അക്ഷരക്കൂട്ടം: വിദ്യാലത്തിലേക്ക് ഒരു വാതിൽ🚸
അക്ഷരക്കൂട്ടം ഓൺലൈൻ
വിദ്യാലത്തിലേക്ക് ഒരു വാതിൽ🚸 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിദ്യാലത്തിലേക്ക് ഒരു വാതിൽ🚸 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

29 മേയ് 2025

മൂല്യശോഷണം - ക്ലാസ്റൂമുകൾ 👩‍🏫

 മൂല്യശോഷണം - ക്ലാസ്റൂമുകൾ


വിദ്യാഭ്യാസം കൊണ്ടു മാത്രമേ ഒരു മനുഷ്യനെ സംസ്കരിക്കാനാവൂ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
ഒരു കലാലയം തുറക്കപ്പെടുമ്പോൾ ആയിരം കാരാഗൃഹങ്ങള്‍ അടക്കപ്പെടുമെന്ന
മഹാത്മാഗാന്ധിയുടെ വാക്കുകള്‍ പ്രസക്തമാവുന്നത് ഇവിടെയാണ്.
 മൂല്യ വിദ്യാഭ്യാസം കൊണ്ടു മാത്രമേ മേല്‍പറഞ്ഞ മാറ്റങ്ങളും വിപ്ലവങ്ങളും സാധ്യമാവുകയുള്ളൂ. കലാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴത്തിനു മുഴം മുളച്ചു പൊന്തുന്ന നമ്മുടെ നാടുകളില്‍ പോലും കലാലയങ്ങള്‍ അധാര്‍മികതയുടെ കൂത്തരങ്ങായി മാറാന്‍ കാരണം മൂല്യവിദ്യാഭ്യാസത്തിന്‍റെ അഭാവമാണ്.

സമഗ്രവും സമ്പൂര്‍ണ്ണവുമായ വിശുദ്ധ ഇസ്ലാം വിദ്യാഭ്യാസ ജാഗരണ പ്രവര്‍ത്തനങ്ങളെ ശക്തമായി പ്രേരിപ്പിച്ച മതമാണ്. ജ്ഞാന സമ്പാദനത്തിൻ്റെ  മൂല ഘടകങ്ങളാണല്ലോ എഴുത്തും വായനയും. വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം തന്നെ 
വായിക്കുക
എന്ന കല്‍പനയില്‍ നിന്നാണ് തുടങ്ങുന്നത്. യുദ്ധത്തില്‍ തടവുകാരായി പിടിച്ച അഭ്യസ്ഥവിദ്യരായ ശത്രുക്കളോട് പ്രവാചകന്‍ പറഞ്ഞത് നിങ്ങള്‍ മുസ്ലിംകള്‍ക്ക് അക്ഷരജ്ഞാനം പഠിപ്പിക്കാന്‍ തയ്യാറാവുകയാണെങ്കില്‍ നിരുപാധികം മോചിപ്പിക്കാമെന്നായിരുന്നു. അക്ഷരജ്ഞാനത്തിന് മതവും പ്രവാചകാധ്യാപനങ്ങളും നല്‍കിയ പരിഗണനയാണിത് കാണിക്കുന്നത്.

 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാംസ്കാരിക കേന്ദ്രങ്ങളാണ്. വിദ്യാര്‍ത്ഥിയും അധ്യാപകരും അറിവിന്‍റെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയയിലൂടെ സംസ്കാരത്തെ ശുദ്ധീകരിക്കുകയും മൂല്യചോരണം സംഭവിക്കാതെ പുതിയ തലമുറകളിലേക്ക് പകര്‍ന്നു നല്‍കുകയുമാണ് ചെയ്യുന്നത്. ഇതു കൊണ്ടുതന്നെയാണ് കലാലയ മുറ്റങ്ങള്‍ സദാചാരത്തിന്‍റെ സീമകള്‍ ലംഘിക്കാതിരിക്കാനും അഴുക്കു പുരളാതിരിക്കാനും മുന്‍ഗാമികള്‍ അത്യധികം ശ്രദ്ധ പുലര്‍ത്തിയത്. വിശ്വവിഖ്യാതരായ മദ്ഹബിന്‍റെ ഇമാം ശാഫിഈ(റ)വിനു വന്ദ്യഗുരു പഠിപ്പിച്ചു കൊടുക്കുന്നത് ജ്ഞാനം സ്രഷ്ടാവിന്‍റെ പ്രകാശമാണെന്നാണ്. മൂല്യജ്ഞാനത്തിന്‍റെ പ്രസക്തിയിലേക്ക് വഴിനടത്താന്‍ ഒരു ദൈവ വിശ്വാസിക്ക് ഈ വരികള്‍ ധാരാളമാണ്. തിന്മയുടെ അഴുക്കു പുരണ്ട കാമ്പസ് മുറ്റങ്ങള്‍ ചവിട്ടി വരുന്ന നവകാല വിദ്യാര്‍ത്ഥി സമൂഹം തലമുറകളെ ചെളിപുരളാന്‍ വിടുകയാണ് ചെയ്യുന്നത്.

നല്ല നാളെയുടെ സ്രഷ്ടാവാണ് വിദ്യാര്‍ത്ഥി. വരും തലമുറക്ക് ജ്ഞാനത്തിന്‍റെ വെളിച്ചം കൊടുക്കേണ്ടവര്‍. സംസ്കാരത്തിന്‍റെയും ധാര്‍മികതയുടെയും ജീവിത വ്യവഹാരങ്ങള്‍ പകുത്തു നല്‍കേണ്ടവര്‍. അവന്‍റെ ആത്മീയ ജീവിതത്തിന്‍റെ നിറവാര്‍ന്ന പുസ്തകം വായിച്ചിട്ടു വേണം പുതിയ സമൂഹത്തിന് ജീവിക്കാന്‍. കാലവും ചുറ്റുപാടുകളും തിന്മകള്‍ക്ക് നിലവിളി കൂട്ടുമ്പോൾ സംശുദ്ധമായ ജീവിത സംവിധാനങ്ങളെ കൊണ്ട് തിരുത്തു കുറിക്കേണ്ടത് ഒരു വിദ്യാര്‍ത്ഥിയുടെ ബാധ്യതയാണ്.

