രേഖകൾക്ക് അപ്പുറം
ഓഫിസിൽ എന്തോ ആവശ്യത്തിനായി വന്നതാണ് ആ വയോധിക. ഉദ്യോഗസ്ഥൻ നിലപാടു വ്യക്തമാക്കി: തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഇനിയെനിക്ക് എന്തിനാണു തിരിച്ചറിയൽരേഖ; ഞാൻ പലകുറി ഇവിടെ വന്നിട്ടുള്ളതല്ലേ? - അവർ ചോദിച്ചു. ഇതു നിയമമാണ് ഉദ്യോഗസ്‌ഥൻ. വീർപ്പുമുട്ടി വയോധിക അദ്ദേഹത്തോടു ചോദിച്ചു - അതിനെന്താ, ഞാൻ നിന്റെ അമ്മയല്ലേ?
ആളെ തിരിച്ചറിയാൻ തിരിച്ചറിയൽ കാർഡ് മതിയാകുമോ? രേഖകളും ചിത്രങ്ങളും നൽകുന്ന വിവരണങ്ങൾക്കു പരിധിയും പരിമിതിയുമുണ്ട്. ഒരിക്കലും മായില്ല എന്നു കരുതപ്പെടുന്ന ഒരടയാളവും ആരുടെയും സ്വഭാവത്തെക്കുറിച്ചോ മനോഭാവത്തെക്കുറിച്ചോ ഒന്നും സംസാരിക്കില്ല. തെളിവുകളും ഓർമച്ചിത്രങ്ങളുമൊന്നുമില്ലാതെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ, നഷ്‌ടപ്പെട്ടത് രേഖകളല്ല; ബന്ധങ്ങളുടെ ഊഷ്‌മളതയും ഇഴയടുപ്പവുമാണ്.
എഴുതപ്പെട്ട നിയമങ്ങളും സ്വയം നിർമിക്കുന്ന വൈകാരിക വസ്‌ഥകളുമാണ് ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നത്. ഓരോ അടുപ്പവും നിലനിൽക്കുന്നത് പല കാരണങ്ങളുടെ പേരിലാകാം. ഒരു കാരണവുമില്ലാതെ നിലനിൽക്കുന്ന ബന്ധങ്ങൾക്ക് തെളിവുശേഖരമോ കണക്കുപുസ്‌തകമോ ഉണ്ടാകില്ല. പരാതികളും നിയന്ത്രണരേഖകളുമില്ലാതെ അവ നിർബാധം ഒഴുകും. ചെടികൾക്കു വേരുകളുണ്ടോയെന്ന് അവ പറിച്ചുനോക്കിയല്ല പരിശോധിക്കേണ്ടത്; തണ്ടും ശിഖരവും കണ്ട് തിരിച്ചറിയണം.
തിരിച്ചറിയൽ രേഖയുണ്ടെങ്കിൽ ആരെയും തിരിച്ചറിയാൻ കഴിയും എന്നു കരുതുന്നതുപോലെ തന്നെയുള്ള അബദ്ധമാണ് കൂടെയുള്ളവരോട് കുട്ടുണ്ട് എന്നതിൻ്റെ തെളിവു ചോദിക്കേണ്ടിവരുന്നതും. നിയമാധിഷ്ഠിതമായി മാത്രം നിലനിൽക്കുന്ന ബന്ധങ്ങൾക്ക് രേഖകളിൽ മാത്രമേ സ്‌ഥാനമുണ്ടാകൂ. ഹൃദയാധിഷ്‌ഠിത ബന്ധങ്ങൾക്ക് പ്രദർശന സാധ്യതകൾ ഇല്ലെങ്കിലും പ്രചോദനസാധ്യതകൾ ഉണ്ടാകും.
(കടപ്പാട് )


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