വേലുത്തമ്പി ദളവ
1802 മുതൽ 1809 വരെ തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി (1765 മേയ് 6 -1809 മാർച്ച് 9). തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടി ബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. കേരളത്തിൽ അദ്ദേഹത്തെ ഒരു ഇതിഹാസ പുരുഷനായി ചിത്രീകരിച്ചു വരുന്നുണ്ട്. അന്ന് രാജ്യം ഭരിച്ചിരുന്ന അവിട്ടം തിരുനാൾ ബാലരാമവർമ്മ രാജാവിനെ ഭീഷണിപ്പെടുത്തി ദളവയായ വേലുത്തമ്പിയെ രാജ്യദ്രോഹിയായും വഞ്ചകനായും വിമർശിക്കുന്നവരും ഉണ്ട്
ജീവിത രേഖ
1765 ജനനം.
1784 കൽക്കുളം മണ്ടപത്തും വാതുക്കൽ കാര്യക്കാരായി.
1799 മേയ് 3 - ഇരണിയലിൽ, വേലുത്തമ്പിയുടെ നേതൃത്വത്തിൽ നാട്ടുകൂട്ടം; ജൂൺ 12 - നാട്ടുകൂട്ടം രാജസന്നിധിയിൽ; ഓഗസ്റ്റ് 15 - വേലുത്തമ്പി മുളകു മടിശ്ശീല സർവാധികാര്യക്കാർ (വാണിജ്യ വ്യവസായ മന്ത്രി).
1802 ദളവയായി.
1804 ദളവയ്ക്കെതിരെ കലാപം.
1805 ഇംഗ്ലീഷുകാരുമായി ഉടമ്പടി നവീകരിച്ചു.
1808 റസിഡന്റ് മെക്കാളയ്ക്കെതിരെ ആക്രമണം.
1809 ജനുവരി 14 - കുണ്ടറ വിളംബരം; മാർച്ച്.
18 - ദളവാ പദവിയിൽ നിന്ന് പുറത്തായി. ഏപ്രിൽ 8-ന് ആത്മഹത്യ.
1765 ൽ അന്നത്തെ തിരുവിതാംകൂർ സംസ്ഥാനത്തിന്റെ ഭാഗമായ (ഇന്നത്തെ തമിഴ്നാടിന്റെ) നാഗർകോവിലിനടുത്തുള്ള കൽക്കുളം എന്ന ഗ്രാമത്തിലാണ് വേലായുധൻ ജനിച്ചത്. വേലായുധൻ തമ്പി എന്നാണ് മുഴുവൻ പേർ. അച്ഛൻ കുഞ്ഞുമായിട്ടിപ്പിള്ളയും അമ്മ വള്ളിയമ്മ തങ്കച്ചിയുമായിരുന്നു. മഹാരാജാവിൽ നിന്ന് ചെമ്പകരാമൻ എന്ന പട്ടം പരമ്പരാഗതമായി ലഭിച്ചിരുന്നവരായിരുന്നു അദ്ദേഹത്തിന്റെ കുടുംബക്കാർ. വേലുത്തമ്പി എന്നാണ് ചെറുപ്പം മുതൽക്കേ അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊല്ലവർഷം 959മാണ്ടിൽ കാർത്തികതിരുനാൾ മഹാരാജാവിന്റെ യാത്രാ മദ്ധ്യേ മറവന്മാർ അദ്ദേഹത്തിന്റെ സാധനങ്ങൾ കൊള്ളയടിക്കുകയുണ്ടായി. മോഷ്ടാക്കളെ കണ്ടുപിടിക്കാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് കാർത്തികതിരുനാൾ മഹാരാജാവ് വേലുത്തമ്പിയുടെ കുടുംബത്തിന്റെ സഹായം അഭ്യർത്ഥിക്കുകയും വേലുത്തമ്പിയുടെ സഹായത്താൽ കവർച്ചക്കാരെ പിടികൂടുകയും മോഷ്ടിക്കപ്പെട്ട സാധനങ്ങൾ കണ്ടെടുക്കയും ചെയ്തു. അങ്ങനെ കാർത്തികതിരുനാൾ മഹാരാജാവിനാൽ അനുഗൃഹീതനായ വേലുത്തമ്പിക്ക് കൊട്ടാരത്തിൽ കാര്യക്കാരനായി ജോലി ലഭിച്ചു. അന്ന് അദ്ദേഹത്തിന് 20 വയസ്സായിരുന്നു. രാജാ കേശവദാസായിരുന്നു അന്നത്തെ ദളവ.
