1835 ൽ തോമസ് ബാബിങ്ടണ് മെക്കാളെ ചെയർമാനായിട്ടുള്ള വിദ്യാഭ്യാസ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടാണ് മെക്കാളെയുടെ മിനുട്സ് എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് പിന്നീട് ആധുനിക ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നയരേഖയായിത്തീർന്നു.
‘ഭരണകർത്തക്കളായ നമ്മളും നാട്ടുകാരായ ഇന്ത്യക്കാരും തമ്മിൽ ആശയ വിനിമയം നടത്താൻ സഹായിക്കുന്ന ഒരു വർഗത്തെ രക്തത്തിലും വർണത്തിലും ഇന്ത്യക്കാരാണെങ്കിലും അഭിരുചിയിലും വീക്ഷണത്തിലും സദാചാര ബോധത്തിലും ഇംഗ്ലീഷുകാരായ ഒരു വർഗത്തെ സൃഷ്ടിക്കാൻ കഴിയുന്നതെല്ലാം ചെയ്യേണ്ടിയിരിക്കുന്നു’
എന്നായിരുന്നു മെക്കാളെയുടെ പ്രസ്താവന.
ഇങ്ങനെ ഇംഗ്ലീഷുകാരുടെ ജീവിത രീതിയോട് താത്പര്യമുള്ള ഒരു ജനതയെ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചതോടെ ധാരാളംപേർ ജനാധിപത്യം, സ്വാതന്ത്ര്യം, യുക്തിചിന്ത, തുല്യനീതി, ശാസ്ത്രബോധം, സോഷ്യലിസം, പൗരാവകാശങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരായിത്തീർന്നു. അവർ ഇന്ത്യയിൽ നിലനിന്നിരുന്ന സാമൂഹിക അനാചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പരിഷ്കരിക്കാനും ഇന്ത്യൻ സമൂഹം, ഭാഷ, കല, സാഹിത്യം എന്നിവയെ നവീകരിക്കാനുമാണ് ഈ അവസരത്തെ പ്രയോജനപ്പെടുത്തിയത്.

