ശൂന്യമായ ചെടിച്ചട്ടി
കുട്ടികളിൽ സത്യസന്ധത ധർമ്മനീതി തുടങ്ങിയ സ്വഭാവ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിന് വേണ്ടിയുള്ള ചൈനീസ് ബുദ്ധധർമ്മ വിശ്വാസികൾക്കിടയിൽ പ്രചാരത്തിലിരിക്കുന്ന ഒരു കഥയാണ് ഇത്.
കഥയുടെപേര് ശൂന്യമായ ചെടിച്ചട്ടി എന്നാണ്.
വളരെക്കാലങ്ങൾക്ക് മുമ്പ് ചൈനയിൽ, കുട്ടികളില്ലാത്ത ചക്രവർത്തി തനിക്ക് ഒരു പിൻഗാമിയെ കണ്ടെത്താൻ വേണ്ടി തീരുമാനിച്ചു.
അദ്ദേഹം എല്ലാ കുട്ടികൾക്കും ഒരു വിത്ത് നൽകിയിട്ട് പറഞ്ഞു,
"ഈ വിത്ത് നിങ്ങൾ കിളിർപ്പിച്ച് വളർത്തുക. ഒരു വർഷത്തിനുള്ളിൽ, നിങ്ങൾ വളർത്തിയതിനൊപ്പം മടങ്ങുക. നിങ്ങളുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ അടുത്ത ചക്രവർത്തിയെ തിരഞ്ഞെടുക്കും."
പിംഗ് എന്ന കുട്ടിക്കും ആക്കൂട്ടത്തിൽ ഒരു വിത്ത് ലഭിച്ചു. സസ്യങ്ങൾ വളർത്താൻ ഇഷ്ടപ്പെട്ടിരുന്ന അവൻ അവയെ അതിയായി സ്നേഹിച്ചിരുന്ന ഒരു കുട്ടിയായിരുന്നു പിംഗ്. പിംഗ് തനിക്ക് ലഭിച്ച വിത്ത് ഒരു ചട്ടിയിൽ നട്ടു. ദിവസവും നനച്ചു, സ്നേഹത്തോടെ പരിപാലിച്ചു. പക്ഷേ..... ദിവസങ്ങൾ ആഴ്ചകളായി മാറി, ഒന്നും വളർന്നില്ല. പുതിയ മണ്ണും വ്യത്യസ്ത കലങ്ങളും പരീക്ഷിച്ചിട്ടും വിത്ത് ഒരിക്കലും മുളച്ചില്ല. ഒരു വർഷം പിന്നിട്ടപ്പോൾ പിംഗ് തന്റെ ഒഴിഞ്ഞ ചട്ടിയുമായി കൊട്ടാരത്തിലേയ്ക്കെത്തി. മറ്റുള്ളവർ പല നിറങ്ങളിലുമുള്ള ഭംഗിയുള്ള പൂക്കൾ പുഷ്‌പ്പിച്ചു നിൽക്കുന്ന ചെടികളുമായി വന്നു. അത് കണ്ട പാവം പിംഗ് ആകെ വിഷണ്ണനായി അവിടെ നിന്നു. അവന്റെ കയ്യിൽ മാത്രമായിരുന്നു ശൂന്യമായ ചെടിച്ചട്ടി.
ചക്രവർത്തി കുട്ടികളുടെ കലങ്ങളിലേക്ക് നോക്കി. തുടർന്ന് പിംഗിന്റെ ഒഴിഞ്ഞ കലത്തിൽ മുന്നിൽ വന്ന് നിന്നു. പുഞ്ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു,
"നീയാണ് എന്റെ പിൻഗാമി.
നീ അടുത്ത ചക്രവർത്തിയാകും."
ഇത് കേട്ട് മറ്റുള്ളവർക്ക് ശ്വാസം മുട്ടി.
"കണ്ടോ"
ചക്രവർത്തി വിശദീകരിച്ചു,
"ഞാൻ എല്ലാ വിത്തുകളും തിളച്ച വെള്ളത്തിലിട്ടശേഷമാണ് വിതരണം ചെയ്തത്. അവ വളരാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഒഴിഞ്ഞ ചട്ടിയുമായി മടങ്ങാൻ തയ്യാറായ പിംഗ് മാത്രമാണ് സത്യസന്ധൻ. ഒരു നേതാവ് ധീരനും സത്യസന്ധനുമായിരിക്കണം."
ധാർമ്മികത: വഞ്ചനയിലൂടെയും ചതിയിലൂടേയും നേടുന്ന വിജയത്തേക്കാൾ വിലപ്പെട്ടതാണ് സത്യസന്ധത ധർമ്മനീതി തുടങ്ങിയ സ്വഭാവ ഗുണങ്ങൾ.
കടപ്പാട്
(ചൈനീസ് ബുദ്ധധർമ്മ കഥകൾ)