അന്നത്തെ രാഷ്ടീയ ചരിത്രം
തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ അഥവാ തിരുവിതാങ്കോട്. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്നാട്ടിലുള്ള കന്യാകുമാരി ജില്ലയും ചേർന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി.
1798 ഫെബ്രുവരി 17 നു കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് നാടുനീങ്ങിയപ്പോൾ 16 വയസ്സുണ്ടായിരുന്ന അവിട്ടം തിരുനാൾ രാമവർമ്മ രാജാവ് സ്ഥാനാരോഹണം ചെയ്തു. തിരുവിതാംകൂർ രാജാക്കന്മാരുടെ വംശപരമ്പരയിൽ ഏറ്റവും ദുർബലനും ഭരണകാര്യങ്ങളിൽ അറിവും വിവേകവും കുറഞ്ഞവനുമായാണ് അവിട്ടം തിരുനാൾ മഹാരാജാവിനെ കാണുന്നത്. അദ്ദേഹം ഏതാനും കൊട്ടാര സേവകന്മാരുടെ വശംവദനായാണ് ഭരണം നിർവ്വഹിച്ചിരുന്നത്. അദ്ദേഹം സ്ഥാനമേറ്റ ആദ്യകാലത്താണ് വേലുത്തമ്പി കൊട്ടാരത്തിലെ കാര്യക്കാരനായി നിയമിതനാകുന്നത്. പ്രായം കുറഞ്ഞവനും ദുർബലനുമായിരുന്നു രാജാവെങ്കിലും ശക്തനായ രാജാ കേശവദാസ് ദിവാനായി ഉണ്ടായിരുന്നു.
ജയന്തൻ നമ്പൂതിരിയുടെ നിയമനം
അവിട്ടം തിരുനാൾ മഹാരാജാവായതിനു ശേഷം അധികം താമസിയാതെ രാജകേശവദാസ് അന്തരിച്ചു 1799. തുടർന്ന് ജയന്തൻ നമ്പൂതിരിയെ സർവ്വാധികാര്യക്കാരനായി നിയമിച്ചു. ദിവാനെ തിരഞ്ഞെടുക്കുന്നതിനായി ഇംഗ്ലീഷുകാരുടെ സഹായം തേടണമെന്ന വെല്ലസ്ലി പ്രഭുവിന്റെ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ദിവാൻ സ്ഥാനത്തേക്ക് ജയന്തനെ നിയമിച്ചില്ല. എങ്കിലും ദളവയുടെ സകല അധികാരങ്ങളും അദ്ദേഹത്തിനു നൽകി. ഇക്കൂട്ടത്തിൽ തലക്കുളത്തു ശങ്കരനാരായണൻ ചെട്ടിയെ വലിയ മേലെഴുത്തായും തച്ചിൽ മാത്തൂത്തരകനെ മുഖ്യ ഉപദേഷ്ടാവായും നിയമിച്ചിരുന്നു. എന്നാൽ ഇതെല്ലാം അന്നത്തെ റസിഡന്റിനോട് കൂടിയാലോചിച്ച് എടുത്ത നിയമനമല്ലാത്തതിനാൽ ഇംഗ്ലീഷുകാർക്ക് പൊരുത്തപ്പെടാനായില്ല.
