അക്ഷരക്കൂട്ടം: വരൂ ലോകം കാണാം 🌍
അക്ഷരക്കൂട്ടം ഓൺലൈൻ
വരൂ ലോകം കാണാം 🌍 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വരൂ ലോകം കാണാം 🌍 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

19 ഫെബ്രുവരി 2026

അഗ്നിപ്പരുന്തിൻ്റെ കൂട് 🦅

അഗ്നിപ്പരുന്തിൻ്റെ കൂട് 🦅

ലോകത്ത് ഇന്നും പൂർണമായി  വിശദീകരിക്കാൻ കഴിയാത്ത നിരവധി പ്രകൃതിഭൗമരഹസ്യങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ ഏറ്റവും കൗതുകകരവും ദുരൂഹവുമായ ഒന്നാണ് റഷ്യയിലെ സൈബീരിയൻ വനാന്തരങ്ങളിൽ സ്ഥിതി ചെയ്യുന്ന 'പാറ്റോമിസ്‌കി ക്രേറ്റർ'.


അഗ്നിപർവതത്തെ ഓർമിപ്പിക്കുന്ന കോണാകൃതിയിലുള്ള ഈ ഘടന, ശാസ്ത്രത്തിനും ജനവിശ്വാസങ്ങൾക്കും ഒരുപോലെ വെല്ലുവിളിയായി ഇന്നും തുടരുകയാണ്.


സൈബീരിയയിലെ ഇർകുട്‌സ്‌ക് മേഖലയുടെ വടക്കുഭാഗത്തുള്ള മനുഷ്യവാസം അപൂർവമായ പ്രദേശത്താണ് ഈ ക്രേറ്റർ സ്ഥിതി ചെയ്യുന്നത്. നിബിഡ വനങ്ങളും കടുത്ത കാലാവസ്ഥയും നിറഞ്ഞ ഈ പ്രദേശത്ത് ഏകദേശം 160 മീറ്റർ വ്യാസവും 40 മീറ്ററോളം ഉയരവുമുള്ള ഒരു കൂമ്പുപോലുള്ള ഘടനയാണ് കാണപ്പെടുന്നത്. നടുവിൽ വലിയൊരു പടുകുഴിയും ഉള്ള ഈ രൂപം ദൂരത്തുനിന്ന് നോക്കുമ്പോൾ തന്നെ അസാധാരണമാണ്.


1949-ൽ റഷ്യൻ ജിയോളജിസ്റ്റായ വാദിം കോൽകോവ് ആണ് പാറ്റോമിസ‌ി

ക്രേറ്ററിനെ ശാസ്ത്രീയമായി ലോകത്തിന് പരിചയപ്പെടുത്തുന്നത്. റഷ്യ സോവിയറ്റ് യൂണിയനായി നിന്ന് ലോകരാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ സ്വാധീനം പുലർത്തിവന്ന കാലത്താണ് കോൽപകോവ് എന്ന ജിയോളജിസ്റ്റ് സൈബീരിയയിലെ ഇർകുട്‌സ‌് മേഖലയുടെ വടക്കൻ പ്രദേശത്തെത്തിയത്. അവിടെ താമസിക്കുന്നത് യാക്കൂട്ട് എന്ന മനുഷ്യസമൂഹമാണ്. കന്നുകാലികളെയും കുതിരകളെയും റെയിൻഡീറുകളെയും വളർത്തിയാണ് യാക്കൂട്ടുകൾ തങ്ങളുടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. യാക്കൂട്ട് ജനതയിൽ നിന്നാണ് കോൽപകോവിന് ഈ സ്ഥലത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ ലഭിച്ചത്. അവർ ഈ പ്രദേശത്തെ 'അഗ്നിപ്പരുന്തിന്റെ കൂട് എന്നാണ് വിളിച്ചിരുന്നത്. ഈ സ്ഥലത്തിന് "ജീവൻ" ഉണ്ടെന്നും സമീപത്തേക്ക് പോകുന്ന മൃഗങ്ങളും മനുഷ്യരും ദുരന്തം നേരിടുമെന്നുമായിരുന്നു അവരുടെ ഉറച്ച വിശ്വാസം.


നാട്ടുകാരുടെ ഭയാനകമായ വിവരണങ്ങൾ അവഗണിച്ചാണ് കോൽപകോവ് അവിടെയെത്തിയത്. എന്നാൽ അദ്ദേഹം അമ്പരപ്പിച്ചു. അഗ്നിപർവതത്തിനോട് കണ്ട കാഴ്ച ശാസ്ത്രജ്ഞനെ തന്നെ രൂപത്തിൽ സാമ്യം പുലർത്തുന്ന ഇരുപത്തിയഞ്ച് നിലക്കെട്ടിടത്തിന്റെ പൊക്കമുള്ള കോണാകൃതിയിലുള്ള ഒരു ഘടന. അതിൻ്റെ നടുക്കായി ഒരു പടുകുഴി. കോൽപകോവ് കണ്ടെത്തിയ ഈ

വിചിത്രഘടനയാണ് പാറ്റോമിസ്‌കി ക്രേറ്റർ. ഒരു അഗ്നിപർവതത്തെപ്പോലെ തോന്നുന്ന ഘടനയാണെങ്കിലും, അവിടെ ലാവയോ ചാരമോ അഗ്നിപർവത പാറകളോ ഒന്നും കണ്ടില്ല. ഇതോടെ ഇത് അഗ്നിപർവതമല്ലെന്ന് വ്യക്തമായി. മനുഷ്യനിർമിത ഘടനയാണോയെന്ന സംശയവും ഉയർന്നെങ്കിലും, ഇത്ര വലിയ നിർമാണം നടത്താൻ പ്രദേശവാസികൾക്ക് സാങ്കേതിക ശേഷിയില്ലെന്നതും ചരിത്രതെളിവുകളുടെ അഭാവവും ഈ വാദത്തെ തള്ളി. 200 വർഷത്തിലധികം ഈ ഘടനയ്ക്കും

പടുകുഴിക്കും പഴക്കമുണ്ടെന്ന് കോൽപകോവ് പരിശോധിച്ച് ഉറപ്പുവരുത്തി. ഇതിൽ മരങ്ങളോ സസ്യങ്ങളോ മൃഗങ്ങളോ ജീവിച്ചിരുന്നില്ല. എന്നാൽ ഇതിനു ചുറ്റും നിബിഡ വനങ്ങൾ വളർന്നിരുന്നു.


പാറ്റോമിസ്ക‌ി ക്രേറ്ററിൻ്റെ മറ്റൊരു വിചിത്രത അതിന്റെ കേന്ദ്രഭാഗത്താണ്. ഇവിടെ സസ്യങ്ങളോ മൃഗങ്ങളോ വളരുന്നില്ല. എന്നാൽ ഇതിന് ചുറ്റുമുള്ള പ്രദേശങ്ങൾ നിബിഡ വനങ്ങളാൽ സമൃദ്ധമാണ്.


ഉൽക്ക വീണുണ്ടായ ഗർത്തമാണെന്ന

സിദ്ധാന്തവും ശക്തമായി ഉയർന്നു. പ്രത്യേകിച്ച് 1908-ൽ സൈബീരിയയിൽ നടന്ന ടുംഗുസ‌ സംഭവവ്‌മായി ഇതിനെ ബന്ധിപ്പിച്ചും വാദങ്ങൾ ഉണ്ടായി. എന്നാൽ ഉൽക്കയുടെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനാകാത്തതും, പൊട്ടിത്തെറിയുടെ വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതും ഈ സിദ്ധാന്തത്തെ ദുർബലമാക്കി.


കാലങ്ങൾ പലതു കടന്നു, പാറ്റോമിസ്കി ക്രേറ്ററിനെപ്പറ്റി എല്ലാവരും മറന്നുതുടങ്ങി.


എന്നാൽ 2005ൽ യൂജിനി വോറോബിയേവ്

എന്ന മറ്റൊരു ജിയോളജിസ്റ്റ് ഈ പടുകുഴിയെപ്പറ്റി പഠിക്കാനായി ഇവിടെയെത്തി. എന്നാൽ യാത്രപൂർത്തിയാക്കി ഉദ്ദേശ്യം നടത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. അതിനു മുൻപ് തന്നെ ഹൃദയാഘാതത്താൽ അദ്ദേഹം മരിച്ചു.


അദ്ദേഹത്തെ അഗ്നിപ്പരുന്തിൻ്റെ കൂടിനു ചുറ്റുമുള്ള വനം കൊന്നതാണെന്നാണു നാട്ടുകാരുടെ ഇപ്പോഴുമുള്ള വിശ്വാസം. ഇതോടെ 'അഗ്നിപ്പരുന്തിൻ്റെ കൂട് മനുഷ്യനെ കൊല്ലുമെന്ന നാട്ടുകാരുടെ വിശ്വാസം വീണ്ടും ശക്തമായി.


1908ൽ റഷ്യയിലെ ടുംഗുംസ്‌കയിൽ ഒരു ഛിന്നഗ്രഹ അല്ലെങ്കിൽ ഉൽക്കാ വിസ്ഫോടനം നടന്നിരുന്നു. അറിയാവുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹ, ഉൽക്ക സ്ഫോടനമായിരുന്നു അത്. സ്ഫോടനത്തിന്റെറെ ആഘാതത്തിൽ വലിയ അളവിൽ കാട്ടുപ്രദേശങ്ങൾ നശിച്ചു. ഈ സ്ഫോടനത്തിനു കാരണമായ ഉൽക്കയിൽ നിന്നോ ഛിന്നഗ്രഹത്തിൽ നിന്നോ തെറിച്ച ഒരു ഭാഗം പതിച്ചതാണ് ഈ പടുകുഴിക്കു കാരണമായതെന്ന് ഇടയ്ക്ക് വാദമുയർന്നിരുന്നെങ്കിലും ഇന്ന് ഈ

സിദ്ധാന്തത്തിന് അത്ര പ്രസക്തിയില്ല. അന്യഗ്രഹജീവികളാണ് ഇതിനു പിന്നിലെന്നും ചിലർ വാദമുയർത്തുന്നുണ്ട്.


