അക്ഷരക്കൂട്ടം: ആരോഗ്യം ⚕️
അക്ഷരക്കൂട്ടം ഓൺലൈൻ
ആരോഗ്യം ⚕️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആരോഗ്യം ⚕️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

11 മേയ് 2025

വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജ്

 വെല്ലൂർ ക്രിസ്റ്റ്യൻ  മെഡിക്കൽ കോളേജ്


സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ വരവിനു മുമ്പ് നാട്ടിലുള്ള സാധാരണ ആശുപത്രികൾ കൈയ്യൊഴിയുന്ന കേസുകളുടെ അവസാന ആശ്രയമായിരുന്നു വെല്ലൂർ മെഡിക്കൽ കോളേജ്. അവിടെ എത്തിയാൽ  രോഗികൾ രക്ഷപ്പെടുമെന്ന ഒരു വിശ്വാസവും ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
"വെല്ലൂർക്ക് കൊണ്ടുപോയിട്ടും രക്ഷയുണ്ടായില്ല"
എന്നു പറഞ്ഞു കേട്ടാൽ ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്തു...  എന്ന ധ്വനി അതിൽ അടങ്ങിയിരുന്നു. ഈ മെഡിക്കൽ കോളേജ് എങ്ങനെ ഉണ്ടായി എന്നറിയുന്നത് നന്നായിരിക്കും.


ജീവിതത്തിലുണ്ടാകുന്ന ചില അനുഭവങ്ങൾ നമ്മുടെ ജീവിത ദൗത്യം എന്താണെന്നു ബോധ്യപ്പെടുത്തിത്തരും. ചില സന്ദർഭങ്ങളിൽ നാം അനുഭവിക്കുന്ന നിസ്സഹായാവസ്ഥ പിന്നീട് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള പ്രചോദനമാകാറുണ്ട്. തങ്ങളുടെ പോരായ്മകളെയും ദൗർബല്യങ്ങളെയും കരുത്താക്കി മാറ്റിക്കൊണ്ടു വിജയിച്ച നിരവധി പ്രതിഭകൾ ചരിത്രത്തിൽ ഇടം നേടിയിട്ടുണ്ട്.


1894 ലെ ഒരു രാത്രിയിൽ താൻ അനുഭവിച്ച നിസ്സഹായാവസ്ഥയാണ് ഇഡാ  സോഫിയ സ്കഡർ (Ida Sophia Scudder) എന്ന അമേരിക്കക്കാരിയെ ശ്രേഷ്ഠമായൊരു ദൗത്യത്തിനായി ഇറങ്ങിപ്പുറപ്പെടാൻ പ്രേരിപ്പിച്ചത്.



അമേരിക്കൻ മിഷനറി പ്രവർത്തകനും ഡോക്ടറുമായ ജോൺ സ്കഡറുടെ പുത്രി ഇഡാ സ്കഡർ 1870 ൽ തമിഴ്നാട്ടിലെ ദിണ്ടിവനം എന്ന ഗ്രാമത്തിലാണ് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനായി അമേരിക്കയിലേക്കു പോയെങ്കിലും പിതാവിനെ സഹായിക്കാനായി ഇരുപതാമത്തെ വയസിൽ ഇന്ത്യയിൽ തിരിച്ചെത്തി. പൊതുവെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമുള്ള ഒരു സമൂഹത്തിലാണ് അവർ പ്രവർത്തിച്ചിരുന്നത്. വൈദ്യശാസ്ത്രത്തിന്റെ സേവനങ്ങൾ എത്താതിരുന്ന ഗ്രാമീണ മേഖലകളിൽ അക്കാലത്ത് സ്ത്രീകളുടെ ശരാശരി ആയുസ് 24 വയസ് മാത്രമായിരുന്നു.


