അക്ഷരക്കൂട്ടം: (27) അതിജീവനപാഠം 🧚
അക്ഷരക്കൂട്ടം ഓൺലൈൻ

(27) അതിജീവനപാഠം 🧚

 അതിജീവനപാഠം


രണ്ടു തവളകൾ, കടയാൻ വച്ചിരുന്ന തൈരിൽ അകപ്പെട്ടു. 

നീന്തി പുറത്തുവരാൻ അവർ കുറെനേരം ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

ഒടുവിൽ ഒരു തവള പറഞ്ഞു എനിക്കിനി നീന്താൻ വയ്യ അത് തൈരിൽ മുങ്ങിത്താണു. 

രണ്ടാമത്തെ തവള രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു അത് നീന്തിനീന്തി തൈര് പതുക്കെ വെണ്ണയായി വെണ്ണയുടെ മുകളിൽ ചവിട്ടി തവള പുറത്തേക്കു ചാടി. 


തോൽക്കാൻ മനസ്സില്ലാത്തവരുടെ മുൻപിൽ തോൽവി കീഴടങ്ങും. 

നിരന്തരമായ പരിശ്രമം കൊണ്ടല്ല ആരും വിജയകിരീടം അണിയുന്നത്; ജയിക്കുന്നതുവരെയുള്ള പരിശ്രമം കൊണ്ടാണ്. 

പ്രവൃത്തി പരാജയപ്പെടുന്നതിനു മുൻപ് മനസ്സു കീഴടങ്ങും. 

പരാജയപ്പെട്ട മനസ്സിനുവേണ്ടി പ്രവർത്തിക്കാൻ ശരീരത്തിനും താൽപര്യമുണ്ടാകില്ല. 

നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാം പൂർത്തിയാകണം എന്ന ദുർവാശിമൂലമാണ് പല ഉദ്യമങ്ങളും ഉപേക്ഷിക്കപ്പെടുന്നത്.

പരിധിയില്ലാത്ത പ്രയത്നവും വ്യവസ്‌ഥകളില്ലാത്ത അധ്വാനവും സ്‌ഥിരതയാർന്ന പ്രതിരോധവുമാണ് നിലനിൽപിൻ്റെ തത്വശാസ്ത്രം രൂപപ്പെടുത്തുന്നത്.


സഹയാത്രികരെല്ലാം പരാജയപ്പെട്ടതിൻ്റെ പേരിൽ സ്വയം കീഴടങ്ങരുത്.

 കണ്ടുപിടിക്കേണ്ടത് കരുത്തിൻ്റെ കാണാപ്പാഠങ്ങളാണ്. 

കീഴടങ്ങലിൻ്റെ കാരണങ്ങളല്ല. 

ഭൂരിപക്ഷവും പരാജയപ്പെട്ടതുകൊണ്ട് എല്ലാവരും പരാജയപ്പെടണമെന്നില്ല.

 ഇതുവരെ ആരും നേടിയിട്ടില്ല എന്നതിൻ്റെ അർഥം. 

ഇനി ആർക്കും നേടാൻ കഴിയില്ല എന്നുമല്ല.


കിതച്ചാലും കുതിപ്പു നിർത്തരുത് വിട്ടുകൊടുക്കാൻ തയാറാകാത്ത പോരാട്ടങ്ങൾക്കിടയിൽ പ്രകൃതിക്കുപോലും രൂപമാറ്റം സംഭവിച്ചേക്കാം. 

യോജ്യമായ സാഹചര്യങ്ങൾ, യോജ്യമായ സമയത്തു മാത്രമാകും രൂപപ്പെടുക.

 എല്ലാവരും തോൽക്കുന്നിടത്താണ് ജയിച്ചു കയറേണ്ടത്, അതിജീവനത്തിൻ്റെ അവസാനവാക്കായി.

( കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