അക്ഷരക്കൂട്ടം: നവോത്ഥാനത്തിൻ്റെ വെളിച്ചം🌥️
അക്ഷരക്കൂട്ടം ഓൺലൈൻ
നവോത്ഥാനത്തിൻ്റെ വെളിച്ചം🌥️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നവോത്ഥാനത്തിൻ്റെ വെളിച്ചം🌥️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

19 ജൂൺ 2022

നെഹ്റു

 നെഹ്‌റു .. ഇന്ത്യയുടെ യുഗപുരുഷന്‍

================================

            അലഹബാദ്- ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനമായ പുണ്യസ്ഥലം. ഭാരതത്തിലെ പുരാതനമായ ആ പട്ടണത്തിലെ കൊട്ടാരസദൃശമായ ഒരു വീട്ടില്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് രസകരമായ ഒരു സംഭവം നടന്നു. എല്ലാ വര്‍ഷവുമെന്നപോലെ ആ നവംബര്‍ 14നും വീട്ടിലെ ആദ്യത്തെ കണ്‍മണിയുടെ പിറന്നാളാഘോഷവും അനുബന്ധ ചടങ്ങുകളും നടക്കുകയായിരുന്നു. ആഘോഷങ്ങള്‍ ഗംഭീരമായി പൊടിപൊടിക്കുന്നതിനിടയില്‍ പിറന്നാളുകാരന്‍ ശാഠ്യം പിടിച്ചു, ‘എന്‍െറ പിറന്നാളാഘോഷം ഇത്രയും നാള്‍ കൂടുമ്പോള്‍ പോരാ... എല്ലാ ദിവസവും നടത്തണം!’ കേട്ടുനിന്നവര്‍ പൊട്ടിച്ചിരിച്ചു. ആ നിര്‍ബന്ധബുദ്ധിയായ കുസൃതിക്കാരന്‍െറ പേര് ‘ജവഹര്‍’ എന്നായിരുന്നു. ‘രത്നം’ എന്നത്രെ ആ പദത്തിന്‍െറ അര്‍ഥം. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു എല്ലാ അര്‍ഥത്തിലും ഒരു രത്നമായിരുന്നെന്ന് പില്‍ക്കാലത്ത് ചരിത്രം തെളിയിച്ചു. രാഷ്ട്രതന്ത്രജ്ഞന്‍, തത്ത്വജ്ഞാനി, ചരിത്രകാരന്‍, സാഹിത്യകാരന്‍, ഭരണാധികാരി തുടങ്ങി നിരവധി രംഗങ്ങളില്‍ പ്രഭ ചൊരിഞ്ഞ ആ ഉജ്ജ്വല വ്യക്തിത്വത്തിന്‍െറ ജന്മദിനമാണ് നാം ‘ശിശുദിന’മായി കൊണ്ടാടുന്ന നവംബര്‍ 14. കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന, അവരുടെ സ്വന്തം ‘ചാച്ചാജി’യുടെ ജീവിതമുഹൂര്‍ത്തങ്ങളിലേക്ക് വെളിച്ചം വീശുകയാണിവിടെ...


സമ്പന്നതയുടെ മടിത്തട്ടിലേക്ക്

••••••••••••••••••••••••••••••••••••••••

സമ്പത്തും സൗഭാഗ്യങ്ങളും സമഞ്ജസമായി സമ്മേളിച്ചിരുന്ന ഒരു കുടുംബാന്തരീക്ഷത്തിലായിരുന്നു ജവഹറിന്‍െറ ജനനം. സ്വാതന്ത്ര്യസമര സേനാനിയും നിയമവിദഗ്ധനുമായ മോത്തിലാല്‍ നെഹ്റുവിന്‍െറയും സ്വരൂപ്റാണിയുടെയും മൂന്നു സന്താനങ്ങളില്‍ മൂത്തപുത്രനായി 1889ല്‍ പിറവിയെടുത്ത ആ ബാലന് പില്‍ക്കാലത്ത് വിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണ ഹര്‍ത്തീസിങ് എന്നീ സഹോദരിമാരുണ്ടായി. കശ്മീരിലെ മൂലകുടുംബത്തെ ദല്‍ഹിയിലേക്ക് പറിച്ചുനട്ടത് മുത്തച്ഛനായ ഗംഗാധര്‍ നെഹ്റുവാണ്. ഒരു പൊലീസ് ഇന്‍സ്പെക്ടറായിരുന്ന അദ്ദേഹം ആദ്യം ആഗ്രയിലും പിന്നീട് അലഹബാദിലേക്കും മാറിത്താമസിച്ചു. മോത്തിലാല്‍ നെഹ്റുവാണ് അവിടെ ചരിത്രപ്രസിദ്ധമായ ‘ആനന്ദഭവനം’ സ്ഥാപിച്ച് ഒരു പുതിയ ജീവിതത്തിന് അടിസ്ഥാനമിട്ടത്.


പ്രതിഭാധനനായ പിതാവ്

••••••••••••••••••••••••••••••••

അഭിഭാഷകന്‍ എന്നതിനേക്കാള്‍ ഒരു ദേശീയചിന്തകന്‍ എന്ന നിലയിലായിരുന്നു മോത്തിലാല്‍ നെഹ്റു ഖ്യാതി നേടിയത്. അക്കാലത്ത് പല കാരണങ്ങള്‍കൊണ്ടും ആനന്ദഭവനം ഒരു സാംസ്കാരിക കേന്ദ്രമായി പ്രശോഭിച്ചു. കുടുംബരംഗത്ത് എന്നതുപോലെ സാമൂഹികരംഗത്തും മോത്തിലാല്‍ കാര്‍ക്കശ്യമുള്ള ഒരു മുന്‍കോപക്കാരന്‍ ആയിരുന്നു. ഒരച്ഛന്‍െറ വാത്സല്യാമൃതം തന്‍െറ പൊന്നോമന പുത്രന് പകര്‍ന്നുകൊടുക്കുന്നതില്‍ അദ്ദേഹം ഒട്ടും പിശുക്കു കാണിച്ചിരുന്നില്ല. സ്നേഹാദരപൂര്‍വമായ ഒരു മനോഭാവമായിരുന്നു ജവഹറിന് പിതാവിനോട് ഉണ്ടായിരുന്നത്. പല കാര്യങ്ങളിലും അച്ഛന്‍ മകന് മാതൃകാപുരുഷനായിരുന്നു. പില്‍ക്കാലത്ത് നെഹ്റുവില്‍ കണ്ടെത്താന്‍ കഴിഞ്ഞ എല്ലാ സദ്ഗുണസമ്പന്നതയുടെയും ഉറവിടം അദ്ദേഹത്തിന്‍െറ പിതാവുതന്നെയായിരുന്നു.


അറിവിന്റെ ആഴങ്ങള്‍ തേടി...

••••••••••••••••••••••••••••••••••••••

ബാല്യത്തില്‍ രാമായണത്തിലെയും ഭാരതാദിപുരാണ ഗ്രന്ഥങ്ങളിലെയും കഥകള്‍ അമ്മയില്‍നിന്നു കേട്ടാണ് ആ ബാലന്‍ വളര്‍ന്നത്. അച്ഛന്‍െറ വിശ്വസ്തസേവകനായ മുന്‍ഷി മുബാറക് അലിയാകട്ടെ, അറബിക്കഥകളുടെ അദ്ഭുതലോകമാണ് അവനുമുന്നില്‍ തുറന്നുകൊടുത്തത്. വളര്‍ന്നപ്പോള്‍ ജവഹറിന്‍െറ ശ്രദ്ധ പുസ്തകങ്ങളിലേക്ക് തിരിഞ്ഞു.

നെഹ്റുവിന്‍െറ പ്രാഥമികവിദ്യാഭ്യാസം യൂറോപ്യന്‍ അധ്യാപകരുടെ കീഴില്‍ വീട്ടില്‍വെച്ചാണ് നടത്തിയിരുന്നത്. അച്ഛന്‍ നിയമിച്ച ഫെര്‍ഡിനാന്‍റ് ടി. ബ്രൂക്സ് എന്ന ഫ്രഞ്ച് അധ്യാപകന്‍ ജവഹര്‍ലാലിന്‍െറ വായനശീലം പരമാവധി വര്‍ധിപ്പിക്കുകയുണ്ടായി. ഇംഗ്ളീഷ്-സയന്‍സ് ഗ്രന്ഥങ്ങളുടെ ഒരു വന്‍ശേഖരം ചുരുങ്ങിയ കാലയളവില്‍ വായിച്ചുതീര്‍ത്തു. 1905ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി നെഹ്റു ലണ്ടനിലേക്ക് കപ്പല്‍ കയറി. ഇംഗ്ളണ്ടിലെ പ്രശസ്തമായ ഹാരോ പബ്ളിക് സ്കൂളില്‍ രണ്ടുവര്‍ഷം ചെലവഴിച്ചശേഷം 1907ല്‍ കേംബ്രിജിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്നു. മൂന്നുവര്‍ഷം അവിടെ പഠിച്ച് ഓണേഴ്സ് ബിരുദം സമ്പാദിച്ചു. കേംബ്രിജ് വിട്ടശേഷം 1910ല്‍ നെഹ്റു ലണ്ടനിലെ ഇന്നര്‍ ടെമ്പിളില്‍നിന്ന് ബാരിസ്റ്റര്‍ ബിരുദം നേടി. ഇംഗ്ളണ്ടില്‍ വെച്ച് നെഹ്റു ഫേബിയന്‍ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. ഏഴു വര്‍ഷത്തെ വിദേശവാസത്തിനുശേഷം 1912ലാണ് നെഹ്റു ഇന്ത്യയില്‍ തിരിച്ചെത്തുന്നത്.


വിമോചനപാതയില്‍ വിലക്കിന് വിലയില്ല!

••••••••••••••••••••••••••••••••••••••••••••••••••••••

ബ്രിട്ടീഷ് ഭരണത്തെ എതിര്‍ക്കുന്നവരെയെല്ലാം വിചാരണപോലും കൂടാതെ ജയിലിലടക്കാനുള്ള നിയമത്തിന് സര്‍ക്കാര്‍ പദ്ധതി തയാറാക്കുന്ന കാലം. നെഹ്റു അച്ഛനോട് പറഞ്ഞു:

‘ഗാന്ധിജിയുടെ സത്യഗ്രഹസഭയില്‍ ചേര്‍ന്ന് സര്‍ക്കാറിന്‍െറ പുതിയ നിയമത്തിനെതിരെ ഞങ്ങള്‍ സമരപരിപാടികള്‍ തുടങ്ങാന്‍ പോവുകയാണ്.’ മിതവാദിയായ അച്ഛന്‍ ആ തീരുമാനത്തോട് യോജിച്ചില്ല. പക്ഷേ, മകന്‍ ഉറച്ചുതന്നെ നിന്നു. അവസാനം അല്‍പം ഭീഷണിയുടെ ഭാഷതന്നെ മോത്തിലാല്‍ പ്രയോഗിച്ചു: ‘ നിന്‍െറ തീരുമാനത്തിന് മാറ്റമില്ലെങ്കില്‍ ഈ വീടുവിട്ടുപോകണം. എന്‍െറ വാക്കു കേള്‍ക്കാത്തവര്‍ക്ക് ഈ വീട്ടില്‍ സ്ഥാനമില്ല.’ വാശിയുടെ കാര്യത്തില്‍ മകനും ഒട്ടും പിന്നിലായിരുന്നില്ല. കമലയെയുംകൂട്ടി നെഹ്റു വീടുവിട്ടിറങ്ങി. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടവീഥിയില്‍ മകന് വിലക്കേര്‍പ്പെടുത്താന്‍ തനിക്കാവില്ലെന്ന് മോത്തിലാലിന് ബോധ്യമായി. അതോടെ, നെഹ്റുവിനെ സ്വന്തം തീരുമാനങ്ങള്‍ക്ക് വിടാന്‍ അച്ഛന്‍ തീരുമാനിച്ചു.


കല്‍ത്തുറുങ്കുകളില്‍ കരളുറപ്പോടെ...