ജയന്തൻ നമ്പൂതിരിയുടെ ഭരണത്തെപ്പറ്റി എല്ലാ തിരുവിതാംകൂർ ചരിത്രകാരന്മാരും മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്. മൂവരുടെ കീഴിലുള്ള ദുർഭരണം നിമിത്തം ജനങ്ങൾ പൊറുതിമുട്ടിയത്രെ. തരകൻ സാധനങ്ങളുടെ വില വർദ്ധിപ്പിക്കുകയും ശങ്കരനാരായണൻ നിലങ്ങൾ പലതും സ്വന്തം പേരിലാക്കുകയും ചെയ്തു. ഉപ്പിന്റെ വില വരെ വർദ്ധിപ്പിക്കുകയുണ്ടായി. എന്നാൽ ഇത് വെറും 25 ദിവസത്തെ മാത്രം ഭരണമായിരുന്നു. ഇതിനെതിരെ വേലുത്തമ്പി ജനങ്ങളെ ലഹളക്ക് പ്രേരിപ്പിച്ചു എന്നാണ് പറയുന്നത്. ആരോപണവിധേയരായ മന്ത്രിമാരെ പിരിച്ചുവിട്ടു. അക്കാലത്ത് തലക്കുളം കാര്യക്കാരെന്ന താണപദവിയാണ് വേലുത്തമ്പി ദളവുക്കുണ്ടായിരുന്നത്. രാജാവ് വേലുത്തമ്പി ദളവയെ വാണിജ്യവകുപ്പു മന്ത്രിയാക്കി, 1801ൽ തിരുവിതാംകൂർ ദളവ (മുഖ്യമന്ത്രി)യായും അവരോധിച്ചു.
മറ്റൊരു അഭിപ്രായപ്രകാരം ജയന്തൻ നമ്പൂതിരി ഭരണമേറ്റകാലത്ത് രാജഭണ്ഡാരത്തിൽ പണമില്ലായിരുന്നു. അതിനാൽ ദൂർത്തടിക്കുന്നതിനെക്കുറിച്ചുള്ള ആരോപണം ശരിയല്ല. ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കാനായി പണം സമ്പാദിച്ചത് തന്നെ മാത്തൂത്തരകൻ എന്ന വ്യാപാരിയിൽ നിന്ന് കടം വാങ്ങിയ 15 ലക്ഷം രൂപ മൂലമാണ് അതിനു പ്രത്യുപകാരമായാണ് രാജാവ് അദ്ദേഹത്തെ ഉപദേഷ്ടാവായി നിയമിച്ചതും. ഈ പണം തിരികെ കൊടുക്കേണ്ടതിനുവേണ്ടിയും രാജഭണ്ഡാരം ശക്തമാക്കുന്നതിനായും ജയന്തൻ ശങ്കരൻ നമ്പൂതിരി ജനങ്ങളിൽ നിന്ന് സംഭാവന പിരിക്കാൻ തീരുമാനിച്ചു. ഈ സംഭാവനയ്ക്കെതിരെ സവർണ്ണരായ വ്യാപാരികൾ പ്രതിഷേധിച്ചു. വേലുത്തമ്പിക്ക് സംഭാവനയായി അടക്കേണ്ടിയിരുന്ന തുക 20000 കൂലിപ്പണമാണ് (5000 രൂപ) ഇതടക്കാനായി അല്പം സാവകാശം അനുവദിച്ച് രേഖ എഴുതിവാങ്ങിച്ചു പിരിവുദ്യോഗസ്ഥന്മാർ അദ്ദേഹത്തെ വിട്ടയച്ചു എന്നുമാണ് കഥ. എന്നാൽ തമ്പി സംഭാവന അടക്കാൻ വഴി ആലോചിക്കുന്നതിനു പകരമായി നാട്ടിലെത്തി നമ്പൂതിരി ഭരണത്തിനെതിരെ ഗ്രാമത്തലവന്മാരോട് സംഘടിക്കുവാനഭ്യർത്ഥിച്ചു. നമ്പൂതിരി ഭരണത്തെ ഭയപ്പെട്ടിരുന്ന പണക്കാർ എല്ലാവരും അദ്ദേഹത്തിൻ സഹായം വാഗ്ദാനം ചെയ്തു.