ഇവയെല്ലാം ചേർന്നാണ് പാറ്റോമിസ്കി ക്രേറ്റർ ഇന്നും ഒരു തുറന്ന ചോദ്യമായി നിലനിൽക്കുന്നത്. അഗ്നിപർവതമല്ല.

ഉൽക്കാഗർത്തവുമല്ല, മനുഷ്യനിർമിതവുമല്ല,

എന്നിട്ടും അവിടെ ഒരു വിചിത്ര ഘടന നിലകൊള്ളുന്നു. ശാസ്ത്രത്തിന്റെ മുന്നേറ്റങ്ങൾക്കിടയിലും, സൈബീരിയൻ വനാന്തരങ്ങളിലെ ഈ രഹസ്യം മനുഷ്യന്റെ അറിവിന് ഇപ്പോഴും വെല്ലുവിളിയായിത്തന്നെ തുടരുകയാണ്.

🟫🟩🟪🟨🟧🟥⬜⬛🟦

29 ജനുവരി 2026

ലോകത്തിൻ്റെ അവസാനം ⚠️

 🌍 ലോകത്തിന്റെ അവസാനം ഇവിടെയാണ്: നോർവേയിലെ ഇ-69 ഹൈവേ! 🛣️❄️


ഭൂമി അവസാനിക്കുന്നത് എവിടെയാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കിൽ നോർവേയിലെ ഇ-69 (E69) ഹൈവേയെക്കുറിച്ച് അറിയണം. 

വടക്കൻ യൂറോപ്പിന്റെ നെറുകയിൽ, ആർട്ടിക്കിനോട് ചേർന്ന് കിടക്കുന്ന ഈ റോഡ് ലോകത്തിലെ 'അവസാനത്തെ റോഡ്' എന്നാണ് അറിയപ്പെടുന്നത്.


ഈ റോഡിനെക്കുറിച്ചുള്ള അമ്പരപ്പിക്കുന്ന ചില വസ്തുതകൾ ഇതാ:


അവസാനത്തെ അതിര്: നോർവേയിലെ ഓൾഡർഫോർഡിൽ തുടങ്ങി നോർത്ത് കേപ്പ് (North Cape) വരെ നീളുന്ന 129 കിലോമീറ്റർ ദൂരമാണ് ഈ പാതയ്ക്കുള്ളത്.


ഇതിനുശേഷം മനുഷ്യർക്ക് സഞ്ചരിക്കാൻ പാതകളില്ല, മഞ്ഞും കടലും മാത്രം!


അപകടകരമായ ഏകാന്തത: അതിശൈത്യവും അതിശക്തമായ കാറ്റും കാരണം ഈ റോഡിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. വാഹനങ്ങൾ ഒരു 'കോൺവോയ്' ആയി മാത്രമേ കടത്തിവിടുകയുള്ളൂ.


പ്രകൃതിയുടെ വിസ്മയങ്ങൾ: യാത്രയ്ക്കിടയിൽ അപൂർവ്വ ഇനം പക്ഷികളെയും ധ്രുവക്കരടികളെയും റെയിൻഡിയറുകളെയും കാണാൻ സാധിക്കും. ഭാഗ്യമുണ്ടെങ്കിൽ ആകാശത്തെ അത്ഭുതക്കാഴ്ചയായ നോർത്തേൺ ലൈറ്റ്‌സ് (Aurora Borealis) നേരിൽ കാണാം.


പകൽ അവസാനിക്കാത്ത ഇടം: ഉത്തരധ്രുവത്തോട് ചേർന്നായതുകൊണ്ട് വേനൽക്കാലത്ത് ഇവിടെ സൂര്യൻ അസ്തമിക്കാറില്ല! ഏതാണ്ട് മൂന്ന് മാസത്തോളം ഇവിടെ പകൽ മാത്രമായിരിക്കും (Midnight Sun). എന്നാൽ ശൈത്യകാലത്ത് നേരെ തിരിച്ചാണ്—മാസങ്ങളോളം സൂര്യനെ കാണാനേ കഴിയില്ല.


കടലിനടിയിലൂടെ ഒരു യാത്ര: ഈ ഹൈവേയുടെ ഭാഗമായി 212 മീറ്റർ താഴ്ചയിൽ കടലിനടിയിലൂടെ പോകുന്ന ഏകദേശം 7 കിലോമീറ്റർ നീളമുള്ള ഒരു ടണലുണ്ട് (North Cape Tunnel).


മഞ്ഞുകാലത്ത് ഈ പാത പൂർണ്ണമായും അടച്ചിടും. സാഹസികത ഇഷ്ടപ്പെടുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു വിസ്മയമാണിത്! 🏔️🌬️


ശ്രദ്ധിക്കുക: ഇവിടുത്തെ കാലാവസ്ഥ മിനിറ്റുകൾക്കുള്ളിൽ മാറിമറിയാം. അതിനാൽ കൃത്യമായ മുൻകരുതലുകൾ ഇല്ലാതെ ഈ ഭാഗത്തേക്ക് യാത്ര ചെയ്യുന്നത് അപകടകരമാണ്. 


⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️⚙️

01 ഒക്‌ടോബർ 2025

ആണവ ബോംബിന്റെ ആദ്യ ഇരകൾ..💣

ആണവ ബോംബിന്റെ ആദ്യ ഇരകൾ..💣

ചരിത്രത്തിലെ കറുത്തൊരേട് ..

1945 ജൂലൈ..

13 വയസ്സുള്ള അമേരിക്കൻ പെൺകുട്ടികളുടെ ഒരു സംഘം അവധി ദിവസം ചെലവഴിക്കാൻ ക്യാമ്പിങ്ങിന് പോകാൻ തീരുമാനിച്ചു. 

അവർ ന്യൂ മെക്സിക്കോയിലെ റുയിഡോസോയിൽ എത്തി, അവിടുള്ള ഒരു നദിയിൽ നീന്തി ഉല്ലസിച്ചു.


ആ പെൺകുട്ടികളുടെ ഫോട്ടോ ആണിത്.

ഫോട്ടോയിൽ മുൻവശത്തുള്ള പെൺകുട്ടിയാണ് ബാർബറ കെന്റ്. 

ഇത് അവൾ പറഞ്ഞ അനുഭവമാണ്..


കൗമാരത്തിന്റെ മനോഹരമായ ആ ദിവസത്തിൽ, പുഴയിൽ നീന്തി ഉല്ലസിയ്ക്കുന്ന ആ കൊച്ചു പെൺകുട്ടികൾ അറിഞ്ഞിരുന്നില്ല വരാൻ പോകുന്ന അപകടത്തെക്കുറിച്ച്... 


ആ സ്ഥലത്തിന് അടുത്ത് തന്നെ അമേരിക്കൻ സൈന്യം മാന്ഹട്ടൻ പ്രോജക്റ്റിന്റെ ഭാഗമായുള്ള ആണവ ബോംബ് പരീക്ഷണം നടത്തുകയായിരുന്നു അപ്പോൾ...

അത് അവരുടെ ജീവിതം എന്നന്നേയ്ക്കുമായി മാറ്റി മറിച്ചു. 


പിന്നീട് ബാർബറ ആ ദിവസം സംഭവിച്ചതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.


"പെട്ടെന്ന് ഞങ്ങൾ എല്ലാം ഞെട്ടിപ്പോയി… ഞങ്ങളുടെ മുകളിൽ വലിയ ഒരു മേഘവും, ആകാശത്ത് തീഷ്ണമായ പ്രകാശങ്ങളും കാണപ്പെട്ടു. മുകളിലേക്ക് ആ പ്രകാശത്തിലേക്ക് നോക്കാൻ പോലും കണ്ണുകൾക്ക് വേദനിച്ചു. ആകാശം മുഴുവൻ അപരിചിതമായി തോന്നി.. അപ്രതീക്ഷിതമായി അതീവ പ്രകാശത്തോടെ സൂര്യൻ ഉദിച്ചത് പോലെ..."


പേടിച്ചു പോയ അവർ വെള്ളത്തിൽ നിന്നും കരയ്ക്ക് കയറി മണ്ണിൽ ഇരുന്നു.


കുറച്ച് മണിക്കൂറുകൾക്ക് ശേഷം, വെളുത്ത കണങ്ങൾ ആകാശത്തിൽ നിന്ന് വീഴാൻ തുടങ്ങി. കുട്ടികൾ അത് കണ്ട് ആവേശഭരിതരായി. അത് മഞ്ഞു പൊഴിയുന്നതാണെന്നാണ് അവർ കരുതിയത്. അവർ സ്വിംസ്യൂട്ട് ധരിച്ച് വീണ്ടും നദിയിലേക്ക് കളിക്കാനായി തിരിച്ചുപോയി. 


“ഞങ്ങൾ ആ വെളുത്ത കണങ്ങൾ കൈകൊണ്ട് എടുത്ത് മുഖത്ത് പുരട്ടി,” ബാർബറ പറഞ്ഞു. “പക്ഷേ അത് മഞ്ഞു പോലെ തണുത്തതല്ല, ചൂടായിരുന്നു. വേനലായത് കൊണ്ടാകാം ആ ചൂട് എന്നായിരുന്നു ഞങ്ങൾ വിചാരിച്ചത്. ഞങ്ങൾക്ക് അന്ന് വെറും 13 വയസ്സല്ലേ ഉണ്ടായിരുന്നുള്ളൂ.”


ആ വെളുത്ത കണങ്ങൾ ആണവ ബോംബ് പരീക്ഷണത്തിൽ നിന്നുള്ള അവശിഷ്ടമായ റെഡിയോആക്റ്റിവ് പൊടിയായിരുന്നു എന്ന് ആ പാവങ്ങൾ അറിഞ്ഞിരുന്നില്ല.. 


അന്ന് ആ സ്ഥലത്തുണ്ടായിരുന്ന, (ഈ ഫോട്ടോയിൽ വന്ന) എല്ലാ പെൺകുട്ടികൾക്കും ക്യാൻസർ വന്നു. അവരിൽ ബാർബറയെ ഒഴികെ എല്ലാവരും 30 വയസ്സിൽ എത്തുന്നതിനു മുമ്പ് മരിച്ചു. ബാർബറ കൂടുതൽ കാലം ജീവിച്ചെങ്കിലും, ഒരു തവണ മാത്രമല്ല, ഒന്നിലധികം തവണ കാൻസർ വന്നിരുന്നു നരകയാതന അനുഭവിച്ചു. 


