അക്ഷരക്കൂട്ടം: നേരറിവുകൾ🌟
അക്ഷരക്കൂട്ടം ഓൺലൈൻ
നേരറിവുകൾ🌟 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നേരറിവുകൾ🌟 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

15 നവംബർ 2025

കണ്ണെടുക്കൂ, ശാന്തമായി ഉറങ്ങൂ💤

രാത്രി വൈകിയും സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവരേ ശ്രദ്ധിക്കൂ, അപകടം അടുത്തുകൊണ്ടിരിക്കുന്നു.

 

കണ്ണെടുക്കൂ, ശാന്തമായി ഉറങ്ങൂ💤


ഡോ.എ.പി.ജയരാമൻ


സ്ക്രീൻ സമയം ഓരോ മണിക്കൂർ കൂടുമ്പോഴും ഹൃദയത്തിന്റെ അപകട സൂചിക നൂറിൽ ഒരംശം ഉയരുമെന്നാണു പഠനങ്ങൾ പറയുന്നത്. ഉറക്കം കുറയുമ്പോൾ ആശങ്ക ഇരട്ടിയാകും. അത് അപകടത്തിലേക്കു നയിക്കും.


പ്രോഗ്രാം ഇന്റർനാഷനൽ സ്‌റ്റുഡൻ്റ് അസസ്മെന്റ് (PISA) ഡേറ്റ പ്രകാരം, 14 വയസ്സുള്ള വിദ്യാർഥി ശരാശരി ഏഴോ എട്ടോ മണിക്കൂർ സ്ക്രീനിൽ കണ്ണുനട്ടിരിക്കുന്നു; അതിൽ പകുതിയിലധികം വിനോദത്തിനായാണ്. പെൺകുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നതു സോഷ്യൽ മീഡിയയിലും ആൺകുട്ടികൾ ഗെയിമിങ്ങിലുമാണ്. അതുണ്ടാക്കുന്ന ഉറക്കക്കുറവ് പഠനശേഷിയെയും മനോബലത്തെയും ബാധിക്കുന്നു.


പുതിയ പഠനങ്ങൾ ചിത്രം കൂടുതൽ വിവർണമാക്കുന്നു. നീലവെളിച്ചം അഥവാ ബ്ലൂറേസ് ഉറക്കഹോർമോണായ മെലറ്റോനിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വെളിച്ചത്തിന്റെ തീവ്രതയും സമയവും അത്രമേൽ പ്രധാനമാണ്. 90 മിനിറ്റ് മുൻപ് സ്ക്രീൻ ഓഫ് ചെയ്യുന്നത് ഉറക്കഗുണം മെച്ചപ്പെടുത്തുന്നുണ്ട്.


മറ്റു പ്രവൃത്തികൾക്കിടെ ഇടയ്ക്കു മൊബൈൽ സ്ക്രീൻ നോക്കാനുള്ള അടക്കാൻ വയ്യാത്ത വ്യഗ്രത മൈക്രോ ഡിസ്ട്രാക്‌ഷൻ ആണ്. ഒരു ദിവസം ശരാശരി 50-60 പ്രാവശ്യം ഇങ്ങനെ ശ്രദ്ധമാറുന്നുണ്ട്. തലച്ചോറിന്റെ ശേഷി കുറയ്ക്കുന്ന കാര്യമാണിത്. ശ്രദ്ധയോടെയുള്ള വായന പോലും ബുദ്ധിമുട്ടാകാം.


കണ്ണുകൾക്ക് 20-20-20 എന്ന നിയമമുണ്ട്; 20 മിനിറ്റ് ഇടവിട്ട് 20 അടി ദൂരെയുള്ളത് 20 സെക്കൻഡ് നോക്കുക. ഈയിടെ പുറത്തിറങ്ങിയ നേത്രാരോഗ്യ പഠനങ്ങൾ പ്രകാരം, ഇതു കണ്ണിന്റെ ഡിജിറ്റൽ സമ്മർദം കുറയ്ക്കുന്നു. നോട്ടിഫിക്കേഷൻ നോക്കുന്നതു കുറച്ചാൽ. സന്ദേശങ്ങൾ മണിക്കൂറിൽ ഒരിക്കൽ മാത്രം നോക്കുന്ന രീതി സ്വീകരിച്ചാൽ ഫോക്കസ് മോഡും ആപ് ടൈമറും പ്രവർത്തിപ്പിച്ചാൽ മൊത്തം സ്ക്രീൻ സമയം 20-30% വരെ കുറയ്ക്കാൻ കഴിയുമെന്നു പരീക്ഷണങ്ങൾ കാണിക്കുന്നു. വീട് മുഴുവൻ ബാധകമാവുന്ന സ്ക്രീൻ-ലൈറ്റ് നിയമങ്ങൾ പരീക്ഷിക്കാം; ബെഡ്റൂമിലും ഡൈനിങ് ടേബിളിലും സ്ക്രീനിനു നോ എൻട്രി, രാത്രി ഡിജിറ്റൽ സൺസെറ്റ് എന്നിവ ബാധകമാക്കാം.