വേലുത്തമ്പി സ്ഥാനഭ്രഷ്ടനാകുന്നു
മഹാരാജാവിനെതിരെ അഭ്യന്തര ലഹള സംഘടിപ്പിക്കുമ്പോൾ വേലുത്തമ്പി കാര്യക്കാരനായ ഉദ്യോഗസ്ഥനായിരുന്നോ എന്നതിനു തെളിവില്ല. കാര്യക്കാർ സ്ഥാനത്തെക്കുറിച്ച് രണ്ട് അഭിപ്രായമാണ് ചരിത്രകാരന്മാർക്കിടയിൽ നിലനിൽക്കുന്നത്. രാജാ കേശവദാസുമായി അഭിപ്രായവ്യത്യാസമുണ്ടായതായും, ടിപ്പു സുൽത്താനെതിരായി നടത്തിയ യുദ്ധത്തിനു ചെലവായ പണം പിരിക്കാൻ കാര്യക്കാരെ ചുമതലപ്പെടുത്തുകയും അത് പിരിക്കാതിരുന്നതിനോ പിരിച്ച പണം ഖജനാവിലടക്കാതെ സ്വന്തം കാര്യത്തിനായി ഉപയോഗിച്ചതിനാലോ ദിവാൻ തന്നെ അദ്ദേഹത്തെയും മറ്റു ചില കാര്യക്കാരേയും പിരിച്ചുവിട്ടതായി ചില ചരിത്രകാരന്മാർ സംശയിക്കുന്നു.
നായന്മാരുടെ എതിർപ്പ്
മുന്നത്തെ നൂറ്റാണ്ടിൽ നിന്ന് വിരുദ്ധമായി നമ്പൂതിരിമാരിൽ നിന്ന് നായന്മാരിലേക്ക് അധികാരവും സമൂഹത്തിലെ മേധാവിത്വവും പകർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഒരു നമ്പൂതിരി നായന്മാർക്ക് മുകളിൽ വരുന്നത്. മാത്രവുമല്ല ജയന്തൻ നമ്പൂതിരി നിർബന്ധിത പണപ്പിരിവ് നടത്തിയിരുന്നത് സമൂഹത്തിലെ ഉന്നതരായ നായന്മാരിൽ നിന്നുമായിരുന്നു. അവർ നാട്ടിലെ പ്രമാണിമാരായിരുന്നു. പണം അടക്കാത്തവരെ പരസ്യമായി മുക്കാലിയിൽ ബന്ധിച്ച് അടിക്കുകയും മറ്റു ദണ്ഡനരീതികൾ അവലംബിക്കുകയുമായിരുന്നു നമ്പൂതിരിയുടെ ആളുകൾ ചെയ്തിരുന്നത്. ഒട്ടാകെ ഭയവും കയ്യൂക്കുള്ളവർക്കിടയിൽ പ്രതിഷേധവും വരുത്താനിടയാക്കി.
നായരായിരുന്ന കേശവദാസൻ അന്തരിച്ചുണ്ടായ ഒഴിവിലേക്ക് മറ്റൊരു നായരെ നിയമിക്കാഞ്ഞത് നായന്മാരിൽ പ്രതിഷേധ സ്വരം വളർത്തി. മാത്രവുമല്ല നമ്പൂതിരി അന്യദേശക്കാരനുമായിരുന്നു. മറ്റു രണ്ടു നിയമനങ്ങളും, അതായത് ശങ്കരനാരായണൻ ചെട്ടിയും മാത്തൂത്തരകനും അന്യജാതിക്കാരും അന്യദേശക്കാരുമായിരുന്നു എന്നതും നായന്മാരിലെ ദേഷ്യത്തെ ആളിക്കത്തിച്ചിരുന്നു. രാജാകേശവദാസനെ കൊന്നതിനു പിന്നിൽ നമ്പൂതിരിക്കും രാജാവിനും പങ്കുണ്ടെന്ന വാർത്ത വിശ്വസിപ്പിക്കാനും തമ്പി ശ്രമിച്ചിരുന്നു.
