അക്ഷരക്കൂട്ടം: പരീക്ഷണങ്ങൾ🧪
അക്ഷരക്കൂട്ടം ഓൺലൈൻ
പരീക്ഷണങ്ങൾ🧪 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പരീക്ഷണങ്ങൾ🧪 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

27 സെപ്റ്റംബർ 2025

ബോളിനെ ഉയർത്തമോ⚽ ?

 ബോളിനെ ഉയർത്തമോ ?

(വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്)

ലക്ഷ്യം -


കൈ തൊടാതെ വെള്ളത്തിന് നടുവിലായി വച്ചിരിക്കുന്ന പാത്രത്തിനകത്തുള്ള ബോൾ ഉയർത്താൻ സാധിക്കുമോ എന്ന് കണ്ടെത്തുന്നതിന്.


സാമഗ്രികൾ -


പരന്ന പാത്രം/ഡിഷ് ഒന്ന്, കുഴൽ രൂപത്തിലുള്ള സുതാര്യമായ പാത്രം (ജഗ്ഗ് രൂപത്തിൽ) ഒന്ന്, ചെറിയ ബോൾ ഒന്ന്, മേസൺ ട്യൂബ് 30 cm, ജലം (നിറം ഉള്ളത്)


ഊഹങ്ങൾ -


1. പാത്രത്തിനകത്തേക്ക് മേസൺ ട്യൂബ് കടത്തിവച്ച് വലിക്കുമ്പോൾ ജലം ട്യൂബിലൂടെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

2. പാത്രം ജലത്തിൽ മുങ്ങിയിരിക്കുന്നതിനാൽ വായു ട്യൂബിലൂടെ വലിച്ചെടുക്കാൻ സാധ്യമല്ല.

3. ട്യൂബിലൂടെ വായു പുറത്തേക്ക് വലിക്കുമ്പോൾ ജലവും ബോളും മുകളിലേക്ക് ഉയരും.


പ്രവർത്തനരീതി -


പരന്ന പാത്രത്തിൽ മുക്കാൽ ഭാഗം കളർ ജലം നിറയ്ക്കുന്നു. തുടർന്ന് ചെറിയ ബോൾ നടുവിൽ വരത്തക്കവിധം കുഴൽ രൂപത്തിലുള്ള സുതാര്യമായ കുപ്പി കമിഴ്ത്തി വയ്ക്കുന്നു. ശേഷം മേസൺ ട്യൂബ് കമിഴ്ത്തിവച്ച കുപ്പിയിലേക്ക് കടത്തുന്നു. ട്യൂബിൻ്റെ അഗ്രം കുപ്പിയുടെ മുകൾ ഭാഗം വരെ ഉയർത്തിയ ശേഷം, ട്യൂബിൻ്റെ പുറത്തുള്ള അഗ്രത്തിലൂടെ വായു വലിച്ചെടുക്കുന്നു. 


നിരീക്ഷണം -


പാത്രത്തിനകത്തുള്ള വായു ട്യൂബിലൂടെ പുറത്തേക്ക് വലിക്കുമ്പോൾ കളർ ജലം കുപ്പിക്കകത്ത് ഉയരുകയും അതോടൊപ്പം ബോൾ മേലോട്ട് ഉയർന്ന് വരുന്നു. ട്യൂബിൻ്റെ പുറത്തുള്ള അഗ്രം സാവധാനം തുറന്ന് വിടുമ്പോൾ ജലവും ഉയർന്ന ബോളും താഴേക്ക് വരുന്നതായും കാണാം.


നിഗമനം -


പരീക്ഷണത്തിലൂടെ മൂന്നാമത് രൂപീകരിച്ച ഊഹത്തിലേക്ക് എത്തിച്ചേർന്നു. കുപ്പിക്ക് അകത്തുള്ള വായു പുറത്തേക്ക് പോകുമ്പോൾ ഒഴിഞ്ഞ ഇടം സാവധാനം ജലം നിറയുന്നു. ജലത്തിന് മുകളിലുള്ള ബോൾ മേലോട്ട് ഉയരുന്നു. വായുവിനും ജലത്തിനും സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ് എന്ന തത്വത്തെ സാധൂകരിക്കുന്നു.