സ്ത്രീകൾക്ക് ചികിൽസ ലഭിക്കാതിരുന്നതിന്റെ പ്രധാന കാരണം പുരുഷന്മാർ സ്ത്രീകളെ ചികിൽസിക്കാൻ പാടില്ല എന്ന അനാചാരം അക്കാലത്ത് നിലനിന്നതിനാലാണ്. വൈദ്യശാസ്ത്രപഠനം നടത്തിയ സ്ത്രീകളാരും തന്നെ അക്കാലത്ത് ഉണ്ടായിരുന്നുമില്ല. പ്രസവത്തോടെ സ്ത്രീകൾ മരണപ്പെടുന്ന ഭീതികരമായ അവസ്ഥയായിരുന്നു ഇന്ത്യയിലെ ഗ്രാമങ്ങളിൽ.


1894 ലെ ഒരു രാത്രി രാത്രിനേരത്ത് ഇഡയും പിതാവും താമസിക്കുന്ന ദിണ്ടിവനത്തെ ഭവനത്തിലേക്ക് ഒരാൾ കടന്നുചെന്നു. കലശലായ പ്രസവവേദന അനുഭവിക്കുന്ന അയാളുടെ ഭാര്യയെ സഹായിക്കാനായി ഇഡയെ കൂട്ടിക്കൊണ്ടു പോകാനായിരുന്നു ആ മനുഷ്യൻ എത്തിയത്. ജോൺ സ്കഡർ സഹായിക്കാമെന്നു പറഞ്ഞെങ്കിലും അയാൾ അതു നിരാകരിച്ചു.

വൈദ്യപഠനം നടത്താത്ത ഇഡ തന്റെ നിസ്സഹായത അറിയിച്ചു. അന്നു രാത്രിയിൽത്തന്നെ വേറെ രണ്ടു പുരുഷന്മാരും ഇതേ ആവശ്യവുമായി എത്തി. എന്നാൽ ചികിൽസാ പരിചയമില്ലാത്ത ഇഡയ്ക്ക് അവരെ സഹായിക്കാൻ കഴിഞ്ഞില്ല. പിറ്റേന്നാണ് അറിയുന്നത് തലേ ദിവസം രാത്രിയിൽ എത്തിയ മൂന്നു പേരുടെയും ഭാര്യമാർ മരണപ്പെട്ടു എന്ന്. ഇഡയ്ക്ക് വലിയ നിരാശയും കുറ്റബോധവും തോന്നി. വൈദ്യശാസ്ത്രം പഠിക്കാൻ അവർ തീരുമാനിച്ചുറച്ചു.


അമേരിക്കയിലേക്ക് തിരിച്ചുപോയ അവർ കോർണൽ മെഡിക്കൽ കോളജിൽനിന്നും മെഡിക്കൽ ബിരുദമെടുത്തു. അക്കാലത്ത് മെഡിക്കൽ ബിരുദമെടുക്കുന്ന വളരെ ചുരുക്കം വനിതകളിൽ ഒരാളായിരുന്നു ഇഡാ സ്കഡർ.


1900–ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഇഡ തമിഴ്നാട്ടിലെ വെല്ലൂർ എന്ന ഗ്രാമത്തിൽ ഒരു ക്ലിനിക് ആരംഭിച്ചു.



തൻ്റെ മരിച്ച ഭാര്യയുടെ ഓർമ്മക്കായി എന്തെങ്കിലും ചെയ്യാനായി  ഒരാൾ നൽകിയ പതിനായിരം രൂപയായിരുന്നു മൂലധനം. ഈ തുകകൊണ്ട് ഒരു ബഡ് മാത്രമുള്ള  സ്ത്രീകൾക്കു മാത്രമായുള്ള ക്ലിനിക്ക് ആയിട്ടായിരുന്നു തുടക്കം.


1902 ആയപ്പോൾ 40 കിടക്കകളുള്ള ആശുപത്രിയായി വളർന്നു. ഗ്രാമപ്രദേശത്തെ പെൺകുട്ടികളെ നഴ്സിങ് പരിശീലിപ്പിച്ചു.


1918 ൽ പെൺകുട്ടികൾക്കു മാത്രമായി ഒരു മെഡിക്കൽ പഠന കേന്ദ്രം തുറന്നു.


ഇഡാ സ്കഡറുടെ സേവന പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടറി‍ഞ്ഞ മഹാത്മാ ഗാന്ധി 1928 ൽ വെല്ലൂരിലെത്തി ആശുപത്രി സന്ദർശിച്ചു.