•••••••••••••••••••••••••••••••••••••••••••••••••

രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി അല്‍പനാളുകള്‍ക്കകം ആദ്യ കാരാഗൃഹവാസം നെഹ്റുവിനെ തേടിയെത്തി. ഖിലാഫത്ത് പ്രക്ഷോഭത്തെതുടര്‍ന്ന് 1921ല്‍ അറസ്റ്റുവരിച്ചു. 1921 മുതല്‍ 1945 വരെയുള്ള കാലഘട്ടത്തില്‍ വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ഒമ്പതു വര്‍ഷം അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. 1930ല്‍ സിവില്‍ നിയമലംഘനത്തിന്‍െറ പേരില്‍ നെഹ്റു അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ ദണ്ഡിമാര്‍ച്ചില്‍ പങ്കെടുത്ത് പത്നി കമലയും അറസ്റ്റിലായി. 1932-35 കാലഘട്ടങ്ങളില്‍ വളരെക്കുറച്ച് മാസങ്ങള്‍ മാത്രമാണ് നെഹ്റു ജയിലിനുപുറത്തുണ്ടായിരുന്നത്. 1942ല്‍ ക്വിറ്റിന്ത്യാ സമരത്തെതുടര്‍ന്നാണ് ഉന്നത നേതാക്കള്‍ക്കൊപ്പം നെഹ്റുവും അറസ്റ്റിലായത്. ഫോര്‍ട്ട് ജയിലില്‍ മൂന്നുവര്‍ഷം നീണ്ടുനിന്ന ജയില്‍വാസം അദ്ദേഹം അനുഭവിച്ചു.


കാരാഗൃഹത്തിലെ കര്‍മയോഗി!

•••••••••••••••••••••••••••••••••••••••••

നെഹ്റുവിന് കാരാഗൃഹവും ഒരു കര്‍മമണ്ഡലമായിരുന്നു! നിരക്ഷരരായ സഹതടവുകാരെ അദ്ദേഹം എഴുത്തും വായനയും പഠിപ്പിച്ചു. നാടിന്‍െറ വികസനസ്വപ്നങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്തു. സ്വാതന്ത്ര്യബോധത്തിന്‍െറ ചൂരും ചൂടും അവരില്‍നിന്ന് ചോരാതെ സൂക്ഷിച്ചു. വിശ്വമഹാഗ്രന്ഥങ്ങള്‍ വായിച്ചാസ്വദിച്ചു. ഗ്രന്ഥരചനക്കായും സമയം കണ്ടെത്തി. തടവറയില്‍വെച്ചാണ് നെഹ്റുവിന്‍െറ പ്രശസ്ത കൃതികള്‍ രചിക്കപ്പെട്ടത്. ആത്മകഥക്കുപുറമെ ‘ഡിസ്കവറി ഓഫ് ഇന്ത്യ’ (ഇന്ത്യയെ കണ്ടെത്തല്‍), ‘ഗ്ളിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ (വിശ്വചരിത്രാവലോകനം) എന്നീ ബൃഹദ് ഗ്രന്ഥങ്ങള്‍ ജയില്‍ജീവിതകാലത്ത് അദ്ദേഹം രചിച്ചതാണ്.


വിശ്രമമില്ലാത്ത നാളുകള്‍...

•••••••••••••••••••••••••••••••••••

വിശ്രമമില്ലാത്ത രാഷ്ട്രീയ ജീവിതമായിരുന്നു നെഹ്റുവിന്‍േറത്. അത്തരം ചില ഏടുകളിലൂടെ... സ്വാതന്ത്ര്യപ്രാപ്തി വരെ...

* 1923ല്‍ അലഹബാദ് മുനിസിപ്പാലിറ്റിയുടെ അധ്യക്ഷനായും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ സെക്രട്ടറിയായും നെഹ്റു തെരഞ്ഞെടുക്കപ്പെട്ടു. 1927ല്‍ രണ്ടാമതും രണ്ടു വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി സെക്രട്ടറിയായി. 1928ല്‍ സൈമണ്‍ കമീഷനെതിരായ പ്രകടനത്തെതുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. 1929ല്‍ അഖിലേന്ത്യാ തൊഴിലാളി മഹാജനസഭയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. നെഹ്റുവിന്‍െറ സോഷ്യലിസ്റ്റ് ചായ്വാണ് അതിന് വഴി തെളിച്ചത്.


○ 1929ല്‍ കോണ്‍ഗ്രസിന്‍െറ പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തു. ‘പൂര്‍ണസ്വരാജ്’ എന്ന ആശയം പ്രമേയരൂപത്തില്‍ പാസാക്കിയത് ഈ സമ്മേളനമാണ്. ആനന്ദഭവന്‍ ‘സ്വരാജ്ഭവന്‍’ എന്നു പേരുമാറ്റി കോണ്‍ഗ്രസിന് സംഭാവന ചെയ്യപ്പെട്ടു. 1929ലെ ലാഹോര്‍ സമ്മേളനത്തിനുശേഷം ലഖ്നോ (1935), ഫൈസ്പൂര്‍ (1936), ന്യൂദല്‍ഹി (1951), ഹൈദരാബാദ് (1953), കല്യാണ്‍ (1954) സമ്മേളനങ്ങളിലും അധ്യക്ഷനായ നെഹ്റു ആകെ ആറുതവണ ആ സ്ഥാനം അലങ്കരിച്ചു.


○ 1937ല്‍ ഒരു കൊടുങ്കാറ്റുപോലെ നെഹ്റു രാജ്യമെമ്പാടും ചുറ്റിക്കറങ്ങി കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്തി.


○ 1942ല്‍ ക്വിറ്റിന്ത്യാ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് വരിച്ചു. 1946ല്‍ ഐ.എന്‍.എ നേതാക്കളുടെ കേസ് വിചാരണയില്‍ അവര്‍ക്കുവേണ്ടി ഹാജരായി വാദിച്ചു.


○ 1946 സെപ്റ്റംബര്‍ രണ്ടിന് രൂപവത്കരിച്ച ഇടക്കാല ഗവണ്‍മെന്‍റിന്‍െറ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 1946ല്‍ ലീഗും മന്ത്രിസഭയില്‍ ചേര്‍ന്നു. എന്നാല്‍, ഒത്തുപോകല്‍ അസാധ്യമായിരുന്നു. 1946 ഡിസംബറില്‍ സമ്മേളിച്ച സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ നെഹ്റു ആദ്യപ്രധാനമന്ത്രിയായി അധികാരത്തിലെത്തി.


ജവഹര്‍ലാല്‍ നെഹ്റു അവാര്‍ഡ്

•••••••••••••••••••••••••••••••••••••••••••

ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ സ്മരണക്കായി ഇന്ത്യാ ഗവണ്‍മെന്‍റ് 1965ല്‍ ‘ജവഹര്‍ലാല്‍ നെഹ്റു അവാര്‍ഡ്’ ഏര്‍പ്പെടുത്തി. സാര്‍വദേശീയ ധാരണയും സൗഹൃദവും വളര്‍ത്തുന്നതിനുള്ള ഏറ്റവും ശ്രദ്ധേയമായ സംഭാവനക്കാണ് ഈ പുരസ്കാരം നല്‍കുന്നത്. ഉപരാഷ്ട്രപതിയുടെ അധ്യക്ഷതയിലുള്ള ഒരു ഉന്നതതല സമിതിയാണ് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുന്നത്. 2.5 ദശലക്ഷം രൂപയാണ് അവാര്‍ഡ് തുക. വര്‍ഷംതോറും ഈ പുരസ്കാരം നല്‍കിവരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍കിങ്, ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍, യെഹൂദി മെനുഹിന്‍, മദര്‍ തെരേസ തുടങ്ങി നിരവധി പ്രമുഖര്‍ ഈ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്.


സ്വതന്ത്ര ഇന്ത്യയുടെ അനിഷേധ്യ നായകന്‍

••••••••••••••••••••••••••••••••••••••••••••••••••••••••

‘നീണ്ട സംവത്സരങ്ങള്‍ക്കുമുമ്പ് വിധിയുമായി ഒരു കൂടിക്കാഴ്ചക്ക് നാം സങ്കേതം കുറിച്ചിരുന്നു. ഇപ്പോള്‍ നാം പ്രതിജ്ഞ പാലിക്കേണ്ട സമയം വന്നുചേര്‍ന്നിരിക്കുന്നു... ഇന്ന് പാതിരാമണിയടിക്കുമ്പോള്‍, ലോകം നിദ്രയില്‍ മുഴുകിയിരിക്കെ ഇന്ത്യ ജീവിതത്തിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കും... കണ്ണീരും കൈയുമായി കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവിതങ്ങള്‍ തളിരിട്ടുവരുംവരെ നമുക്ക് വിശ്രമമില്ല’ -സ്വാതന്ത്ര്യലബ്ധിയെതുടര്‍ന്ന് ചെങ്കോട്ടയിലെ കൊടിമരത്തില്‍ ത്രിവര്‍ണപതാകയുയര്‍ത്തി നെഹ്റു രാജ്യത്തോടായി പറഞ്ഞു. കേവലം പറച്ചിലിനപ്പുറം നാടിന്‍െറ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമിച്ചു.

1950 ജനുവരി 26ന് ഇന്ത്യ ഒരു റിപ്പബ്ളിക് രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു. രാജ്യത്തിന്‍െറ സമഗ്രവികസനം ലക്ഷ്യമാക്കി പദ്ധതികള്‍ ഉണ്ടാക്കാന്‍ നെഹ്റു ഒരു ആസൂത്രണ കമീഷനെ നിയോഗിച്ചു. 1952ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് നെഹ്റു വീണ്ടും നാടിന്‍െറ നായകനായി. ജനോപകാരപ്രദമായ പദ്ധതികള്‍ അദ്ദേഹം പ്രാബല്യത്തില്‍ കൊണ്ടുവന്നു. ഭക്രാനംഗല്‍പോലുള്ള കൂറ്റന്‍ അണക്കെട്ടുകളുണ്ടായി. ദേശീയപരീക്ഷണ ശാലകളും ഫാക്ടറികളും നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ തലയുയര്‍ത്തി. ജമീന്ദാരി വ്യവസ്ഥ നിര്‍ത്തലാക്കി. കര്‍ഷകരുടെ പുരോഗതി ഉറപ്പാക്കി. കൃഷി ചെയ്യാന്‍ ഭൂമിയില്ലാത്തവര്‍ക്ക് മിച്ചഭൂമി വിതരണം ചെയ്തു. പഞ്ചായത്തുകള്‍ക്ക് ഭരണവ്യവസ്ഥയുണ്ടാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് സവിശേഷ പ്രാധാന്യം കൊടുത്തു. ശാസ്ത്രീയ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിച്ചു. ദേശീയ ശാസ്ത്ര-വ്യവസായിക ഗവേഷണ കൗണ്‍സില്‍ (Council of Scientific and Industrial Research - CSIR) സ്ഥാപിച്ചത് നെഹ്റുവാണ്. ആദ്യ പ്രസിഡന്‍റും അദ്ദേഹമായിരുന്നു. 1964ല്‍ അണുശക്തിവകുപ്പ് സ്ഥാപിച്ചപ്പോള്‍ നെഹ്റുവിനായിരുന്നു പ്രതിരോധ വകുപ്പിന്‍െറ ചുമതല. 1952ല്‍ രൂപവത്കൃതമായ നാഷനല്‍ ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍െറ അധ്യക്ഷനായ ആദ്യ പ്രധാനമന്ത്രി നെഹ്റുവായിരുന്നു. തികച്ചും മതേതരവാദിയായിരുന്ന നെഹ്റുവിന്‍െറ ‘വിശാല മാനുഷിക വീക്ഷണം’ ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഭരണഘടനക്ക് ആമുഖം എന്ന ആശയം അവതരിപ്പിച്ചതും അദ്ദേഹമായിരുന്നു. ‘ആധുനിക ഇന്ത്യയുടെ ശില്‍പി’ എന്ന വിശേഷണത്തിന് സര്‍വഥാ യോഗ്യനാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു.


നിര്‍ഭയനായ സാഹസികന്‍!

