വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത്.
1980 കളിൽ ഞാൻ വെറ്ററിനറി ഡോക്ടർ ആയി സർവ്വീസിൽ കയറിയ കാലം.
3 സുനന്ദിനി പശുക്കളെ,
(നാടൻ പശുക്കളെ ബ്രൗൺ സ്വിസ്സ്, ജേഴ്സി, ഹോൾസ്റ്റിൻ ഫ്രിഷിൻ എന്നീ വിദേശ ഇനങ്ങളുമായി സങ്കരപ്രജനനത്തിലുടെ ഉരുത്തിരിച്ചെടുത്ത കേരളത്തിന്റെ പശു)
വളർത്തുന്ന ജോണിയുടെ വീട്ടിൽ ചികിത്സക്കായി ഞാൻ പോകാറുണ്ടായിരുന്നു.
അര ഏക്കറിൽ താഴെ ഭൂമി.
നന്നായി പഠിക്കുന്ന 3 കുട്ടികൾ.
2 പെണ്ണും, 1 ആണും.
വീട്ടു ചിലവും , കുട്ടികളുടെ പഠനവും.
സുനന്ദിനികൾ തന്നെയായിരുന്നു ആശ്രയം.
പുല്ലു പറിക്കലും, പാലു കറവയും, വീടുകളിലും, ചായക്കടകളിൽ പാലു വിൽപനയും ജോണിയും, ഭാര്യയും ശരിക്കും കഷ്ടപ്പെട്ടു.
കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും അവർ ചെയ്യില്ല.
ഒരു മകൻ കോട്ടയം മെഡിക്കൽ കോളേജിൽ പഠിച്ചു ഡോക്ടർ ആയി.
ഒരു മകൾ സോഫ്ട് വെയർ എൻജി നിയർ.
മറ്റേ മകൾ ബിഎസ് സി നഴ്സ്.
അവൾ കാനഡയിൽ.
എഞ്ചിനിയർ മകൾ യു കെ യിൽ.
മകൻ എം.ഡി.നാട്ടിൽ.
നല്ല വീട് വച്ചു.
പശു വളർത്താലൊക്കെ നിർത്തി.
എന്നാലും ഈയിടെ കണ്ടപ്പോൾ ജോണി പറഞ്ഞു.
"പശുക്കളാ ഡോക്ടറെ എല്ലാം തന്നത്.
ഒരെ ണ്ണമെങ്കിലും വളർത്തണോ ന്നൊണ്ട്.
പിള്ളേര് സമ്മതിക്കേല.
ഞാനൊന്നു വീണു കൈ ഒടിഞ്ഞു.
അതിൽ പിന്നെയാ."
സങ്കരയിനം പശുവിനെ എ1 പാൽ ചുരത്തുന്ന ഒരു ഭീകരജീവിയായി ചിത്രികരിക്കുന്നവരോട്; ഇത് ഒരു ജോണിയുടെ മാത്രം കഥയല്ല.
ഒരുപാട് ജോണിമാരുടെ കഥയാണ്.
ഇത് എന്റെ കഥയാണെന്നു ആർക്കെങ്കിലും തോന്നിയാൽ അതു സത്യമാണ്.
പാവപ്പെട്ടവരുടെ കുഞ്ഞിനും പാലിന്റെ രുചിയും, ചുടും, ചൂരും അറിയിച്ചതും ഈ സുനന്ദിനികൾ തന്നെ.
വന്ദിച്ചില്ലെങ്കിലും, നിന്ദിക്കരുത്.
Dr. Maria Lisa Mathew