1945 വരെയും സ്ത്രീകൾക്കു മാത്രമായായിരുന്നു ആശുപത്രി പ്രവർത്തിച്ചിരുന്നത്.


1952 ൽ ലോകത്തെ ഏറ്റവും മികച്ച വനിതാ ഡോക്ടർക്കുള്ള പുരസ്കാരമായ

‘എലിസബത്ത് ബ്ലാക്ക്‌വെൽ’

അവാർഡ് ഇഡാ സ്കഡറെ തേടിയെത്തി.


1960 ൽ ഇഡാ സ്കഡർ മരണപ്പെട്ടു.



ഇഡാ സ്കഡറുടെ മഹത്തായ ദൗത്യം ഇന്നു വളർന്നു പന്തലിച്ച് ഏഷ്യയിലെതന്നെ ഏറ്റവും ബൃഹത്തായ ആതുരാലയമായ സിഎംസി വെല്ലൂരായി പരിണമിച്ചു.


ഇന്ന് വെല്ലൂർ മെഡിക്കൽ കോളജിൽ 3000 ത്തോളം ബെഡ്ഡുകളും 1656 ഡോക്ടർമാരും , 2646 നഴ്സുമാരും,  അടക്കം 9066 പേരാണ് തൊഴിലെടുക്കുന്നത്.



പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകൾ ചികിൽസയ്ക്കായി എത്തുന്നു. മെഡിക്കൽ സംബന്ധമായ 175 കോഴ്സുകൾ ഇവിടെ നടക്കുന്നു. ഇഡാ സ്കഡർ എന്ന മഹതിയുടെ ശ്രേഷ്ഠമായ ദൗത്യത്തിന് പ്രേരണയായത് ഒരു രാത്രിയിൽ താൻ അനുഭവിച്ച നിസ്സാഹായാവസ്ഥയാണ്.



ഇച്ഛാശക്തിയുള്ളവർക്ക് ഏതൊരു പോരായ്മയെയും പരിഹരിച്ചു മുന്നേറാൻ കഴിയുമെന്നതിന് ഉത്തമ ഉദാഹരണമാണ് ഇഡാ സ്കഡറുടെ ജീവിതം.


കടപ്പാട്

05 മാർച്ച് 2024

തൈര്

  


                   പാല് ഇഷ്ടമില്ലാത്തവർ കുറവായിരിക്കണം. പാലില്‍ നിന്ന് പിരിച്ചുണ്ടാക്കുന്ന തൈരും ഭൂരിഭാഗം ആളുകള്‍ക്കും ഇഷ്ടമാണ്.രുചിയിലും തൈര് ഒട്ടും പിന്നിലല്ല. നിറയെ പോഷകങ്ങളും ധാതുക്കളും ഇതിലടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ആവശ്യമായ ആരോഗ്യ ഫലം ഇതില്‍ നിന്ന് ലഭ്യമാണ്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരു പോലെ നല്ലതായ തൈര് വേനല്‍ കാലത്തെ ഭക്ഷണ പട്ടികയില്‍ പ്രധാനിയുമാണ്. ഉന്മേഷവും ഊർജവും പകരാനും കഴിവുണ്ട്. കാരണം, ട്രീപ്റ്റോപൻ എന്ന അമിനോ ആസിഡ് തൈരില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.


         എളുപ്പത്തില്‍ ദഹിക്കുന്ന ആഹാര പദാർത്ഥം കൂടിയാണ് തൈര്. ഒരു കപ്പില്‍ തന്നെ ധാരാളം വിറ്റാമിൻ ഡി-യും കാല്‍സ്യവും അടങ്ങിയിരിക്കുന്നു. ചർമ സംരക്ഷണത്തിലും തൈരിന് നല്ലൊരു പങ്കുണ്ട്. ഫേസ്‌പാക്കിലും മറ്റും തൈര് ഉപയോഗിക്കാറുണ്ട്. രക്ത സമ്മർദം കുറയ്ക്കാനും ഫലപ്രദമാണ്. ഇതില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ളതാണ് കാരണം. രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും തൈര് നല്ലതാണ്. ദഹന പ്രശ്നങ്ങള്‍ക്കും ഗുണം ചെയ്യും.


