AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

(29) അച്ഛന്റെ കൈമുദ്ര 🧤

അച്ഛന്റെ കൈമുദ്ര


അച്ഛന് പ്രായമായി തുടങ്ങിയിരുന്നു.... 

നടക്കുമ്പോൾ മതിലിലും, ഭിത്തിയിലും ഒക്കെ പിടിച്ചു നടക്കും...

തൽഫലമായി, അച്ഛൻ തൊടുന്നിടത്തെല്ലാം ചുവരുകൾ നിറം മങ്ങുകയും ചുവരുകളിൽ അച്ഛന്റെ വിരലടയാളം പതിയുകയും ചെയ്തു. 

എന്റെ ഭാര്യ ഇത് കണ്ടുപിടിച്ചു... വൃത്തി പോയിയെന്ന് അവൾക്ക് മാത്രം തോന്നിയ ചുവരുകളെ കുറിച്ച് പലപ്പോഴും പരാതിപ്പെടുമായിരുന്നു... 

ഒരു ദിവസം അച്ഛന് തലവേദന വന്നു. അത് അസഹ്യമായപ്പോൾ അദ്ദേഹം തലയിൽ കുറച്ച് എണ്ണ വച്ച് സ്വയം മസ്സാജ് ചെയ്തു... അതോടെ എണ്ണമയമുള്ള കൈ തൊട്ട് നടക്കുപ്പോൾ ചുവരുകളിൽ എണ്ണപ്പാടുകൾ പ്രത്യക്ഷമായി.. ! 

ഇതുകണ്ട് ഭാര്യ എന്നോട് നിലവിളിച്ചുപറഞ്ഞു, നടക്കുമ്പോൾ അച്ഛനോട് ചുവരുകളിൽ തൊടരുതെന്ന് പറയാൻ.. തുടർന്ന് ഞാൻ അച്ഛനോട് കയർക്കുകയും മോശമായി സംസാരിക്കുകയും ചെയ്യേണ്ടിവന്നു... അച്ഛൻ വേദനയോടെ എന്നെ നോക്കി. 

എന്റെ പെരുമാറ്റത്തിൽ എനിക്ക് ലജ്ജ തോന്നി..  പക്ഷേ അച്ഛൻ ഒന്നും പറഞ്ഞില്ല. 

പുറത്ത് നടക്കുന്നതിനിടയിൽ അച്ഛൻ മതിലിൽ പിടിച്ച് നിന്ന് കിതക്കുമായിരുന്നു. പിന്നെ ഒരു ദിവസം പിടിവിട്ട് താഴെ വീണു. കിടപ്പിലായ അദ്ദേഹം താമസിയാതെ ഞങ്ങളെ വിട്ടുപോയി. 

പിന്നീട് പലപ്പോഴും എനിക്ക് കുറ്റബോധം തോന്നിതുടങ്ങി... അച്ഛന്റെ ഭാവങ്ങൾ ഒരിക്കലും എനിക്ക് മറക്കാൻ കഴിഞ്ഞില്ല... താമസിയാതെ അദ്ദേഹത്തിന്റെ വിയോഗം എനിക്ക് കൂടുതൽ വേദനയുണ്ടാക്കി. 

കുറച്ച് കാലത്തിന് ശേഷം, വീട് പെയിന്റ് ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു. പെയിന്റ് ചെയ്യുന്നവർ വന്നപ്പോൾ, മുത്തച്ഛനെ കൂടുതൽ സ്നേഹിച്ചിരുന്ന എന്റെ മകൻ, അച്ഛന്റെ വിരലടയാളം വൃത്തിയാക്കാനും ആ ഭാഗങ്ങൾ മായ്ക്കാനും പെയിന്റ് ചെയ്യുന്നവരെ അനുവദിച്ചില്ല. 

പെയിന്റ്ജോലിക്കാർ വളരെ നല്ലവരും ഐഡിയ ഉള്ളവരുമായിരുന്നു. അച്ഛന്റെ വിരലടയാളങ്ങൾ നിലനിർത്തികൊണ്ട്  ഈ അടയാളങ്ങൾക്ക് ചുറ്റും മനോഹരമായ ഒരു വൃത്തം വരച്ച് തനതായ ഒരു ഡിസൈൻ അവർ സൃഷ്ടിച്ചു... 

പിന്നീട്,  അച്ഛന്റെ കൈമുദ്ര പതിഞ്ഞ ചുമരിലെ ആ ചിത്രകല ഞങ്ങളുടെ വീടിന്റെ ഹൈലൈറ്റായി മാറുകയും ചെയ്തു.  ഞങ്ങളുടെ വീട് സന്ദർശിക്കുന്ന ഓരോ വ്യക്തിയും ഞങ്ങളുടെ അതുല്യമായ ആ രൂപകൽപ്പനയെ അഭിനന്ദിച്ചു. 