 ആത്മാവിനും സമൂഹത്തിനും അവന്‍റെ ജ്ഞാനത്തിന്‍റെ പ്രകാശം നല്‍കുമ്പോഴാണ് ഒരു നല്ല പൗരന്‍ രൂപപ്പെടുന്നത്. അറിവും അറിവു നല്‍കുന്ന പാഠവും തുടര്‍ന്നുള്ള അവന്‍റെ ജീവിത നടപ്പുകളും നല്ല രാഷ്ട്രത്തിന്‍റേയും സമൃദ്ധമായ നാളെയുടെയും സൃഷ്ടിപ്പിനു നിദാനമാണ്.

അഴിമതിയും പീഡനങ്ങളും അക്രമ പ്രവര്‍ത്തനങ്ങളുമില്ലാത്ത ഒരു രാജ്യം ജനിക്കണമെങ്കില്‍ നമ്മുടെ കലാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ആത്മാര്‍ത്ഥമായ ഒരു മനസ്സും അവനു ജീവിക്കുന്ന സമൂഹത്തിന്‍റെ പിന്തുണയും മാത്രം മതി. കാരണം വിദ്യാര്‍ത്ഥികള്‍ നാളെയുടെ പൗരന്മാരാണ്. രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക സാംസ്കാരിക ഉന്നമനങ്ങള്‍ക്കും ഇറങ്ങി നടക്കേണ്ടത് ഈ പൗരന്‍മാരാണ്. എന്നാല്‍ എല്ലാ മേഖലകളിലും സംഭവിച്ച മൂല്യച്യുതി നമ്മുടെ കലാലയങ്ങളിലേക്കും പടര്‍ന്നു പിടിക്കുകയും സാംസ്കാരിക തകര്‍ച്ചക്കുള്ള പുതിയ വഴികള്‍ അറിയാതെ തുറക്കപ്പെടുകയും ചെയ്തിരിക്കുന്നു.

കലാലയങ്ങളില്‍ നിന്ന് പൗര ബോധവും ജനാധിപത്യവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യത്വത്തെ അതിന്‍റെ സമൃദ്ധിയിലേക്ക് നയിക്കുന്ന സാംസ്കാരിക സൗന്ദര്യം പാടെ അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

 സ്വന്തം അല്‍പത്വത്തിനെതിരെ മത്സരിക്കാതെ ഭ്രാന്തമായ മത്സര രംഗങ്ങള്‍ വിദ്യാര്‍ത്ഥിയെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത്. സഹജീവിയെ മലര്‍ത്തിയടിക്കുന്ന തരത്തിലേക്ക് മാറി മറിഞ്ഞ മത്സരങ്ങള്‍ അനാവശ്യഭീതിയും അരക്ഷിതാവസ്ഥയും ഉണ്ടാക്കിയിരിക്കുന്നു. സൗഹൃദവും സ്നേഹവും മാനവികതയും പ്രതിസന്ധി നേരിടുന്നതിന്‍റെ കാരണവുമിതാണ്. മറ്റൊരു രൂപത്തില്‍ വിലയിരുത്തിയാല്‍ നിരക്ഷരരായ ഗ്രാമവാസികളില്‍ ഒതുങ്ങിനില്‍കുന്ന തിന്മകള്‍ നമ്മുടെ കലാലയങ്ങളിലേക്കും ഇരച്ചു കയറിയിരിക്കുന്നു എന്നത് വ്യക്തമാവും. സിനിമാ താരങ്ങളെയും കായിക താരങ്ങളെയും സമയം പോക്കിന് കൂടെ നടത്തുന്ന അല്‍പനായ ഗ്രാമവാസികളെക്കാള്‍ ശക്തമായി ഫാന്‍സ് സമ്പ്രദായങ്ങള്‍ കാമ്പസുകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ജീവിത സംവിധാനത്തെ ഒന്നായി തിന്മയിലേക്ക് തിരിച്ചെഴുതാന്‍ മാത്രം കെല്‍പുള്ള ഇത്തരം വ്യവസ്ഥിതികള്‍ വക്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇഷ്ടതാരത്തെ റോള്‍മോഡലായി സ്വീകരിക്കുക വഴി അനാവശ്യ ജീവിതത്തിലേക്ക് വിദ്യാര്‍ത്ഥി കാല്‍വെക്കുന്നു. വഴിവിട്ട ഫാഷന്‍, സംസ്കാരത്തെയും സ്വതത്തെയും പറിച്ചു കീറുന്നു എന്നത് അവന്‍ അറിയുന്നില്ല.

 കേരളം സന്ദര്‍ശിച്ച പ്രശസ്ത ശാസ്ത്രജ്ഞന്‍ സാം പിത്രോഡ കേരളീയനെ കുറിച്ച് പറഞ്ഞത്;

‘പുത്തന്‍ വ്യവഹാരങ്ങളുടെ സൃഷ്ടി’

എന്നാണ്. പുതിയതിനെ ആവാഹിക്കുകയും പുത്തന്‍ വേഷങ്ങളും സംസ്കാരങ്ങളും അണ്ണാക്കു തൊടാതെ വിഴുങ്ങുകയും ചെയ്യുന്ന കേരളീയ സംസ്കാരത്തിന്‍റെ സമ്പൂര്‍ണ്ണത ഇന്ന് നമ്മുടെ കാമ്പസുകളിലെ നിറക്കാഴ്ച്ചയാണ്. പടിഞ്ഞാറിന്‍റെ ചീഞ്ഞു നാറുന്ന സംസ്കാരങ്ങള്‍ പേറി മനുഷ്യത്വത്തെ ഇല്ലായ്മ ചെയ്യുകയാണ് നമ്മുടെ കലാലയങ്ങള്‍.