          കുടലിന്റെ ആരോഗ്യത്തിനും തൈര് മികച്ചതാണ്. ഇതില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളായ പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി5, ബി12, സിങ്ക്, അയോഡിൻ, റിബോഫ്ലാവിൻ ഇവയെല്ലാം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഘടകങ്ങളാണ്. വിറ്റാമിൻ ബി12 അരുണ രക്താണുക്കളുടെ സംരക്ഷണത്തിന് അനിവാര്യമാണിത്. നാഡികളൂടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

ശരീരത്തില്‍ ജലാംശം നിലനിർത്താൻ തൈര് കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. തൈരില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ശരീരഭാരം നിയന്ത്രിതമാക്കാനും സഹായിക്കുന്നു. കൂടാതെ കൊഴുപ്പ് കുറയ്ക്കാനും ഗുണകരമാണ്. ഇതിലെ കാല്‍സ്യം എല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. എല്ലുകളുടെ ബലത്തിനും ശക്തിക്കും തൈര് കഴിക്കുന്നത് ഏറെ ഗുണകരമാണ്.

03 ജൂൺ 2023

പുളിവെണ്ട 🌊

പുളിവെണ്ട


മത്തിപ്പുളി, മീൻപുളി, മറാഠിപ്പുളി എന്നീ പേരുകളിലും അറിയപ്പെടുന്ന ഒരു  പുളിയാണ് പുളിവെണ്ട (Hibiscus sabdariffa).

ഇതിന്റെ മാംസളവും പുളിരസമുളളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യമായ ഭാഗം. 

ഇത് അച്ചാറിടാനും കറികളിൽ പുളിരസത്തിനായും ഉപയോഗിക്കാറുണ്ട്. 

ജെല്ലി ഉണ്ടാക്കാനും ഇതുപയോഗിക്കാറുണ്ട്. 

പുളിവെണ്ടയുടെ ഇളം തണ്ടും ഇലകളും ഉപ്പും പച്ചമുളകും ചേർത്തരച്ച് ചട്ണിയുണ്ടാക്കാനുയോഗിക്കാറുണ്ട്.

ഘടന


അരമീറ്റർ മുതൽ മൂന്നു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു കുറ്റിച്ചെടിയാണ് പുളിവെണ്ടയുടേത്.

 പുഷ്പകോശത്തിൽ

3.74 ശതമാനം സിട്രിക് ആസിഡ്, 

1.46 ശതമാനം മാംസ്യം, 

5.86 ശതമാനം അന്നജം, 

1.58 ശതമാനംനാര്, 

0.8 ശതമാനം ചാരം, 

0.1 ശതമാനം കാത്സ്യം, 

0.24 ശതമാനം സുക്രോസ് 

എന്നിവ അടങ്ങിയിട്ടുണ്ട്.


കൃഷി


വിത്ത് പാകിയാണ് തൈകൾ മുളപ്പിച്ചെടുക്കുന്നത്. 


ചാണകമാണ് ഇതിന് ഉത്തമവളം. 


നന്നായി നനച്ചുകൊടുത്താൽ നല്ല വിളവ് നൽകാറുണ്ടു്. 


അറുപത് സെന്റീമീറ്റർ അകലത്തിൽ ചാലുകളെടുത്ത് മുപ്പത് സെന്റീ മീറ്റർ അകലങ്ങളിലായാണ് വിത്ത് പാകുന്നത്. 


വേരുപിടിപ്പിച്ച കമ്പുകൾ നട്ടും പുളിവെണ്ട പിടിപ്പിക്കാറുണ്ട്. 


ചെടിച്ചട്ടിയിലും പുളിവെണ്ട നട്ടു വളർത്താറുണ്ട്. 


ചെടി പൂത്ത് ഇരുപത് ദിവസത്തിനുളളിൽ വിളവുപാകമാകും. 