രാവിലെ 5:29-നായിരുന്നു ആ സ്‌ഫോടനം നടന്നത്. ജോർനാഡ ഡെൽ മൂർട്ടോ താഴ്വരയിൽ നിന്നും 40 മൈൽ അകലെയുള്ള 100 അടി ഉയരമുള്ള ഒരു ഗോപുരത്തിന് മുകളിൽ വെച്ചാണ് അത് നടത്തിയത്.. 


ആളുകൾ താമസിക്കുന്നില്ലെന്നാണ് കരുതി ആ സ്ഥലം തെരഞ്ഞെടുത്തത് എന്നായിരുന്നു അമേരിക്കൻ സൈന്യം അവകാശപ്പെട്ടിരുന്നത്. പക്ഷേ അതിന് സമീപം തന്നെ ആയിരക്കണക്കിന് ആളുകൾ താമസിച്ചിരുന്നു – ചിലർ വെറും 12 മൈൽ അകലെ. ആരെയും മുന്നറിയിപ്പ് നൽകി ഒഴിപ്പിച്ചില്ല. 

പരീക്ഷണത്തിന് മുൻപ് അല്ലെങ്കിൽ ശേഷമോ ആരേയും അറിയിച്ചില്ല. അവശിഷ്ട റെഡിയോആക്റ്റിവ് പൊടി ദിവസങ്ങളോളം വീണു കൊണ്ടിരുന്നുവെങ്കിലും.


സർക്കാരിന്റെ അവകാശവാദങ്ങളെ പലരും ചോദ്യം ചെയ്തു. മനഃപൂർവ്വം ആണ് അമേരിക്കൻ സർക്കാർ അണുപരീക്ഷണത്തിന്റെ വിവരം സമീപവാസികളെ അറിയിക്കാതെയിരുന്നത് എന്ന് അവർ വാദിച്ചു. കാരണം അണുബോംബ് മൂലം മനുഷ്യശരീരത്തിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് അമേരിക്കൻ ശാസ്ത്രജ്ഞന്മാർക്ക് പഠിയ്ക്കാൻ കുറെ പരീക്ഷണവസ്തുക്കളെ വേണമായിരുന്നു. അതിനുള്ള എളുപ്പമാർഗം ആയിരുന്നു ആ ഒളിച്ചുവെയ്ക്കൽ!


അണുപ്രസരണമേറ്റ പൗരന്മാർ അവർ പോലും അറിയാതെ അമേരിക്കൻ സർക്കാർ ശാസ്ത്രജ്ഞന്മാരുടെ പഠനവസ്തുക്കളായി മാറി എന്നത് ഒരു ചരിത്രസത്യമാണ്.


ഡാപോ മൈക്കൽസ് എന്ന ഒരു ശാസ്ത്രജ്ഞൻ അമേരിക്കയുടെ ആണവബോംബ് പരീക്ഷണ പദ്ധതിയിൽ അംഗമായിരുന്നു. അതിന്റെ യാഥാർത്ഥ്യ ഫലങ്ങൾ അന്ന് അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. പിന്നീട് മനസ്സിലായപ്പോൾ, അത് അദ്ദേഹത്തെ വേട്ടയാടി. ആഴത്തിലുള്ള കുറ്റബോധം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ മാനസികനില തെറ്റുകയും, അവശേഷിച്ച ജീവിതം ആശുപത്രിയിൽ ചിലവഴിക്കേണ്ടി വരികയും ചെയ്തു. അവിടെ വെച്ച് കുറേ വർഷങ്ങൾക്കുശേഷം അദ്ദേഹം മരിച്ചു.


ജപ്പാനിലേക്കു ഡ്രോപ്പുചെയ്ത ആണവ ബോംബുകളുടെ ഭീകരതയെ പലരും ഓർക്കുന്നു. പക്ഷേ അമേരിക്കൻ സർക്കാരിന്റെ ആദ്യ അണുബോംബ് പരീക്ഷണം കാരണം മരിച്ച അമേരിക്കൻ പൗരന്മാരുടെ നഷ്ടം പലരും മറക്കുന്നു.


ഇതുപോലെയുള്ള മറ്റൊരു സംഭവമാണ് ഓസ്‌ട്രേലിയയിലെ മരലിംഗയിൽ ഉണ്ടായത്. അവിടെ നിരവധി സ്വദേശികളായ ജനങ്ങൾ ആണവ പരീക്ഷണങ്ങളാൽ ഉണ്ടായ കാൻസർ മൂലം മരിച്ചു. എന്നാൽ മരിച്ചവർ എത്രയെന്ന് ആരും രേഖപ്പെടുത്തിയില്ല – അതിനാൽ ആർക്കും അത് അറിയാൻ കഴിയുകയുമില്ല.


🔴🟡🔴🟡🔴🟡🔴🟡🔴

10 ഓഗസ്റ്റ് 2025

തമിഴ് നാട്ടിലെ ചുവന്ന മരുഭൂമി 🎴

 തേറി കുടിയിരുപ്പ് = തമിഴ് നാട്ടിലെ ചുവന്ന മരുഭൂമി 🎴




തമിഴ് സിനിമയിലെ വിശാലിന്റെ ‘താമരഭരണി’യും, സൂര്യയുടെ ‘സിങ്കം’ എന്ന സിനിമയും ജീവ അഭിനയിച്ച ‘കോ’യും ഒക്കെ കാണാത്ത ആരുണ്ട്.


 അവയ്ക്കൊക്കെ ഒരു കാര്യത്തില്‍ സമാനതയുണ്ട്; നല്ല ചൊകചൊകന്ന മരുഭൂമിയുടെ കാര്യത്തില്‍.


അത് എഡിറ്റിങ്ങ് ഒന്നുമല്ല.


 നല്ല ഒന്നാന്തരം മരുഭൂമിയാണ്.


 അങ്ങ് ഉത്തരേന്ത്യയില്‍ ഒന്നുമല്ല കേട്ടോ.


നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്നാട്ടില്‍ തന്നെ.


തിരുനല്‍വേലി ജില്ലയിലെ തിരുവള്ളിയൂരിന് അടുത്താണ് തെറിക്കാട് എന്നും പേരുള്ള (ഗൂഗിള്‍ മാപ്പില്‍) തേറി കുടിയിരുപ്പ് എന്ന വിസ്മയമരുഭൂമി.


മരുഭൂമി എന്നാല്‍ പലര്‍ക്കും വരണ്ട ഒരു പാഴ്ഭൂമിയാണ്.


എന്നാല്‍ അവിടെയും ഒരു സുന്ദരലോകമുണ്ട്.


വരള്‍ച്ച ബാധിക്കാത്ത ഒരുപാട് സസ്യലതാദികളും പക്ഷികളും ചെറിയ ചില ഉരഗങ്ങളും ഒക്കെ സഹവസിക്കുന്ന അവരുടെ തന്നെ ഒരു ചെറിയ ലോകം.


നിഗൂഢതയില്‍ മരുഭൂമി മറച്ചു വെക്കുന്ന സുന്ദരകാഴ്ചകള്‍ കാണാന്‍ പോകണം ഒരിക്കലെങ്കിലും.


കോട്ടയത്ത് നിന്ന് രാത്രി 8 40ന് ഉള്ള പാലരുവി എക്സ്പ്രെസിന് തെങ്കാശിയിലേക്ക് പോകണം.


 വെളുപ്പിന് നാല് മണിയോടെ അങ്ങ് എത്താം.


അവിടെനിന്ന് കുറ്റാലം, സുന്ദരപാണ്ഡ്യപുരം, സുറുണ്ടയ്, തിരുനെല്‍വേലി, തൃച്ചന്തൂര്‍ വഴി വേണം ആ മണലാരണ്യത്തില്‍ എത്തിപ്പെടാന്‍.


പോകുന്ന വഴിയ്ക്ക് തൃച്ചന്തൂരിലും കാണാന്‍ പറ്റിയ വിസ്മയകാഴ്ചകള്‍ ഒട്ടേറെയുണ്ട്‌.


അവയില്‍ പ്രധാനപ്പെട്ടത് തന്നെയാണ് തൃച്ചന്തൂര്‍ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം (മുരുകന്‍ കോവില്‍).


പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തൃച്ചന്തൂര്‍ കോവിലിലെ കോവില്‍ തിരുവിഴ കണ്ട് തന്നെ ആസ്വദിക്കേണ്ട ഒരു ആഘോഷമാണ്.


ആളും ആരവവും അരങ്ങേറുന്ന ആ പുണ്യഭൂമിയില്‍ കലാപരിപാടികള്‍ ഒക്കെ കണ്ട് ആസ്വദിച്ച്, അന്നദാനത്തിലും പങ്കുചേര്‍ന്ന് പുറകുവശത്തുള്ള കടല്‍കരയില്‍ പോയി തിരമാലകള്‍ കരയോട് കുശുക്കുന്നതും കേട്ട് ഇരുന്നാല്‍ സ്വര്‍ഗ്ഗം ഭൂമിയിലേക്ക് ഇറങ്ങി വന്നതാണോയെന്ന് തോന്നിപോകും.


തൃച്ചന്തൂരില്‍ നിന്ന് കായാമൊഴി വഴി ആ മണല്‍പരപ്പിലേക്കെത്താം.


2 കിലോമീറ്റര്‍ അധികദൂരം നടന്നുവേണം ആ അത്ഭുതത്തിലെത്താന്‍.


പക്ഷെ ആ ചുവന്ന മണല്‍പരപ്പിലൂടെ കാളവണ്ടികളുടെ അകമ്പടിയോടെയുള്ള ആ യാത്രയ്ക്ക് വേറെ ഒരു സുഖമാണ്.


ഏകദേശം 200 മുതല്‍ 300 വരെ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ സ്ഥലത്തിന് തേറി കുടിയിരുപ്പ് എന്ന പേര് ലഭിച്ചത്‌.


