അക്ഷരക്കൂട്ടം: (12) ആത്മാവ് നഷ്ടമായാൽ... 🎐
അക്ഷരക്കൂട്ടം ഓൺലൈൻ

(12) ആത്മാവ് നഷ്ടമായാൽ... 🎐

ആത്മാവ് നഷ്ടമായാൽ...


വിവിധ രാജ്യങ്ങൾ കീഴടക്കിയശേഷം അലക്സാണ്ടർ ചക്രവർത്തി തൻ്റെ നാട്ടിലേക്കു പോകാൻ തീരുമാനിച്ചു. ആ രാജ്യത്തുനിന്നു ജ്ഞാനിയായ ഒരാളെയും കൊണ്ടുപോകണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പ്രസിദ്ധനായ ഗുരുവിൻ്റെ അടുത്തെത്തി അദ്ദേഹം പറഞ്ഞു: ഞാൻ താങ്കളെ എൻ്റെ രാജ്യത്തേക്കു കൊണ്ടുപോകുകയാണ്. വേഗം തയാറാകൂ.

 

ഗുരു പറഞ്ഞു: ഞാൻ എങ്ങോട്ടും വരില്ല; അങ്ങേക്കു പോകാം. ആവശ്യം നിരസിക്കപ്പെട്ടപ്പോൾ കോപത്തോടെ അലക്സാണ്ടർ ആജ്‌ഞാപിച്ചു:

 

എൻ്റെ കൽപനകളെ ആരും നിഷേധിച്ചിട്ടില്ല; വേഗം വരൂ.

 

ഗുരു പറഞ്ഞു: എവിടെ പോകണമെന്നും പോകരുതെന്നും തീരുമാനിക്കുന്നതു ഞാനാണ്.

 

ചക്രവർത്തി തന്റെ വാളൂരി ഗുരുവിൻ്റെ കഴുത്തിൽവച്ചിട്ടു പറഞ്ഞു: താങ്കൾ വന്നില്ലെങ്കിൽ ഞാൻ കൊല്ലും.

 

ഗുരു പറഞ്ഞു: നിങ്ങൾ മഹാനായ അലക്സാണ്ടറൊന്നുമല്ല; വെറും അടിമയാണ്.

 

നിങ്ങൾ ആദ്യം നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ പഠിക്ക്; എന്നിട്ട് രാജ്യങ്ങൾ വെട്ടിപ്പിടിക്കൂ.
            ലോകം മുഴുവൻ നേടുന്നതി നെക്കാൾ ബുദ്ധിമുട്ടാണ് സ്വന്തം ആത്മാവിനെ നേടാൻ. കൊടുമുടികൾ കീഴടക്കിയിട്ടുള്ളവരും വിജയകിരീടങ്ങൾ ചൂടിയിട്ടുള്ളവ തകർന്നുവീഴുന്നത് സ്വന്തം ബലഹീനതകളിൽ തട്ടിയാണ്. അവനവനെ നിയന്ത്രിക്കാനറിയുന്നവർ മാത്രമാണ് ആജീവനാന്തം തങ്ങളുടെ ഔന്നത്യവും വൈശിഷ്ട‌്യവും നിലനിർത്തുന്നത്. അല്ലാത്തവരെല്ലാം ഏതെങ്കിലും പ്രലോഭനങ്ങളിലകപ്പെട്ട് അവമതിപ്പിന്റെ പടുകുഴിയിൽ വീണിട്ടേയുള്ളൂ.
        ഉടഞ്ഞുവീണ വിഗ്രഹങ്ങളെല്ലാം ഒരേ സമയം ബാഹ്യമോടിയും ആന്തരിക ദൗർബല്യവും വെളിവാക്കും.

 

ആത്മനിയന്ത്രണമുണ്ടോ എന്നറിയാൻ ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ മതി. തെറ്റാണെന്നുറപ്പുള്ള ഏതെങ്കിലും കാര്യം ചെയ്യേണ്ടതായി വന്നിട്ടുണ്ടോ, സന്തോഷവും സമാധാനവും കളയുന്ന സാഹചര്യങ്ങൾ ഏതൊക്കെയാണ്, എളുപ്പത്തിൽ പ്രകോപിതനാകാറുണ്ടോ, ഉണ്ടെങ്കിൽ ഏതുഘട്ടത്തിൽ, സ്വന്തം തീരുമാനപ്രകാരം കാര്യങ്ങൾ നടക്കാതെ വന്നാൽ എങ്ങനെയാണ് പ്രതിരോധിക്കുന്നത്, ഒരേ തെറ്റിൽ പലതവണ വീണിട്ടുണ്ടോ. അപ്രതീക്ഷിതവും അനിയന്ത്രിതവുമായ അവസരങ്ങളിലെ പ്രതികരണം പരിശോധിച്ചാലറിയാം ഓരോരുത്തരുടെയും ആത്മസംയമനത്തിന്റെ നിലവാരം.

 

(കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