••••••••••••••••••••••••••••••••••••

സാഹസികതയെ എന്നും പ്രണയിച്ചിരുന്ന നിര്‍ഭയനായിരുന്നു നെഹ്റു. ഒരിക്കല്‍ നോര്‍വേയിലെ പര്‍വതനിരകളിലൂടെ ഒരുകൂട്ടം യുവാക്കളോടൊപ്പം പര്യടനം നടത്തുകയായിരുന്നു അദ്ദേഹം. നടന്നുവലഞ്ഞ് ചൂടുംവിയര്‍പ്പുംഅസഹനീയമായി. നെഹ്റു എന്തു ചെയ്തെന്നോ? അടുത്ത് മഞ്ഞുരുകിയൊലിക്കുന്ന ഒരു അരുവിയിലേക്ക് ഒറ്റച്ചാട്ടം! ശക്തമായ ഒഴുക്കില്‍ അദ്ദേഹത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഒഴുക്കിനൊപ്പം നീങ്ങിപ്പോയി... അരുവി ഒരു ഗര്‍ത്തത്തിലേക്ക് പതിക്കുന്ന സ്ഥലമെത്താറായി. പെട്ടെന്ന് ഒരു സുഹൃത്ത് അദ്ദേഹത്തിന്‍െറ കാലില്‍ പിടിച്ചു. അരുവി അഗാധമായ ഗര്‍ത്തത്തിലേക്ക് പതിക്കുന്നതിനടുത്തുനിന്ന് നെഹ്റുവിനെ ആ കൂട്ടുകാരന്‍ എങ്ങനെയോ വലിച്ച് കരയില്‍ കയറ്റി!!


ചേരിചേരാ നയം

••••••••••••••••••••••

ശീതസമരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് ചേരിചേരാനയത്തിലൂടെ ഇന്ത്യയും നെഹ്റുവും ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നു. വന്‍ശക്തികളുടെ കിടമത്സരങ്ങളില്‍നിന്നും മൂന്നാംലോക രാഷ്ട്രങ്ങളെ മാറ്റിനിര്‍ത്തി, അവക്കിടയില്‍ സഹകരണവും സഹവര്‍ത്തിത്വവും വളര്‍ത്താനായാണ് ചേരിചേരാപ്രസ്ഥാനം നിലകൊള്ളുന്നത്. ജവഹര്‍ലാല്‍ നെഹ്റു യൂഗോസ്ലാവിയന്‍ പ്രസിഡന്‍റ് മാര്‍ഷല്‍ ടിറ്റോ, ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് ജമാല്‍ അബ്ദുന്നാസിര്‍, ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് സുകാര്‍ണോ എന്നിവരായിരുന്നു ചേരിചേരാ പ്രസ്ഥാനത്തിന്‍െറ സ്ഥാപകനേതാക്കള്‍. 1961 സെപ്റ്റംബറില്‍ യുഗോസ്ലാവിയയിലെ ബെല്‍ഗ്രേഡില്‍വെച്ചാണ് ചേരിചേരാ പ്രസ്ഥാനം രൂപംകൊണ്ടത്.


ആനന്ദഭവനം

••••••••••••••••••

അലഹബാദില്‍ വക്കീലായിരിക്കെ മോത്തിലാല്‍ നെഹ്റു പണിത വീടാണ് ആനന്ദഭവനം. കേവലം വീട് എന്ന വിശേഷണത്തിനപ്പുറം ‘അതിപ്രൗഢമായ ഒരു ബംഗ്ളാവ്’ എന്നുപറയുന്നതാകും ശരി! ഇവിടെയായിരുന്നു ജവഹറിന്‍െറ കുട്ടിക്കാലം. ബ്രിട്ടീഷ് കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശത്ത് പണിത ഈ വീട്ടില്‍ ടെന്നിസ് കോര്‍ട്ടും നീന്തല്‍ക്കുളവും വലിയ പൂന്തോട്ടവും ഉണ്ടായിരുന്നു.


പഞ്ചശീല തത്ത്വങ്ങള്‍...

•••••••••••••••••••••••••••••••

ഇന്ത്യയും ചൈനയുമായുണ്ടായിരുന്ന അതിര്‍ത്തിത്തര്‍ക്കത്തിന്‍െറ മുറിവുണക്കാന്‍ നെഹ്റു പഞ്ചശീല തത്ത്വങ്ങള്‍ ആവിഷ്കരിച്ചു. അതിലൂടെ ഇരുരാജ്യങ്ങളും ധാരണയിലെത്താന്‍ ശ്രമിച്ചു. അന്ന് ഇന്ത്യയും ചൈനയും സ്വീകരിച്ച പഞ്ചശീലങ്ങള്‍ ഇവയായിരുന്നു.

 1. രാജ്യങ്ങളുടെ അതിര്‍ത്തിയും പരമാധികാരവും പരസ്പരം ആദരിക്കുക.


 2. അന്യോന്യം ആക്രമിക്കാതിരിക്കുക.


 3. ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കുക.


 4. സമത്വവും സഹകരണവും പുലര്‍ത്തുക.

 5. സമാധാനപരമായി സഹവര്‍ത്തിക്കുക.

            എന്നാല്‍, പഞ്ചശീല തത്ത്വങ്ങളെ കാറ്റില്‍പ്പറത്തി 1962ല്‍ ചൈന, ഇന്ത്യയെ ആക്രമിച്ചു. തികച്ചും അപ്രതീക്ഷിതമായ ഈ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞില്ല. വളരെയേറെ ഇന്ത്യന്‍ പ്രദേശങ്ങള്‍ ചൈന പിടിച്ചടക്കി. ചൈനയുടെ ഈ നിഷ്ഠുരപ്രവൃത്തി നെഹ്റുവിന് കടുത്ത ആഘാതമായിരുന്നു. അതില്‍നിന്ന് പിന്നീടൊരിക്കലും അദ്ദേഹത്തിന് മുക്തി നേടാനായില്ല.


രത്നകുടുംബം

••••••••••••••••••

ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് ഭാരതരത്നം ലഭിക്കുക എന്ന അത്യപൂര്‍വ ബഹുമതി നേടിയത് നെഹ്റുകുടുംബമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന് 1955ലും മകള്‍ ഇന്ദിര ഗാന്ധിക്ക് 1971ലും ഇന്ദിരയുടെ മകന്‍ രാജീവ് ഗാന്ധിക്ക് 1991ലും ഭാരതരത്നം ലഭിക്കുകയുണ്ടായി. മൂന്നുപേരും ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്നു. നെഹ്റുവിനും ഇന്ദിരക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ് ഭാരതരത്നം ലഭിച്ചത്. എന്നാല്‍, രാജീവ് ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ് ഈ പുരസ്കാരം സമ്മാനിച്ചത്.

 


ഒരു രാജ്യസ്നേഹി ഉണരുന്നു

•••••••••••••••••••••••••••••••••••••

വിദേശപഠനകാലത്ത് നാട്ടിലെ സമരകഥകള്‍ ജവഹര്‍ വായിച്ചിരുന്നു. ബാലഗംഗാധര തിലകായിരുന്നു അക്കാലത്ത് ജവഹറിന്‍െറ ആരാധ്യനേതാവ്. ‘ഇന്ത്യയെകീഴടക്കി ഭരിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിനെ അച്ഛന്‍ വിമര്‍ശിക്കണം’ -ഒരിക്കല്‍ ജവഹര്‍ മോത്തിലാലിനെഴുതി. ഇന്ത്യയില്‍ തിരിച്ചെത്തി അലഹബാദ് ഹൈകോടതിയില്‍ വക്കീലായി ചേര്‍ന്നതോടെ ജവഹറിന്‍െറ ശ്രദ്ധ പൊതുപ്രവര്‍ത്തനത്തിലേക്കും തിരിഞ്ഞു. ഗോപാലകൃഷ്ണഗോഖലെയുടെ ‘സെര്‍വന്‍റ്സ് ഓഫ് ഇന്ത്യ’യില്‍ സജീവാംഗമായി. തിളക്കുന്ന ദേശീയബോധവും സമരാവേശവും നെഹ്റുവിലെ സജീവരാഷ്ട്രീയക്കാരനെ ഉണര്‍ത്തി. താമസിയാതെകോണ്‍ഗ്രസില്‍ ചേരുകയും 1912ല്‍ നടന്ന ബങ്കിപ്പൂര്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രതിനിധിയായി സംബന്ധിക്കുകയും ചെയ്തു. 1915ലെ ഒരു പൊതുയോഗത്തില്‍ നെഹ്റു നടത്തിയ ഇംഗ്ളീഷിലുള്ള പ്രസംഗം ദേശാഭിമാന പ്രചോദിതമെന്ന് അക്കാലത്തെ മിതവാദി നേതാവായിരുന്ന ഡോ. തേജ് ബഹാദൂര്‍ സുപ്രു അടക്കമുള്ള ദേശാഭിമാനികള്‍ പ്രകീര്‍ത്തിച്ചു. 1916ലെ ലഖ്നോ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജി എന്ന മഹാപുരുഷനെ ആദ്യമായി കണ്ട നെഹ്റു, ആ അതുല്യവ്യക്തിപ്രഭാവത്തെ അദ്ഭുതാദരങ്ങളോടെ നോക്കിനിന്നു! ആ യുഗപുരുഷന്‍െറ സമരതന്ത്രങ്ങളുടെ മാസ്മരവലയത്തില്‍ ആകൃഷ്ടനായ നെഹ്റു സ്വാതന്ത്ര്യ സമരത്തീച്ചൂളയിലേക്ക് സ്വയമറിയാതെയോ അറിഞ്ഞോ പാദമൂന്നുകയായിരുന്നു.


പിന്നിട്ട വഴികളിലൂടെ...

•••••••••••••••••••••••••••••

1889 - നവംബര്‍ 14 ജനനം.


1905 - ആദ്യമായി ഇംഗ്ളണ്ടിലേക്ക്. ഹാരോവില്‍ വിദ്യാഭ്യാസം.


1907 - കേംബ്രിജിലെ ട്രിനിറ്റി കോളജില്‍.


1912 - ബാരിസ്റ്റര്‍ ബിരുദവുമായി ലണ്ടനില്‍നിന്ന് മടക്കം, അലഹബാദ് കോടതിയില്‍ പ്രാക്ടിസ് തുടങ്ങി. ബങ്കിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുക്കുന്നു.


1915 - അലഹബാദില്‍ ആദ്യത്തെ പൊതുസമ്മേളന പ്രസംഗം.


1916 - ലഖ്നോ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജിയെ ആദ്യമായി കാണുന്നു.


കമലാ കൗളിനെ വിവാഹം ചെയ്തു.


1917 - മകള്‍ ഇന്ദിര പ്രിയദര്‍ശിനിയുടെ ജനനം.


1920 - ഗാന്ധിജിയുടെ നിസ്സഹകരണ-അഹിംസാ-സ്വരാജ് പ്രസ്ഥാനങ്ങളില്‍ സജീവമാകുന്നു.


1921 - ആദ്യമായി അറസ്റ്റ് വരിക്കുന്നു.


1923 - കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.


1926 - യൂറോപ്പ്, സോവിയറ്റ് യൂനിയന്‍ പര്യടനങ്ങള്‍.


1929 - ഗാന്ധിജിയുടെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു.


1930 - സിവില്‍ നിയമലംഘന സമരത്തില്‍ അറസ്റ്റ്.


1931 - പിതാവിന്‍റ മരണം. വട്ടമേശ സമ്മേളനാനന്തരം ഗാന്ധിജിയോടെപ്പം അറസ്റ്റില്‍.


  രണ്ടുവര്‍ഷം തടവ്.


1934 -ഗാന്ധിജി ഔചാരികമായി രാഷ്ട്രീയം വിട്ടു. തുടര്‍ന്ന് നെഹ്റു കോണ്‍ഗ്രസ് നേതാവ്.


          ‘ഗ്ളിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി’ പുറത്തുവന്നു.


1942 - ക്വിറ്റിന്ത്യാ സമരത്തില്‍ നെഹ്റുവും ഗാന്ധിയും അറസ്റ്റില്‍. 1945 വരെ ജയിലില്‍.


           ഗാന്ധിജി നെഹ്റുവിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നു.


1946 - ഇടക്കാല ഗവണ്‍മെന്‍റുണ്ടാക്കാന്‍ ക്ഷണം ലഭിച്ചു. ‘ഡിസ്കവറി ഓഫ് ഇന്ത്യ’ പുറത്തിറങ്ങി.


1947 - നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി.


1950 -ഇന്ത്യ റിപ്പബ്ളിക്കാവുന്നു. പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നു.


1953 - കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തു.


          ചേരിചേരാനയം പ്രശംസിക്കപ്പെടുന്നു.


1962 - ചൈനയുമായി യുദ്ധം.


 നെഹ്റുവിന്‍െറ നയതന്ത്രജ്ഞത ഫലിച്ചില്ല.


          ചേരിചേരാനയം വിമര്‍ശിക്കപ്പെട്ടു.


1963 - ചെറിയ മസ്തിഷ്കാഘാതം.