പേരിന്റെ, ഉറവിടം അവിടെയുളളവര്‍ക്ക് നിശ്ചയമില്ല.


 ഇവിടെ പ്രശസ്തമായ ഒരു കോവില്‍ ഉണ്ട് – ശ്രീ കറുപ്പവേല്‍ അയ്യനാര്‍ കോവില്‍.


 ഡിസംബര്‍ അവസാനമാണ് അവരുടെ തിരുവിഴ.


 ഒരുപാട് തീര്‍ത്ഥാടകര്‍ അവിടെ വന്നെത്താറുണ്ട്.


 ഇതേ റൂട്ടില്‍ അഞ്ചോളം വേറെ ക്ഷേത്രങ്ങളും ഉണ്ട്.


തൃച്ചന്തൂരില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ, 1200 ഏക്കറിലായി വ്യാപിച്ചു കിടക്കുകയാണ് ഈ തെന്നിന്ത്യന്‍ മരുഭൂമി; സമുദ്രനിരപ്പില്‍ നിന്നും 15 മീറ്റര്‍ മാത്രം ഉയരത്തില്‍.


 ഇവിടെ മണല്‍ക്കൂനകള്‍ ഒരുപാട് രൂപപ്പെടാറുണ്ട്. 


ചിലതിന് 25 മീറ്റര്‍ വരെ ഉയരം കാണാറുണ്ട്. 


ഇടയ്ക്ക് വീശുന്ന കാറ്റിനനുസരിച്ചിരിക്കും അവയുടെ വലിപ്പം. 


ഈ മണലില്‍ ഇല്‍മനൈറ്റ്, ഹേമറ്റൈറ്റ്, ഗാര്‍നെറ്റ് എന്നീ മൂലകങ്ങള്‍ അടങ്ങിയിരിക്കുന്നു.


 ഹേമറ്റൈറ്റാണ് മണ്ണിന് ഈ ശോണിമ നല്‍കുന്നത്.


ചെറിയ മുള്‍ച്ചെടികളും, കുറ്റിച്ചെടികളും, അങ്ങിങ്ങായി കരിമ്പനകളും, കശുമാവുകളും, പുളിയും ഇതരമരങ്ങളും അടങ്ങുന്നതാണ് ഇവിടുത്തെ സസ്യസമ്പത്ത്.


ഒട്ടകങ്ങളില്ലാത്ത ഈ മരുഭൂമിയില്‍ വിവിധ പക്ഷികളും, ചിത്രശലഭങ്ങളും, ആട്ടിന്‍ പറ്റങ്ങളും മയിലുകളും ഇത് ഒരു മരുഭൂമിയാണോ എന്ന് തന്നെ സംശയിപ്പിക്കുന്നു.


ചവിട്ടിയാല്‍ താഴ്ന്നു പോകാത്ത മണലും മെയ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നന്നായി പെയ്യുന്ന തെക്കു പടിഞ്ഞാറന്‍ മണ്‍സൂണും ഈ സംശയത്തിന്‍റെ ആക്കം കൂട്ടുന്നു. 


എങ്കിലും മേയ് മാസത്തില്‍ ഇവിടെ കഠിനമായ ചൂടാണ്.


പൊതുവേ നല്ല കാറ്റ് വീശുന്ന പ്രദേശമായതിനാല്‍ ഇവിടെ ഉച്ച സമയത്ത് നല്ല ചൂടും രാത്രികളില്‍ തണുപ്പുമാണ്.


എങ്കിലും, വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്കാണ് ഈ സ്ഥലം കൂടുതല്‍ ഉതകുക.


വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പോകാന്‍ താത്പര്യമുള്ളവര്‍ക്ക് പറ്റിയ ഇടം ആയിരിക്കണമെന്നില്ല തേറി കുടിയിരുപ്പ്.


കാടും മേടും കണ്ടുമടുത്തവര്‍ക്ക് ഒരു വ്യത്യസ്ത അനുഭവമായിരിക്കും ഈ മണലാരണ്യം.


വേണ്ട ഭക്ഷണം, വെള്ളം എന്നിവ തേറി കുടിയിരുപ്പില്‍ നിന്നോ കായാമൊഴിയില്‍ നിന്നോ വാങ്ങാവുന്നതാണ്‌.


കായാമൊഴിയിലേക്ക് തൃച്ചന്തൂരില്‍ നിന്നും ഓരോ മണിക്കൂറും ബസ്സുണ്ട്.


തേറിക്കാടും അയ്യനാര്‍ ക്ഷേത്രവും കായാമൊഴിയില്‍ നിന്നും 3 കി.മീ. ദൂരെയാണ്.


രാവിലെ 8 മണിക്ക് തൃച്ചന്തൂരില്‍ നിന്നും തേറി കുടിയിരുപ്പിലേക്ക് ബസ്സുണ്ട്.


ടിക്കറ്റിന് 10 രൂപയേ ആകൂ. 


തേറി കുടിയിരുപ്പില്‍ നിന്ന് അയ്യനാര്‍ ക്ഷേത്രത്തിലേക്ക് 2 കി.മീ. ദൂരമുണ്ട്. 


ബസ്സ് സര്‍വ്വീസ് രണ്ട് മണിക്കൂര്‍ ഇടവിട്ടുണ്ട്. 


രാവിലെ എട്ടുമണിക്കും ഉച്ചയ്ക്കും നേരിട്ട് ബസ്സുകളുണ്ട്. 


അയ്യനാര്‍ കോവിലില്‍ നിന്ന് തൃച്ചന്തൂരിലേക്ക് 10:30ിനും 1:30ിനും ബസ്സുകളുണ്ട്‌.


കായാമൊഴിയില്‍ നിന്ന് എപ്പോഴും തൃച്ചന്തൂരിലേക്ക് ബസ്സുണ്ട്.


 തൃച്ചന്തൂരില്‍ നിന്നും കായാമൊഴി വഴി പോയാല്‍ അയ്യനാര്‍ കോവിലിലേക്ക് 15 കി.മീ.


 തൂത്തുക്കുടിയില്‍ നിന്നും അയ്യനാര്‍ കോവിലിലേക്ക് 42 കി.മീ.


 തിരുനെല്‍വേലിയില്‍ നിന്ന് തേറി കുടിയിരുപ്പിലേക്ക് 50 കി.മീ.


🛣️🛣️🛣️🛣️🛣️🛣️🛣️🛣️🛣️

03 ഓഗസ്റ്റ് 2025

ചൈന വൻമതിലിൻ്റെ തുടക്കവും, ഒടുക്കവും 🧱

ചൈന വൻമതിലിൻ്റെ തുടക്കവും, ഒടുക്കവും


ഭൂമിയിലെ ഏറ്റവും അറിയപ്പെടുന്ന മനുഷ്യനിർമ്മിത ഘടനകളിലൊന്നാണ്  ചൈനയിലെ വലിയ മതിൽ.



 20 രാജവംശങ്ങള്‍ 1800 വര്‍ഷങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ മതില്‍ നിര്‍മ്മിതിയുടെയും നീളത്തിന്റെയും കാര്യത്തില്‍  അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും.



ശാഖകളടക്കം 21,196 കിലോ മീറ്റര്‍ നീളം ഈ വന്മതിലിനുണ്ട്.  



ഹുഷാൻ, കിഴക്ക് ലിയോണിംഗ് തുടങ്ങി പടിഞ്ഞാറ് ജിയുഗുൻ പാസ്, പടിഞ്ഞാറ് ഗാൻസു, ലിയോണിംഗ്, ഹെബെയ്, ബീജിംഗ്, ടിയാൻജിൻ, ഷാൻക്സി, ഷാൻക്സി, അകത്തെ മംഗോളിയ, നിങ്സിയ, ഗാൻസു, ക്വിങ്ഹായ് പ്രവിശ്യകൾ എന്നിവയിൽ അവസാനിക്കുന്ന ഒരു വലിയ നിർമ്മാണമാണിത്. 



 കാട്ടിലൂടെയും,നാടുകളിലൂടെയും മലകളിലൂടെയും കടന്നുപോകുന്ന ഈ വലിയ മതിൽ അവസാനിക്കുന്നത് കടലിലാണ്.



അനന്തമായ വലിയ മതിലിന്റെ ആരംഭ പോയിന്റ്  ചൈനയുടെ തെക്കുപടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗാൻസു പ്രവിശ്യയിലെ ജിയാഗുഗാൻ പാസിൽ ആണ്.


 "മികച്ച താഴ് വാരം  ചുരം" എന്നർഥമുള്ള ജിയയുഗുവാൻ ഹെക്സി ഇടനാഴിയുടെ പടിഞ്ഞാറൻ ഭാഗത്തിന്റെ ഏറ്റവും ഇടുങ്ങിയ സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. 



ചൈനയിലെ വലിയ മതിൽ അവസാനിക്കുകയും കടലിനെ കണ്ടുമുട്ടുകയും ചെയ്യുന്ന സ്ഥലമാണ് ലാവോലോങ്ടോ.



ഇത് ഷാൻഹായ് ചുരത്തിന്റെ ഭാഗമാണ്, അതിന്റെ പേര് "ലൊലോങ്ടൗ" എന്നാൽ ഓൾഡ് ഡ്രാഗൺസ് ഹെഡ് എന്നാണ് അർത്ഥമാക്കുന്നത്, കാരണം ഇത് കടലിൽ നിന്ന് വെള്ളം കുടിക്കുന്ന ഡ്രാഗണിന്റെ തല പോലെ കാണപ്പെടുന്നു. 



 "സ്വർഗത്തിനുകീഴുള്ള ആദ്യ പാസ് "

(FIRST PASS UNDER HEAVEN)

എന്ന് അറിയപ്പെടുന്നു.



മിച്ചം വന്ന ഒരു ഇഷ്ടിക



1372 - ൽ മിംഗ് രാജവംശത്തിന്റെ കാലത്താണ് വലിയ മതിൽ നിർമ്മാണം ആരംഭിച്ചത്.



എന്നാൽ 168 വർഷങ്ങൾക്ക് ശേഷവും  ജിയുഗുവാൻ പാസ് പൂർത്തിയാക്കാനായിരുന്നില്ല.



