, അല്ലാത്തതെല്ലാം പത്തായത്തിലിരുന്ന് പഴകി നശിക്കും.


(കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