അക്ഷരക്കൂട്ടം: ലോകത്ത് ഏറ്റവുമധികം ഉമ്മ വയ്ക്കപ്പെട്ട ചുണ്ടുകൾ 😘
അക്ഷരക്കൂട്ടം ഓൺലൈൻ
ലോകത്ത് ഏറ്റവുമധികം ഉമ്മ വയ്ക്കപ്പെട്ട ചുണ്ടുകൾ 😘 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ലോകത്ത് ഏറ്റവുമധികം ഉമ്മ വയ്ക്കപ്പെട്ട ചുണ്ടുകൾ 😘 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

29 സെപ്റ്റംബർ 2025

ലോകത്ത് ഏറ്റവുമധികം ഉമ്മ വയ്ക്കപ്പെട്ട ചുണ്ടുകൾ 😘

ലോകത്ത് ഏറ്റവുമധികം ഉമ്മ വയ്ക്കപ്പെട്ട ചുണ്ടുകൾ 😘

ലോകത്ത് ഏറ്റവുമധികം ഉമ്മ വയ്ക്കപ്പെട്ട ചുണ്ടുകൾ ആരുടേതാണ് എന്നറിയാമോ? ഇല്ലല്ലേ. അവളുടെ പേര് ആനി. ഇത് അവളുടെ കഥയാണ്.


കഥ തുടങ്ങുന്നത് 1880-കളുടെ അവസാനത്തിൽ, പാരിസിലെ സെയ്‌ൻ നദിയുടെ തീരത്താണ്. ഒരു ദിവസം, നദിയിലൂടെ ഒരു യുവതിയുടെ ശരീരം ഒഴുകി വരുന്നത് ആളുകൾ കണ്ടു. കുറച്ചുപേർ ചേർന്ന് ആ ശരീരം കരയിലേക്ക് വലിച്ച് കയറ്റി. അവളുടെ മുഖം അതിമനോഹരമായിരുന്നു. അത് ശാന്തവും, സൗമ്യവും ആയിരുന്നു. ഒപ്പം എന്തോ നിഗൂഢത മായാതെ തങ്ങി നിന്നിരുന്നു. ആ മുഖം അവരെ വല്ലാതെ ആകർഷിച്ചു. 


ഇവളെങ്ങനെ മരിച്ചു? എന്തിന് മരിച്ചു? അല്ലെങ്കിൽ ഇവൾ ആരാണ്? ഏത് ദേശക്കാരി? ഒന്നും ആർക്കുമറിയില്ല. അവളെ അവർ “L’Inconnue de la Seine” (സെയ്‌നിന്റെ അജ്ഞാത സുന്ദരി) എന്ന് വിളിച്ചു.


മരിച്ചു എങ്കിലും ആ മുഖത്തിന്റെ സൗന്ദര്യം അവിടുത്തെ പാത്തോളജിസ്റ്റിനെ വരെ വിസ്മയിപ്പിച്ചു. അയാൾ ആ മുഖത്തിന്റെ ഒരു പ്ലാസ്റ്റർ മോൾഡ് (മാസ്ക്) ഉണ്ടാക്കി സൂക്ഷിച്ചു. ആ മോൾഡ് പിന്നീട് യൂറോപ്പിലെ കലാകാരന്മാരുടെ പ്രിയപ്പെട്ട മോഡലായി മാറി. ആ മുഖം കലാസൃഷ്ടികളിൽ, ചിത്രങ്ങളിൽ, കവിതകളിൽ എല്ലാം പ്രത്യക്ഷപ്പെട്ടു.


കാലം അങ്ങനെ ആ അജ്ഞാത സുന്ദരിക്കു ചുറ്റും കറങ്ങുന്നതിനിടയിൽ യൂറോപ്പിൽ രണ്ടു ലോകമഹായുദ്ധങ്ങൾ വരെ നടന്നു. ഇപ്പോൾ കാലം 1950 ആണ്. നോർവേയിൽ ഒരു ഡോക്ടർ, ഡോ. പീറ്റർ സഫാർ, CPR (Cardiopulmonary Resuscitation) എന്ന ജീവൻ രക്ഷിക്കുന്ന ടെക്നിക്ക് വികസിപ്പിക്കുകയാണ്. CPR-ന്റെ പ്രാധാന്യം ലോകത്തെ പഠിപ്പിക്കണം, പക്ഷേ എങ്ങനെ?