മദ്യവും മയക്കുമരുന്നും കലാലയങ്ങളുടെ അന്നമായി കഴിഞ്ഞ പുതിയ കാലത്ത് വിദ്യാര്‍ത്ഥിത്വം അരക്ഷിതാവസ്ഥയുടെ നിഴലിലാണ് പുതച്ചുറങ്ങുന്നത്.
‘സര്‍വ്വ തിന്മകളുടെയും താക്കോലാണ് മദ്യ’മെന്ന് 
പരാമര്‍ശിച്ച വിശുദ്ധമതത്തിന്‍റെ സഹചാരികള്‍ പോലും ലഹരി നുണഞ്ഞ് കാമ്പസുകളില്‍ ജീവിതം തുലക്കുകയാണ്.

 മദ്യം അകത്താക്കി സ്വന്തം പെണ്‍മക്കളെ ലൈംഗിക ദാഹത്തിന് ഇരയാക്കുകയും കുടുംബത്തെ മുഴുവന്‍ തന്‍റെ കൈകളില്‍ കിടത്തി ഞെക്കിക്കൊല്ലുകയും ചെയ്യുന്ന നവകാല കുടിയന്മാരുടെ മാതൃത്വം അവകാശപ്പെടാന്‍ കലാലയങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നു എന്നാണ് പലപ്പോഴും നമുക്ക് തോന്നുന്നത്.

പാണ്ഡിത്ത്യമുള്ള ഗുരുക്കളുടെ തണലില്‍ ഉത്തരവാദിത്വപരമായ സുരക്ഷിതത്വമായിരുന്നു പോയകാലത്തെ വിദ്യാര്‍ത്ഥിത്വമെങ്കില്‍ വര്‍ത്തമാന കാലത്തെ വിദ്യാര്‍ത്ഥിക്ക് അത് നഷ്ടപ്പെട്ടിരിക്കുന്നു. തന്‍റെ അധ്യാപകനെ ഘരാവോ ചെയ്യുവാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളാണ് പുതിയ നൂറ്റാണ്ടിന്‍റെ ഉല്‍പന്നങ്ങള്‍ ഓര്‍ക്കാനും പറയാനും ഒരു പാട് ചരിത്രങ്ങള്‍ ഉറങ്ങിക്കിടക്കുന്ന ഗുരുശിഷ്യബന്ധത്തിന്‍റെ ബാക്കി പത്രം കാണാന്‍ നമ്മുടെ കാന്പസുകള്‍ സന്ദര്‍ശിച്ചാല്‍ മതി. തന്‍റെ അധ്യാപികയെ ലൈംഗിക പീഡനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥിയും വിദ്യാര്‍ത്ഥിനിയെ ബലാല്‍കാരം നടത്തുന്ന അധ്യാപകരും നിറഞ്ഞുനില്‍ക്കുന്ന ഗുരുശിഷ്യ ബന്ധത്തിന്‍റെ ചിത്രങ്ങളാണ് നമ്മുടെ കലാലയങ്ങള്‍. സമ്പൂര്‍ണ്ണമായി വിദ്യയുടെ കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയകള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന മുള്‍വേലികളാണ് പിയാനോ ടീച്ചര്‍മാരെ രൂപപ്പെടുത്തുന്ന തകര്‍ന്നടിഞ്ഞ ഗുരുശിഷ്യബന്ധം. സര്‍വ്വാദരങ്ങളും നല്‍കപ്പെട്ട മഹനീയ വ്യക്തിത്വമായിരുന്നു മുന്‍കാലങ്ങളിലെ ഗുരുക്കള്‍. തന്‍റെ വിദ്യാര്‍ത്ഥിയെ അക്ഷരജ്ഞാനത്തിന്‍റെ ലോകത്തേക്ക് കൈകാണിക്കാനും കണ്ണുകള്‍ വെളുപ്പിച്ച് വിദ്യയുടെ മധു നുകര്‍ന്നു നല്‍കാനും ആത്മാര്‍ത്ഥത കാണിച്ചിരുന്ന മഹനീയ വ്യക്തികളായിരുന്നു അവര്‍. അവരുടെ ജ്ഞാനത്തിന്‍റെ ചിറകിലേറി പറന്ന, ചരിത്രം രചിച്ച മഹനീയ വ്യക്തിത്വങ്ങള്‍ പൂര്‍വ്വകാല കലാലയങ്ങളുടെ പുഷ്പങ്ങളായിരുന്നു.

 നിറഞ്ഞു നില്‍ക്കുന്ന യുവത്വത്തില്‍ പ്രസരിപ്പുള്ള വിദ്യാര്‍ത്ഥിത്വത്തെ സൃഷ്ടിക്കുക എന്നത് ഒരു ഗുരുവിന്‍റെ സവിശേഷതയാണ്. ആ വിദ്യാര്‍ത്ഥിത്വത്തിന് സംസ്കാര ബോധത്തിന്‍റെയും സാമൂഹിക സേവനങ്ങളുടെയും തിളക്കം ലഭിക്കുന്നത് ഗുരുവിനോടുള്ള ആദരവിന്‍റെയും ബഹുമാനത്തിന്‍റെയും ഹേതുവായിട്ടാണ്. നവകാലത്ത് പൂര്‍ണ്ണമായും വിസ്മരിക്കപ്പെട്ട ജ്ഞാനത്തിന്‍റെ ബഹുമതികളാണ് ഇവ രണ്ടും. ജ്ഞാന സന്പാദനത്തിന് പ്രാപ്തിയും കഴിവും സ്വായത്തമാക്കുന്നതിലും സമൂഹത്തിന് കൈമാറുന്നതിലും നവകാല വിദ്യാര്‍ത്ഥികള്‍ പരാജയപ്പെടുന്നതിന്‍റെയും പിന്നില്‍ നഷ്ടപ്പെട്ട ഗുരുശിഷ്യ ബന്ധത്തെ നമുക്ക് വായിച്ചെടുക്കാനാവും.

