അക്ഷരക്കൂട്ടം: ത്യാഗരാജ ഭാഗവതർ 🎭
അക്ഷരക്കൂട്ടം ഓൺലൈൻ
ത്യാഗരാജ ഭാഗവതർ 🎭 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ത്യാഗരാജ ഭാഗവതർ 🎭 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

02 മേയ് 2025

ത്യാഗരാജ ഭാഗവതർ 🎭

മണ്ണിൽ  വീണടിഞ്ഞ ഒരു താരം

•••••••••••••••


'ത്യാഗരാജ ഭാഗവതർ' 

എന്ന തമിഴ് സിനിമാ നടൻ്റെ 

വ്യത്യസ്തമായ ജീവിതകഥ


തമിഴ് സിനിമയിലെ 'മുടിചൂടിയ' മന്നനായി ഒരു കാലത്തു വാണരുളിയ ഒരു താരം, പിന്നീട് യാചകനായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന കഥ....   


മായാവാരം കൃഷ്‌ണമൂര്‍ത്തി (എം. കെ.) ത്യാഗരാജഭാഗവതര്‍ തമിഴ്‌ നടനും നിര്‍മാതാവും കര്‍ണാടക സംഗീതഞ്‌ജനുമായിരുന്നു. പൊന്‍പട്ടിന്റെ ജുബ്ബയും മുണ്ടും കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്ന കസവിന്റെ അംഗവസ്ത്രവും കുങ്കുമപ്പൊട്ടും വൈരക്കല്ലുകൾ നിറഞ്ഞ ആഭരണങ്ങളും, കാലിൽ ഒന്നു വീഴാൻ കാത്തിരിക്കുന്ന ആരാധകപ്പടയുമായി തമിഴകത്തെ 'മൂടിചൂടാമന്നനാ'യിരുന്നു ത്യാഗരാജ ഭാഗവതർ.


തൃശ്ശിനാപ്പിള്ളിയിൽ ഒരു സ്വർണ്ണത്തൊഴിലാളി കുടുബത്തിൽ ജനിച്ച അദ്ദേഹം 1920- കാലഘട്ടത്തിൽ സ്റ്റേജ് നാടകങ്ങളിലും സംഗീതകച്ചേരികളിലും ഏറ്റവും ജനപ്രീതിയുള്ള താരമായി തിളങ്ങി.1930-കളിൽ സിനിമാ ലോകത്തെത്തിയ അദ്ദേഹം, വൻ ഹിറ്റു ചിത്രങ്ങൾ നിർമ്മിച്ചും അഭിനയിച്ചും സംഗീത ആലാപനവും  സംവിധാനവും നടത്തിയും എല്ലാം തമിഴ് സിനിമാ ലോകത്തെ ചക്രവർത്തിയായി തുടർന്നു....


'ഏഴിശൈ മന്ന'നെന്നു അറിയപ്പെട്ട അദ്ദേഹം തമിഴ് സിനിമയിലെ ആദ്യ 'സൂപ്പർ സ്റ്റാറായി' മാറി. ആരാധകർ ദൈവതുല്യം ആരാധിച്ച ഭാഗവതരുടെ ജീവിതവും രാജകീയ പ്രൗഡിയിലായിരുന്നു,


തമിഴിൽ 'മെഗാ-സൂപ്പർ താരം' ആയിരുന്ന ഈ 'ഏഴിശൈ മന്ന'ൻ എന്ന എം.കെ.ത്യാഗരാജ ഭാഗവതർ പ്രമാദമായ 'ലക്ഷ്മികാന്തൻ കൊലക്കേസിൽ' ഗൂഢാലോചന നടത്തി എന്നാരോപിക്കപ്പെട്ട് 1944-ൽ‍ അറസ്‌റ്റിലായി; പിന്നീട് ശിക്ഷിക്കപ്പെട്ട് അൻ്റാമാൻ ജയിലിൽ അടക്കപ്പെട്ടു.


ഒരു 'ഫ്രോഡ്' ആയിരുന്ന ലക്ഷ്മികാന്തൻ 'മഞ്ഞപ്പത്രം' നടത്തി പ്രശസ്ത വ്യക്തിത്വങ്ങളെ (വ്യക്തികളെ) അപകീർത്തി ഭീഷണി മുഴക്കി ബ്ലായ്ക്ക് മെയിൽ ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു. ഒരു ദിവസം മദ്രാസിലെ വേപ്പേരിയിലെ വസതിയിൽ തൻറെ വക്കീലിനെ കണ്ടു സൈക്കിൾ റിക്ഷയിൽ മടങ്ങുമ്പോൾ രണ്ട് പേർ റിക്ഷ തടഞ്ഞ് ലക്ഷ്മികാന്തൻറെ വയറ്റിൽ കഠാര കുത്തിയിറക്കി. ത്യാഗരാജ ഭാഗവതരും തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് എൻ.എസ്.കൃഷ്ണനും സംവിധായകൻ ശ്രീരാമുലുവും ചേർന്നാണ് ഇത് ചെയ്യിച്ചത് എന്ന് ലക്ഷ്മികാന്തൻ പോലീസിന് മൊഴി നൽകി. പിറ്റേന്ന് മദ്രാസ് ജനറൽ ആസ്പത്രിയിൽ വെച്ച് ലക്ഷ്മികാന്തൻ മരണപ്പെട്ടു.