ലഹള
വേലുത്തമ്പിക്ക് നൽകപ്പെട്ട 3 ദിവസം കഴിഞ്ഞു. എന്നാൽ വേലുത്തമ്പിയാകട്ടേ പെരുമ്പറയടിച്ച് ആലപ്പുഴവരെയുള്ള ജനങ്ങളെ വിളിച്ചുകൂട്ടി ലഹളക്ക് പ്രേരിപ്പിക്കുന്ന തിരക്കിലുമായിരുന്നു. പണക്കാരും സവർണ്ണരുമായ ജനങ്ങൾ വേലുത്തമ്പിയുടെ അഭിപ്രായത്തോടെ യോജിച്ചു. എന്നാൽ അവധി കൊടുത്ത് ദിനങ്ങൾ കഴിഞ്ഞതോടെ വേലുത്തമ്പിയിൽ നിന്ന് തുക വസൂലാക്കാനായി ഉദ്യോഗസ്ഥർ എത്തുകയും ചെയ്തു. എന്നാൽ വേലുത്തമ്പി അപ്പോൾ ലഭ്യമായ ആളുകളേയും കൂട്ടി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു എന്നുമാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്. (ഇന്നത്തെപ്പോലത്തെ വാഹനസൗകര്യമൊന്നുമില്ലാതിരുന്ന അക്കാലത്ത് ആലപ്പുഴയിൽ നിന്ന് പട്ടാളക്കാരെക്കൂട്ടി തിരുവനന്തപുരത്തേക്ക് എത്തണമെങ്കിൽ 30 ദിവസമെങ്കിലും വേണ്ടിവരുമെന്ന് എതിരഭിപ്രായക്കാർ പറയുന്നു)
വേലുത്തമ്പിയുടെ നേതൃത്വത്തിൽ ജനങ്ങൾ ലഹളക്ക് തയ്യാറായി വന്നതോടെ രാജാവിനു ഗത്യന്തരമില്ലാതായി. സഹായമഭ്യർത്ഥിക്കാൻ ആരുമില്ലാതായ അവസ്ഥ. ഇംഗ്ലീഷുകാരോട് ഇടഞ്ഞാണ് സർവ്വാധികാര്യക്കാരനെ നിയമിച്ചത് എന്നതിനാൽ അവരോടും സഹായം അഭ്യർത്ഥിക്കാൻ അദ്ദേഹത്തിനായില്ല. പാളയത്തിൽ തന്നെ പടവരുമെന്ന വിവരം അദ്ദേഹത്തിന്റെ ചാരന്മാർ അറിഞ്ഞതുമില്ല. തന്മൂലം കീഴടങ്ങാൻ രാജാവ് തീരുമാനിച്ചു. എന്നാൽ ഒരു കുപ്പിണി ഇംഗ്ലീഷ് പട്ടാളം രാജാവിന്റെ അഭ്യമഭ്യർത്ഥന മാനിച്ച് പാളയംകോട്ട് നിന്നു വന്നതായും സംഭവങ്ങൾ വീക്ഷിച്ച ശേഷം നമ്പൂതിരിയെ നാടുകടത്താൻ നിർദ്ദേശിച്ചതല്ലാതെ സഹായം ചെയ്തില്ല എന്നും ഭാഷ്യമുണ്ട്.
വേലുത്തമ്പിയുടെ നേതൃത്വത്തിലുള്ള ലഹളക്കാർ നാലു വ്യവസ്ഥകൾ വച്ചു
1️⃣ വലിയ സർവകാര്യക്കാരായ ജയന്തൻ ശങ്കരൻ നമ്പൂതിരിയെ ഉടൻ പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്യുക.
2️⃣ അദ്ദേഹത്തെ യാതൊരു കാരണവശാലും രാജാവ് തിരിച്ച് വിളിപ്പിക്കില്ല എന്ന് വിളംബരം പുറപ്പെടുവിക്കുക.
3️⃣ ശങ്കരനാരായണന് ചെട്ടിയേയും മാത്തൂത്തരകനേയും പൊതുനിരത്തിൽ വച്ച് ശിക്ഷിക്കുകയും അവരുടെ ചെവി അറത്തു കളയുകയും ചെയ്യുക.
4️⃣ ഉപ്പു നികുതി തുടങ്ങിയ ദ്രോഹ നികുതികൾ നിർത്തലാക്കുക.
രാജാവ് ഇതെല്ലാം അംഗീകരിക്കുകയും ഉപ്പിന്റേയും നാളികേരത്തിന്റെയും പരുത്തിയുടേയും നിലക്കടലയുടേയും തീരുവ പകുതിയായി കുറക്കുകയും ചെയ്തു. ലഹളക്കാരിൽ പ്രധാനികളുടെ ആവശ്യപ്രകാരം ചിറയിൻകീഴ് അയ്യപ്പൻ ചെമ്പകരാമൻ പിള്ളയെ വലിയ സർവകാര്യക്കാരനായും (നമ്പൂതിരിക്ക് പകരം) മുളക് മടിശ്ശീല സർവകാര്യക്കാരായി (ധനകാര്യമന്ത്രി) വേലുത്തമ്പിയെ നിയമിക്കുകയും ചെയ്തു.