ഒരു കാര്യം അംഗീകരിക്കണം. കുറ്റവാളി സ്ക്രീൻ അല്ല. അളവും സമയവുമാണ്. പഠനത്തിനു സ്ക്രീൻ ഉപകാരപ്രദമാണ്. എന്നാൽ ഓട്ടോപ്ലേയും എൻഡ്‌ലസ് ‌സ്ക്രോളും സമയം വിഴുങ്ങും. ദിവസത്തിൻ്റെ ആദ്യ 30 മിനിറ്റും രാത്രിയുടെ അവസാന 90 മിനിറ്റും സ്ക്രീൻ രഹിതമാക്കുക. അധ്യാപകരും മാതാപിതാക്കളും ഒരേ പാഠം പഠിക്കണം. ആദ്യം സ്വന്തം സ്ക്രീൻ ശീലങ്ങൾ ശരിയാക്കുക. പിന്നീട് കുട്ടികളെ ബാലൻസിങ് പഠിപ്പിക്കുക.





ചെറുതാകുന്നു, ശക്ത‌ിയേറുന്നു.




'ചെറുതല്ലോ സുന്ദരം' എന്നു സാമ്പത്തിക ചിന്തകൻ ഇ.എഫ്.ഷൂമാക്കർ പറഞ്ഞെങ്കിലും ലോകം മുഴുവൻ വലുതിൻ്റെ പിന്നാലെയുള്ള പാച്ചിലിലാണ്. എന്നാൽ, പുതിയകാലത്തെ പരീക്ഷണശാലകളും ക്ലാസ്മുറികളും 'ചെറുതാകുക-ചെലവു കുറയ്ക്കുക-ഉത്തരവാദിത്തമേറുക' എന്ന ചിന്തയിലേക്കു വഴിമാറുകയാണ്.


ഇതിന്റെ ആദ്യ ഉദാഹരണം നിർമിതബുദ്ധിയിൽനിന്നാണ്.


പണ്ട്, 'എല്ലാ വിവരങ്ങളും (ഡേറ്റ) ഒന്നും വിടാതെ തരൂ, ഒപ്പം പരിധിയില്ലാതെ വൈദ്യുതിയും തരൂ' എന്നായിരുന്നു മുദ്രാവാക്യം. അതുമാറി, ഫോണിൽ പ്രവർത്തിക്കുന്ന ഓൺ ഡിവൈസ് എഡ്‌ജ് എഐ എന്ന കൂർമനിർമിതബുദ്ധി ആവശ്യമായ കാര്യങ്ങൾ പുസ്‌തകക്കുമ്പാരത്തിനുള്ളിൽനിന്നു പോലും വീണ്ടെടുത്തു തരും (റിട്രീവൽ). ആശുപത്രിയുടെയും കോടതിയുടെയും വിവരശേഖരത്തിൽ നിന്നുപോലും ഇങ്ങനെ വീണ്ടെടുക്കാം. 'കംപ്യൂട്ട്' കുറയുമ്പോൾ പണവും വൈദ്യുതിയും ലാഭം, ഭാഷ, നിയമം, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങൾ എഡ്‌ജ് എഐക്ക് എളുപ്പം വഴങ്ങും. രോഗികൾക്കു കുറിച്ചുനൽകുന്ന മരുന്നുകളുടെ പരസ്‌പരമുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുപോലും മുന്നറിയിപ്പു നൽകുന്ന ചെറുമോഡലുകളുണ്ട് പേജ് റഫറൻസ് സഹിതം മറുപടി നൽകുന്ന പാഠപുസ്തക റിട്രീവൽ പൈലറ്റുകളും തുടങ്ങി. 'എനിക്ക് അറിയാവുന്നിടത്തോളം നൽകാം' എന്ന ജാമ്യമെടുക്കലോടെ വിവരങ്ങൾ പങ്കുവയ്ക്കാനുള്ള മര്യാദയും ഇവയുടെ പ്രത്യേകതയാണ്.