1964 - ശക്തമായ മസ്തിഷ്കാഘാതം. മേയ് 27ന് മൂന്നാമത്തെ സ്ട്രോക്കില്‍ 75ാം വയസ്സില്‍ മരണം.


പ്രാചീന ലോകചരിത്രം - കത്തുകളിലൂടെ

••••••••••••••••••••••••••••••••••••••••••••••••••••

അച്ഛന്‍ തടവറയില്‍. പത്തുവയസ്സുള്ള ഏകമകള്‍ അകലെയിരുന്ന് അച്ഛനെ ഓര്‍ത്ത് വ്യസനിച്ചിരിക്കുന്നു. സങ്കടം ഉള്ളിലൊതുക്കി എഴുത്തിലൂടെ മകളെ സാന്ത്വനിപ്പിക്കുകയായിരുന്നു അച്ഛന്‍. ഓരോ കത്തും മകള്‍ സൂക്ഷിച്ചുവെച്ചു. പില്‍ക്കാലത്ത് അച്ഛന്‍ ആ കത്തുകളൊക്കെയും ചേര്‍ത്ത് പുസ്തകരൂപത്തിലാക്കിയപ്പോള്‍ കത്തുകള്‍ക്ക് ചരിത്രപ്രാധാന്യം കൈവന്നു. അക്ഷരാര്‍ഥത്തില്‍ അതൊരു ചരിത്ര പുസ്തകംതന്നെയായി. വെറുതെ വായിച്ചു തള്ളാന്‍ പറ്റിയ കത്തുകളല്ലായിരുന്നു അവ. പത്തു വയസ്സുകാരിക്കു മാത്രമല്ല ഏത് പ്രായക്കാര്‍ക്കും എക്കാലത്തും വായിക്കാന്‍ ഇഷ്ടം തോന്നുന്നവയായി അതു മാറി. എന്തൊക്കെയായിരുന്നു ആ കത്തിലുടെ മകള്‍ക്ക് പറഞ്ഞുകൊടുത്തത്. ഭൂമിയെപ്പറ്റി, പ്രകൃതിയെപ്പറ്റി, മനുഷ്യരെപ്പറ്റി, ലോക സംസ്കാരങ്ങളെപ്പറ്റി, ഭാഷയെപ്പറ്റി, ഇതിഹാസങ്ങളെപ്പറ്റി... പ്രാചീന ലോക ചരിത്രമൊന്നൊകെ കുഞ്ഞു മനസ്സിനുചേരുന്നവിധം അതീവ ലളിതമായി മകള്‍ക്കെഴുതുമ്പോള്‍ അച്ഛന്‍െറ മനസ്സില്‍ തന്‍െറ കുഞ്ഞ് മാത്രമായിരുന്നില്ല; ഇന്ത്യയിലെങ്ങുമുള്ള കുട്ടികളായിരുന്നു നിറഞ്ഞുനിന്നത്. ഒരുകാലഘട്ടത്തിലെ കുട്ടികളല്ല. ഏത് കാലത്തേയും കുട്ടികള്‍. ഇതാണ് ആ എഴുത്തിന്‍െറ പ്രാധാന്യം. പഴമയെക്കുറിച്ച് പറയുന്ന പുതുമണമുള്ള എഴുത്ത്. സാഹിത്യലോകത്ത് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം പ്രത്യക്ഷപ്പെടാനിടയുള്ള അത്തരം എഴുത്തുകളുടെ സമാഹാരമാണ് ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍.’

അലഹബാദിലെ തടവറയില്‍നിന്ന് മകള്‍ക്കയച്ച എഴുത്തിന്‍െറ പശ്ചാത്തലത്തെക്കുറിച്ച് ആ അച്ഛന്‍ -ജവഹര്‍ലാല്‍ നെഹ്റു- ഇങ്ങനെ പറഞ്ഞു:

1928ലെ വേനല്‍ക്കാലത്ത് എന്‍െറ മകള്‍ ഇന്ദിര ഹിമാലയത്തിലുള്ള മസൂറിയിലും ഞാന്‍ അടിവാരത്തുള്ള സമരഭൂമിയിലും താമസിക്കുമ്പോള്‍ ഞാന്‍ അവള്‍ക്കെഴുതിയതാണ് ഈ കത്തുകള്‍. ഇവ പത്ത് വയസ്സുള്ള ഒരു കുട്ടിക്ക് ഞാന്‍ അച്ഛന്‍െറ നിലയില്‍ എഴുതിയതാണ്. എന്നാല്‍, മാന്യന്മാരായ ചില സ്നേഹിതന്മാര്‍ ഇവയില്‍ ചില ഗുണങ്ങള്‍ കാണുന്നുണ്ട്. അതുകൊണ്ട് കുറെയധികം പേരുടെ ദൃഷ്ടിയില്‍ പെടുത്തിയാല്‍ നന്നെന്ന് അവര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു. മറ്റു കുട്ടികള്‍ക്ക് ഇതെത്രമാത്രം രസിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. എന്നാല്‍, ഇത് വായിക്കുന്നവര്‍ ഈ ലോകം അനേകം രാഷ്ട്രങ്ങളടങ്ങിയ ഒരു ലോക കുടുംബമാണെന്ന് ക്രമേണ ചിന്തിക്കാന്‍ തുടങ്ങുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അതെഴുതുന്നതിലുണ്ടായ സന്തോഷത്തില്‍ ഒരംശമെങ്കിലും ആ കുട്ടികള്‍ക്കും ഉണ്ടായേക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു...

നാട്ടുഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത് എല്ലാ കുട്ടികള്‍ക്കും പുസ്തകം വായിക്കാന്‍ കിട്ടണമെന്ന ആഗ്രഹം പ്രകടിപ്പിച്ച ജവഹറിന്‍െറ മനസ്സ് എന്നും കുട്ടികള്‍ക്കൊപ്പമായിരുന്നു. അതുകൊണ്ടുതന്നെയാണ്, കൂട്ടുകാര്‍ക്ക് അദ്ദേഹം ‘ചാച്ചാജി’ യാവുന്നതും.

(അമ്പാടി ഇക്കാവമ്മ വിവര്‍ത്തനം ചെയ്ത ‘ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍’ ഒരു മാതൃഭൂമി പ്രസിദ്ധീകരണമാണ്).


നെഹ്റു പണ്ഡിതനും 

••••••••••••••••••••••••••••

ആദരണീയനുമായ നേതാവ്

•••••••••••••••••••••••••••••••••••••


ചരിത്ര വിഷയങ്ങളില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന മഹാപണ്ഡിതനും സര്‍ഗധനനുമായ എഴുത്തുകാരനായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. 


卐卐卐

06 മേയ് 2022

വൈകുണ്ഠസ്വാമികൾ




1809മാർച്ച്‌ 12നാണ് വൈകുണ്ഠസ്വാമി ജനിച്ചത്. 

കേരളത്തിലെ ആദ്യകാല സാമൂഹിക പരിഷ്കർത്താവായിരുന്നു വൈകുണ്ഠ സ്വാമി.മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹിക പരിഷ്‌കർത്താവ്. 

വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരി കിണർ (മണിക്കിണർ, സ്വാമിക്കിണർ )നിർമിച്ചത് ഇദ്ദേഹം ആണ്. തൈക്കാട് അയ്യ ആണ് ഇദ്ദേഹത്തിന്റെ പ്രധാന ശിഷ്യൻ. നിഷൽ താങ്കൽ എന്നാണ് സ്വാമി നിർമിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്.
1836ൽ കേരളത്തിലെ ആദ്യത്തെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന സമത്വ സമാജം നിർമിച്ചത് ഇദ്ദേഹം ആണ്.
മുടി ചൂടും പെരുമാൾ (മുത്തുകുട്ടി )എന്നും ഇദ്ദേഹത്തെ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഇദ്ദേഹം ആണ്.
തിരുവിതാം കൂറിലെ ഭരണത്തെ നീച ഭരണം എന്നും ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന്റെ ഭരണം എന്നും വെളുത്ത പിശാച് എന്നും വിശേഷിപ്പിച്ചു ഇദ്ദേഹം. സ്വാതി തിരുനാളിന്റെ കാലത്ത് ഇദ്ദേഹത്ത അറസ്റ്റ് ചെയ്തു പാർപ്പിച്ചത് ശിങ്കാരിത്തോപ്പിൽ ആണ്.
ചിട്ടയായി ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ തുവയൽ പന്തി കൂട്ടായ്മ സ്ഥാപിച്ചു.
തീ ജ്വാല വഹിക്കുന്ന താമര ചിഹ്നമുള്ള അയ്യാവശി എന്ന മതം സ്ഥാപിച്ചു ഇദ്ദേഹം.
നിശാ പാഠശാലകൾ നിർമിച്ചു വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലാക്കി.
വിഷ്ണുവിന്റെ അവതാരമാണ് താനെന്നു സ്വയം വിശേഷിപ്പിച്ചതും വൈകുണ്ഠ സ്വാമികൾ ആണ്.
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, എന്നിങ്ങനെ പ്രസ്താവിച്ചു. 
പന്തിഭോജനം നടത്തി അയിത്തത്തെ വെല്ലുവിളിച്ച നവോഥാന നായകൻ.
വൈകുണ്ഠ സ്വാമി ധർമ പ്രചാരണ സഭ (VSDP)ഇദ്ദേഹത്തിന്റെ സംഘടന ആണ്.
വേലചെയ്താൽ കൂലികിട്ടണം എന്ന് മുദ്രാവാക്യം മുഷാക്കി.
അകിലതിരുട്ട്, അരുൾ നൂൽ എന്നിവ ഇദ്ദേഹത്തിന്റ കൃതികൾ ആണ്.
1851ജൂൺ 3ന് വൈകുണ്ഠ സ്വാമി അന്തരിച്ചു.

ക്വിസ്

1. വൈകുണ്ഠ സ്വാമികൾ ജനിച്ചത്?
ans : 1809 മാർച്ച് 12(സ്വാമിത്തോപ്പ് നാഗർകോവിൽ)

2. വൈകുണ്ഠസ്വാമിയുടെ മാതാപിതാക്കൾ?
ans : പൊന്നു നാടാർ, വെയിലാൾ.

3. മേൽമുണ്ട് സമരത്തിന് പ്രചോദനം നൽകിയ സാമൂഹ്യ പരിഷ്കർത്താവ്?
ans : വൈകുണ്ഠ സ്വാമി.

4. വൈകുണ്ഠ ക്ഷേത്രത്തിനു സമീപമുള്ള മുന്തിരിക്കിണർ (മണിക്കിണർ, സ്വാമിക്കിണർ) നിർമ്മിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.

5. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ?
ans : തൈക്കാട് അയ്യ.

6. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്?
ans : നിഴൽ താങ്കൽ.

7. വൈകുണ്ഠ മല സ്ഥിതി ചെയ്യുന്നത്?
ans : അത്തളവിളൈ (കന്യാകുമാരി).

8. വിശുദ്ധിയോടുകൂടിയ ചിട്ടയായ ജീവിതം നയിക്കുന്നതിന് പരിശീലനം നൽകാൻ ‘തുവയൽ പന്തി കൂട്ടായ്മ’ സ്ഥാപിച്ചത്?
ans : അയ്യാ വൈകുണ്ഠ സ്വാമികൾ.

9. നിശാപാഠശാലകൾ സ്ഥാപിച്ച് ‘വയോജന വിദ്യാഭ്യാസം' എന്ന ആശയം ആദ്യം നടപ്പിലാക്കിയത്?
ans : വൈകുണ്ഠ സ്വാമികൾ.

10. ‘വിഷ്ണുവിന്റെ അവതാരമാണ് താനെന്ന്’ സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ?
ans : അയ്യാ വൈകുണ്ഠ സ്വാമികൾ.

11. സമപാന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ?
ans : വൈകുണ്ഠ സ്വാമികൾ.

12. കേരളത്തിലെ സാമൂഹ്യപരിഷ്കർത്താക്കളിൽ ആദ്യത്തെയാൾ ആരാണ്?
ans : വൈകുണ്ഠ സ്വാമികൾ.

13. സമ്പൂർണ്ണ ദേവൻ എന്നറിയപ്പെട്ടിരുന്നത്?
ans : വൈകുണ്ഠ സ്വാമികൾ.

14. ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന് എന്ന് പ്രസ്താവിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.