ലൈംഗികാസ്വാദനങ്ങള്‍ക്കുള്ള ഇടത്താവളമാക്കി വിദ്യാര്‍ത്ഥി ജീവിതം പരിവര്‍ത്തിക്കപ്പെട്ടു എന്നതാണ് പുതിയകാലത്തെ കലാലയങ്ങളിലെ അതിഭീകരമായ മറ്റൊരു പ്രശ്നം. കുത്തഴിഞ്ഞ ലൈംഗികതക്ക് അവസരങ്ങളൊരുക്കുന്ന തീവ്രപ്രണയങ്ങളുടെ കരുമ്പിച്ച മുഖമാണ് നമ്മുടെ കലാലയങ്ങള്‍ക്കുള്ളത്. ക്യാമ്പസ് ചുവരുകളില്‍ കുറിച്ചു വെച്ച കപട പ്രണയങ്ങളുടെ ചീഞ്ഞുനാറുന്ന രക്തവും ചലവുമാണ് കലാലയങ്ങളിലെ ലൈംഗികത. ബാലിശമായ പ്രണയങ്ങളില്‍ ജീവിതം സമര്‍പ്പിച്ച് കണ്ണും നട്ടിരിക്കുന്ന കാമുകീ കാമുകന്മാര്‍ ജ്ഞാനത്തെ അവഹേളിച്ച് ഒരു കഷണം കയറിലേക്ക് ചുരുങ്ങിക്കൂടുകയാണ്. സങ്കടങ്ങളും സന്ദേഹങ്ങളുമറിയാത്ത ലോകത്തേക്ക് പോവുകയാണത്രേ അവര്‍. സ്വവര്‍ഗരതി അടക്കമുള്ള രതിക്രീഡങ്ങളുടെ താവളമായ കലാലയങ്ങള്‍ റാഗിങ്ങിന്‍റെയും കേന്ദ്രമാണ്. സഹപാഠിയെ തന്‍റെ അധികാര വലയത്തില്‍ മെരുക്കി നിര്‍ത്തുന്ന അഹങ്കാരത്തിന്‍റെ ബലപ്രയോഗങ്ങളാണ് റാഗിങ്ങുകള്‍. കൊല വിളി ഉയര്‍ത്തി കലാലയ മുറ്റങ്ങള്‍ ഭീകരതയുടെ വടിവാളുകള്‍ സൃഷ്ടിക്കുന്നത് അരാഷ്ട്രീയവത്കരിക്കപ്പെട്ട കലാലയങ്ങളുടെ പുതിയ ചിത്രങ്ങളാണ്.

 മേധാവിത്വം ആഗ്രഹിക്കുന്നവര്‍ അരാഷ്ട്രീയത ആഗ്രഹിക്കുന്നവരാണ്. ഗാങ്ങുകളായി വിഘടിച്ച് രാജാവും പ്രജയുമായി നാടകം കളിക്കുന്നത് അരാഷ്ട്രീയവത്കരിക്കപ്പെട്ട കാമ്പസുകള്‍ ശോഷിച്ച് ശോഷിച്ച് ഇല്ലാതാവുന്നു എന്നതിന്‍റെ വ്യക്തമായ ഉദാഹരണമാണ്.
അരാഷ്ട്രീയമെന്നാല്‍ ഒരു മുരടിപ്പാണ്. വിദ്യാര്‍ത്ഥിത്വത്തില്‍ ഒരു പൊതു പ്രവര്‍ത്തനത്തിന്‍റെ പശ്ചാത്തലമുണ്ട്. എല്ലാവര്‍ക്കും പൊതുപ്രവര്‍ത്തനത്തില്‍ പരസ്യമായി ഭാഗവാക്കാകാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍ പൊതു പ്രവര്‍ത്തനങ്ങളെ ആദരിക്കാനുള്ള മാനസികാവസ്ഥയുണ്ടാകണം. ഇതിനെ പുഛിച്ചു തള്ളുന്നത് അരാഷ്ട്രീയതയുടെ നിര്‍ദ്ദേശമാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയവും സംഘടനാ പ്രവര്‍ത്തനങ്ങളുമില്ലാത്ത കാമ്പസുകള്‍ ഗാങുകളായി വിഘടിച്ച് നരഭോജികളെ സൃഷ്ടിക്കാന്‍ അവസരങ്ങളൊരുക്കുകയാണ്. അത്യന്തം സങ്കുചിതമായ വ്യക്തി മാതൃകകള്‍ സൃഷ്ടിക്കപ്പെടുന്നവരും മറ്റുള്ളവര്‍ക്ക് എന്ത് സംഭവിച്ചാലും സങ്കടപ്പെടാന്‍ തയ്യാറാകാത്തവരുമാണ് അരാഷ്ട്രീയതയുടെ ഉത്പന്നങ്ങള്‍.

കക്ഷിരാഷ്ട്രീയത്തിനു വിധേയപ്പെട്ടു കഴിയുന്ന സംഘടനകളാണ് കലാലയങ്ങളിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയം. അക്രമാസക്തമായ സമരങ്ങള്‍ക്ക് വിദ്യാര്‍ത്ഥിത്വത്തെ പ്രേരിപ്പിക്കുക എന്ന മടുപ്പന്‍ അജണ്ടകളാണ് ഇത്തരം സംഘടനകള്‍ കൈമാറുന്നത്. വിദ്യാഭ്യാസം പ്രതിനിധാനം ചെയ്യുന്ന സാമൂഹിക സേവനത്തിന്‍റെ മനസ്സ് നഷ്ടപെട്ട വിദ്യാര്‍ത്ഥി യുവത്വം സമരാഭാസങ്ങളുടെ മാറുന്ന ലോകത്തേക്ക് മുഖം തിരിച്ച് വിജ്ഞാനത്തെ പരിഹസിക്കുകയാണ്. നിയമ വ്യവസ്ഥിതികള്‍ക്ക് സാംസ്കാരിക അടയാളങ്ങളുടെ വെറുക്കപ്പെടുന്ന സമരങ്ങള്‍ക്കു മുന്നില്‍ പുല്ലുവിലയാണ്. തിമര്‍ത്തു പെയ്യുന്ന ആഘോഷങ്ങളാണ് ജീവിതവും സമരവും എന്നാണ് പുതിയ വിദ്യാര്‍ത്ഥിത്വം വിലയിരുത്തുന്നത്.