മറ്റൊരു ഉദാഹരണം ബാറ്ററിയിലാണ്. ഇ-വാഹനങ്ങളുടെ ഹൃദയം ബാറ്ററിയാണ്. ഫെയിൽ സ്ലോ എന്ന മോഡലാണു ബാറ്ററിയിൽ ഇപ്പോൾ പരീക്ഷിക്കപ്പെടുന്നത്. തകരാറുണ്ടായാലും വേണ്ടത്ര സമയമെടുത്തു സുരക്ഷിതമായി ഓരംചേർത്തു വാഹനം നിർത്താനുള്ള സംവിധാനം ചൂട് വേഗം പുറത്തേക്കു നീക്കാൻ താപ-ചാനലുകൾ, ഒരു സെൽ തകരാറിലായാലും മറ്റുള്ളവയെ പിടിച്ചുനിർത്താൻ ഭിത്തികൾ, സെക്കൻഡുകൾക്കുള്ളിൽ വിവരം അറിയിക്കുന്ന ഫൈബർ, അക്വസ്‌റ്റിക് സെൻസിങ്, ഇവയെല്ലാം ചേർന്നു യാത്രക്കാരനു സുരക്ഷിതമായി പുറത്തിറങ്ങാൻ സമയം നൽകും.


മൂന്നാമത്തെ ഉദാഹരണം മിതവ്യയ എൻജിനീയറിങ്ങിന്റേതാണ്. ഇതിനർഥം ആവശ്യമുള്ളതു മാത്രം, എല്ലാവർക്കും കിട്ടുന്ന വിധത്തിൽ എന്നാണ്. കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്ന ഉപഗ്രഹം, ഗ്രാമങ്ങൾക്കായുള്ള ചെലവുകുറഞ്ഞ ജലശുദ്ധീകരണ യന്ത്രങ്ങൾ, കയ്യൊതുക്കമുള്ള ഡയഗ്നോസ്റ്റ‌ിക് കിറ്റ് എന്നിവയൊക്കെ ഇതിൽപ്പെടും.


ചെറുത് സുന്ദരമായത് വലുപ്പം കുറച്ചതുകൊണ്ടു മാത്രമല്ല, ഉപയോഗശേഷി കൂട്ടിയതുകൊണ്ടുകൂടിയാണ്.


(കടപ്പാട് : മലയാള മനോരമ)

➕➕➕➕➕➕

01 ഒക്‌ടോബർ 2025

ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം ⁉️

 ജീവിതത്തിൽ എന്തിനാണ്‌ പ്രാധാന്യം? 


ഒരിക്കൽ ഒരേ കോളേജിൽ ഒരുമിച്ചു പഠിച്ച്‌ പിന്നീട്‌ പല വഴി പിരിഞ്ഞു പോയ അഞ്ച്‌ വിദ്യാർത്ഥികൾ വർഷങ്ങൾക്ക്‌ ശേഷം ഒരുമിച്ച്‌ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ കാണാനെത്തി.

നിറഞ്ഞ സന്തോഷത്തോടെ അവരെ സ്വീകരിച്ചിരുത്തി വിശേഷങ്ങൾ ചോദിച്ചറിഞ്ഞ അധ്യാപകൻ അവരെല്ലാം ഉയർന്ന ജോലികളിലും ഉന്നതമായ നിലകളിലുമാണെന്നറിഞ്ഞ്‌ അതിയായി സന്തോഷിച്ചു. 


പക്ഷെ അവരുടെ ആരുടെയും മുഖത്ത്‌ അതിന്റേതായ യാതൊരു സന്തോഷവും അദ്ദേഹത്തിന്‌ കാണാൻ സാധിച്ചില്ല.

അവരുടെ സംസാരത്തിൽ മുഴുവൻ നിറഞ്ഞു നിന്നത്‌ അവരവരുടെ തൊഴിൽ പ്രശ്നങ്ങളും ബിസിനസ്സിലെ പ്രതിസന്ധികളും കുടുംബവഴക്കുകളുമൊക്കെയായിരുന്നു.

ഉയർന്ന പദവികളും ലക്ഷങ്ങളുടെ ബാങ്ക്‌ ബാലൻസുമൊക്കെയുണ്ടെങ്കിലും അടിസ്ഥാനപരമായി അവരാരും അത്ര ഹാപ്പിയല്ല എന്നദ്ദേഹത്തിന്‌ മനസ്സിലായി. 