15. സ്വാതി തിരുനാളിന്റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം?
ans : ശിങ്കാരത്തോപ്പ്.

16. 5 പേർ അടങ്ങിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യഗണം അറിയപ്പെട്ടിരുന്ന പേര്?
ans : സീടർ.

17. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന?
ans : വി.എസ്.ഡി.പി(വൈകുണ്ഠ സ്വാമി ധർമ്മ പ്രചരണ സഭ).

18. വൈകുണ്ഠ സ്വാമികളുടെ കൃതികൾ?
ans : അകലത്തിരുട്ട്, അരുൾനുൽ.

19. വൈകുണ്ഠ സ്വാമി അന്തരിച്ചത്?
ans : 1851 ജൂൺ 3.

അയ്യാവഴി

1. അയ്യാ വഴി എന്ന മതം സ്ഥാപിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.

2. അയ്യാവഴിയുടെ ചിഹ്നം?
ans : തീജ്വാല വഹിക്കുന്ന താമര.

3. അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം എന്നറിയപ്പെടുന്നത്?
ans : ദച്ചനം (തിരിച്ചന്തൂർ).

4. അയ്യാവഴി ക്ഷേത്രങ്ങളെ പൊതുവെ അറിയപ്പെടുന്ന പേര്?
ans : പതികൾ.

5. മുടിചൂടും പെരുമാൾ (മുത്തുകുട്ടി) എന്ന നാമധേയത്തിൽ അറിയപ്പെട്ടിരുന്നത്?
ans : വൈകുണ്ഠ സ്വാമികൾ.

6. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
ans : വൈകുണ്ഠ സ്വാമികൾ.

ആഹ്വാനങ്ങൾ

1. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തെ എതിർത്ത നവോത്ഥാന നായകൻ?
ans : അയ്യാ വൈകുണ്ഠ സ്വാമികൾ.

2. കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ ആരാധിക്കാൻ നിർദ്ദേശിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.

3. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം മുഴക്കിയത്?
ans : വൈകുണ്ഠ സ്വാമികൾ.

വിശേഷണങ്ങൾ

1. തിരുവിതാംകൂറിലെ ഭരണത്തെ 'നീച ഭരണം' എന്ന് വിശേഷിപ്പിച്ചത്?
ans : വൈകുണ്ഠസ്വാമികൾ.

2. ബ്രിട്ടീഷ് ഭരണത്തെ 'വെള്ള നീചന്റെ ഭരണം’ എന്ന് വിശേഷിപ്പിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.

3. ബ്രിട്ടീഷ് ആധിപത്യത്തെ 'വെളുത്ത പിശാച്' എന്ന് വിശേഷിപ്പിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.

തൈക്കാട് അയ്യ (1814-1909)

1. തൈക്കാട് അയ്യാ ജനിച്ച വർഷം?
ans : 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം).

2. പന്തിഭോജനം ആരംഭിച്ച  സാമൂഹിക പരിഷ്ണകർത്താവ്?
ans : തൈക്കാട് അയ്യ.

3. അയ്യാവിന്റെ പത്നിയുടെ പേര്?
ans : കമലമ്മാൾ.

4. തൈക്കാട് അയ്യാവിന്റെ പ്രധാന ശിഷ്യന്മാർ?
ans : ശീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി.

5. തൈക്കാട് അയ്യാവിനെ ആത്മീയമായി സ്വാധീനിച്ച തമിഴ് സന്യാസിമാർ?
ans : സച്ചിദാനന്ദ മഹാരാജ്, ചിട്ടി പരദേശി.

6. തൈക്കാട് അയ്യാവിന്റെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ്?
ans : സ്വാതി തിരുനാൾ.

7. ആരുടെ ആവശ്യപ്രകാരമാണ് സ്വാതിതിരുനാൾ വൈകുണ്ഠസ്വാമിയെ ജയിലിൽ നിന്നും മോചിപ്പിച്ചത്?
ans : തൈക്കാട് അയ്യാ ഗുരുവിന്റെ.

8. 'ഇന്ത ഉലകത്തിലെ ഒരേ ഒരു ജാതിതാൻ, ഒരേ ഒരു മതം താൻ, ഒരേ ഒരു കടവുൾ താൻ എന്ന പ്രസിദ്ധമായ മുദ്രാവാക്യം പിൽക്കാലത്ത് തൈക്കാട്ട് അയ്യായുടെ ഏത് ശിഷ്യൻ വഴിയാണ്  പ്രശസ്തമായത്?
ans : ശ്രീനാരായണ ഗുരു.

9. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജറായി നിയോഗിച്ചത്?
ans : മഗ്ഗ്രിഗർ.

10. തൈക്കാട് അയ്യ സമാധിയായ വർഷം?
ans : 1909 ജൂലൈ 20.

11. തൈക്കാട് അയ്യാമിഷൻ രൂപം കൊണ്ട വർഷം?
ans : 1984.

12. തൈക്കാട് അയ്യാ സ്വാമി ക്ഷേത്രത്തിലെ ആരാധനാ  മൂർത്തി?
ans : ശിവൻ.

13. മനോൻമണിയം സുന്ദരൻപിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയകേന്ദ്രം?
ans : ശൈവപ്രകാശ സഭ (ചാല).

14. തിരുവിതാംകൂറിൽ ആദ്യ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി എടുത്തത്?
ans : മനോൻമണിയം സുന്ദരൻപിള്ള.

15. തൈക്കാട് അയ്യ ചെന്നൈയിലെ അഷ്ടപ്രധാസഭയിലാണ് പ്രഭാഷണങ്ങൾ നടത്തിയിരുന്നത്.

സമത്വസമാജം

1. സമത്വസമാജം സ്ഥാപിച്ചത്?
ans : വൈകുണ്ഠ സ്വാമികൾ.

2. സമത്വസമാജം സ്ഥാപിച്ചവർഷം?
ans : 1836.

3. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത്?
ans : സമത്വസമാജം.

അറിയപ്പെട്ടിരുന്ന പേരുകൾ

1. തൈക്കാട് അയ്യായുടെ യഥാർത്ഥ പേര്?
ans : സുബ്ബരായൻ.

2. ശിവരാജയോഗ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
ans : തൈക്കാട് അയ്യ.

3. 'ഗുരുവിന്റെ ഗുരു’ എന്നു വിശേഷിപ്പിക്കുന്ന നവോത്ഥാന നായകൻ?
ans : തൈക്കാട് അയ്യ.

4. ‘ഹഠയോഗോപദേഷ്ടാ’ എന്നറിയപ്പെടുന്നത്?
ans : തൈക്കാട് അയ്യ.

5. അയ്യാവിന്റെ ജനങ്ങൾ ബഹുമാനപൂർവ്വം വിളിച്ചിരുന്ന പേര്?
ans : സൂപണ്ട് അയ്യ.

6. തൈക്കാട് അയ്യയുടെ സ്മരണാർത്ഥം  അയ്യാസ്വാമി ക്ഷേത്രം സ്ഥാപിച്ച  സ്ഥലം?
ans : തിരുവനതപുരം (1943).

*രാമായണം പാട്ട്, രാമായണം, ബാലകണ്ഠം, പഴനി വൈഭവം, ബ്രഹ്മോത്തരകാണ്ഡം, ഉജ്ജയിനി മഹാകാളി പഞ്ചരത്നം, ഹനുമാൻ പാമലൈ, എന്റെ കാശിയാത്ര.
ans : തൈക്കാട് അയ്യ.

പാലിയത്തച്ചന്മാർ

 

പാലിയം പാലസ് മ്യൂസിയം


       പാലിയത്തച്ചന്മാർ 1632 മുതൽ 1809 വരെ കൊച്ചി രാജാക്കന്മാരുടെ മന്ത്രി മുഖ്യൻ എന്ന പദവി വഹിച്ചുവന്നു. 1663-ലാണ് പാലിയത്തച്ചന്മാർ ഈ പദവിയിലെത്തിയതെന്നും ചില സ്രോതസ്സുകൾ പറയുന്നു. കൊച്ചീരാജാവ് കഴിഞ്ഞാൽ ഈ പ്രദേശത്തെ അധികാരവും പദവിയും സമ്പത്തുമുള്ള ആളുകളായിരുന്നു പാലിയത്തച്ചന്മാർ. കൊച്ചിയിൽ പാതി പാലിയം എന്ന ചൊല്ലുതന്നെ ഇവരുടെ ശക്തിയും സ്വാധീനവും വെളിവാക്കുന്നുണ്ട്. ഡച്ചുകാരുടെ സഹായത്തോടെ പാലയത്തച്ചൻ നിർമ്മിച്ച ഡച്ചു മോഡൽ കൊട്ടാരമാണ് ഇന്നും പാലിയത്തച്ചന്മാരുടെ ആസ്ഥാന മന്ദിരം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം പാലിയം സ്വത്തുക്കൾ വിട്ടുപോയതോടെ ബാക്കിയുള്ളവ നോക്കി നടത്താൻ ‘ഈശ്വരസേവട്രസ്റ്റ്’ രൂപീകരിച്ചിട്ടുണ്ട്.

ഇരവി കോമിയച്ചൻ

1585-ൽ പാലിയം ഭരിച്ച പാലിയത്തച്ചൻ. വില്ലാർവട്ടത്തെ അവസാനത്തെ രാജാവായ രാമവർമ്മയുടെ മകനായിരുന്നു എന്ന് കൊച്ചി സ്റ്റേറ്റ് മാനുവലിൽ പറയുന്നുണ്ട്. കൊച്ചിയിൽ ആധുനിക ഭരണ സമ്പ്രദായം നടപ്പിലാക്കിയത് കോമി അച്ചന്റെ ഭരണകാലത്തായിരുന്നു.

ഇട്ടിണ്ണാനച്ചൻ

1681 -ൽ കൊച്ചി മന്ത്രിയായിരുന്ന പാലിയത്തച്ചൻ. 1666 മുതൽ തന്നെ ഇയാൾ അധികാരം കയ്യാളിയിരുന്നു.

ഇട്ടിക്കണ്ണനച്ചൻ

1694 കാലത്തു ജീവിച്ചിരുന്ന പാലിയത്തച്ചൻ. ഇയാൾ സാമൂതിരിയുടേ അനുഭാവി ആയിരുന്നു. ബാവൻ പ്രഭുവുമായി ചേർന്ന് കൊച്ചിക്കെതിരായി പ്രവർത്തിച്ചു.

ഇട്ടിക്കുമാരനച്ചൻ

1730 കളിലെ പാലിയത്തച്ചൻ. ഡച്ചുകാർക്ക് പ്രിയപ്പെട്ടവൻ ആയിരുന്ന മലപൈയെ ഇയാൾ വധിച്ചു. തുടർന്ന് കൊച്ചി രാമവർമ്മ രാജാവ് ഇയാളെ സ്ഥാനഭ്രഷ്ടനാക്കി. സ്വത്ത് മുഴുവനും കണ്ടുകെട്ടി.

ഇട്ടിണ്ണാനച്ചൻ II

1739 ലെ പ്രശസ്തനായ പാലിയത്തച്ചൻ. 1721-39 വരെ വാണ കൊച്ചി രാജാവ് പാലിയത്തച്ചൻ്റെ ഭൂസ്വത്തുക്കൾ കണ്ടു കെട്ടുകയും പദവി നിർത്തലാക്കുകയും ചെയ്തു. എന്നാൽ ഇട്ടിണ്ണാനച്ചൻ മാപ്പു പറഞ്ഞ് 1739 ൽ പിഴ ഒടുക്കി സ്വത്തുക്കൾ തിരികെ വാങ്ങി.

കോമി അച്ചൻ

1770 ൽ അധികാരത്തിൽ വന്ന പാലിയത്തച്ചൻ

ഇട്ടിണ്ണാനച്ചൻ III

1784 കോമി അച്ചൻ മരിച്ചപ്പോൾ ഇയാൾ യുവാവായിരുന്നതിനാൽ കൊച്ചി സർവ്വാധികായക്കാരുടെ അധികാരം ലഭിച്ചില്ല. അതിനാൽ ആ കാലയളവിൽ ഹെൻഡ്രിക് റെയിൻസ് സർവ്വാധികാര്യക്കാരനായി.

        കൊച്ചി രാജ്യത്ത് ക്ഷേത്രപ്രവേശന വിളംബരത്തിന് നാന്ദിയായ സത്യാഗ്രഹമാണ് പാലിയം സത്യാഗ്രഹം.

