അക്ഷരക്കൂട്ടം: (3) തനിമയുടെ മേന്മ 🧬
അക്ഷരക്കൂട്ടം ഓൺലൈൻ

(3) തനിമയുടെ മേന്മ 🧬

 തനിമയുടെ മേന്മ


ചിത്രകാരനായ റാഫേലിനെ കാണാൻ മൈക്കലാഞ്ചലോ വീട്ടിലെത്തി. റാഫേൽ അവിടുണ്ടായിരുന്നില്ല. മൈക്കലാഞ്ചലോ റാഫേലിന്റെ ചിത്രങ്ങളൊക്കെ നിരീക്ഷിച്ചു. ഒരു കാൻവാസിൽ ക്രിസ്തു‌വിന്റെ 12 ശിഷ്യന്മാരുടെ രൂപം റാഫേൽ തുടങ്ങി വച്ചിട്ടുണ്ട്. കാത്തുനിന്നു മടുത്ത മൈക്കലാഞ്ചലോ ഒരു ബ്രഷെടുത്ത് ആ ചിത്രത്തിൽ നിസ്സാരമായ ചില വരകൾ കൂട്ടിച്ചേർത്തു റാഫേലിനെ കാണാതെ അദ്ദേഹത്തിനു മടങ്ങേണ്ടിവന്നു വീട്ടിൽ തിരിച്ചെത്തിയ റാഫേൽ തൻ്റെ ചിത്രത്തിലെ 'അധികവരകൾ' കണ്ട് അയൽക്കാരോടു ചോദിച്ചു, മൈക്കലാഞ്ജലോ ഇവിടെ വന്നിരുന്നോ? 


തനിമ ഒരു സവിശേഷതയാണ്. ഒരാളിൽ മറ്റാരുമായും താരതമ്യപ്പെടുത്താനാകാത്തവിധം ഉടലെടുത്തിട്ടുള്ള കഴിവുകൾ കണ്ടത്തുകയും കരുപ്പിടിപ്പിക്കുകയും ചെയ്യുന്നവർ കാലത്തെ അതിജീവിക്കുന്ന പ്രതിഭകളാകും. ഏറ്റവും വലിയ അറിവ്, സ്വന്തം പ്രതിഭയെ കണ്ടെത്തലാണ്. ഏറ്റവും വലിയ ശേഷി, സ്വന്തം ഉള്ളിലെ വിളക്ക് അണഞ്ഞുപോകാതെ സൂക്ഷിക്കാനുള്ള കഴിവാണ്. സ്വത്തു സംരക്ഷിക്കുന്നതിനെക്കാൾ പ്രധാനമാണ് സ്വത്വസംരക്ഷണം.


കർമരംഗങ്ങളിൽ കയ്യൊപ്പു ചാർത്തിയിട്ടുള്ളവരെല്ലാം തനിക്കു മാത്രമായി ലഭിച്ച വരദാനങ്ങളെ തൻ്റേതയി വളർത്തിയെടുത്തവരാണ്. സ്വന്തം സവിശേഷതകളെ വിശ്വസിക്കുന്നവർ സ്വന്തം വഴിത്താരകൾ തുറക്കും. അല്ലാത്തവർ നാൽക്കവലകളിൽ അലഞ്ഞുതിരിയും.


സാന്നിധ്യം ശ്രേഷ്ഠമാക്കുന്നവർ പ്രഗൽഭരാണ്. അസാന്നിധ്യം അടയാളപ്പെടുത്താൻ കഴിയുന്നവരാണ് അതിവിശിഷ്‌ടർ പാദങ്ങൾ പതിച്ച് കടന്നുപോകുന്നവർ ഒട്ടേറെയുണ്ട്; പാദമുദ്രകൾ അവ ശേഷിപ്പിക്കുന്നവർ വിരളവും.

.

കയ്യൊപ്പിന്റെ വ്യതിരിക്‌തതയിൽ മാത്രമല്ല കാര്യം. കരവിരുതിൻ്റെ വൈചിത്ര്യത്തിലും വൈശിഷ്‌ട്യത്തിലുമാണ് ഓരോ വ്യക്‌തിയും തങ്ങളുടേതുമാത്രമായ ലോകം സൃഷ്‌ടിക്കുന്നത്. ഒരു പേരുപോലും കൊത്തിവയ്ക്കാതിരുന്നിട്ടും കർമസവിശേഷതകൊണ്ട് സ്വന്തം പെരുമ ആലേഖനം ചെയ്യുന്നവരുണ്ട്. ലഭിച്ച ബഹുമതികളോ സമ്പാദിച്ച ജനപ്രീതിയോ അല്ല അവരെ കാലത്തിന്റെ മുഖമുദ്രയായി അവശേഷിപ്പിക്കുന്നത്. അവർ 'അവരായി'ത്തീരുന്നതു തടയാൻ അവർ ആരെയും അനുവദിച്ചിട്ടില്ല.


(കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