ഒരു കച്ചേരി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഭാഗവതരെ പോലീസ് അറസ്റ്റ് ചെയ്തു. ആരാധകർ പൊട്ടിക്കരഞ്ഞു. (ഭാഗവതർ നായകനായ 'ഹരിദാസ്' എന്ന സിനിമയുടെ ചിത്രീകരണം അതിനകം കഴിഞ്ഞിരുന്നു. 1944 ൽ ഇറങ്ങിയ ഹരിദാസ് മദ്രാസ്സിലെ സൺ (ബ്രോഡ് വെ?) തിയേറ്ററിൽ 3 വർഷം തുടർച്ചയായി പ്രദർശിപ്പിച്ചു.) കേസ് വിചാരണ കഴിഞ്ഞു. ആ രണ്ട് കൊലയാളികളെ തൂക്കിക്കൊല്ലാൻ വിധിച്ചു. സംവിധായകൻ ശ്രീരാമുലുവിനെ വെറുതെ വിട്ടു. ഭാഗവതരെയും എൻ.എസ്. കൃഷ്ണനെയും അൻ്റാമാൻ ജയിലിലേക്ക് അയക്കാൻ വിധിച്ചു. പോലീസ് മെനഞ്ഞ ഗൂഢാലോചനയിലൂടെ പറഞ്ഞുണ്ടാക്കിയ, ഒരേ ഒരു തെളിവ് എന്തെന്നാൽ അക്രമം നടക്കുന്ന സമയത്ത് ഭാഗവതർ ട്രാഫിക്ക് പോലീസുകാരനെ സ്വാധീനിച്ച് അങ്ങോട്ടേക്കുള്ള വാഹനം വഴി തിരിച്ചു വിട്ടു എന്ന് മാത്രമായിരുന്നു.


ത്യാഗരാജ ഭാഗവതർ ജയിലിൽ കഴിയുമ്പോൾ അദ്ദേഹം അവസാനം പൂർത്തിയാക്കിയ 'ഹരിദാസ്' എന്ന സിനിമ മദ്രാസ് സൺ തിയേറ്ററിൽ മൂന്ന് വർഷമാണ് തുടർച്ചയായി ഹൗസ്ഫുൾ ആയി ഓടിയത്. കേസും അപ്പീലും ഒക്കെയായി ഭാഗവതരുടെ സമ്പാദ്യമെല്ലാം തീർന്നു. മൂന്ന് വർഷം ജയിലിൽ കഴിഞ്ഞ ഭാഗവതർ പ്രിവി കൗൺസിലിൽ ഹരജി നൽകിയത് അനുസരിച്ച് കേസ് പുനർവിചാരണ നടത്താൻ ഉത്തരവായി. 1947-ൽ‍ ആ പുനര്‍വിചാരണയില്‍ ഭാഗവതരും എൻ.എസ്. കൃഷ്ണനും നിരപരാധികൾ ആണെന്ന് കണ്ടെത്തി വെറുതെ വിടപ്പെട്ടു.


ജയിലിൽ നിന്ന് നിരപരാധിത്വം തെളിയിക്കപ്പെട്ട് പുറത്ത് വന്നെങ്കിലും, ഒന്നും തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല. ആന്റമാൻ ജയിൽ കഠിന ശിക്ഷയ്ക്കായി എത്തിപ്പെടും മുമ്പ് മോചിതനായി എന്നു മാത്രം!

🌍


 എം. കെ. ത്യാഗരാജ ഭാഗവതർ എന്ന ആ സംഗീത-നടന ചക്രവർത്തി, തൻ്റെ അമ്പതാം വയസ്സിൽ, തികച്ചും ദയനീയമായ ചുറ്റുപാടിൽ 1959-ൽ മരണത്തിന് കീഴടങ്ങി.

......................

with the valuable inputs from കോലപ്പൻ ആചാരി, ശങ്കർ ഭാസ്കരാചാര്യ & കെ. പി. സുകുമാരൻ

.................