🔴🟢🔵🟡🔵🟢🔴

ഭാരം തൂക്കും ബലൂൺ 🎈

 ഭാരം തൂക്കും ബലൂൺ 🎈

(വായുവിന് സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്)

ലക്ഷ്യം -


വായു നിറച്ച ബലൂൺ ഉപയോഗിച്ച് ഭാരമുള്ള ചില്ലുകുപ്പി ഉയർത്താൻ സാധിക്കുമോ എന്ന് കണ്ടെത്തുന്നതിന്.


സാമഗ്രികൾ - 


കുഴൽ രൂപത്തിലുള്ള സുതാര്യമായ ചില്ലു പാത്രം ഒന്ന്, ബലൂൺ ഒന്ന്, തീപ്പെട്ടി, കടലാസ് കഷ്ണം.


ഊഹം - 


1. വായു നിറച്ച, നേർത്ത പാട പോലുള്ള ബലൂണിന് ഭാരമുള്ള ചില്ലുകുപ്പി ഉയർത്താൻ സാധിക്കില്ല.

2. ചില്ലുകുപ്പിക്ക് ഉൾവശം ശൂന്യമായതിനാൽ ചില്ലുകുപ്പി ഉറപ്പിച്ച് നിർത്താൻ പശയുടെ സഹായം ആവശ്യമാണ്.


പ്രവർത്തനരീതി - 


കുഴൽ രൂപത്തിലുള്ള ചില്ലുപാത്രത്തിലേക്ക് കടലാസ് കഷ്ണം സൂക്ഷ്മതയോടെ തീ കൊളുത്തി അകത്തേക്ക് വയ്ക്കുന്നു. കടലാസ് ശക്തിയായി കത്തിതുടങ്ങുമ്പോൾ വായു നിറച്ച ബലൂൺ ചില്ലു പാത്രത്തിന് മുകളിൽ അമർത്തി പിടിക്കുന്നു.


നിരീക്ഷണം - 


തീ കൊളുത്തിയ കടലാസ് കഷ്ണം ചില്ലു പാത്രത്തിലേക്ക് നിക്ഷേപിക്കുമ്പോൾ തീ അല്പം സാവധാനത്തിലാണ് കത്തുന്നത്. കൂടുതൽ ജ്വലിച്ചു തുടങ്ങുമ്പോൾ ബലൂൺ ചില്ലു പാത്രത്തിന് മുകളിൽ അമർത്തുന്നതിനാൽ തീ അണയുന്നു. അതോടൊപ്പം ബലൂൺ അല്പം താഴേക്ക് ചില്ലുകുപ്പിയിലേക്ക് അമർന്നിറങ്ങുകയും, കുപ്പിയും വായു നിറച്ച ബലൂണും വേർപെടുത്താൻ ആവാത്തവിധം ബലപ്പെട്ടിരിക്കുന്നതായും കാണാം.


നിഗമനം - 


പരീക്ഷണത്തിലൂടെ രൂപീകരിച്ച രണ്ട് ഊഹങ്ങളും ശരിയല്ലെന്ന് കണ്ടെത്തി. വായു നിറച്ച ബലൂണിന് ജ്വലിക്കുന്ന കടലാസ് കഷ്ണത്തിൻ്റെ സഹായത്താൽ ഭാരമേറിയ ചില്ലുപാത്രം ഉയർത്താനായി. ചില്ലുകുപ്പിയിലെ ചൂടുള്ള വായു ജ്വലനം നഷ്ടപ്പെടുമ്പോൾ തണുക്കുകയും, ചുരുങ്ങുകയും ചെയ്യുന്നതിനാലാണ് പുറത്തെ വായു അകത്തേക്ക് വലിക്കാൻ ശ്രമിക്കുന്നതോടൊപ്പം വായു നിറച്ച ബലൂൺ ചില്ലുപാത്രത്തോട് ഒട്ടിച്ചേരുന്നത്.


🎈🎈🎈🎈🎈🎈🎈🎈

14 ഒക്‌ടോബർ 2024

വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ ? പരീക്ഷണം 2

 ലക്ഷ്യം

വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ എന്ന് കണ്ടെത്തുന്നതിന്.

സാമഗ്രികൾ

സുതാര്യമായ പ്ലാസ്റ്റിക് കണ്ടെയ്നർ, 4cm സ്‌ട്രോ രണ്ടെണ്ണം, ബലൂൺ, m സീൽ, 20cm മേസൺ പൈപ്പ് രണ്ടെണ്ണം, ഗ്ലാസ്, ജലം.