        പാലിയം കുടുംബക്കാർ 1952-ൽ ഒരു രൂപ വിലയ്ക്ക് ഉപാധികളില്ലാതെ സർക്കാരിലേക്ക് നൽകിയ സ്ഥാപനമാണ് ചേന്ദമംഗലം ഗവ ഹൈസ്ക്കൂൾ. പാലിയത്തുനിന്നും ലഭിച്ച രണ്ടു ചെപ്പേടുകൾ തിരുവിതാംകൂർ ആർക്കിയോളജിക്കൽ സീരിസിൽ 1910-ലും 1912-ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിൽ ഒരെണ്ണം 1663 മാർച്ച് 22-ന് കൊച്ചി രാജകുടുംബം ലന്തക്കമ്പനി (ഡച്ച് ഈസ്റ്റിന്ത്യാക്കമ്പനി) യുമായുണ്ടാക്കിയ ഉടമ്പടിയുടെ പ്രമാണമാണ്. അടുത്ത ചെപ്പേട് ആയ് രാജാവായ വിക്രമാദിത്യ വരഗുണന്റേതാണ്. അദ്ദേഹം തിരുമൂലപാദത്തു ഭട്ടാരകർക്കു കുറെയധികം ഭൂമി ദാനം ചെയ്യുന്നതിന്റെ പ്രമാണമാണിത്. ഇതിന്റെ കാലം എ.ഡി.ഒൻപതാം ശതകമാണെന്ന് സൂചനയുണ്ട്. ചേന്ദമംഗലം ആണ് ഇവരുടെ ആസ്ഥാനം.

03 മേയ് 2022

വേലുത്തമ്പി ദളവ

വേലുത്തമ്പി ദളവ




1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്. അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമർശിക്കുന്നവരും ഉണ്ട്

ജീവിത രേഖ

1765 ജനനം.

1784 കൽക്കുളം മണ്ടപത്തും വാതുക്കൽ കാര്യക്കാരായി.

1799 മേയ് 3 - ഇരണിയലിൽ, വേലുത്തമ്പിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം; ജൂൺ 12 - നാട്ടുകൂട്ടം രാജസന്നിധിയിൽ; ഓഗസ്റ്റ് 15 - വേലുത്തമ്പി മുളകു മടിശ്ശീല സർവാധികാര്യക്കാർ (വാണിജ്യ വ്യവസായ മന്ത്രി).

1802 ദളവയായി.

1804 ദളവയ്ക്കെതിരെ കലാപം.

1805 ഇംഗ്ലീഷുകാരുമായി ഉടമ്പടി നവീകരിച്ചു.

1808 റസിഡന്റ് മെക്കാളയ്ക്കെതിരെ ആക്രമണം.

1809 ജനുവരി 14 - കുണ്ടറ വിളംബരം; മാർച്ച്.

18 - ദളവാ പദവിയിൽ നിന്ന് പുറത്തായി. ഏപ്രിൽ 8-ന് ആത്മഹത്യ.

1765 ൽ അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്നാടിന്റെ) നാഗർകോവിലിനടുത്തുള്ള കൽക്കുളം എന്ന ഗ്രാമത്തിലാണ് വേലായുധൻ ജനിച്ചത്. വേലായുധൻ തമ്പി എന്നാണ് മുഴുവൻ പേർ. അച്ഛൻ കുഞ്ഞുമായിട്ടിപ്പിള്ളയും അമ്മ വള്ളിയമ്മ തങ്കച്ചിയുമായിരുന്നു. മഹാരാജാവിൽ നിന്ന് ചെമ്പകരാമൻ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാർ. വേലുത്തമ്പി എന്നാണ് ചെറുപ്പം മുതൽക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 959മാണ്ടിൽ കാർത്തികതിരുനാൾ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാർ അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് കാർത്തികതിരുനാൾ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്താൽ കവർച്ചക്കാരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെടുക്കയും ചെയ്തു. അങ്ങനെ കാർത്തികതിരുനാൾ മഹാരാജാവിനാൽ അനുഗൃഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തിൽ കാര്യക്കാരനായി ജോലി ലഭിച്ചു. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. രാജാ കേശവദാസായിരുന്നു അന്നത്തെ ദളവ.

അന്നത്തെ രാഷ്ടീയ ചരിത്രം

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ അഥവാ തിരുവിതാങ്കോട്. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും ചേർന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി.

1798 ഫെബ്രുവരി 17 നു കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് നാടുനീങ്ങിയപ്പോൾ 16 വയസ്സുണ്ടായിരുന്ന അവിട്ടം തിരുനാൾ രാമവർമ്മ രാജാവ് സ്ഥാനാരോഹണം ചെയ്തു. തിരുവിതാംകൂർ രാജാക്കന്മാരുടെ വംശപരമ്പരയിൽ ഏറ്റവും ദുർബലനും ഭരണകാര്യങ്ങളിൽ അറിവും വിവേകവും കുറഞ്ഞവനുമായാണ് അവിട്ടം തിരുനാൾ മഹാരാജാവിനെ കാണുന്നത്. അദ്ദേഹം ഏതാനും കൊട്ടാര സേവകന്മാരുടെ വശംവദനായാണ് ഭരണം നിർവ്വഹിച്ചിരുന്നത്. അദ്ദേഹം സ്ഥാനമേറ്റ ആദ്യകാലത്താണ് വേലുത്തമ്പി കൊട്ടാരത്തിലെ കാര്യക്കാരനായി നിയമിതനാകുന്നത്. പ്രായം കുറഞ്ഞവനും ദുർബലനുമായിരുന്നു രാജാവെങ്കിലും ശക്തനായ രാജാ കേശവദാസ് ദിവാനായി ഉണ്ടായിരുന്നു.

ജയന്തൻ നമ്പൂതിരിയുടെ നിയമനം

അവിട്ടം തിരുനാൾ മഹാരാജാവായതിനു ശേഷം അധികം താമസിയാതെ രാജകേശവദാസ് അന്തരിച്ചു 1799. തുടർന്ന് ജയന്തൻ നമ്പൂതിരിയെ സർവ്വാധികാര്യക്കാരനായി നിയമിച്ചു. ദിവാനെ തിരഞ്ഞെടുക്കുന്നതിനായി ഇംഗ്ലീഷുകാരുടെ സഹായം തേടണമെന്ന വെല്ലസ്ലി പ്രഭുവിന്റെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ദിവാൻ സ്ഥാനത്തേക്ക് ജയന്തനെ നിയമിച്ചില്ല. എങ്കിലും ദളവയുടെ സകല അധികാരങ്ങളും അദ്ദേഹത്തിനു നൽകി. ഇക്കൂട്ടത്തിൽ തലക്കുളത്തു ശങ്കരനാരായണൻ ചെട്ടിയെ വലിയ മേലെഴുത്തായും തച്ചിൽ മാത്തൂത്തരകനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചിരുന്നു. എന്നാൽ ഇതെല്ലാം അന്നത്തെ റസിഡന്റിനോട് കൂടിയാലോചിച്ച് എടുത്ത നിയമനമല്ലാത്തതിനാൽ ഇംഗ്ലീഷുകാർക്ക് പൊരുത്തപ്പെടാനായില്ല.

ജയന്തൻ നമ്പൂതിരിയുടെ ഭരണത്തെപ്പറ്റി എല്ലാ തിരുവിതാംകൂർ ചരിത്രകാരന്മാരും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂവരുടെ കീഴിലുള്ള ദുർഭരണം നിമിത്തം ജനങ്ങൾ പൊറുതിമുട്ടിയത്രെ. തരകൻ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും ശങ്കരനാരായണൻ നിലങ്ങൾ പലതും സ്വന്തം പേരിലാക്കുകയും ചെയ്തു. ഉപ്പിന്റെ വില വരെ വർദ്ധിപ്പിക്കുകയുണ്ടായി. എന്നാൽ ഇത് വെറും 25 ദിവസത്തെ മാത്രം ഭരണമായിരുന്നു. ഇതിനെതിരെ വേലുത്തമ്പി ജനങ്ങളെ ലഹളക്ക് പ്രേരിപ്പിച്ചു എന്നാണ് പറയുന്നത്. ആരോപണവിധേയരായ മന്ത്രിമാരെ പിരിച്ചുവിട്ടു. അക്കാലത്ത് തലക്കുളം കാര്യക്കാരെന്ന താണപദവിയാണ് വേലുത്തമ്പി ദളവുക്കുണ്ടായിരുന്നത്. രാജാവ് വേലുത്തമ്പി ദളവയെ വാണിജ്യവകുപ്പു മന്ത്രിയാക്കി, 1801ൽ തിരുവിതാംകൂർ ദളവ (മുഖ്യമന്ത്രി)യായും അവരോധിച്ചു.

മറ്റൊരു അഭിപ്രായപ്രകാരം ജയന്തൻ നമ്പൂതിരി ഭരണമേറ്റകാലത്ത് രാജഭണ്ഡാരത്തിൽ പണമില്ലായിരുന്നു. അതിനാൽ ദൂർത്തടിക്കുന്നതിനെക്കുറിച്ചുള്ള ആരോപണം ശരിയല്ല. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനായി പണം സമ്പാദിച്ചത് തന്നെ മാത്തൂത്തരകൻ എന്ന വ്യാപാരിയിൽ നിന്ന് കടം വാങ്ങിയ 15 ലക്ഷം രൂപ മൂലമാണ് അതിനു പ്രത്യുപകാരമായാണ് രാജാവ് അദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചതും. ഈ പണം തിരികെ കൊടുക്കേണ്ടതിനുവേണ്ടിയും രാജഭണ്ഡാരം ശക്തമാക്കുന്നതിനായും ജയന്തൻ ശങ്കരൻ നമ്പൂതിരി ജനങ്ങളിൽ നിന്ന് സംഭാവന പിരിക്കാൻ തീരുമാനിച്ചു. ഈ സംഭാവനയ്ക്കെതിരെ സവർണ്ണരായ വ്യാപാരികൾ പ്രതിഷേധിച്ചു. വേലുത്തമ്പിക്ക് സംഭാവനയായി അടക്കേണ്ടിയിരുന്ന തുക 20000 കൂലിപ്പണമാണ് (5000 രൂപ) ഇതടക്കാനായി അല്പം സാവകാശം അനുവദിച്ച് രേഖ എഴുതിവാങ്ങിച്ചു പിരിവുദ്യോഗസ്ഥന്മാർ അദ്ദേഹത്തെ വിട്ടയച്ചു എന്നുമാണ് കഥ. എന്നാൽ തമ്പി സംഭാവന അടക്കാൻ വഴി ആലോചിക്കുന്നതിനു പകരമായി നാട്ടിലെത്തി നമ്പൂതിരി ഭരണത്തിനെതിരെ ഗ്രാമത്തലവന്മാരോട് സംഘടിക്കുവാനഭ്യർത്ഥിച്ചു. നമ്പൂതിരി ഭരണത്തെ ഭയപ്പെട്ടിരുന്ന പണക്കാർ എല്ലാവരും അദ്ദേഹത്തിൻ സഹായം വാഗ്ദാനം ചെയ്തു.

വേലുത്തമ്പി സ്ഥാനഭ്രഷ്ടനാകുന്നു

മഹാരാജാവിനെതിരെ അഭ്യന്തര ലഹള സംഘടിപ്പിക്കുമ്പോൾ വേലുത്തമ്പി കാര്യക്കാരനായ ഉദ്യോഗസ്ഥനായിരുന്നോ എന്നതിനു തെളിവില്ല. കാര്യക്കാർ സ്ഥാനത്തെക്കുറിച്ച് രണ്ട് അഭിപ്രായമാണ് ചരിത്രകാരന്മാർക്കിടയിൽ നിലനിൽക്കുന്നത്. രാജാ കേശവദാസുമായി അഭിപ്രായവ്യത്യാസമുണ്ടായതായും, ടിപ്പു സുൽത്താനെതിരായി നടത്തിയ യുദ്ധത്തിനു ചെലവായ പണം പിരിക്കാൻ കാര്യക്കാരെ ചുമതലപ്പെടുത്തുകയും അത് പിരിക്കാതിരുന്നതിനോ പിരിച്ച പണം ഖജനാവിലടക്കാതെ സ്വന്തം കാര്യത്തിനായി ഉപയോഗിച്ചതിനാലോ ദിവാൻ തന്നെ അദ്ദേഹത്തെയും മറ്റു ചില കാര്യക്കാരേയും പിരിച്ചുവിട്ടതായി ചില ചരിത്രകാരന്മാർ സംശയിക്കുന്നു.