ചരിത്രം സൃഷ്ടിച്ച പോരാട്ടങ്ങളുടെ ഒരു കാന്പസ് കാലം നമുക്ക് മുന്നിലുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനം ക്യാമ്പസുകളില്‍ സമരവീര്യം പടര്‍ത്തിയപ്പോള്‍ മഹാത്മാഗാന്ധിക്കൊപ്പം പോരാട്ടത്തിനു പോര്‍ക്കളം സൃഷ്ടിക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് വലിയ പങ്കുണ്ടായിരുന്നു. ജവഹര്‍ലാല്‍ നെഹ്റു ഒരു പ്രസംഗ മധ്യേ ഇങ്ങനെ പരാമര്‍ശിക്കുകയുണ്ടായി.

‘രാജ്യം അടിമത്വത്തില്‍ കിടന്ന് പിടയുകയും ജനകോടികള്‍ പട്ടിണി കിടക്കുകയും ചെയ്യുമ്പോൾ പൊള്ളയായ ബിരുദങ്ങള്‍ കൊയ്തു കൂട്ടുന്നതില്‍ അര്‍ത്ഥമില്ല. രാജ്യം മരിച്ചു കൊണ്ടിരിക്കുമ്പോൾ ആര്‍ക്കാണ് ജീവിക്കാന്‍ കൊതി ?’

ഈ വാക്കുകള്‍ വിദ്യാര്‍ത്ഥി യുവത്വത്തെ സമരത്തിന്‍റെ നെരിപ്പോടിലേക്ക് എടുത്തെറിയപ്പെട്ടു. നിറഞ്ഞു നില്‍ക്കുന്ന സമരജ്ജ്വാലകള്‍ക്ക് തിരി കൊളുത്തി ഈ വിദ്യാര്‍ത്ഥിത്വം പെഷാവറില്‍ ബ്രിട്ടീഷുകാര്‍ക്കു നേരെ പ്രക്ഷോഭം ആളിപ്പടര്‍ത്തി. ഛത്താഗ്രാമില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ചരിത്രം കുറിച്ചു.
സമര സജ്ജരായ വിദ്യാര്‍ത്ഥികളെ പ്രക്ഷോഭത്തിന്‍റെ തീക്കനലിലേക്ക് എടുത്തെറിയപ്പെട്ട മറ്റൊരു സംഭവമായിരുന്നു ഭഗത് സിങ്ങിൻ്റെ രക്തസാക്ഷ്യം. രാജ്യത്തെ ക്യാമ്പസുകളെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ച സംഭവമായിരുന്നു ഇത്. ഭഗത്്സിംഗിനെ രക്ഷിക്കാന്‍ ദേശീയ നേതാക്കള്‍ ശുഷ്കാന്തി കാണിച്ചില്ലെന്നുപോലും കാമ്പസുകളില്‍ സംസാരം ഉണ്ടായിട്ടുണ്ട്. നാല്‍പതുകളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ പ്രതിബദ്ധതക്കൊപ്പം തികഞ്ഞ അവകാശ ബോധവുമുണ്ടായിരുന്നു.

 കുട്ടികള്‍ക്കെതിരില്‍ അക്കാലത്ത് നിലനിന്നിരുന്ന ശിക്ഷാ മുറകള്‍ക്കെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതികരിച്ചിട്ടുണ്ട്.
കേരളത്തിന്‍റെ സാമൂഹിക വളര്‍ച്ചയിലും ക്യാമ്പസുകള്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല. രാജ്യത്തുട നീളം സാവേശം മുന്നേറിയ സ്വാതന്ത്യപ്രസ്ഥാനത്തിന്‍റെ ചുവടൊപ്പിച്ച് കേരളത്തിലും സജീവമായ സംഘടനാ പ്രവര്‍ത്തനങ്ങളും സമരമുന്നേറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പ്രതികരണത്തിന്‍റെയും പ്രതികാരത്തിന്‍റെയും ചിത്രമാണ് കേരളത്തിന്‍റെ ക്യാമ്പസ്
രാഷ്ട്രീയത്തിന്‍റെ ചരിത്രം.

1882ലെ ഒരു വിശിഷ്ഠ സന്ധ്യയില്‍ മഹാരാജാസ് കോളേജിന്‍റെ വിശാലമായ മുറ്റത്തെ മഹാഗണി മരങ്ങളിലൊന്നിന്‍റെ ചുവട്ടിലിരുന്ന് മൂന്ന് ധീരയുവാക്കള്‍ നടത്തിയ കൂടിയാലോചനയും തുടര്‍ നടപടിയുമാണ് പില്‍ക്കാലത്തെ അസംഖ്യം സമരമുന്നേറ്റങ്ങളുടെ അറിയപ്പെട്ട തുടക്കം.

 എന്നാല്‍ ഈ സമരാവേശങ്ങള്‍ കാന്പസുകളുടെ മുറ്റങ്ങളില്‍ നിന്ന് എടുത്തെറിയപ്പെട്ട ഇരുണ്ട യുഗത്തിലാണ് നാം ജീവിക്കുന്നത്. 
‘ക്യാമ്പസ് അരാജകത്വം’
ധൈഷണികവും അക്കാദമീയവുമായ പ്രശ്നങ്ങള്‍ക്കപ്പുറത്ത് കടുത്ത സാമൂഹിക പ്രതിസന്ധികളുടെ മതിലുകളും ഗര്‍ത്തങ്ങളും സൃഷ്ടിച്ച് കലാലയ ജീവിതങ്ങള്‍ എണ്ണവറ്റി കരിന്തിരി കത്തുകയാണ്.