ചുരത്തിന്റെ നിർമ്മാണത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്.



ഒരു ഐതിഹ്യം അനുസരിച്ച്, 

മിംഗ് രാജവംശകാലത്ത്  ജീവിച്ചിരുന്ന, വളരെ പ്രഗത്ഭനായ ഗണിതശാസ്ത്രജ്ഞനായിരുന്ന യി കൈസാൻ എന്ന ജോലിക്കാരനെക്കുറിച്ച് ആണ്.



ചുരം നിർമ്മിക്കാൻ കൃത്യമായി 99,999 ഇഷ്ടികകൾ എടുക്കുമെന്ന് അദ്ദേഹം കണക്കുകൂട്ടി.



സൂപ്പർവൈസർ അവനെ വിശ്വസിച്ചില്ല, നമ്പർ പര്യാപ്തമല്ലെന്ന് ഉദ്യോഗസ്ഥൻ കരുതി, അതിനാൽ ഡിസൈനർ ഒന്ന് കൂടി ചേർത്തു.



ഒടുവിൽ പാസ് പൂർത്തിയാക്കിയപ്പോൾ ഒരു അധിക ഇഷ്ടിക ഉണ്ടായിരുന്നു.  



പദ്ധതി പൂർത്തിയായ ശേഷം ഒരു ഇഷ്ടിക സിവോങ് സിറ്റി ഗേറ്റിന് പിന്നിൽ അവശേഷിച്ചു.



ഈ അധിക ഇഷ്ടിക ചുരത്തിന്റെ ഗോപുരത്തിൽ ഇന്നും അവിടെ കാണാം.



എന്നാൽ മതിൽ സുസ്ഥിരമാക്കാൻ ഒരു അമാനുഷിക വ്യക്തിയാണ് ഇഷ്ടിക അവിടെ വെച്ചതെന്നും ഒരു ചെറിയ നീക്കം പോലും മുഴുവൻ ഘടനയും തകരുന്നതിന് കാരണമാകുമെന്നും വിശ്വാസമുണ്ട്.



അതിനാൽ ഇഷ്ടിക സ്ഥലത്തുതന്നെ നിലകൊണ്ടു അധികമായി നിർമ്മിച്ച ഇഷ്ടികയെ "ഡിങ്ചെംഗ് ബ്രിക്ക്" എന്ന് വിളിക്കുന്നു.



 അമേരിക്കൻ സഞ്ചാരിയായ വില്യം എഡ്ഗർ ഗെയിൽ ആണ് ആദ്യമായി വലിയ മതിൽ മുഴുവൻ സഞ്ചരിച്ച വ്യക്തി.


 

1908 -ൽ, അദ്ദേഹവും സംഘവും കിഴക്കൻ അറ്റത്തുള്ള ഷാൻഹൈഗുവാനിൽ നിന്ന് പടിഞ്ഞാറ് ജിയുഗുവാനിലേക്ക് അഞ്ച് മാസം കൊണ്ട് നടന്നു.




ഏറ്റവും നീളമേറിയ മതില്‍ എന്ന ബഹുമതിക്കൊപ്പം ഏറ്റവും നീളമേറിയ ശവക്കല്ലറ എന്ന ദുഷ്പേരും വന്മതിലിനുണ്ട്. 



4,00,000 ആളുകള്‍ മരിച്ചുവെന്ന് പറയപ്പെടുന്നു.



ഈ തൊഴിലാളികളില്‍ പലരെയും മതിലിനുള്ളില്‍ തന്നെ അടക്കം ചെയ്യുകയായിരുന്നുവെന്ന് ചരിത്രകാരന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.


🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱🧱

17 ജൂലൈ 2025

പസിഫിക്കിലെ പ്രേതദ്വീപ് 👻

 പസിഫിക്കിലെ പ്രേതദ്വീപ് 👻


1,25,000 ഏക്കറുകൾ വിസ്താരമുള്ള കൊയ്‌ബാ (Coiba), മധ്യഅമേരിക്കയിലെ ഏറ്റവും വലിയ ദ്വീപാണ്.

ഒരുകാലത്ത് ഈ ദ്വീപ് പനാമൻ തീരത്തോട് ബന്ധപ്പെട്ട് തന്നെയാണ് കിടന്നിരുന്നത്.

എന്നാൽ സമുദ്രനിരപ്പ് ഉയരുവാൻ തുടങ്ങിയതോടെ ദ്വീപിനും, മധ്യഅമേരിക്കൻ തീരത്തിനുമിടയിൽ വെള്ളം കയറുകയും 15,000 വർഷങ്ങൾക്ക് മുൻപ് ദ്വീപ് പൂർണമായും ഒറ്റപ്പെടുകയും ചെയ്തു.

എങ്കിലും ആയിരത്തി അഞ്ഞൂറുകളുടെ അവസാനംവരെയും കൊയ്ബ കഫിക്കെ (Coiba Cacique) എന്ന നേറ്റീവ് അമേരിക്കൻസ് ഈ ദ്വീപിൽ വസിച്ചിരുന്നു.

അവരെ സ്പാനിഷുകൾ അടിമകളായി പിടിച്ചുകൊണ്ട് പോയതോടെ വീണ്ടും നൂറ്റാണ്ടുകളോളം കൊയ്ബ മനുഷ്യസ്പർശമേക്കാതെ തീർത്തും ഒറ്റപ്പെട്ട് തന്നെ നിലകൊണ്ടു.

വീണ്ടും 1919 ലാണ് കെയ്ബയിലേക്ക് മനുഷ്യൻ എത്തുന്നത്.

പക്ഷെ ഇപ്രാവിശ്യമെത്തിയത് തടവുകാരും, അവരുടെ കാവൽക്കാരുമാണ്.

പനാമൻ രാഷ്ട്രീയ തടവുകാരെ മുഖ്യധാരയിൽനിന്നും മാറ്റി നിർത്തുവാൻ, നമ്മുടെ ആൻഡമാനിലെ സെല്ലുലാർ ജയിൽപോലെ ഏകാധിപതികൾ കണ്ടുപിടിച്ച ഒന്നാതരം തടവറ.

പക്ഷെ ഇവിടെ സ്ഥിതി ആൻഡമാനിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.

നൂറ്റാണ്ടുകളായി ഒറ്റപ്പെട്ട് വിജനമായി കിടന്നിരുന്ന ദ്വീപിൽ മറ്റൊരിടത്തും ഇല്ലാത്ത ഒരു ആവാസവ്യവസ്ഥ രൂപപ്പെട്ടിരുന്നു.

വൻകരയിൽ നിന്നും കുറ്റിയറ്റുപോയ പല ജീവിവർഗ്ഗങ്ങളും ഇവിടെ മാന്യമായ നിലയിൽ കഴിയുന്നുണ്ടായിരുന്നു.

പ്രകൃതിയുമായി ഘോരസമരത്തിലേർപ്പെടാതെ മനുഷ്യന് പൂർണ്ണമായും നിലനിന്ന് പോകുവാൻ സാധിക്കാത്ത അവസ്ഥ.

അതുകൊണ്ട് തന്നെ ഇവിടുത്തെ ജയിലിനും ഒരു പ്രത്യകത ഉണ്ടായിരുന്നു.

ഇവിടെ സംരക്ഷണം ആവശ്യമായിരുന്നത് കാവൽക്കാർക്കായിരുന്നു.

അവർ മതിലുകൾ കെട്ടി അതിനുള്ളിൽ താമസിച്ചു.

കുറ്റവാളികളാകട്ടെ പുറത്ത് കൂടാരങ്ങളിലും!

എങ്കിൽ  ഇവിടെ നിന്നും ആളുകൾക്ക് എളുപ്പം രക്ഷപെട്ടുകൂടെ എന്ന് നാം സംശയിച്ചേക്കാം, പക്ഷേ നടക്കില്ല.

ഇടതൂർന്നവനങ്ങൾ താണ്ടി, മുതലകളുടെ വായിൽനിന്നും രക്ഷപെട്ട് തീരത്തെത്തുന്നവരെ കാത്തിരിക്കുന്നത് കൂറ്റൻ സ്രാവുകളാണ്.

അന്നും ഇന്നും സ്രാവുകളുടെ വിഹാരകേന്ദ്രമാണ് കൊയ്‌ബാ ദ്വീപ്.


പ്രതികൂലമായ ഭൂപ്രകൃതി, പോരാത്തതിന് അലഞ്ഞു തിരിഞ്ഞു നടക്കുന്ന തടവുകാരും.

അങ്ങനെ ഒരു സാധാരണ മനുഷ്യൻ ഒരു കാലത്തും തിരിഞ്ഞുനോക്കാൻ ഇഷ്ടപ്പെടാത്ത ശപിക്കപ്പെട്ട ദ്വീപായി മാറി കൊയ്‌ബാ.

ഭീതികാരണം ടെന്ററുകളുടെ പരിധി വിട്ട് തടവുകാരാരും പോയില്ല, അല്ലെങ്കിൽ പോയവരാരും തിരികെ വന്നതുമില്ല.

തടവുകാർക്ക്  മരണശിക്ഷ തന്നെയായിരുന്നു കൊയ്‌ബയിലെ ജീവിതം.

പ്രകൃതി കൊന്നില്ലെങ്കിൽ സഹതടവുകാർ കൊല്ലും എന്നതായിരുന്നു അവസ്ഥ.

അക്കാലങ്ങളിൽ ഏതാണ്ട് മുന്നൂറോളം തടവുകാർ ഇവിടെവെച്ച് കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്ക്. 

കൊയ്‌ബയിലെ തടവുപുള്ളികളെ ലോസ് ഡെസപരതീദോസ്  (Los Desaparecidos) എന്നാണ് വിളിച്ചിരുന്നത്.

എന്നന്നേക്കുമായി അപ്രത്യക്ഷ്യരായവർ എന്നാണ് അർത്ഥം !  