ചുവപ്പു നിറമായ പുഷ്പകോശങ്ങൾ പറിച്ചെടുത്താണ് ഉപയോഗിക്കുന്നത്. 


നവംബർ മുതൽ ജനുവരി വരെയാണ് വിളവെടുക്കുന്നത്. 


ഒരു ചെടിയിൽ നിന്നും ഏതാണ്ട് ഒരു കിലോഗ്രാം വരെ പുഷ്പകോശങ്ങൾ ലഭിക്കാറുണ്ട്.

〰️〰️〰️〰️〰️〰️〰️〰️

08 ഡിസംബർ 2021

കപ്പ ☘️

 കപ്പ

കപ്പ  ധാരാളം കൃഷി ചെയ്യുകയും കപ്പ തന്നെ ഒരു നേരത്തെ ആഹാരം ആയി ഭക്ഷിച്ചു  വളർന്ന കുടുംബത്തിലെ അംഗവുമായ നമ്മൾ ഇപ്പോഴും കപ്പ കൃഷി ചെയ്യുന്നു.

                 ഇപ്പോൾ കേരളത്തിന്റെ പ്രധാന വിളകളിലൊന്നായി മാറി തെക്കൻ കേരളത്തിൽ കപ്പ എന്നും വടക്കൻ കേരളത്തിൽ കൊള്ളി എന്നും മധ്യകേരളത്തിൽ പൂള എന്നും അറിയപ്പെടുന്നു.മറ്റു ചിലയിടങ്ങളിൽ മരച്ചീനി എന്നും അറിയപ്പെടുന്നു. ജന്മസ്ഥലം ബ്രസീൽ ആണെങ്കിലും പോർച്ചുഗീസുകാർ 17 ആം നൂറ്റാണ്ടിൽ കപ്പ ഇന്ത്യയിൽ എത്തിച്ചു എന്ന് പറയപ്പെടുന്നു.അക്കാലത്തു കപ്പ കൃഷി ചെയ്യാനും ഭക്ഷിക്കാനും  ആളുകൾ മടിച്ചപ്പോൾ കൊട്ടാരം വളപ്പിൽ കൃഷി ചെയ്തു ഭക്ഷ്യയോഗ്യമാണെന്ന് ആളുകൾക്ക് തിരിച്ചറിവ് നൽകി ഈ വിളയെ ജനകീയമാക്കിയത്  വിശാഖം  തിരുന്നാൾ മഹാരാജാവാണ്. 

        ഇംഗ്ലീഷിൽ casava എന്നും പൊടി tapiyoca എന്നും പറയുന്നു. കപ്പ യുടെ ശാസ്ത്രീയ നാമം മാനി ഹോട്ട് എസ്കുലന്റ (manihot esculanta )എന്നാണ്‌. കപ്പയുടെ വേരാണ് കിഴങ്ങായി മാറുന്നത്. ദേശീയ ഉല്പാദനത്തിന്റെ 54% കേരളത്തിന്റെ സംഭാവനയാണ്. 


നടീൽ രീതി

            വലിയ കപ്പ തണ്ടിൽ നിന്നും  4 കമ്പു വീതം  കിട്ടത്തക്ക വിധം  മുറിച്ചു അടിഭാഗം ചാരത്തിൽ മുക്കി നടീൽ ഭാഗത്തെ രണ്ടു കമ്പുകൾ ക്കിടയിൽ രണ്ടോ മൂന്നോ സ്ഥലത്തു  വരഞ്ഞ ശേഷം രണ്ട് കമ്പു മണ്ണിൽ താഴുന്ന വിധം നേരത്തെ തയ്യാറാക്കിയ ചെറിയ  മൺകൂനകളിൽ അല്പം ചെരിച്ചു നടുക.(ഈ നടീലിനു മുകളിലൂടെ കാക്ക പാറിയാൽ നട്ട കമ്പു മറിയണം എന്നാണ്‌ 

പഴമക്കാർ പറയാറ്, സാരം:അത്രയും പതുക്കെ കമ്പു വക്കുക എന്നായിരിക്കാം )