എന്തുകൊണ്ടാണ് നമ്മുടെ കലാലയ ജീവിതങ്ങള്‍ ഇത്രമാത്രം ജീര്‍ണ്ണിച്ചിരിക്കുന്നത്?
അതിന്‍റെ കാരണങ്ങളന്വേഷിച്ച് തിരുത്ത് കുറിക്കല്‍ നമ്മുടെ ബാധ്യതയാണ്. ഒന്നാമതായി തുടക്കത്തില്‍ പരാമര്‍ശിച്ച മൂല്യങ്ങളില്‍ നിന്നുള്ള വ്യതിയാനമാണ് കാരണം. വസ്തുതകളെ വെടിഞ്ഞ് നിഴലുകളെ പ്രണയിക്കുന്ന പ്രവണതയാണ് ഈ പുറം തിരിഞ്ഞിരിക്കല്‍. രണ്ടാമത്തെ കാരണം, വിദ്യഭ്യാസം കമ്പോളവല്‍ക്കരിക്കപ്പെട്ടുവെന്നതാണ്. വിദ്യഭ്യാസം കച്ചവടച്ചരക്കാക്കുകയും സ്വകാര്യ സ്വത്തായി കൊണ്ടു നടക്കുകയും ചെയ്യുന്നവര്‍ അധമവിചാരങ്ങള്‍ക്ക് വഴിതുറക്കുകയാണ്. ഉറച്ച രാജ്യസ്നേഹത്തേയും പാരമ്പര്യത്തേയും പാടെ വിസ്മരിക്കപ്പെടുകയാണ്. കച്ചവട ലോബികള്‍ക്ക് കളിക്കളവും വിത്തിറക്കാനുള്ള കൃഷിയിടവുമായി വിദ്യഭ്യാസത്തെ മാറ്റിത്തുടങ്ങിയതു മുതലാണ് വിദ്യാര്‍ത്ഥികളില്‍ സാമൂഹിക പ്രതിബദ്ധത മങ്ങിപ്പോയത്. കച്ചവടക്കാരില്‍ നിന്ന് പൊള്ളുന്ന വില കൊടുത്ത് വാങ്ങുകയും മറിച്ച് വില്‍ക്കുകയും ചെയ്യുക എന്നതിലപ്പുറം വലിയ കാര്യങ്ങളൊന്നും ഇതിലില്ലെന്ന് വിദ്യാര്‍ത്ഥികള്‍ തിരിച്ചറിഞ്ഞത് മുതലാണ് ഈ ദുരന്തചരിത്രം ആരംഭിക്കുന്നത്.
മൂന്നാമത്തെ കാരണം ജോബ് ഓറിയന്‍റഡ് എജ്യുക്കേഷനാണ്. ഒരു വിദ്യാര്‍ത്ഥിയെ നല്ല മനുഷ്യനാക്കുക എന്നത് വിദ്യഭ്യാസത്തിന്‍റെ ലക്ഷ്യമാണ്. അവരുടെ സ്വപ്നങ്ങള്‍ക്ക് നിറം നല്‍കുക, ആദര്‍ശങ്ങള്‍ക്ക് മൂര്‍ച്ച നല്‍കുക, മനുഷ്യ ബന്ധത്തെ ദൃഢമാക്കുക, മനുഷ്യാഭിമുഖ്യത്തെ നിരന്തരം സജീവമാക്കുക തുടങ്ങിയവയെല്ലാം വിദ്യഭ്യാസത്തിന്‍റെ ഭാഗമായി സാധ്യമാക്കേണ്ടതാണ്. ഇങ്ങനെ വ്യത്യസ്ത ലക്ഷ്യങ്ങളെ ഐക്യപ്പെടുത്തുന്ന മൗലികമായ ഒരു ലക്ഷ്യമുണ്ട്. അത് സാംസ്കാരിക പ്രബുദ്ധമായ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ്. സാംസ്കാരിക പ്രബുദ്ധതയോട് കീഴ്പ്പെട്ടാണ് മറ്റെല്ലാ കാര്യങ്ങളേയും നാം കാണേണ്ടത്. അതിനു പകരം സാംസ്കാരിക പ്രബുദ്ധത തുലയട്ടെ, മനുഷ്യ ബന്ധങ്ങള്‍ നശിക്കട്ടെ, എന്‍റേതു മാത്രമായ ആഡംബര ജീവിതം എന്ന കാഴ്ച്ചപ്പാട് രൂപപ്പെടുന്നതില്‍ ജോലി കേന്ദ്രീകൃത വിദ്യഭ്യാസത്തിന് വലിയ സ്വാധീനമുണ്ട്. ഇവകളെയെല്ലാം ചെറുത്തു തോല്‍പിച്ചേ മതിയാവൂ.

🔏

19 മാർച്ച് 2025

ശിക്ഷണ കുറവും _ ഭക്ഷണ കൂടുതലും 👩‍🏫

❤️ ഇന്നത്തെ തലമുറയിലെ മക്കൾ❤️



ലക്ഷ്യങ്ങളില്ല ... കടപ്പാടില്ല


ബന്ധങ്ങളില്ല ,ബന്ധുക്കളെ ഇഷ്ടമില്ല ,

നാട്ടുകാരെ ഇഷ്ടമല്ല...


പാതിരാത്രി സഞ്ചാരങ്ങൾ..

ചോദ്യം ചെയ്‌താൽ,വീട്ടിൽ ബഹളം ...

രാത്രി 2 മണി വരെ , ഉറങ്ങില്ല ,,

 എന്നിട്ടോ ഉച്ചവരെ ഉറങ്ങി ഉച്ചയ്ക്ക് എഴുന്നേൽക്കുന്നു ..!


സ്വന്തം വീട്ടിലെയോ,പറമ്പിലെയോ,

ഒരു പണിയും ചെയ്യില്ല..


 വില കുറഞ്ഞ  വസ്ത്രങ്ങൾ,

ചെരിപ്പ് ,വാങ്ങാൻ പറഞ്ഞാൽ,

ഇഷ്ടപ്പെടില്ല. '


സ്വന്തം സമ്പാദിക്കുന്ന തുക സ്വന്തം കാര്യത്തിന് മാത്രം..