ഊഹം

1. പ്ലാസ്റ്റിക് കണ്ടെയ്നറിന് അകത്ത് വായു നിറക്കുമ്പോൾ ബലൂൺ വീർക്കുന്നു.

2. ഗ്ലാസിലെ ജലം വായു പുറത്തേക്ക് വലിക്കാതെ പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് പ്രവേശിക്കുകയില്ല.

പ്രവർത്തന രീതി

പ്ലാസ്റ്റിക് കണ്ടെയ്നറിൻ്റെ അടപ്പിൽ  1cm അകലത്തിൽ രണ്ട് ദ്വാരങ്ങൾ ഇടുക. സ്ട്രോ ദ്വാരങ്ങളിലേക്ക് 2cm കടത്തി വച്ച് m സീൽ ഉപയോഗിച്ച് ഉറപ്പിക്കുക. കുപ്പിയുടെ ഉള്ളിൽ വരത്തക്കവിധം ഒരു സ്‌ട്രോയിൽ ബലൂൺ ഉറപ്പിക്കുക ശേഷം പ്ലാസ്റ്റിക് കണ്ടെയ്നർ അടയ്ക്കുക. അടപ്പിന് മുകളിലായി സ്‌ട്രോകളിൽ മേസൺ പൈപ്പ് ഉറപ്പിക്കുക.

1. ബലൂൺ ഉറപ്പിക്കാത്ത മേസൺ പൈപ്പിലൂടെ  വായു അകത്തേക്ക് ഊതുകയും പുറത്തേക്ക് വലിക്കുകയും ചെയ്യുന്നു.

2. ബലൂൺ ഘടിപ്പിച്ച പൈപ്പിലൂടെ വായു അകത്തേക്ക് ഊതുമ്പോൾ രണ്ടാമത്തെ പൈപ്പിൻ്റെ അഗ്രം വെള്ളം നിറച്ച ഗ്ലാസിലേക്ക് ഇറക്കിവയ്ക്കുന്നു. സാവധാനം ബലൂൺ ഘടിപ്പിച്ച പൈപ്പിലൂടെ വായു പുറത്തേക്ക് പോകാൻ അനുവദിക്കുന്നു.


നിരീക്ഷണം

 ഒന്നാം ഘട്ടത്തിൽ ബലൂൺ ഘടിപ്പിക്കാത്ത പൈപ്പിലൂടെ വായു അകത്തേക്ക് ഊതുമ്പോൾ തടസ്സം നേരിടുകയും വലിക്കുമ്പോൾ ബലൂൺ വികസിക്കുകയും ചെയ്യുന്നു. ബലൂണിലേക്ക് വായു അകത്തേക്ക് പ്രവഹിക്കാതെ പൈപ്പ് വിരൽകൊണ്ട് തടസ്സം സൃഷ്ടിക്കുമ്പോൾ, വായു അകത്തേക്ക് വലിക്കാൻ സാധിക്കുന്നില്ല.


രണ്ടാം ഘട്ടത്തിൽ ബലൂൺ ഘടിപ്പിച്ച പൈപ്പിലൂടെ വായു അകത്തേക്ക് ഊതുമ്പോൾ ബലൂൺ വികസിക്കുന്നു, പുറത്തേക്ക് വായു പോകുന്ന പൈപ്പ് അടയ്ക്കുമ്പോൾ ബലൂൺ വികസിപ്പിക്കാനാവാതെ ബുദ്ധിമുട്ടുന്നു. രണ്ടാമത്തെ പൈപ്പ് ജലത്തിലേക്ക് താഴ്ത്തുമ്പോൾ ബലൂൺ വികസിക്കുന്ന സമയത്ത് ജലത്തിൽ വായു കുമിളകൾ രൂപപ്പെടുകയും ബലൂണിലെ വായു സ്വതന്ത്രമാക്കുമ്പോൾ ഗ്ലാസിലെ ജലം പൈപ്പിലൂടെ പ്ലാസ്റ്റിക് കണ്ടെയ്നറിൽ നിറയുന്നു.