 

ഒടുക്കം 2004 ൽ അവസാന തടവുകാരനെയും പറഞ്ഞയച്ച് കൊയ്‌ബാ തടവറ എന്നന്നേക്കുമായി പൂട്ടുമ്പോഴും ദ്വീപിലെ എൺപതു ശതമാനം വനങ്ങളും നൂറ്റാണ്ടുകൾക്ക് മുൻപുള്ള അതേ അവസ്ഥയിൽ തന്നെയായിരുന്നു.

ഒരുതരത്തിലുമുള്ള പര്യവേഷണങ്ങളോ, ഗവേഷണങ്ങളോ നടക്കാതിരുന്നതിനാൽ കൊയ്‌ബയിൽ എന്തൊക്കതരം ജീവികളാണ് ഉള്ളതെന്നുപോലും ആർക്കും അറിവില്ലായിരുന്നു.

ഈ കന്യാവനങ്ങളെ സംരക്ഷിക്കുവാൻ 1992 ൽ ഇതൊരു നാഷണൽ പാർക്കായും, 2005ൽ യുനെസ്കോ ദ്വീപിനെ ഒരു വേൾഡ് ഹെറിറ്റേജ് സൈറ്റായും പ്രഖ്യാപിച്ചു.

അതോടെ പ്രകൃതിഗവേഷകർക്ക് ഇതൊരു പറുദീസയായി മാറി.

പക്ഷെ മുൻപ് ദ്വീപിൽ മരണപ്പെട്ട തടവുകാരെ അവിടെയും ഇവിടെയുമായി കുഴിച്ചിട്ടിട്ടുണ്ട് എന്ന അറിവ് കാര്യങ്ങൾ കുഴപ്പത്തിലാക്കി.

കാട്ടിൽ നിന്നും അലർച്ചകളും മറ്റും റിപ്പോർട്ട് ചെയ്യപ്പെടുവാൻ തുടങ്ങി.

ഒരു തടവുപുള്ളിയെ കണ്ടതായി തോന്നി പിറകെ പോയ ഒരാൾ ഭയന്ന് ഒടുക്കം സ്വയം വെടിവെച്ച് മരിക്കുന്നതുവരെയെത്തി കാര്യങ്ങൾ!

പക്ഷെ ഇക്കഥകളിലൊന്നും കുലുങ്ങാതിരുന്ന ഗവേഷകർ ദ്വീപിന്റെ ഉള്ളറകളിലേയ്ക്ക് ഇറങ്ങി ചെന്നു.

അങ്ങനെ നാഷണൽ ജ്യോഗ്രഫിക് സൊസൈറ്റി ഒരു ബയോബ്ലിറ്റ്സ് (BioBlitz) പ്രോഗ്രാം കൊയ്‌ബാ ദ്വീപിനായി പ്രഖ്യാപിച്ചു.

ഒരു പ്രത്യേക സ്ഥലത്തെ ജീവിവർഗ്ഗങ്ങളുടെ പഠനം ഒരു നിശ്ചിത സമയത്തിനുള്ളിൽ ലോകമെമ്പാടുമുള്ള ആളുകളുടെ സഹകരണത്തോടു കൂടി കൃത്യമായും, വേഗതയോടു കൂടിയും ചെയ്തു തീർക്കുന്ന പരിപാടിയാണ് ബയോബ്ലിറ്റ്സ് പ്രോജക്റ്റ്.

അങ്ങിനെ മുപ്പതോളം ഗവേഷകരുടെ സഹായത്തോടു കൂടി ക്രിസ്റ്റ്യൻ സീഗ്ലർ (Christian Ziegler) എന്ന നാഷണൽ ജ്യോഗ്രഫിക് ഫോട്ടോഗ്രാഫർ ദ്വീപിനുള്ളിൽ നാൽപ്പതോളം ക്യാമെറാ ട്രാപ്പുകൾ വെച്ച് ഏകദേശം 1,00,000 ത്തോളം ചിത്രങ്ങൾ എടുത്തു.


തൽഫലമായി കിട്ടിയ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു.

കൊയ്‌ബയിൽ കടവാതിലുകൾ മാത്രം മുപ്പതു തരം!

172 തരം പക്ഷിവർഗ്ഗങ്ങൾ!

അതിൽത്തന്നെ 21 വിഭാഗങ്ങൾ ഭൂമിയിൽ കൊയ്‌ബയിൽ മാത്രമേ ഉള്ളൂ.

എഴുപതോളം ടൈപ്പ്  ഉറുമ്പുകളിൽ ഏഴെണ്ണം നാം ആദ്യമായി കാണുന്നവയാണ്.

ചുറ്റുമുള്ള കടലിലെ പവിഴപ്പുറ്റുകൾ പസഫിക് തീരങ്ങളിലെതന്നെ ഏറ്റവും വലിപ്പമേറിയതാണ്.

അതിനാൽതന്നെ ഇവിടെ കണ്ടെത്തിയ മീൻ വർഗ്ഗങ്ങൾ ഏകദേശം 760 തോളം വരും.

കൂടാതെ തടവുകാരുടെ ശരീരങ്ങൾ ശാപ്പിട്ടു കഴിഞ്ഞുകൂടിയ സ്രാവ് വർഗ്ഗങ്ങൾ ഏകദേശം 33.

ഇത്രയുമാണ് ഇതുവരെ അനലൈസ് ചെയ്ത ഡേറ്റകളിൽ നിന്നും മനസിലായത്.

ഇനിയും റിപ്പോർട്ടുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളു.

സീഗ്ലർ പറയുന്നത് ഇതാണ്;

 “കൊയ്‌ബാ ഒരു തടവറയല്ല, മറിച്ച് പ്രകൃതിസ്നേഹികളുടെ പറുദീസയാണ് !”


ക്രൂയിസ് ഷിപ്പുകളോ, ഹെലിക്കോപ്റ്ററുകളോ കൊയ്‌ബയിൽ ചെല്ലില്ല.

കൊയ്‌ബ കാണേണ്ടവർ പനാമയിലെ Santa Catalina യിൽ നിന്നും ബോട്ട് പിടിക്കണം.

തൊണ്ണൂറ് മിനുട്ട് യാത്ര.

ഒരു രാത്രി പരമാവധി അറുപതുപേരെയേ ദ്വീപിൽ താമസിക്കുവാൻ അനുവദിക്കൂ.

Coibadventure എന്നൊരു കമ്പനി ചെറിയൊരു ചാർട്ടേർഡ് ഫ്ലൈറ്റ് ഇതിനടുത്തുള്ള ദ്വീപിലേക്ക്‌ പറത്തുന്നുണ്ട്. 

(കടപ്പാട്)

09 ജൂലൈ 2025

ഗൂഗിൾ ഫോറസ്റ്റ് 🍄

 ഗൂഗിൾ ഫോറസ്റ്റ് !


നൂറ്റാണ്ടുകൾക്ക് മുൻപ് (1498) വാസ്‌കോഡ ഗാമാ ആഫ്രിക്കൻ തീരത്തെ ഒരു ചെറു ദ്വീപിൽ അവിടെ താമസമാക്കിയ ഒരു അറബ് വ്യാപാരിയെ കണ്ടുമുട്ടി……. മൂസാ ഇബ്നിൻ മാലിക്. പിന്നീടാ ദ്വീപിനെ പോർട്ടുഗീസുകാർ അയാളുടെ പേര് ചേർത്ത് മൂസാബിക്ക് എന്ന് വിളിച്ചു. അതിനഭിമുഖമായി കിടന്ന ആഫ്രിക്കൻ വൻകരയിലൊരു രാജ്യം അവർ സ്വന്തമാക്കിയപ്പോൾ അതേപേര് ചൊല്ലിയവർ ആ ദേശത്തെ വിളിച്ചു, മൊസാംബിക്ക്! ആ രാജ്യം എന്ന് സ്വാതന്ത്ര്യം നേടിയോ അന്നുമുതൽ ആരംഭിച്ച ആഭ്യന്തരയുദ്ധം ഏതാനും വർഷങ്ങൾക്ക് മുൻപാണ് തെല്ലൊന്ന് ശമിച്ചത്. നഗരം വിട്ടാൽ നേരെചൊവ്വേ ഒരു റോഡുപോലും ഇല്ലാത്ത ഒരു രാജ്യത്തിലെ ഭൂരിഭാഗം വരുന്ന വനങ്ങൾ അങ്ങിനെ പുറംലോകത്തിന് യാതൊരു പിടിയും കൊടുക്കാതെ പല നൂറ്റാണ്ടുകൾ നമ്മിൽ നിന്നും മറഞ്ഞിരുന്നു. ഗൂഗിളിന്റെ ഉപഗ്രഹക്കണ്ണുകൾ ആകാശത്തുനിന്നും ഒപ്പിയെടുത്ത ചിത്രങ്ങൾ മാത്രമായിരുന്നു പ്രകൃതിഗവേഷകർക്ക് മൊസാബിക്ക് വനങ്ങളെക്കുറിച്ചുള്ള കിട്ടിയിരുന്ന ഏക വിവരസ്രോതസ്! അങ്ങിനെ ക്ഷമനശിച്ച് ഗൂഗിൾ എർത്തിൽ പരതിക്കൊണ്ടിരുന്ന കൺസർവെർഷൻ ബയോളജിസ്റ്റ് ജൂലിയൻ ബേലിസിന് പുതൊയൊരാശയം മനസ്സിൽ തോന്നി. സുഖനിദ്രപ്രാപിച്ച അനേകം അഗ്നിപർവ്വതങ്ങൾ മൊസാമ്പിക്കിലുടനീളം ചിതറിക്കിടപ്പുണ്ട്. ആ മലകളുടെയൊക്കെ മുകളിൽ മഴക്കാടുകൾ ഉണ്ടാവണം. അങ്ങിനെയെങ്കിൽ അതൊക്കെ കന്യാവനം തന്നെയാവണം. കാരണം തകർന്നു കിടക്കുന്ന റോഡുകളും, നിരന്തര യുദ്ധങ്ങളും കാരണം കാട്ടുകൊള്ളക്കാർക്കിത് ബാലികേറാ മലകളാവും. മാത്രവുമല്ല കുത്തനെയുള്ള ചെരിവുകൾ മനുഷ്യർക്ക് തീർത്തും അപ്രാപ്യവും ആണ്. അങ്ങിനെയെങ്കിൽ നൂറ്റാണ്ടുകളോളം മനുഷ്യസ്പർശമേൽക്കാതെ കിടക്കുന്ന ഈ നിബിഡവനങ്ങളിൽ ഇപ്പോൾ ഏതൊക്കെയാവും ഉണ്ടാവുക? നാമിനിയും തിരിച്ചറിയാത്ത അനേകം ജീവികളുടെയും, സസ്യങ്ങളുടെയും കലവറയാവും ഇത്! അങ്ങിനെ അദ്ദേഹവും സംഘവും 1,600 മീറ്ററുകളിൽ കൂടുതൽ ഉയരമുള്ള മൊസാംബിക്ക് മലനിരകളെ ഗൂഗിളിൽ പരതിയെടുക്കുവാൻ തീരുമാനിച്ചു. അവസാനം രണ്ടു മലകൾ അവരുടെ ശ്രദ്ധയിൽപെട്ടു. നിരപ്പായ സമതലത്തിൽ പൊടുന്നനെ ഉയർന്നു നിൽക്കുന്ന ആ മലകളുടെ ചെരിവുകൾ കുത്തനെ മുകളിലേക്ക് നിൽക്കുന്നവയാണ്. അതായത് മനുഷ്യരാരും ചെല്ലാൻ ഒരു സാധ്യതയുമില്ല. മലമുകളിലാവട്ടെ നിബിഡവനവും! നേരെ ഗ്ലോബൽ ബയോഡൈവേഴ്‌സിറ്റി ഇൻഫോർമേഷൻ ഫെസിലിറ്റിയിൽ ചെന്ന് ഡേറ്റാ പരിശോധിച്ചു. ഈ രണ്ടു മലമുകളിൽ നിന്നും ഒരൊറ്റ ജീവിയോ മരമോ ഇതുവരെ ആരും റിപ്പോട്ട് ചെയ്തിട്ടില്ല! എന്നുവെച്ചാൽ ഇതുവരെ ഒരു ഗവേഷകനും കാലെടുത്തുകുത്താത്ത രണ്ടു കന്യാവനങ്ങളാണ് ഗൂഗിൾ എർത്ത് വഴി ഇവർ കണ്ടെത്തിയിരിക്കുന്നത് ! ഇത്തരം ഡിജിറ്റൽ വനങ്ങളെയാണ് ഗൂഗിൾ ഫോറസ്റ്റ് എന്ന് പറയുന്നത്. ശ്രമിച്ചാൽ നമ്മുക്കും ഇത്തരം ഗൂഗിൾ ഫോറെസ്റ്റുകൾ കണ്ടുപിടിക്കാം .


