അക്ഷരക്കൂട്ടം: (40) മികവിൻ്റെ പിന്നിലെ പ്രയത്നം 🦜
അക്ഷരക്കൂട്ടം ഓൺലൈൻ

(40) മികവിൻ്റെ പിന്നിലെ പ്രയത്നം 🦜

 മികവിൻ്റെ പിന്നിലെ പ്രയത്നം


രാജാവ് രാജ്യത്തെ ഏറ്റവും മികച്ച ചിത്രകാരനെ വിളിച്ചു പറഞ്ഞു.


അത്യപൂർവമായി മാത്രം കാണുന്ന ഒരു പക്ഷിയുടെ ചിത്രം എനിക്കു വരച്ചു തരണം.


 മാസങ്ങൾ കഴിഞ്ഞിട്ടും ചിത്രം പൂർത്തിയായില്ല ചോദിക്കുമ്പോൾ വരച്ചുകൊണ്ടിരിക്കുകയാണ് എന്ന സ്‌ഥിരം മറുപടി.


 കുറച്ചു നാളുകൾകൂടി കാത്തിരുന്ന ശേഷം രാജാവും പരിവാരങ്ങളും ചിത്രകാരന്റെ മുറിയിലെത്തി അപ്പോഴും വര തുടങ്ങിയിട്ടില്ല.


 രാജാവിനോടു കാത്തുനിൽക്കാൻ ആവശ്യപ്പെട്ട അയാൾ നിമിഷങ്ങൾക്കുള്ളിൽ തന്റെ ചിത്രം പൂർത്തിയാക്കി നൽകി.


 ചിത്രം ഏറ്റുവാങ്ങി രാജാവ് ചോദിച്ചു ഇത്രവേഗം വരയ്ക്കാൻ കഴിയുമെങ്കിൽ പിന്നെന്തുകൊണ്ട് ഇത്രയും നാൾ.


 അയാൾ രാജാവിനെ മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി അവിടെ മുഴുവൻ ആ പക്ഷിയുടെ വിവിധ ശൈലികളിലും ഭാവങ്ങളിലുമുള്ള ചിത്രങ്ങളായിരുന്നു.


ഗൃഹപാഠങ്ങളുടെ തികവാണ് അരങ്ങേറ്റത്തിലെ മികവ്.


 അഞ്ചു മിനിറ്റുകൊണ്ട് അവസാനിക്കുന്ന പല അത്ഭുതപ്രകടനങ്ങളുടെയും പിന്നാമ്പുറത്ത് ആയുസ്സിൻ്റെ പരിശ്രമം ഉണ്ടാകും.


 പ്രകടനസമയത്തെ ചാരുതയ്ക്കു പ്രയത്നസമയത്തെ വിയർപ്പുതുള്ളികളോടു കടപ്പാടുണ്ട്. 


നിരീക്ഷണം, സമർപ്പണം, സ്വാംശീകരണം എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണു ഓരോ മികവുൽപാദകരും കടന്നുപോകുന്നത്.


 കണ്ട കാഴ്ചകളും കേട്ട കഥകളുമാണു തനിമയുടെ അടിസ്‌ഥാന അസംസ്കൃത വസ്‌തുക്കൾ.


 നിരീക്ഷണത്തിനുശേഷം നടത്തുന്ന തിരഞ്ഞെടുപ്പാണ് അസാധാരണ പ്രകടനങ്ങളുടെ ആദ്യപടി.


 തീരുമാനങ്ങളോടുള്ള പ്രതിബദ്ധതയാണ് അടുത്ത ഘട്ടം.


 സ്വായത്തമാക്കേണ്ടതിനെ മനസ്സുകൊണ്ടും ശരീരംകൊണ്ടും സ്വാംശീകരിക്കുന്നതാണ് അടുത്തപടി.


എത്രവേഗം ചെയ്തു തീർത്തു എന്നതിനെക്കാൾ പ്രധാനം എത്ര വൈശിഷ്ട്യത്തോടെ പൂർത്തീകരിച്ചു എന്നതാണ്.


 ഓരോരുത്തർക്കും അവരുടേതായ സമയഘടനയും പ്രവർത്തന ശൈലിയുമുണ്ട്.


അത് അംഗീകരിക്കാൻ തയാറായാൽ അവർ അത്ഭുതങ്ങൾ സൃഷ്ടിക്കും.


🎀🎀🎀🎀🎀🎀🎀🎀🎀🎀🎀

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