നിഗമനം

ബലൂൺ ഘടിപ്പിക്കാത്ത പൈപ്പിലൂടെ ഊതുമ്പോൾ പ്ലാസ്റ്റിക് കണ്ടെയ്നറിലേക്ക് വായു അകത്തേക്ക് പ്രവേശിക്കാതെ ബലൂൺ തടസ്സം നിൽക്കുന്നു, വായു പുറത്തേക്ക് വലിക്കുമ്പോൾ ബലൂൺ വികസിച്ച് വലിക്കുന്ന വായുവിന് തുല്യമായ അളവിൽ വായു അകത്തേക്ക് കയറി തുല്യത കൈവരിക്കുന്നു. ബലൂൺ ഘടിപ്പിച്ച പൈപ്പിലൂടെ വായു അകത്തേക്ക് ഊതുമ്പോൾ രണ്ടാമത്തെ പൈപ്പിലൂടെ വായു പുറത്തേക്ക് പോകുന്ന സാഹചര്യത്തിൽ കുമിളകൾ രൂപപ്പെടുകയും ബലൂണിലുള്ള വായു പുറത്തേക്ക് പോകുമ്പോൾ തുല്യ അളവിൽ ജലം പൈപ്പിലൂടെ കണ്ടെയ്നറിലേക്ക് നിറയുകയും ചെയ്യുന്നത് വായുവിന് സ്ഥിതിചെയാൻ സ്ഥലം ആവശ്യമുള്ളതുകൊണ്ടാണ്.


Pavisankar.MS

****

വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ ? പരീക്ഷണം 1

ലക്ഷ്യം 

വായുവിന് സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണോ എന്ന് കണ്ടെത്തുന്നതിന്.


സാമഗ്രികൾ 

സുതാര്യമായ രണ്ട് പ്ലാസ്റ്റിക് കുപ്പികൾ, 15 cm മേസൺ പൈപ്പ്, m സീൽ, ജലം. 


ഊഹം

1. ജലം വിതാനം പാലിക്കുന്നു.

2. കുപ്പികളിൽ നിന്ന് ദ്രാവകവും വാതകവും ഒരുപോലെ കൈമാറ്റം ചെയ്യപ്പെടുന്നു.


പ്രവർത്തന രീതി

രണ്ട് പ്ലാസ്റ്റിക് കുപ്പികളുടെയും പകുതിയിൽ താഴെ തുല്യമായി വരത്തക്കവിധം ദ്വാരങ്ങളിടുന്നു. ദ്വാരത്തിലൂടെ മേസൺ പൈപ്പിന്റെ അഗ്രം അല്പം കടത്തി വച്ച് വായു കടക്കാത്ത വിധം m സീൽ ഉപയോഗിച്ച് ഒട്ടിക്കുന്നു. 

1. രണ്ട് കുപ്പികളുടെയും അടപ്പുകൾ അടച്ചതിന് ശേഷം ഒരു കുപ്പിയുടെ അടപ്പ് തുറന്ന് ജലം അതിലേക്ക് നിറക്കുന്നു.

2. രണ്ട് കുപ്പികളിലെയും അടപ്പ് തുറക്കുന്നു. 


നിരീക്ഷണം

ഒന്നാം ഘട്ടത്തിൽ പൈപ്പിലൂടെ ജലത്തിന് പ്രവേശിക്കാൻ സാധ്യതകൾ ഏറെ ഉണ്ടായിട്ടും രണ്ടാമത്തെ കുപ്പി ശൂന്യമായി തന്നെ സ്ഥിതിചെയ്യുന്നു. രണ്ടാം ഘട്ടത്തിൽ ശൂന്യമായ കുപ്പിയിലേക്ക് ജലം ഒഴുകി എത്തുകയും ജലം വിതാനം പാലിക്കുകയും ചെയ്യുന്നു. 


നിഗമനം

 ശൂന്യമായ കുപ്പിയുടെ അടപ്പ് തുറന്ന് അതിൽ നിറഞ്ഞ് നിൽക്കുന്ന വായു പുറത്തേക്ക് പോകുമ്പോൾ മാത്രമാണ് ജലത്തിന് പ്രവേശിക്കാനാവുന്നത്. ആയതിനാൽ വായുവിനു സ്ഥിതിചെയ്യാൻ സ്ഥലം ആവശ്യമാണ് എന്ന നിഗമനത്തിൽ എത്തിചേരാൻ സാധിക്കുന്നു.

Pavisankar.MS

****