അന്നവർ കണ്ടെത്തിയ രണ്ട് മലകളിൽ ആദ്യത്തേത് മൗണ്ട് മാബു ആണ്.

1700 മീറ്റർ ഉയരത്തിൽ, വടക്കൻ മൊസാംബിക്കിൽ മഡഗാസ്‌ക്കറിനഭിമുഖമായി കിടക്കുന്ന സാവന്നാമേടുകൾക്കിടയിലെ പച്ചത്തഴപ്പ്. മരങ്ങൾ തമ്മിലുള്ള അകലം അൽപ്പം കൂടുതലുള്ള കാടുകളിൽ മേൽക്കാടുകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശം തഴച്ചുവളരുന്ന സമ്പന്നമായ ഒരു കീഴ്ക്കാടിന് വളമേകുമ്പോൾ സാവന്നാ പുൽമേടുകൾ ജനിക്കുന്നു. ഇത്തരം പരിസ്ഥിതിമണ്ഡലത്തിൽ ഒരു മഴക്കാട് സംജാതമാവണമെങ്കിൽ ഒരു മല കൂടിയേതീരൂ . അവിടെയാണ് മാബു മല തലയുയർത്തി നിൽക്കുന്നത്. പ്രദേശവാസികൾക്ക് നേരത്തെ തന്നെ അറിവുണ്ടെങ്കിലും ദുർഘടമായ വഴിയും, ഇടതൂർന്ന കാടിന്റെ ഘടനയും കാരണം മലയിലേക്ക് ആരും കാലെടുത്തു വെച്ചിരുന്നില്ല. ഇതിനുമുകളിൽ സമ്പന്നമായ ഒരു ജൈവവ്യവസ്ഥ ഇക്കാലംകൊണ്ട് രൂപപ്പെട്ടിട്ടുണ്ടാവണം എന്ന കാര്യത്തിൽ ജൂലിയൻ ബേലിസിന് സംശയമുണ്ടായിരുന്നില്ല. 2005 ൽ തന്നെ ഇവിടം ശ്രദ്ധയിൽപെട്ടിരുന്നുവെങ്കിലും 2008 വരെ കാക്കേണ്ടിവന്നു ആദ്യ പര്യവേഷണത്തിന്. ഗവേഷകർ, മലകയറ്റവിദഗ്ദർ തുടങ്ങി ഇരുപത്തിയെട്ടോളം പേരെ സംഘടിപ്പിച്ചെടുക്കാനും അവരെ സഹായിക്കാനും സാധനങ്ങൾ ചുമക്കാനും അതിന്റെയിരട്ടി പ്രദേശവാസികളെ കണ്ടെടുക്കാനുമാണ് ഇത്രയും സമയം ബേലിസ് ചിലവഴിച്ചത് എന്നോർക്കുമ്പോൾ മാത്രമാണ് ഇതെത്രത്തോളം ഭഗീരഥപ്രയത്നമായിരുന്നു എന്ന് പിടികിട്ടൂ. മലമുകളിലെ കൊടുംവനത്തിൽ നിന്നും സംഘം എന്ന് തിരഞ്ഞു പിടിച്ചത് അഞ്ഞൂറോളം സസ്യവർഗ്ഗങ്ങളാണ്! കൂടാതെ ഇരുന്നൂറ്തരം ശലഭങ്ങൾ! നിബിഡവനങ്ങളിൽ മാത്രം ജീവിക്കുന്ന ഡ്യൂക്കർ ആന്ററിലോപ്പുകൾ, സമാൻഗോ കുരങ്ങുകൾ .... അങ്ങിനെ പലജാതി ജീവജാലങ്ങൾ! മിക്കതും ഇവിടെ മാത്രം ജീവിക്കുന്ന ഉപജാതികളായിരുന്നു. ആഫ്രിക്കയിൽ മറ്റു സ്ഥലങ്ങളിൽനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞ Swynnerton's കുരുവികൾ ഇവിടെ മാന്യമായ നിലയിൽ പറന്നു നടക്കുന്നുണ്ട്. അന്യംനിന്നുപോയി എന്ന് കരുതിയിരുന്ന Thyolo alethe പക്ഷികളെ വരെ സംഘം ഇവിടെനിന്നും തിരിച്ചറിഞ്ഞു. കൂടാതെ അനേകം ഉരഗജീവികളെയും ഷഡ്പദങ്ങളെയും ഇവിടെ നിന്നും പുതുതായി കണ്ടെത്തിയിട്ടുണ്ട്.


അടുത്തത് 700m ഉയരമുള്ള മൗണ്ട് ലിക്കോ ആയിരുന്നു.