 നിയമത്തോടും നിയമവ്യവസ്ഥയോടും പുച്ഛം....

ആചാരങ്ങളോട്,സംവിധാനങ്ങളോട്, അവഗണന......


തിന്നാൻ ഉള്ളത് മേശയിൽ കിട്ടണം..

കഴിച്ച പാത്രമോ,ഉടുത്ത തുണിയോ,

കഴുകില്ല...


കടയിൽ പോയി സാധനം വാങ്ങാൻ മടി..

നാട്ടുകാരോടും,ബന്ധുക്കളോടും മിണ്ടില്ല.


പിന്നെ എങ്ങനെയെങ്കിലും,കുടുംബസ്വത്ത്‌

ബാങ്കിൽ പണയം വയ്പ്പിച്ചു,,

യൂറോപ്പിന് പോകാൻ ഉള്ള പരിപാടികൾ

 തുടങ്ങും.....( ഇല്ലെങ്കിൽ ഒരു വണ്ടി വേണം. മുടി സ്ട്രേറ്റ് ചെയ്യണം. കളർ അടിക്കണം)


ഇല്ലെങ്കിൽ മാതാപിതാക്കളോട്

കലഹം..

രക്ഷപെട്ടാൽ ഭാഗ്യം!


ചിലപ്പോൾ ഇങ്ങനെ അക്രമത്തിലും,

കൊലപാതകത്തിലും,

എത്തും...

ചില മക്കൾ ആത്മഹത്യ ചെയ്യും..

ജീവിതകാലം മുഴുവൻ മാതാപിതാക്കൾക്കു കണ്ണീർ മാത്രം

ബാക്കി...


ഇതൊക്കെ,ചൂണ്ടികാണിക്കുന്നവരെ,,

80 K ആളുകൾ, തന്ത വൈബ്,

എന്ന് വിളിച്ചു ഇൻസ്റ്റയിൽ പോസ്റ്റ്‌

ഇടും...


ഇതിൽ ആണ് പെണ്ണ് എന്ന വ്യത്യാസം ഇല്ല...


എന്റെ ലൈഫ് എന്റെ തീരുമാനം എന്ന രീതിയിൽ പോസ്റ്റ്‌കൾ ഇടും..

 സ്വാതന്ത്ര്യo വേണം അത് മാത്രം ചിന്ത....


ആർക്ക് പോയി????


നല്ല ഭക്ഷണം കഴിക്കാതെയും,

നല്ല വസ്ത്രം ധരിക്കാതെയും,

ഈ മക്കളുടെ എല്ലാ ആവശ്യങ്ങളും

നടത്തികൊടുത്ത മാതാ പിതാക്കൾ,,

അവസാനനാൾ വരെയുo കഴുതകളെ  പോലെ പണിയെടുക്കണo....


മാതാപിതാക്കളുടെ,ബന്ധുക്കളുടെ,

അമിത ലാളന!! അവര് തന്നെ അതിന് കാരണക്കാർ...


ഇല്ലായ്മ എന്നൊന്ന് ഇവർ അറിഞ്ഞിട്ടില്ല..

ശിക്ഷണകുറവും,ഭക്ഷണ കൂടുതലും...


കാശ് ഇല്ലെങ്കിലും കടം വാങ്ങി ഇവരുടെ എല്ലാം ആവശ്യങ്ങളും നടത്തികൊടുക്കും ; അത് അത്യാവശ്യമാണോ ; ആവശ്യമാണോ ; അനാവശ്യമാണോ എന്ന് ചിന്തിക്കുക കൂടിയില്ല..!!


ഇല്ലാത്ത പൈസ മുടക്കി മറ്റുള്ളവരുടെ

ഒപ്പമെത്തിക്കാൻ ; മൊബൈൽ,

വാഹനം, etc...വാങ്ങി കൊടുക്കും.


ചെറുപ്പത്തിൽ തെറ്റുകൾ

ചൂണ്ടികാണിക്കപ്പെടാതെപോയത്,,

ഇല്ല വല്ലായ്മകൾ അറിയിക്കാതെ പോയത് ഒക്കെ മാതാപിതാക്കളുടെ തെറ്റു തന്നെയാണ്..


അതാരും ചിന്തിക്കാറില്ല എന്നതാണ് വാസ്തവം!!


മാതാപിതാക്കൾക്ക് മക്കളിലുള്ള അമിതവിശ്വാസവും ;

അവരുടെ തെറ്റുകളുടെ ന്യായീകരണവും ; മക്കൾക്ക് തിന്മയിലേക്കുള്ള പാത തെളിയിക്കുന്നു!!


ഒന്നേ ചെയ്യാനുള്ളൂ.....


മക്കൾക്കു വേണ്ടി ഒത്തിരി സ്വത്തുക്കൾ ഉണ്ടാക്കാതെ ഇരിക്കുക.

പറയുന്ന ആവശ്യങ്ങൾ എല്ലാം നടത്തി കൊടുക്കാതെയിരിക്കുക.

അവർക്കു മാന്യമായ വിദ്യാഭ്യാസം

കൊടുക്കുക.

ഇല്ലായ്മകൾ അറിയിച്ച് വളർത്തുക. അവരെ ചെറുപ്പം മുതലേ സ്വയം പര്യാപ്തരാവാൻ ശീലിപ്പിക്കുക.


തെറ്റുകൾ ചെറുപ്പം മുതലേ തിരുത്തുക..

ശാസനയും,ശിക്ഷണവും,വേണ്ടത് പോലെ നൽകുക.


എൻ്റെ കുട്ടി എല്ലാ കാര്യത്തിലും ഒന്നാമനാവണം എന്ന ചിന്ത മാതാപിതാക്കൾ ഉപേക്ഷിക്കുകതന്നെവേണം.