നായന്മാരുടെ എതിർപ്പ്

മുന്നത്തെ നൂറ്റാണ്ടിൽ നിന്ന് വിരുദ്ധമായി നമ്പൂതിരിമാരിൽ നിന്ന് നായന്മാരിലേക്ക് അധികാരവും സമൂഹത്തിലെ മേധാവിത്വവും പകർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഒരു നമ്പൂതിരി നായന്മാർക്ക് മുകളിൽ വരുന്നത്. മാത്രവുമല്ല ജയന്തൻ നമ്പൂതിരി നിർബന്ധിത പണപ്പിരിവ് നടത്തിയിരുന്നത് സമൂഹത്തിലെ ഉന്നതരായ നായന്മാരിൽ നിന്നുമായിരുന്നു. അവർ നാട്ടിലെ പ്രമാണിമാരായിരുന്നു. പണം അടക്കാത്തവരെ പരസ്യമായി മുക്കാലിയിൽ ബന്ധിച്ച് അടിക്കുകയും മറ്റു ദണ്ഡനരീതികൾ അവലംബിക്കുകയുമായിരുന്നു നമ്പൂതിരിയുടെ ആളുകൾ ചെയ്തിരുന്നത്. ഒട്ടാകെ ഭയവും കയ്യൂക്കുള്ളവർക്കിടയിൽ പ്രതിഷേധവും വരുത്താനിടയാക്കി.

നായരായിരുന്ന കേശവദാസൻ അന്തരിച്ചുണ്ടായ ഒഴിവിലേക്ക് മറ്റൊരു നായരെ നിയമിക്കാഞ്ഞത് നായന്മാരിൽ പ്രതിഷേധ സ്വരം വളർത്തി. മാത്രവുമല്ല നമ്പൂതിരി അന്യദേശക്കാരനുമായിരുന്നു. മറ്റു രണ്ടു നിയമനങ്ങളും, അതായത് ശങ്കരനാരായണൻ ചെട്ടിയും മാത്തൂത്തരകനും അന്യജാതിക്കാരും അന്യദേശക്കാരുമായിരുന്നു എന്നതും നായന്മാരിലെ ദേഷ്യത്തെ ആളിക്കത്തിച്ചിരുന്നു. രാജാകേശവദാസനെ കൊന്നതിനു പിന്നിൽ നമ്പൂതിരിക്കും രാജാവിനും പങ്കുണ്ടെന്ന വാർത്ത വിശ്വസിപ്പിക്കാനും തമ്പി ശ്രമിച്ചിരുന്നു.

ലഹള

വേലുത്തമ്പിക്ക് നൽകപ്പെട്ട 3 ദിവസം കഴിഞ്ഞു. എന്നാൽ വേലുത്തമ്പിയാകട്ടേ പെരുമ്പറയടിച്ച് ആലപ്പുഴവരെയുള്ള ജനങ്ങളെ വിളിച്ചുകൂട്ടി ലഹളക്ക് പ്രേരിപ്പിക്കുന്ന തിരക്കിലുമായിരുന്നു. പണക്കാരും സവർണ്ണരുമായ ജനങ്ങൾ വേലുത്തമ്പിയുടെ അഭിപ്രായത്തോടെ യോജിച്ചു. എന്നാൽ അവധി കൊടുത്ത് ദിനങ്ങൾ കഴിഞ്ഞതോടെ വേലുത്തമ്പിയിൽ നിന്ന് തുക വസൂലാക്കാനായി ഉദ്യോഗസ്ഥർ എത്തുകയും ചെയ്തു. എന്നാൽ വേലുത്തമ്പി അപ്പോൾ ലഭ്യമായ ആളുകളേയും കൂട്ടി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു എന്നുമാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. (ഇന്നത്തെപ്പോലത്തെ വാഹനസൗകര്യമൊന്നുമില്ലാതിരുന്ന അക്കാലത്ത് ആലപ്പുഴയിൽ നിന്ന് പട്ടാളക്കാരെക്കൂട്ടി തിരുവനന്തപുരത്തേക്ക് എത്തണമെങ്കിൽ 30 ദിവസമെങ്കിലും വേണ്ടിവരുമെന്ന് എതിരഭിപ്രായക്കാർ പറയുന്നു)

വേലുത്തമ്പിയുടെ നേതൃത്വത്തിൽ ജനങ്ങൾ ലഹളക്ക് തയ്യാറായി വന്നതോടെ രാജാവിനു ഗത്യന്തരമില്ലാതായി. സഹായമഭ്യർത്ഥിക്കാൻ ആരുമില്ലാതായ അവസ്ഥ. ഇംഗ്ലീഷുകാരോട് ഇടഞ്ഞാണ് സർവ്വാധികാര്യക്കാരനെ നിയമിച്ചത് എന്നതിനാൽ അവരോടും സഹായം അഭ്യർത്ഥിക്കാൻ അദ്ദേഹത്തിനായില്ല. പാളയത്തിൽ തന്നെ പടവരുമെന്ന വിവരം അദ്ദേഹത്തിന്റെ ചാരന്മാർ അറിഞ്ഞതുമില്ല. തന്മൂലം കീഴടങ്ങാൻ രാജാവ് തീരുമാനിച്ചു. എന്നാൽ ഒരു കുപ്പിണി ഇംഗ്ലീഷ് പട്ടാളം രാജാവിന്റെ അഭ്യമഭ്യർത്ഥന മാനിച്ച് പാളയംകോട്ട് നിന്നു വന്നതായും സംഭവങ്ങൾ വീക്ഷിച്ച ശേഷം നമ്പൂതിരിയെ നാടുകടത്താൻ നിർദ്ദേശിച്ചതല്ലാതെ സഹായം ചെയ്തില്ല എന്നും ഭാഷ്യമുണ്ട്.

വേലുത്തമ്പിയുടെ നേതൃത്വത്തിലുള്ള ലഹളക്കാർ നാലു വ്യവസ്ഥകൾ വച്ചു

1️⃣ വലിയ സർവകാര്യക്കാരായ ജയന്തൻ ശങ്കരൻ നമ്പൂതിരിയെ ഉടൻ പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്യുക.

2️⃣ അദ്ദേഹത്തെ യാതൊരു കാരണവശാലും രാജാവ് തിരിച്ച് വിളിപ്പിക്കില്ല എന്ന് വിളംബരം പുറപ്പെടുവിക്കുക.

3️⃣ ശങ്കരനാരായണന് ചെട്ടിയേയും മാത്തൂത്തരകനേയും പൊതുനിരത്തിൽ വച്ച് ശിക്ഷിക്കുകയും അവരുടെ ചെവി അറത്തു കളയുകയും ചെയ്യുക.

4️⃣ ഉപ്പു നികുതി തുടങ്ങിയ ദ്രോഹ നികുതികൾ നിർത്തലാക്കുക.

രാജാവ് ഇതെല്ലാം അംഗീകരിക്കുകയും ഉപ്പിന്റേയും നാളികേരത്തിന്റെയും പരുത്തിയുടേയും നിലക്കടലയുടേയും തീരുവ പകുതിയായി കുറക്കുകയും ചെയ്തു. ലഹളക്കാരിൽ പ്രധാനികളുടെ ആവശ്യപ്രകാരം ചിറയിൻകീഴ് അയ്യപ്പൻ ചെമ്പകരാമൻ പിള്ളയെ വലിയ സർവകാര്യക്കാരനായും (നമ്പൂതിരിക്ക് പകരം) മുളക് മടിശ്ശീല സർവകാര്യക്കാരായി (ധനകാര്യമന്ത്രി) വേലുത്തമ്പിയെ നിയമിക്കുകയും ചെയ്തു.

02 മേയ് 2022

കോട്ടയം കേരളവർമ്മ പഴശ്ശിരാജ 👑

    കോട്ടയം കേരളവർമ്മ പഴശ്ശിരാജ 👑


കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു കേരളവർമ്മ പഴശ്ശിരാജാ. 

          ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട്. പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു. ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലൊരാൾ ഒരിക്കലും ഇഷ്ടപ്പെടാൻ തരമില്ല. കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ [തോമസ് എച്ച് ബേബർ/ടി എച്ച് ബേബരിന്റെ] റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി 'ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്' എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണ് പറയുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.



പശ്ചാത്തലം
~~~~~~~~~


1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം.മലയാളസാഹിത്യത്തിന്‌ കോട്ടയം രാജവംശം തന്നിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്‌. പുരളിമലയിൽ കോട്ടകെട്ടി താമസിച്ചതിനാൽ പുരളീശ്വരൻമാർ എന്നും ഈ രാജവംശം അറിയപ്പെട്ടിരിന്നു.

മലഞ്ചരക്കുകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നതിനാൽ 17‌‌‌-ആം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ വിദേശ അധിനിവേശം സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. 1766-ൽ കോട്ടയം രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച്‌ തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും രംഗത്തെത്തി. അന്ന്‌ കേവലം പതിമൂന്ന്‌ വയസ്സുമാത്രമായിരുന്നു കേരളവർമ്മയുടെ പ്രായം. പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്വന്തം താത്പര്യം മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ എതിർത്തത്‌ പഴശ്ശിരാജയായിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1780-84) ഇദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയെ സഹായിച്ചിരുന്നു. 1784-ൽ മംഗലാപുരത്ത്‌ വച്ച്‌ കമ്പനി മലബാറിലെ കപ്പം പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി. കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു. 1792ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായി. എന്നാൽ കമ്പനിയെ ധിക്കരിച്ച്‌ ജനപക്ഷത്ത്‌ നിൽക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം.


ഒന്നാം പഴശ്ശി വിപ്ലവം
~~~~~~~~~~~~~~

        കുതന്ത്രങ്ങൾക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക്‌ വച്ചുള്ള ഭരണപരിഷ്കാരങ്ങൾക്കുമെതിരെ പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധപരിശീലനം നേടി. യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച്‌ ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ രാജ്യത്തിനു കാവൽ നിന്നു.തലക്കൽ ചന്തുവായിരുന്നു പഴശ്ശിയുടെ സേനാധിപൻ. കണ്ണവത്ത്‌ ശങ്കരൻ നമ്പ്യാർ, പള്ളൂർ ഏമൻ നായർ, എടച്ചേന കുങ്കൻ നായര്‍ എന്നിവരായിരുന്നു പഴശ്ശിയുടെ പ്രധാന മന്ത്രിമാർ. വീര വർമ്മ, രവിവർമ, എടച്ചേന കോമപ്പൻ, എടച്ചേന ഒതേനൻ, അത്തൻ കുരുക്കൾ, ഉണ്ണിമൂസ്സ, എളംബിലാർ കുഞ്ഞൻ, കണ്ണു, കരിങ്ങലി കണ്ണൻ, കൈതേരി ചെറിയ അമ്പു, കുഞ്ഞുമൊയ്തീൻ മൂപ്പൻ, കൈതേരി അംബു, കൊട്ടയാടൻ രാമൻ, കൊയലേരി ചേരൻ, പള്ളൂർ എമ്മൻ നായര്, ഗോവിന്ദ പൊതുവാൾ, ചുഴലി നംബ്യാർ, ചെങ്ങോട്ടിരി ചാത്തു, ചെങ്ങോട്ടിരി കേളപ്പൻ, തരുവണ ചാപ്പൻ നായർ, തൊണ്ടറ ചാത്തു, തൊണ്ടൂർ കേളപ്പൻ നായർ, വട്ടത്തോട് ചേരൻ നമ്പ്യാർ, പനിച്ചാടൻ കണ്ണൻ നായർ, പഴയിടത്തു കുഞ്ഞഹമ്മത്, പാലൊറ എമ്മൻ, പുളിയൻ കുമാരൻ, പുളിയൻ ചന്തു, പെരുവയിൽ നമ്പ്യാർ, മല്ലിശേരി കോവിലകത്തു തംബുരാൻ, മാളിയേക്കൽ താഴത്തു തംബുരാൻ, മേലൊടൻ കുഞ്ഞുകുട്ടി, വാഴോത്ത ഉണ്ണിക്കിടവ്, വെളയാട്ടെരി രാമൻ നായർ, ശേഖര വാര്യർ, എടത്തന കുങ്കൻ തുടങ്ങിയവരെല്ലാം പല കാലങ്ങളിൽ പഴശ്ശിയെ പിന്തുണച്ചവരാണ്‌.