പരിചരണം

     കുറച്ചു വളർന്നാൽ രണ്ടു കമ്പു മാത്രം വളരാൻ അനുവദിച്ചു ബാക്കി ഓടിച്ചു കളയുക.അതിനു ശേഷം പാഴ് ചെടികൾ പറിച്ചു ഒതുക്കി 

നല്ല വളർച്ചക്ക് ഉണങ്ങിയ ചാണകപൊടിയോ കോഴി വളമോ ചാരമോ ഇട്ടു മണ്ണ് അടുപ്പിച്ചു കൊടുക്കാവുന്നതാണ്. എലി ശല്യം കുറക്കാൻ തോട്ടത്തിൽ അങ്ങിങ്ങാ യി മഞ്ഞൾ നടാവുന്നതാണ്. പച്ച ചാണകം ഉപയോഗിച്ചാൽ കയ്പ് വരുന്നതായി കാണാം. 


വിളവെടുപ്പ്


           കമ്പിലെ ഇലകൾ മുക്കാൽ ഭാഗവും കൊഴിഞ്ഞു തുടങ്ങിയാൽ പറിക്കാം. അല്ലെങ്കിൽ കമ്പിലെ കായ്കൾ മൂത്തു തുടങ്ങിയാൽ പറിക്കാം. 

   

             ദിവാൻ, മുത്തശ്ശി, സ്വർണ,രക്ഷ തുടങ്ങി നിരവധി ഇനങ്ങൾ  നമ്മുടെ നാട്ടിൽ മണ്ണിനനുസരിച്ചു കർഷകർ കൃഷി ചെയ്യുന്നുണ്ട്.

🌵🌵🌵

20 ഒക്‌ടോബർ 2021

മധുരം 🍯

മധുരം

ഇത് വായിച്ചു കഴിയുമ്പോൾ ഒരു ബേക്കറിയുടെ ബോർഡ് കാണുമ്പോൾ ഇനി ഒരു മധുരസ്വപ്നത്തിന്റെ ലോകം നിങ്ങൾക്ക് മുന്നിൽ തെളിയില്ല. പകരം, ഒരു നിമിഷം നിങ്ങൾക്കത് 'ശവപ്പെട്ടി കട' എന്ന് തോന്നിയേക്കാം. 

ഹൽവയും ലഡ്ഡുവും, ഈ പരമ്പരാഗത 'വിഷക്കുപ്പികളിൽ' നിറയെ ലിറ്റർ കണക്കിന് പഞ്ചസാരപ്പാനിയാണ്! നെയ്യുടെ രൂപത്തിൽ വരുന്ന കൊഴുപ്പും നിങ്ങളുടെ ഹൃദയധമനികളിൽ 'അടയാളപ്പെടുത്തലുകൾ' വരുത്തും. ഓരോ ലഡ്ഡുവും നിങ്ങളുടെ ശരീരത്തിൽ ഒരു 'മരണമണി' മുഴക്കുന്ന പഞ്ചസാര ബോംബാണെന്ന് ഓർക്കുക.ഒരു ചെറിയ ലഡ്ഡു കഴിക്കുന്നത് ഒരു വലിയ സ്പൂൺ നിറയെ പഞ്ചസാര നേരെ വായിലിടുന്നതിന് തുല്യമാണ്.


"ഓഹ്, ഒരു ബിസ്ക്കറ്റ് അല്ലേ, എന്ത് ദോഷം?" എന്ന് പറഞ്ഞ് ഒരെണ്ണം എടുത്താൽ, ആ പാക്കറ്റ് കാലിയാകുന്നത് നിങ്ങൾ അറിയാറില്ല. ഈ 'മെല്ലെക്കൊല്ലി' ബിസ്ക്കറ്റുകളിലും കുക്കീസുകളിലും അമിതമായ മൈദയും പഞ്ചസാരയും അനാരോഗ്യകരമായ എണ്ണകളും ഒളിഞ്ഞിരിപ്പുണ്ട്. ഇവ പതിവാക്കിയാൽ നിങ്ങളുടെ ദഹനവ്യവസ്ഥ 'പണിമുടക്കുകയും' മെല്ലെമെല്ലെ അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യും.


