അക്ഷരക്കൂട്ടം: തിരക്കിനിടയിൽ തിരഞ്ഞെടുത്ത കവിതകൾ 🎵
അക്ഷരക്കൂട്ടം ഓൺലൈൻ
തിരക്കിനിടയിൽ തിരഞ്ഞെടുത്ത കവിതകൾ 🎵 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
തിരക്കിനിടയിൽ തിരഞ്ഞെടുത്ത കവിതകൾ 🎵 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

21 ഓഗസ്റ്റ് 2025

കോഴി - കടമ്മനിട്ട രാമകൃഷ്ണൻ 🐔


കുട്ടികൾ മുതിർന്നവരായാൽ പോലും തങ്ങളുടെ വരുതിയിൽ നിൽക്കണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ കുറവല്ല. അവർ അവരുടെ പാടു നോക്കി പോയാലേ അവരുടെ ജീവിതം പുഷ്ടിപ്പെടൂ എന്നറിയാത്തത് കൊണ്ടൊന്നുമല്ല.


പുത്ര/പുത്രീ സ്നേഹത്താൽ അന്ധമായി പോകുന്ന മനസ്സാണ്, അല്ലെങ്കിൽ

"എന്റെ കുട്ടികൾ ഞാൻ പറഞ്ഞാൽ കേൾക്കുന്നവർ ആണ്/ആയിരിക്കണം"

എന്ന താൻപോരിമയെ തൃപ്തിപ്പെടുത്തുവാൻ വേണ്ടിയൊക്കെയാണ് പല മാതാപിതാക്കളും അങ്ങനെയൊക്കെ ആഗ്രഹിച്ചു പോകുന്നത്.


നിന്റെ ജീവിതം നിൻ കാര്യം മാത്രമാണെന്ന് കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന തള്ള കോഴിയുടെ കഥ പറയുന്ന പ്രിയ കവി കടമ്മനിട്ട "കോഴി" എന്ന എക്കാലത്തും ഏറെ പ്രസക്തമായ കവിത.


കോഴി 

- കടമ്മനിട്ട രാമകൃഷ്ണൻ


''കുഞ്ഞേ തുള്ളാന്‍ സമയമില്ലിപ്പോള്‍

കാഞ്ഞവെയിലത്ത് കാലു പൊള്ളുമ്പോള്‍

എന്നുമെന്‍റെ ചിറകിന്‍റെ കീഴില്‍

നിന്നു നിന്‍റെ വയറു നിറയ്ക്കാം

എന്ന് തോന്നുന്ന തോന്നലു വേണ്ട.


നിന്‍റെ ജീവിതം നിന്‍ കാര്യം മാത്രം

നേരമായി നിനക്കു ജീവിക്കാന്‍

നേരമിന്നു തിരക്കു കൂട്ടുന്നു


അന്നു ഞാനും ഉടപ്പിറന്നോളും

ഒന്നു പോലെ കഴിഞ്ഞ കുഞ്ഞുങ്ങള്‍

അമ്മ ഞങ്ങളെ നെഞ്ചത്തടുക്കി

ഉമ്മ വെച്ചു വളര്‍ത്തിയെന്നാലും

കൊത്തി മാറ്റിയൊരിക്കല്‍ അതിൽ പിന്നെ

എത്ര രാവിന്‍റെ തൂവല്‍ കൊഴിഞ്ഞു


നേരമായി നിനക്കു ജീവിക്കാന്‍

നേരമിന്നു തിരക്കു കൂട്ടുന്നു

കാവിലെ കിളിപ്പാട്ടുകള്‍ കേട്ടും

പൂവുകള്‍ കണ്ടും പറന്നു ചെല്ലല്ലേ

കാട്ടില്‍ ഉണ്ടു പതുങ്ങിയിരിക്കും

കാടനുണ്ടു കടിച്ചു പറിയ്ക്കും


കണ്ണു വേണം ഇരുപുറം എപ്പോഴും

കണ്ണു വേണം മുകളിലും താഴെയും

കണ്ണിനുള്ളില്‍ കത്തി ജ്വലിക്കും

ഉള്‍ക്കണ്ണ് വേണം,അണയാത്ത കണ്ണ്"


⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️