കാലം ചെല്ലുന്തോറും എനിക്കും വയസ്സായി. ഇപ്പോൾ എനിക്ക് നടക്കാൻ മതിലിന്റെ താങ്ങ് ആവശ്യമായിരിക്കുന്നു.  ഒരു ദിവസം നടക്കുമ്പോൾ അച്ഛനോടുള്ള എന്റെ ആ  കയർത്ത വാക്കുകൾ പെട്ടെന്ന് എന്റെ ഓർമ്മയിലേക്ക് വന്നു...!  ഉടനെ, മതിലിൽ പിടിക്കാതെ ഞാൻ നടക്കാൻ ശ്രമിച്ചു. 

എന്റെ  മകൻ ഇത് കാണുന്നുണ്ടായിരുന്നു..  അവൻ ഉടനെ എന്റെ അടുത്ത് വന്ന് നടക്കുമ്പോൾ മതിലുകളിൽ പിടിച്ചു നടക്കുവാൻ എന്നോട് ആവശ്യപ്പെട്ടു... ഞാൻ അവന്റെ കണ്ണുകളിലേക്ക് നോക്കി ഒരുനിമിഷം നിന്നു, നിശബ്ദമായി.. കണ്ണുകൾ നീരണിയുന്നത് അവൻ കാണാതിരിക്കാൻ ഞാൻ താഴേക്ക് നോട്ടം മാറ്റി...!

മതിലിന്റെ താങ്ങില്ലാതെ ഞാൻ ലേശം നടന്നു നോക്കി..  ഞാൻ വീഴുമോ എന്ന ആശങ്ക ഉണ്ടായപ്പോൾ, മകന്റെ കൈ എന്നെ ചേർത്തുപിടിക്കുന്നത് എനിക്ക് എന്റെ പുറത്ത് അനുഭവപ്പെട്ടു... 

ഇതെല്ലാം കണ്ടുനിന്നിരുന്ന എന്റെ ചെറുമകൾ ഉടൻ തന്നെ മുന്നോട്ട് വന്ന്, അവളുടെ തോളിൽ കൈ വെച്ചു നടക്കാൻ സ്നേഹപൂർവ്വം എന്നോട് ആവശ്യപ്പെട്ടു... ഞാൻ ഏതാണ്ട് നിശ്ശബ്ദമായി ഉള്ളിൽ കരയാൻ തുടങ്ങി.  

എന്റെ പിതാവിന് വേണ്ടി ഞാനും ഇതൊക്കെ ചെയ്തിരുന്നെങ്കിൽ, അദ്ദേഹം കുറേ നാൾ കൂടി ഞങ്ങളോടൊപ്പം ജീവിക്കുമായിരുന്നു എന്ന് എനിക്ക് തോന്നി... 

കൊച്ചുമകൾ എന്നെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി സോഫയിൽ ഇരുത്തി. എന്നിട്ട് എനിക്ക് കാണിച്ചു തരാൻ അവളുടെ ഡ്രോയിംഗ് ബുക്ക് എടുത്തു...  ടീച്ചർ അവളുടെ ഡ്രോയിംഗിനെ അഭിനന്ദിക്കുകയും മികച്ച അഭിപ്രായങ്ങൾ നൽകുകയും ചെയ്തിരിക്കുന്നത് ഞാനതിൽ കണ്ടു.. 

ഞങ്ങളുടെ വീടിന്റെ ചുവരുകളിലെ അച്ഛന്റെ  കൈമുദ്രയായിരുന്നു അവൾ ബുക്കിൽ വരച്ച രേഖാചിത്രം.  അതിന് കീഴെ അവളുടെ അടികുറിപ്പ് ഇങ്ങനെ....

"എല്ലാ കുട്ടികളും മുതിർന്നവരെ ഒരേ രീതിയിൽ സ്നേഹിക്കട്ടെ..." 

ഞാൻ തിരികെ എന്റെ മുറിയിൽ വന്ന് കരയാൻ തുടങ്ങി, ഇന്നില്ലാത്ത എന്റെ അച്ഛനോട് ഞാൻ ക്ഷമ ചോദിച്ചു. കാലത്തിനനുസരിച്ച് നാമും വൃദ്ധരാകുന്നു. നമുക്ക് നമ്മുടെ മുതിർന്നവരെ പരിപാലിക്കാം, നമ്മുടെ കുട്ടികളെയും അത് പഠിപ്പിക്കാം.... 


( മനോഹരമായ ഒരു ഇംഗ്ലീഷ് മിനികഥയുടെ മലയാളം പരിഭാഷ ആണിത്.. )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