അക്ഷരക്കൂട്ടം: കുട ചൂടിയ കാഴ്ചക്കാരൻ 🏖️
അക്ഷരക്കൂട്ടം ഓൺലൈൻ

29 ജൂലൈ 2025

കുട ചൂടിയ കാഴ്ചക്കാരൻ 🏖️

 കുട ചൂടിയ കാഴ്ചക്കാരൻ



126,00,00,00,000 രൂപ!

( 1.5 ബില്യൺ യു.എസ്  ഡോളർ ) അത്രയും ചിലവഴിച്ചു ഒരു സാറ്റലൈറ് നിർമിച്ച് ബഹിരാകാശത്തേക്ക് അയക്കണമെങ്കിൽ അതൊരു നിസ്സാര ദൗത്യം ആയിരിക്കില്ലല്ലോ.


ഈ ആഴ്ച്ച നാസയും നമ്മുടെ സ്വന്തം ഇസ്രോയും ചേർന്ന് വിക്ഷേപിക്കാനിരിക്കുന്ന NISAR (NASA–ISRO Synthetic Aperture Radar) ദൗത്യത്തിനെ കുറിച്ചാണ്  പറഞ്ഞുവരുന്നത്.


 റേഡിയൊ തരംഗങ്ങൾ ഉപയോഗിച്ച്  ഭൂമിയുടെയും സസ്യജാലങ്ങളുടെയും ഹിമപാളികളുടെയും സൂക്ഷ്മ ചലനങ്ങൾ ഉയർന്ന കൃത്യതയോടെ അളക്കാൻ കെല്പുള്ള രണ്ടു റഡാറുകൾ ആണ് നിസാറിന്റെ  പ്രധാന ആകർഷണീയത.


 ഭൂകമ്പങ്ങൾ, മണ്ണിടിച്ചിൽ, അഗ്നിപർവ്വത സ്‌പ്‌ഫോടനങ്ങൾ  തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ, വനനശീകരണം, കാർഷിക ചക്രങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാൻ ഇതിന്റെ നിരീക്ഷണങ്ങൾ ശാസ്ത്രജ്ഞരെ സഹായിക്കും. 


12 മീറ്റർ വ്യാസം ഉള്ള , കുട പോലെ നിവർത്തിവയ്ക്കാൻ കഴിയുന്ന, ഭീമാകാരനായ ആന്റിന ഉപയോഗിച്ചാണ് NISAR റേഡിയോ തരംഗങ്ങൾ ഭൂമിയിലേക്ക് അയക്കുന്നതും തിരികെ  സ്വീകരിക്കുന്നതും.


ഭൂമിയിൽ തട്ടി പ്രതിഫലിച്ച തരംഗങ്ങളിലെ വ്യതിയാനം വിശകലനം ചെയ്യുക വഴി ഭൗമോപരിതലത്തിന്റെ വിശദാംശങ്ങൾ പകർത്തുവാൻ നിസാറിനു കഴിയും. 


ആറ്റിനക്ക്  ഇത്രയും വലുപ്പം ഉള്ളത്കൊണ്ടുതന്നെ മില്ലിമീറ്റർ പരിധിയിൽ ഉള്ള വ്യതിയാനങ്ങൾ പോലും ഇവനു തിരിച്ചറിയാം.


 ഇരുവശങ്ങളിലും ഘടിപ്പിച്ചിരിക്കുന്ന 5.5 മീറ്റർ നീളം ഉള്ള സോളാർ പാനലുകൾ ആണ് റഡാറുകൾ ഉൾപ്പടെ സാറ്റലൈറ്റിലെ ഉപകരണങ്ങൾ പ്രവർത്തിക്കാനാവശ്യമായ  വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത്.


ഭൂമിക്ക് 747 കിലോമീറ്റർ മുകളിലായി സ്ഥിതിചെയ്യുന്ന ഭ്രമണപഥത്തിലാണു NISAR നെ സ്‌ഥാപിക്കാനിരിക്കുന്നത്, ഇതിനായി ഇസ്രോയുടെ GSLV Mk 2 റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ സജ്ജമായിക്കഴിഞ്ഞു. 

സാറ്റലൈറ്റിനു ഒരു പിക്കപ്പ് ട്രാക്കിനോളം ഭാരമുള്ളതുകൊണ്ടുതന്നെ സാറ്റലൈറ്റും വഹിച്ച്  ഭൂമിയുടെ ആകർഷണ പരിധി ഭേദിക്കുവാൻ വാഹനശേഷി കൂടിയ GSLV പോലുള്ള  റോക്കറ്റ് കൂടിയേ തീരൂ. 


കഴിഞ്ഞ ചന്ദ്രയാൻ 2, 3 ദൗത്യങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ സഹായിച്ചതും ഇതേ GSLV തന്നെ.


ഭ്രമണപഥത്തിൽ എത്തുന്ന NISAR, ദിവസം 14-15 തവണ ഭൂമിയെ വലംവച്ചു കൊണ്ടിരിക്കും. 


ഓരോ 12 ദിവസത്തിലും ഭൂമിയിലെ എല്ലാ പ്രദേശങ്ങളും സൂക്ഷ്മമായി പകർത്തിയെടുത്ത് അതു പ്രാരംഭ സ്ഥാനത്തുതന്നെ തിരികെ എത്തിച്ചേരും. 


ഇങ്ങനെ പകർത്തിയ ദൃശ്യങ്ങളും ഡാറ്റയും NASA/ISRO വെബ്സൈറ്റ് വഴി ഏതൊരു സാധാരണക്കാരനും പഠനങ്ങൾക്കായി ഡൌൺലോഡ് ചെയ്യാം എന്നതാണ് ഈ ദൗത്യത്തിന്റെ മറ്റൊരു പ്രത്യേകത.



ഈ വരുന്ന ജൂലൈ 30ആം തീയതി വൈകുന്നേരം 5:40 നു (IST) ആണ് NISAR വിക്ഷേപിക്കാൻ തിരഞ്ഞെടുത്തിരിക്കുന്നത്.


 വിക്ഷേപണം നേരിട്ട് കാണുവാൻ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്.


 വിക്ഷേപണം തത്സമയം ചിത്രീകരിക്കാൻ കഴിയുമോ എന്നറിയില്ല, എങ്കിലും എന്നാലാവും വിധം ശ്രമിക്കാം.


©️ അനുവിന്ദ് അശോക്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