മാറ്റിയെടുക്കേണ്ടത് ഓരോരുത്തരുമാണ്. 💖


( കടപ്പാട് )

∆°∆°∆°∆°∆°∆°∆


20 ഒക്‌ടോബർ 2024

പ്രാർത്ഥനാ ഗാനങ്ങൾ - പ്രണാമം പ്രണാമം 🙏

പ്രണാമം പ്രണാമം

പ്രണാമം പ്രണാമം മഹാജ്ഞാന സാരാ പ്രകാശം വിടർത്തുന്ന വിജ്ഞാന സൂര്യ...


 തമസ്സിൻ മതിൽ നീക്കി മനസ്സിൽ വരൂ നീ തരൂ പൊൻ പ്രഭാതം പ്രപഞ്ചം വിളങ്ങാൻ...


അനവദ്യമാം വിദ്യ ഇരുൾ നീക്കി എന്നും അനുഭൂതി പകരുന്ന നിമിഷങ്ങളേകും...


 ഹൃദയത്തിൻ വിളങ്ങുന്ന സ്നേഹാത്മ

നിത്യം വദനങ്ങളിൽ കാന്തി കിരണങ്ങളാകും...


കരളിന്റെ മുറ്റത്ത് ദിവ്യാക്ഷരങ്ങൾ 

കളിവില്ലു തീർക്കുന്ന വിജ്ഞാന ഭാവാ...


കരയുന്ന നിര കൂപ്പി നിൽക്കുന്നു ഞങ്ങൾ കണികാണുവാൻ നിത്യ സർഗ്ഗാക്ഷരങ്ങൾ...


💞💞💞

18 ഒക്‌ടോബർ 2024

പ്രാർത്ഥനാ ഗാനങ്ങൾ - ഈശ്വരാ കൈകൂപ്പി

ഈശ്വരാ കൈകൂപ്പി

ഈശ്വരാ കൈകൂപ്പി 

നില്പു ഞാൻ നിൻ മുന്നിൽ 

ഈറനണിഞ്ഞ മിഴികളോടെ

കാരുണ്യമെന്നിൽ ചൊരിയേണെ 

ഭൂവിലും കാരണനായുള്ള തമ്പുരാനേ...

 

അച്ഛനും അമ്മയും എന്തു പറഞ്ഞാലും 

അക്ഷരം തെറ്റാതനുസരിച്ചും 

ഉള്ളിൽ വെളിച്ചം 

പകരും ഗുരുവിനെ  

ഉണ്മയിൽ സ്നേഹിച്ചും ആദരിച്ചും...


കൂടെപ്പഠിക്കുന്ന കുട്ടികളെ തന്റെ 

കു‌ടെപിറപ്പുകളായ് നിനച്ചും 

മാതൃഭൂമിക്കായ്‌ ജീവൻ വെടിഞ്ഞോരെ  

മാതൃകയായിട്ടു സ്വീകരിച്ചും...


ഈശ്വരാ കൈകൂപ്പി 

നില്പു ഞാൻ നിൻ മുന്നിൽ 

ഈറനണിഞ്ഞ മിഴികളോടെ

കാരുണ്യമെന്നിൽ ചൊരിയേണെ 

ഭൂവിലും കാരണനായുള്ള തമ്പുരാനേ...

💞💞💞

15 ഒക്‌ടോബർ 2024

പ്രാർത്ഥനാ ഗാനങ്ങൾ - കൈവല്യ ദീപത്തെ

 കൈവല്യ ദീപത്തെ

കൈവല്യ ദീപത്തെ കാത്തരുളീടുന്ന കൈതവമില്ലാത്ത ദൈവമേ നീ...


അജ്ഞരാം ഞങ്ങളെ വിജ്ഞരാക്കേണമേ

വിജ്ഞാന സാഗര സർവ്വേശ്വരാ...


മമ ഭാവന ഞങ്ങൾക്ക് നൽകിയിട്ടു- ത്തമന്മാരാക്കി മാറ്റീടണേ...


ലോകാധിനാഥാ നിൻ മാനസം 

ഞങ്ങളിൽ പാരം പതിപ്പിച്ചു കാത്തിടണേ...


💞💞💞

11 സെപ്റ്റംബർ 2024

പ്രാർത്ഥനാ ഗാനങ്ങൾ - ജീവിത ചക്ര വിധായക നായക

ജീവിത ചക്ര വിധായക നായക

ജീവിത ചക്ര വിധായക നായക

സർവ്വ ചരാചര ദേവ നമസ്തേ


ഹൃദയേ വിരിയും പൂജ കുസുമം

താവക പാദേ തവദിനവും 


താരക സുന വിമോഹനഹാരേ 

സൂരത ചന്ദ്ര വിദർശിത കേശം


നദിയിൽ വനിയിൽ വിരിയും കതിരിൽ (കുടികൊള്ളൂ നിൻ പുഞ്ചിരി എന്നും...3)


💞💞💞

01 ഓഗസ്റ്റ് 2024

പ്രാർത്ഥനാ ഗാനങ്ങൾ - സൂര്യ ചന്ദ്രനും

പ്രാർത്ഥനാ ഗാനങ്ങൾ - സൂര്യ ചന്ദ്രനും


സൂര്യ ചന്ദ്രനും താരകങ്ങളും ഭൂമിയും ജീവജാലവും അഗ്നിയും പ്രാണവായുവും ജല നീരദങ്ങളും ഒക്കെയും നിർമ്മിച്ച വിശ്വ ശില്പി നിന്മുന്നിൽ കൈവണങ്ങുന്നു സാദരം നിൻ കൃപാവരം ഞങ്ങളിൽ സദാ തൂകണം സർവ്വ നായകാ...

പൂവിനു തേനും വർണ്ണരാജിയും സൗരഭവും പകർന്നതും..

പൂങ്കുയിലിൻ കണ്ഠത്തിൽ പുതു നാദം കോരി നിറച്ചതും..

നീയല്ലോ ഭവത് നായകാ ജഗത് വൈഭവങ്ങളെ വാഴ്ത്തുവാൻ ശക്തി നൽകേണമെന്നും എന്നും നീ

ഞങ്ങൾ നിൻ പ്രിയ ദാസരാം

💞💞💞