Google Earth picture 2020

തീർത്തും ചെങ്കുത്തായ ചെരിവുകൾ കാരണം ഇക്കാലമത്രയും നാട്ടുകാർക്ക് പോലും ഇതിന് മുകളിൽ ഏതാണ് ഉള്ളത് എന്ന് അറിയില്ലായിരുന്നു. താഴെക്കിടിഞ്ഞിറങ്ങിയ അഗ്നിപർവ്വതമുഖത്ത് നൂറ്റാണ്ടുകൾകൊണ്ടൊരു നിബിഡവനം രൂപപ്പെട്ടിരുന്നു. ഗൂഗിൾ എർത്തിൽ മലയുടെ മുകൾഭാഗം കണ്ടപ്പോൾ തന്നെ ഒരുകൂട്ടം ഗവേഷകർ അരക്കെട്ട്കെട്ടി ഇറങ്ങിയിരുന്നു. എന്താണ് ആ കാടിനുള്ളിൽ ഉണ്ടാവുക എന്ന ആകാംക്ഷ അനുഭവിച്ചറിയുക തന്നെ വേണം. 2012 ലാണ് ബേലിസ് ഈ വനം തിരിച്ചറിഞ്ഞതെങ്കിലും വീണ്ടും ആറ്‌ വർഷങ്ങളെടുത്തു ഇങ്ങോട്ടേക്കൊരു പര്യവേഷണം നടത്തുവാൻ. ഇപ്രാവശ്യം ഗവേഷകർ മാത്രം മതിയാകുമായിരുന്നില്ല. അവരെ മലമുകളിൽ എത്തിക്കാൻ പ്രാപ്തരായ തികഞ്ഞ പർവ്വതാരോഹകർ കൂടി സംഘത്തിൽ ഉണ്ടായാലെ കാര്യമുള്ളൂ.125 മീറ്റർ ഉയരത്തിൽ പുറത്തേക്ക് മലച്ചുനിൽക്കുന്ന ഒരു ഭീമൻ പാറ അതിസാഹസികമായി വലിഞ്ഞു കയറിയാൽ മാത്രമേ ഏറ്റവും മുകളിലുള്ള ലോസ്റ്റ് വേൾഡിൽ എത്താൻ സാധിക്കൂ. ആർതർ കോനൻ ഡോയൽ എഴുതിയ "The Lost World" എന്ന ശാസ്ത്രകഥ, ഇതേ സംഭവത്തിന്റെ കാലെക്കൂട്ടിയെഴുതിയ നേർപ്പകർപ്പാണ്. ജൂൾസ് ലൈൻസ്, മൈക്ക് റോബർട്ട്സൺ എന്നീ ലോകപ്രശസ്തരായ മലകയറ്റക്കാർ കൂടി ചേർന്നതോടെ ആധുനികലോകം കണ്ട ഏറ്റവും ആകാംക്ഷയേറിയ പര്യവേഷണത്തിന് തുടക്കമായി. ഒറ്റപ്പെട്ട മലകൾ വെറുംകൈയിൽ ഒറ്റയ്ക്ക് കയറി നടക്കുന്ന ആളാണ് ലൈൻസ്. ഓയിൽ കമ്പനിക്കെതിരെ പ്രതിഷേധിക്കാൻ ഈഫൽ ടവറിൽ ഒറ്റയ്ക്ക് വലിഞ്ഞുകയറി അറസ്റ്റ് വരിച്ചയാളാണ് റോബർട്ട്സൺ. ഗവേഷണശാലകളിൽ മാത്രം കയറിശീലമുള്ള, സ്ത്രീകളും മറ്റും ഉൾപ്പടെയുള്ള ശാസ്ത്രജ്ഞരെ ദിവസങ്ങളോളം പരിശീലിപ്പിച്ചാണ് ഇരുവരും കുത്തനെയുള്ള മലഞ്ചെരിവ് താണ്ടിച്ചത്. ഇതിനായി ഇരുവരും നാൽപ്പത് തവണയാണ് വടംവഴി മുകളിലോട്ടും താഴേക്കും സഞ്ചരിച്ചത് ! എങ്കിലും മുകളിലെ വിചിത്ര ലോകം ഈ പ്രയത്നങ്ങളെയൊക്കെ സാധൂകരിക്കുന്നതായിരുന്നു. ആദ്യം കണ്ട ചിത്രശലഭം മുതൽ പിന്നീട് കണ്ണിൽപ്പെട്ട ജീവിവർഗ്ഗങ്ങളൊക്കെയും മനുഷ്യവർഗ്ഗത്തിന് പുതിയത് തന്നെയായിരുന്നു. മൃഗശാലയിലെത്തിയ കൊച്ചുകുട്ടിയെപോലെ ആ ഗവേഷകർ കണ്ണുകൾ മിഴിച്ചുകൊണ്ട് ആ വനത്തിനുള്ളിലൂടെ നടന്നു. മലമുകളിലെ ആ പത്തുദിനങ്ങൾ മനുഷ്യനുണ്ടാവുന്നതിന് മുൻപുള്ള ഭൂമിയുടെ നേർക്കാഴ്ചയായിരുന്നു എന്ന് സംഘാങ്ങൾ തന്നെപറയുന്നു. പക്ഷെ ഒരു അരുവിയോട് ചേർന്ന് മണ്ണിൽ നിന്നും കിട്ടിയ പഴക്കം ചെന്ന മൺകലങ്ങളുടെ ശേഷിപ്പുകൾ ഗവേഷകരെ തീർത്തും ഞെട്ടിച്ചുകളഞ്ഞു. ആരാണ്, എന്തിനാണ്, ഏത് വർഗ്ഗക്കാരാണ്, എപ്പോഴാണ് ഇവിടെയെത്തിയത് എന്നതൊക്കെ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അവിടെ കണ്ടതും ശേഖരിച്ചതുമെല്ലാം പുതിയതായിരുന്നു. അവസാനരാത്രി ഉറങ്ങുന്നതിന് മുൻപ് ബേലിസ് പറഞ്ഞു. "ഇതുവരെ എല്ലാം നന്നായി. ആരും മരിച്ചില്ലല്ലോ!" . 


(കടപ്പാട്)

30 ഡിസംബർ 2024

അരാഗ്വി നദി 🚣‍♂️

അരാഗ്വി നദി


 കരിങ്കടലിനും കാസ്പിയൻ കടലിനും ഇടയിലുള്ളതും, റഷ്യ, ജോർജിയ, അസർബജാൻ, അർമേനിയ, ടർക്കി, ഇറാൻ തുടങ്ങിയ രാജ്യഭാഗങ്ങൾ ഉൾപ്പെടുന്നതുമായ കോക്കസസ് പർവ്വതനിരകളുടെ തെക്കൻ ചെരുവിൽ വച്ചു സംഗമിച്ച് ഒന്നായെങ്കിലും, പരസ്പരം ഇടകലരാതെ ഒഴുകുന്ന വെള്ള അരാഗ്വി നദിയും, കറുത്ത അരാഗ്വി നദിയും.


➰➰➰

01 ജൂലൈ 2024

ഖ്വനാറ്റുകൾ 🏞️

ഖ്വനാറ്റുകൾ 🏞️

3,000 വർഷങ്ങൾക്ക് മുമ്പ്, ഭൂമിയിലെ ഏറ്റവും പ്രതികൂല കാലാവസ്ഥയുള്ള പേർഷ്യൻ മരുഭൂമിയിൽ, വാസ്തു ശില്പ വിദഗ്ധർ സൃഷ്ടിച്ച ഒരു അത്ഭുതമാണ് 'ഖ്വനാറ്റുകൾ'.

ജല സേചന പമ്പുകളുടെയോ മറ്റേതെങ്കിലും തരത്തിലുള്ള യന്ത്രങ്ങളുടെയൊ ശാസ്ത്രീയ ഉപകരണങ്ങളുടെയൊ സഹായമില്ലാതെ, കേവലം ഗുരുത്വാകർഷണത്തെ മാത്രം അവലംബിച്ച്, മരുഭൂമിയിലെ, വരണ്ടുണങ്ങിയ പ്രദേശങ്ങളിലൂടെ, ഭൂഗർഭ തുരങ്കങ്ങളുടെ ഒരു ശൃംഖല സൃഷ്ടിച്ച് മൈലുകളോളം ദൂരത്തേയ്ക്ക് ഖ്വനാറ്റുകളിലൂടെ ഇന്നും വെള്ളം കൊണ്ടു പോകുന്നു.

ശാസ്ത്രവും ചില നാടൻ തൊഴിലുപകരണങ്ങളും മനുഷ്യന്റെ ഇച്ഛാശക്തിയും കൂടി സമ്മേളിച്ചപ്പോൾ, 'ഖ്വനിറ്റുകൾ'എന്ന പേരിൽ അറിയപ്പെടുന്ന ജലസുസ്ഥിരതയുടെ ഏറ്റവും ശ്രേഷ്ഠമായ നിർമ്മാണ വൈദഗ്ദ്ധ്യ വിസ്മയം യാഥാർഥ്യമാവുകയായിരുന്നു.


പർവതങ്ങളുടെ അടരുകളിൽ മറഞ്ഞിരിക്കുന്ന ജലാശയങ്ങളിൽ നിന്ന് ആരംഭിക്കുന്ന 'ഖ്വനാറ്റുകൾ' എന്നറിയപ്പെടുന്ന ചെറുതായി ചരിഞ്ഞ തുരങ്കങ്ങളിലൂടെ 50 കിലോ മീറ്ററിലധികം ദൂരത്തിൽ വ്യാപിച്ചു കിടക്കുന്ന നഗരങ്ങളിലേക്കും കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും പൂന്തോട്ടങ്ങളിലേക്കും ശുദ്ധവും തണുത്തതുമായ വെള്ളം കൊണ്ടെത്തിക്കുക എന്നതാണ് ഈ നിർമ്മാണ വൈദഗ്ദ്ധ്യത്തിന്റെ സവിശേഷത. 

ഫലമൊ? അവിടെയെല്ലാം മരുപ്പച്ചകൾ പൂത്തുലഞ്ഞു. ഒരു കാലത്ത് മണൽകാടുകളും ചൂട് കാറ്റും മാത്രമായിരുന്നിടത്ത് യാസ്ദ്, നിഷാപൂർ, ഗൊനാ ബാദ് തുടങ്ങിയ നഗരങ്ങൾ ഉയർന്ന് വന്നു. നിശബ്ദമായ ഈ ജീവിതരേഖകൾക്ക് ചുറ്റും, പുരാതന പേർഷ്യൻ സാമ്രാജ്യത്തിലെ സംസ്കാരത്തിന്റെയും വ്യാപാരത്തിന്റെയും ജീവിതത്തിന്റെയും കേന്ദ്രങ്ങളായി ഖ്വനാറ്റുകൾ ജനജീവിതങ്ങളെ ശക്തിപ്പെടുത്തി. പൊതുകുളിമുറികൾ, ജലസേചനം ചെയ്ത വിശാലമായ തോട്ടങ്ങൾ, എന്നിവയിലൂടെ നഗരാസൂത്രണത്തിന്റെ ആദ്യകാല രൂപങ്ങളിൽ, ഏറ്റവും പഴയതും പ്രവർത്തിക്കുന്നതുമായ ചിലത് ഇപ്പോഴും നിലനിർത്തിയിരിക്കുന്നു.


ഇറാനിലെ ഗൊനാബാദിൽ സ്ഥിതി ചെയ്യുന്ന ഖ്വനാറ്റുകൾ, 2700 - ലധികം വർഷങ്ങൾ പഴക്കമുള്ളതും, 300 മീറ്റർ ആഴമുള്ള കിണറിൽ നിന്ന് വെള്ളം എടുക്കുന്നതുമാണ്. ഇന്നും അത് അവിടെയുള്ള ജനസമൂഹങ്ങളുടെ ജീവിതത്തെ പരിപോഷിപ്പിക്കുന്നു. ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ജലസേചന സംവിധാനം റോമിനേക്കാൾ പഴക്കമുള്ളതാണ്. ഇറാനിലെ ഖ്വനാറ്റുകളെ ഒരു ലോക പൈതൃക നിധിയായി, അവരുടെ ചരിത്രത്തിന് മാത്രമല്ല, ലോകത്തിലെ തന്നെ സുസ്ഥിര ജലമാനേജ്മെന്റിന്റെ ഒരു മാതൃകയായും യുനെസ്കോ അംഗീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾ നേരിടുന്ന ലോകത്തിലെ വരണ്ട പ്രദേശങ്ങൾക്ക് സുപ്രധാന പാഠങ്ങൾ നൽകുന്ന ഖ്വനാറ്റുകളിലൂടെ പുരാതന പേർഷ്യ മുതൽ ആധുനിക ഇറാൻ വരെയുള്ള, ജീവിതത്തിന്റെ രഹസ്യങ്ങൾ എല്ലായ്പ്പോഴും നിശബ്ദമായി ഭൂമിക്കടിയിലൂടെ ഒഴുകി കൊണ്ടിരിക്കുന്നു.

(കടപ്പാട്)