ജിലേബിയുടെ വൃത്തത്തിലുള്ള ഭംഗി, ഗുലാബ് ജാമുനിന്റെ മൃദുത്വം, ബർഫിയുടെയും പേഡയുടെയും ആകർഷണീയത... രുചിയുടെ പേരിൽ ഇവർ നമ്മളെ 'മരണക്കെണിയിൽ' വീഴ്ത്തും.ഇവരും പഞ്ചസാരയിൽ കുളിച്ചവരും കൊഴുപ്പ് നിറഞ്ഞവരുമാണ്. ഇവരെ പതിവായി കഴിക്കുന്നത് അമിതവണ്ണത്തിലേക്കും പിന്നീട് മാരക രോഗങ്ങളിലേക്കും നിങ്ങളെ നയിക്കും.


ബേക്കറിയിലെ മധുര ബണ്ണുകൾ, ജാം ബണ്ണുകൾ... ഇവരെയൊക്കെ കണ്ടാൽ സാധാരണ ബ്രെഡിന്റെ കൂട്ടത്തിൽ നിഷ്കളങ്കരായി തോന്നാം.എന്നാൽ ഇവരുടെ ഉള്ളിൽ സാധാരണ ബ്രെഡിനെക്കാൾ കൂടുതൽ മൈദയും പഞ്ചസാരയും ഒളിച്ചിരിപ്പുണ്ട്. 'ഹെൽത്തി' എന്ന് തോന്നിപ്പിക്കുന്ന ഈ മധുര ബ്രെഡുകൾ സത്യത്തിൽ നിങ്ങളുടെ ഷുഗർ ലെവലിനും വണ്ണത്തിനും അത്ര നല്ല കൂട്ടുകാരല്ല!


മുകളിൽ പറഞ്ഞ മിക്ക 'മധുര ശവപ്പെട്ടികളുടെയും' പ്രധാന നിർമ്മാണവസ്തുവാണ് മൈദ. ഗോതമ്പിന്റെ ജീവൻ കളഞ്ഞ്, വെറും ചാരം മാത്രം ബാക്കിയാക്കുന്ന ഒരു രാസപ്രക്രിയയിലൂടെയാണ് മൈദ ഉണ്ടാക്കുന്നത്.


മൈദയിൽ നാരുകളോ വിറ്റാമിനുകളോ ധാതുക്കളോ ഇല്ല.മൈദ വേഗത്തിൽ ദഹിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് റോക്കറ്റ് പോലെ ഉയർത്തും.

നാരുകളില്ലാത്ത മൈദ നിങ്ങളുടെ ദഹനവ്യവസ്ഥയെ തടസ്സപ്പെടുത്തി, മലബന്ധം, ഗ്യാസ് പോലുള്ള 'ദുരിതയാത്രകളിലേക്ക്' തള്ളിവിടും.


നാവിന് രുചി നൽകാൻ ഇവർക്ക് കഴിയും, പക്ഷേ നിങ്ങളുടെ ജീവിതത്തെ പതിയെ ഇല്ലാതാക്കാനും ഇവർക്ക് കഴിയും.

ഈ 'മധുര വില്ലന്മാരെ' കണ്ടാൽ ഒന്നോർക്കുക: "നാവിന് രുചി തരും, പക്ഷേ നാളേക്ക് ദോഷമാകും!" കഴിയുന്നത്രയും ഇവരെ ഒഴിവാക്കുകയോ, അല്ലെങ്കിൽ വളരെ 'അപൂർവമായി മാത്രം' ആസ്വദിക്കുകയോ ചെയ്യുക.

ഇവർക്ക് പകരം പ്രകൃതിദത്തമായ മധുരങ്ങളായ പഴങ്ങൾ, മുളപ്പിച്ച പയർവർഗ്ഗങ്ങൾ, നട്‌സ്, ഹോൾ ഗ്രെയ്ൻ പലഹാരങ്ങൾ (ഗോതമ്പ്, റാഗി, ഓട്സ്, തിനകൾ) എന്നിവ തിരഞ്ഞെടുക്കാൻ ശ്രമിക്കുക. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്!

🍬🍬🍬🍬