അക്ഷരക്കൂട്ടം: (1) അധികാരത്തിന് അടിമയായാൽ 👑
അക്ഷരക്കൂട്ടം ഓൺലൈൻ

(1) അധികാരത്തിന് അടിമയായാൽ 👑

 അധികാരത്തിന് അടിമയായാൽ



രാജാവിന്റെ പ്രവൃത്തികളിൽ മന്ത്രിക്ക് അതൃപ്‌തി ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അതു പുറത്തുകാണിച്ചില്ല. ഭയംകൊണ്ടും സ്വന്തം കാര്യങ്ങൾ സാധിക്കാനുള്ള ആഗ്രഹംകൊണ്ടും അദ്ദേഹം വിനയാന്വിതനായി നിന്നു. പിന്നീട് ബോധോദയമുണ്ടായ മന്ത്രി എല്ലാം ഉപേക്ഷിച്ചു വനത്തിൽ പോയി ജീവിക്കാൻ തുടങ്ങി. വർഷങ്ങൾക്കുശേഷം നായാട്ടിനു കാട്ടിലെത്തിയ രാജാവ് മരച്ചുവട്ടിൽ തംബുരു വായിച്ചിരിക്കുന്ന മന്ത്രിയെ കണ്ടു. തന്നെ കണ്ടിട്ടും എഴുന്നേൽക്കാൻ തയാറാകാതെ തംബുരുവായന തുടർന്ന അദ്ദേഹത്തോടു രാജാവ് ചോദിച്ചു: നിനക്കെന്താണ് എന്നോട് ബഹുമാനമില്ലാത്തത്? ഒരിക്കൽ നീ എൻ്റെ മന്ത്രിയായിരുന്നു. കൂസലില്ലാതെ അദ്ദേഹം പറഞ്ഞു: അന്നു ഞാൻ അനീതി കണ്ടിട്ടും മിണ്ടാതിരുന്നത് അങ്ങയുടെ മന്ത്രിയായതുകൊണ്ടു മാത്രമായിരുന്നു. ഇന്നു താങ്കളിൽനിന്ന് എനിക്കൊന്നും നേടാനില്ല. ഈ സംഗീതമാണ് എനിക്കെല്ലാം.



അടിമത്തം അവസാനിപ്പിച്ചാൽ ആത്മാഭിമാനവും അന്തസ്സും തനിയെ ഉണരും. അനുഭാവവും അനുസരണവും നല്ലതാണ്. പക്ഷേ, അത് അന്ധമായ അനുഗമനത്തിനു വഴിമാറുന്നതാണ് അഹങ്കാരികളായ അധികാരികളും ആത്മവിശ്വാസമില്ലാത്ത അണികളും ഉടലെടുക്കാൻ കാരണം. ആളുകളെയും ആശയങ്ങളെയും അവ എത്ര മികച്ചതാണെങ്കിലും കണ്ണടച്ച് ആരാധിക്കരുത്. പോരായ്‌മകളും ബലഹീനതകളും എല്ലാവർക്കുമുള്ളിലും ഉണ്ടാകും. അധികാരം കയ്യാളുന്നവരുടെ ചൊൽപടിക്കുനിന്നാൽ ചില ഗുണങ്ങളുണ്ട്. അരുതാത്തവ ചെയ്‌താലും സംരക്ഷിക്കപ്പെടും, കൊള്ളരുതായ്മകൾക്കുള്ള പ്രതിഫലമായി ആനുകൂല്യങ്ങൾ ലഭിക്കും. അവർക്കു ചില ഉത്തരവാദിത്തങ്ങളുമുണ്ട്. നേതാവിനെ പുകഴ്ത്തിപ്പാടണം, അസംബന്ധങ്ങളെ ന്യായീകരിക്കണം, രാജാവ് നഗ്നനെങ്കിൽ കണ്ണടച്ച് ഇരുട്ടാക്കണം, എതിർചേരിയിലുള്ളവരെ പല്ലും നഖവും ഉപയോഗിച്ചു വകവരുത്തണം. തനിമകൊണ്ടും തന്റേടംകൊണ്ടും ഒന്നും നേടാൻ കഴിയില്ല എന്നുറപ്പുള്ളവരാണ് ആനുകൂല്യങ്ങളുടെ പടിപ്പുരയ്ക്കൽ കാവൽ കിടക്കുന്നത്. പണി അറിയുന്നവർ പണിസ്‌ഥലത്ത് അതു ചെയ്യും. പ്രാപ്‌തിയില്ലാത്തവർ തലസ്ഥാനത്തു ചുറ്റിക്കറങ്ങും, അധികാരിയേക്കാൾ അധികാരസ്‌ഥാനത്തെയാണ് ആളുകൾ ബഹുമാനിക്കുന്നത്. അലങ്കാരങ്ങളഴിച്ചുവച്ച് എന്നു താഴെയിറങ്ങുന്നുവോ അന്ന് അവസാനിക്കും അപദാനങ്ങളും സ്‌തുതിവചനങ്ങളും. ഒരകമ്പടി വാഹനവുമില്ലാതെ ഒറ്റയ്ക്കു നീങ്ങേണ്ട നിമിഷങ്ങളുമുണ്ടാകും ജീവിതത്തിൽ അന്നാരെങ്കിലും അഭിവാദ്യം ചെയ്യണമെങ്കിൽ അവശ്യനേരങ്ങളിൽ അവരുടെ ഒപ്പം നിന്നിട്ടുണ്ടാകണം. അരികുപറ്റി നിന്ന് അധികബഹുമാനം കാണിക്കുന്നവരെ അകറ്റിനിർത്താനും അകലെയാണെങ്കിലും ആത്മാർഥതയോടെ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനും കഴിയുന്ന അധികാരികൾക്കു സ്ഥാനമൊഴിഞ്ഞാലും അവരർഹിക്കുന്ന ആദരവും അംഗീകാരവും ലഭിക്കും.


(കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