             1793-ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മലബാർ മേൽനോട്ടക്കാരനായി ഉത്തരവാദിത്തം ഏറ്റ ഫാർമർ സായ്പ്‌ നല്ലമനുഷ്യനായിരുന്നതിനാൽ പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു.
അദ്ദേഹം പഴശ്ശി, കുറ്റ്യാടി, താമരശ്ശേരി, കതിരൂർ‍ മുതലായ സ്ഥലങ്ങൾ പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിനു ശേഷം വന്നവരെല്ലാം കരാർ ലംഘിക്കുന്നതിനാണ്‌ ശ്രദ്ധ കൊടുത്തത്‌. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്‌ മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കുമെന്നും 1795-ൽ കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ രോഷാകുലരാക്കി, അവർ പഴശ്ശിയുടെ സൈന്യത്തിൽ ചേരാൻ ആവേശത്തോടെ മുന്നിട്ടിറങ്ങി. കൈതേരി രൈരു, കണ്ണവത്ത്‌ ശേഖരൻ നമ്പ്യാർ, മുതലായ നാട്ടു പ്രമാണിമാരും, അത്തൻ ഗുരുക്കൾ, ഉണ്ണിമൂത്ത മൂപ്പൻ മുതലായ മാപ്പിള പ്രമുഖരും തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയിൽ പള്ളൂർ ഏമൻ നായർ കൂറുമാറി കമ്പനിപക്ഷം ചേർന്നു. കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാൽ ഒളിവിൽ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ്‌ നൽകി. പൊതുശത്രുവിനെ നേരിടുക എന്ന ലക്ഷ്യത്തോടെ ടിപ്പുസുൽത്താനും തമ്പുരാന്‌ ആറായിരം ഭടന്മാരെ വിട്ടു നൽകി. കൈതേരി അമ്പു നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം. കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്‌.വാർഡൻ, ക്യാപ്റ്റൻ ബൌമൻ, ക്യാപ്റ്റൻ ഗോർഡൻ, ഫിറ്റ്‌സ്‌ ജറാൾഡ്‌ മുതലായ പ്രമുഖർ പോലും പരാജയം സമ്മതിച്ച്‌ വയനാടൻ ചുരമിറങ്ങി.
ബോംബെ ഗവർണ്ണർ ജൊനാഥൻ ഡങ്കനുമായി നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാർ പ്രകാരം പഴശ്ശി കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി. വാർഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു നൽകാനും കരാറിൽ നിബന്ധനയുണ്ടായിരുന്നു.

രണ്ടാം പഴശ്ശി വിപ്ലവം
~~~~~~~~~~~~~~~

1799-ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട്‌ കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. കമ്പനിയുടെ സേനാനായകനായി സ്ഥാനമേറ്റ കേണൽ ആർതർ വെല്ലസ്ലി(വെല്ലിംഗ്‌ടൺ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ ആദരവോടെ കണ്ടിരുന്ന ആളായിരുന്നു. അവർ തമ്മിൽ പരിചയപ്പെടുക വരെ ചെയ്തു. എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും, യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും പഴശ്ശി കൂത്തുപറമ്പിലേയും, മണത്തണയിലെയും, തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും, പടക്കോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു. എങ്കിലും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വമ്പിച്ച ആൾബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള ആയുധങ്ങളുടെയും മുന്നിൽ പിടിച്ചു നില്ക്കാൻ പഴശ്ശിക്ക്‌ സാധിച്ചില്ല. തലക്കൽ ചന്തു അടക്കമുള്ള ധീരദേശാഭിമാനികളെ ബ്രിട്ടീഷ്‌ സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക്‌ പിന്മാറി. പഴശ്ശിയുടെ പടയിലെ ധീരർ 1802-ൽ പനമരം കോട്ട കമ്പനിയിൽനിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ വധിച്ചതും പഴശ്ശിയുടെ പ്രജകളിൽ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കൻ നായരുടെ ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട്‌ മൂവായിരത്തിലധികം ധീരപ്രജകൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടൻ മലനിരകൾ വീണ്ടും യുദ്ധത്താൽ ചുവന്നു. നേരത്തെ കമ്പനിക്കായി പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന പള്ളൂർ ഏമൻ നായരും തെറ്റു തിരിച്ചറിഞ്ഞ്‌ തിരിച്ചെത്തി പഴശ്ശിക്ക്‌ ശക്തി പകർന്നു.

1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ്‌ ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്യുകയായിരുന്നു. 

     1805 നവംബർ 29 രാത്രി ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബർ 30 പ്രഭാതത്തിൽ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വെടിയേറ്റ കേരളസിംഹം 'എന്നെ തൊട്ടശുദ്ധമാക്കരുതെ'ന്ന് ബ്രിട്ടീഷ്‌ സൈന്യത്തോട്‌ പറഞ്ഞുകൊണ്ട് നിലംപതിച്ചു. ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയബഹുമതികളോടെ സംസ്കരിച്ചു. പഴശി രാജാവിനെ കൊലപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യം അദ്ദേഹത്തോടൊപ്പം സന്തത സഹചാരികൾ ആയിരുന്ന മരുമക്കൾ വീര വർമ്മ, രവിവർമ എന്ന രണ്ടു മരുമക്കളെ കൂടി കൊലപ്പെടുത്തുവാൻ തീരുമാനിച്ചു. കേരള വർമ്മ പഴശ്ശി രാജയുടെ പിന്തലമുറ രജ്യാവകാശികൾ ആയിരുന്ന ഇരുവരെയും ഉന്മൂലനം ചെയുക എന്നതായിരുന്നു ബ്രിട്ടീഷ് പദ്ധതി. തലമുറയുടെ സുരക്ഷയെ കരുതി അവർ കുറച്ചുകാലം നിലമ്പൂരും, പിന്നീട് ഇടപ്പളിയിലും ഒടുവിൽ മധ്യതിരുവിതാംകൂറിലെ കല്ലറ എന്ന വനമേഖലയിലെ അഭയം പ്രാപിച്ചു. ബ്രിട്ടീഷ് ചാരന്മാർ അറിയാതെ തിരുവിതാംകൂറിലേക്കു കടക്കുവാൻ കടത്തു വള്ളത്തിൽ യാത്ര ചെയ്ത ജേഷ്ടാനുജന്മാരും കുടുംബവും വലിയ മഴയിലും കാറ്റിലും വൈക്കം കായലോരതു എത്തിപ്പെടുകയും അഭയം പ്രാപിക്കുകയും ചെയ്തു. അവർ കര പറ്റിയ ഇടം എന്ന് അർഥം വരുന്ന “കരപ്പറ്റിടം” കോവിലകം എന്ന ഒരു ഗ്രഹത്തിൽ താമസിച്ചു പൊന്നു. ഇന്ന് ആ കോവിലകം “കരവട്ടിടം” എന്ന പേരിൽ കോട്ടയം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ ജീവിച്ചു പോരുന്നു. സന്തതി പരമ്പരയ്ക്കു ബ്രിട്ടീഷ് സൈന്യം ജീവഹാനി വരുത്തുമോ എന്ന ഭയം മൂലം വീര വർമയുടെയോ രവി വർമയുടെയോ പിന്തലമുറക്കാർ മലബാറിലേക്ക് പിന്നീട് പോയതേ ഇല്ല. പരദേവതയായ പോർക്കലി ഭഗവതി യുടെ പ്രത്യക്ഷ രൂപമായ കല്ലറ ഭഗവതിയെ കല്ലറയിൽ പാണ്ഡവൻ കുളങ്ങരയിൽ പ്രതിഷ്ഠിച്ചു ഉപാസിച്ചു പോരുന്നു. പിൽക്കാലത്തു അമന്തൂർ, മറ്റത്തിൽ, കൃഷ്ണപുരം എന്നിങ്ങനെ വിവിധ കുടുംബങ്ങളായി ഇവരുടെ പിന്തലമുറക്കാർ മധ്യതിരുവിതാംകൂറിൽ കോട്ടയം , ഇടുക്കി, എറണാകുളം ജില്ലകളിൽ താമസിച്ചു പോരുന്നു. ബ്രിട്ടീഷ് അധിനിവേശം അവസാനിച്ചിട്ടും തറവാട് പൊതു വഴിയാക്കി അപമാനിച്ച ബ്രിട്ടീഷ് ക്രൂരത കാണുവാൻ കരുത്തില്ലാതെ തങ്ങളുടെ രാജ്യം ഉപേക്ഷിച്ചു അഭയാർഥികളായി മറ്റൊരു രാജ്യത്തു അഭയം പ്രാപിച്ചു അവർക്കു കഴിയേണ്ടി വന്നു. കോവിലകം പൊതു വഴിയാക്കിയ ബ്രിട്ടീഷ് സൈന്യം പഴശിയുടെ മരുമക്കളെ കൂടി വകവരുത്തുവാൻ തീരുമാനം കൈകൊണ്ടിരുന്നു. ബ്രിട്ടീഷ് രഹസ്യപൊലീസ്‌ വീര വർമ്മ യെയും രവി വര്മയെയും കണ്ടെത്തുന്നതിനുള്ള  ശ്രമം തുടർന്ന് കൊണ്ടേഇരുന്നു. ഇതിന്റെ ഭാഗമായി പഴശ്ശിയുടെ പിന്തലമുറക്കാർക്കു നഷ്ടപരിഹാരം നൽകുവാൻ ബ്രിട്ടീഷ് കളക്ടർ തീരുമാനിച്ചു. മുറപ്രകാരം രാജാധികാരം വന്നുചേരേണ്ടിയിരുന്ന പഴശ്ശിയുടെ മരുമകൻ വീരവർമയെ കണ്ടെത്താനാവും എന്ന ബ്രിട്ടീഷ് ഭരണകൂടം കരുതി, എന്നാൽ അത് കൈപ്പറ്റിയത് തലശ്ശേരിയിലെ തന്നെ ബ്രിട്ടീഷ് രഹസ്യനോഷണ സംഘത്തിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കിഴക്കേ കോവിലകത്തെ ഒരു സ്ത്രീ ആയിരുന്നു. പിൽക്കാലത്തു പഴശ്ശി രാജയുടെ കോവിലകവുമായി ബന്ധമുള്ള കണ്ണൂർ മട്ടന്നൂരിൽ തുടർന്ന സഹ കോവിലകമായ കിഴക്കേ കോവിലകം പഴശ്ശി തലമുറക്കാരായി മാറുകയും ചെയ്തു.

     രണ്ടുനൂറ്റാണ്ടിനുശേഷവും കേരളജനതക്ക്‌ അഭിമാനം പകർന്ന് പഴശ്ശിയുടെ ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു.


പഴശ്ശി ഒരു കലാകാരൻ
~~~~~~~~~~~~~~~~


പഴശ്ശിരാജ ആട്ടക്കഥകളും കവിതകളും എഴുതിയിരുന്നതായി പറയപ്പെടുന്നു. പഴശ്ശി, ഭാര്യക്കു നൽകാനായി എഴുതിയതാണെന്നു കരുതുന്ന ഒരു ശ്ലോകം പ്രസിദ്ധമാണ്‌.

“ജാതീ, ജാതാനുകമ്പാ ഭവ, ശരണമയേ! മല്ലികേ, കൂപ്പുകൈ തേ
കൈതേ,
കൈതേരി മാക്കം കബരിയിലണിവാൻ കയ്യുയർത്തും ദശായാം
ഏതാ,
നേതാൻ മദീയാനലർശരപരിതാപോദയാ, നാശു നീ താൻ
നീ താൻ,
നീ താനുണർത്തീടുക ചടുലകയൽക്കണ്ണി തൻ കർണ്ണമൂലേ!

പഴശ്ശി ചരിതം
~~~~~~~~~


പഴശ്ശിരാജാവിന്റെ ജീവിതം മലയാളസാഹിത്യത്തിൻ വളരേയധികം പ്രചോദനമേകി. കേരളസിംഹം എന്ന പേരിൽ ഒരു നോവൽ രചിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പ്രമുഖ കവിയും പണ്ഡിതനുമായ കൈതക്കൽ ജാതവേദൻ പഴശ്ശിരാജാവിന്റെ ചരിതം വീരകേരളം മഹാകാവ്യം എഴുതിയിരിക്കുന്നു.

○○○○○○○○○○○○○○○○○○