‘അല്ല ഡോക്ടറേ, ഇതിനൊക്കെ ഒരു മോഡൽ ഉണ്ടെങ്കിൽ നല്ലതല്ലേ, ആളുകൾക്ക് പ്രാക്ടീസ് ചെയ്യാൻ!’ ശിഷ്യൻ ചോദിച്ചു.


ഡോ. സഫാർ നോർവേയിലെ ലേർഡാൽ എന്ന കമ്പനിയിലേക്ക് (അവർ ഒറിജിനലി കുട്ടികളുടെ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്നവർ ആണ്) ചെന്നു. അദ്ദേഹം പറഞ്ഞു,


‘എനിക്ക്  ഒരു ഡോൾ വേണം, CPR പരിശീലനത്തിന്, ഒപ്പം ആളുകളെ ആകർഷിക്കാനും.’


‘എന്തിന് ഒരു സാധാരണ ഡോൾ? നമുക്ക് ഒരു ഐക്കോണിക് മുഖം തന്നെ വേണം!’


കമ്പനിക്കാരനും പറഞ്ഞു. അവർ പറഞ്ഞ ആ ഐക്കോണിക് മുഖം സെയ്‌നിലെ ആ അജ്ഞാത യുവതിയുടേതായിരുന്നു. ഏഴ് പതിറ്റാണ്ടുകൾക്ക് മുമ്പ് അജ്ഞാത കാരണങ്ങളാൽ മരിച്ച അജ്ഞാത സുന്ദരിയുടെ മുഖവുമായി ഒരു സുന്ദരിപ്പാവ പിറന്നു. അതിനവർ ആനി എന്ന് പേരിട്ടു. വെറും ആനിയല്ല, Resusci Anne. എന്നുവച്ചാൽ Rususcitation-ന് (പുനരുജ്ജീവനം) സഹായിക്കുന്ന ആനി.


ആനിയുടെ മനോഹരമായ മുഖവും അതിലെ സ്ഥായിയായ ശാന്ത ഭാവവും പിന്നെ ലോകം കീഴടക്കി. ഹോസ്പിറ്റലുകളിലും, സ്കൂളുകളിലും, CPR ക്ലാസുകളിലും ആനി സൂപ്പർസ്റ്റാർ ആയി. ഒരു കണക്കനുസരിച്ച്, ലോകമെമ്പാടും 500 മില്യൺ ആളുകൾ ആനിയെ മുത്തം ഇട്ടിട്ടുണ്ട്, CPR പരിശീലനത്തിന്റെ ഭാഗമായി. ലോകത്ത് ഏറ്റവുമധികം ഉമ്മ വയ്ക്കപ്പെട്ട ചുണ്ടുകൾ ആണത്. ജീവൻ്റെ ചുംബനം.



Resusci Anne ഇന്നും CPR പരിശീലനത്തിന്റെ മുഖമാണ്. ലേർഡാൽ കമ്പനി പിന്നീട് കൂടുതൽ ആധുനികമായ ഡോളുകൾ ഉണ്ടാക്കി. ചിലതിന് ഡിജിറ്റൽ സെൻസറുകൾ, ലൈറ്റുകൾ, ശബ്ദം പോലും നൽകി. ‘നിങ്ങളുടെ കൈ അമർത്തൽ ശരിയല്ല മിസ്റ്റർ, ഒന്നുകൂടെ ശ്രമിക്ക്!’ എന്ന് ആനി നമ്മളോട് പറയുന്ന കാലം വന്നു. സംസാരിക്കുന്ന ആനി.


ഇന്ന് ലോക ഹൃദയദിനമാണ് (29 സെപ്റ്റംബർ). നാടിൻ്റെ ഓരോ മുക്കിലും മൂലയിലും എന്തിന് നിയമസഭയ്ക്ക് അകത്തു വരെ തകൃതിയായി CPR പരിശീലനം നടന്നു ഇന്ന്. അങ്ങനെയുള്ള ഒരു ദിവസം ആനിയെന്ന ഈ അജ്ഞാത സുന്ദരിയെ അല്ലാതെ മറ്റാരെ ഓർക്കാനാണ്.


(മനോജ് വെള്ളനാട്)


😘😘😘😘😘😘😘😘😘