അപ്പോൾ അവരിലൊരാൾ പറഞ്ഞു, 

“പണ്ട്‌ ഞങ്ങളുടെ ഏത്‌ പ്രശ്നത്തിനും ഞങ്ങൾ ഉപദേശം തേടിയിരുന്നത്‌ സാറിനോടായിരുന്നു. 

സാർ അത്‌ വളരെ ലഘുവായി പരിഹരിച്ചു തരികയും ചെയ്യുമായിരുന്നു. 

അതു കൊണ്ട്‌ തന്നെ ചോദിക്കുകയാണ്‌? 

ഈ അല്ലലും അലട്ടലുമൊന്നുമില്ലാതെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ഞങ്ങളെന്താണ്‌ ചെയ്യേണ്ടത്‌?” 


ഒരു ചെറിയ ആലോചനക്ക്‌ ശേഷം ഗുരുനാഥൻ എഴുന്നേറ്റ്‌ വീടിനകത്തേക്ക്‌ നടന്നു കൊണ്ട്‌ പറഞ്ഞു – 

“ഞാൻ ചായയെടുക്കാം.” 


ചായ കുടിച്ചു കഴിഞ്ഞാൽ അദ്ദേഹം തങ്ങൾക്ക്‌ വേണ്ട ഉപദേശങ്ങൾ നൽകും എന്ന വിശ്വാസത്തോടെ അവർ അഞ്ച്‌ പേരും കാത്തിരുന്നു. 

അൽപം കഴിഞ്ഞപ്പോൾ ഒരു ട്രേയിൽ ചായ നിറച്ച ഗ്ലാസുകളുമായി വന്ന് അതവർക്ക്‌ മുന്നിലുള്ള ടീപ്പോയിൽ വെച്ചു കൊണ്ട്‌ അദ്ദേഹം പറഞ്ഞു. 


“എല്ലാവരും ചായയെടുത്ത്‌ കുടിക്കൂ.” 


ഉടനെ അവർ അഞ്ച്‌ പേരും ഒരോ കപ്പ്‌ വീതം കൈയിലെടുത്ത്‌ ചായ കുടിക്കാൻ തുടങ്ങി. 

അൽപനേരം അവർ അഞ്ച്‌ പേരെയും നിരീക്ഷിച്ച ശേഷം അദ്ദേഹം ഒന്ന് മുരടനക്കിക്കൊണ്ട്‌ പറഞ്ഞു. 


“ഇനി നിങ്ങൾ നേരത്തെ പറഞ്ഞ വിഷയത്തിലേക്ക്‌ വരാം.” 


അത്‌ കേട്ട്‌ അവർ അഞ്ച്‌ പേരും പ്രതീക്ഷയോടെ ആദ്ദേഹത്തിന്റെ മുഖത്തേക്ക്‌ നോക്കിയിരുന്നു. 


അദ്ദേഹം പറഞ്ഞു തുടങ്ങി. 


“ഞാനിപ്പോൾ നിങ്ങൾക്ക്‌ മുന്നിൽ കൊണ്ടുവന്നു വെച്ച ഈ ട്രേയിൽ 7 കപ്പുകളുണ്ടായിരുന്നു. 

അതിൽ അഞ്ചെണ്ണം മനോഹരമായ ചിത്രപ്പണികൾ നിറഞ്ഞ വിലകൂടിയ പോർസലീൻ കപ്പുകളായിരുന്നു. 

ബാക്കി രണ്ടെണ്ണം സാധാരണ സ്റ്റീൽ ടംബ്ലറുകളായിരുന്നു. 

പക്ഷെ ഇവയിലെല്ലാറ്റിലും ഉള്ളത്‌ ഒരേ ചായയായിരുന്നു.” 


കൗതുകത്തോടെ തന്റെ വാക്കുകൾ കേട്ടുകൊണ്ടിരുന്ന ആ അഞ്ച്‌ പേരോടുമായി അദ്ദേഹം ചോദിച്ചു. 


“എന്തു കൊണ്ട്‌ നിങ്ങളാരും സ്റ്റീൽ ടംബ്ലർ എടുത്തില്ല? 

എന്തു കൊണ്ടാണ്‌ നിങ്ങൾ അഞ്ച്‌ പേരും പോർസലീൻ കപ്പുകൾ മാത്രമെടുത്തത്‌ ?” 


ആ അഞ്ച്‌ പേരും പെട്ടെന്നൊരുത്തരം പറയാൻ കഴിയാതെ സങ്കോചത്തോടെ പരസ്പരം നോക്കി. 


“അതിനുള്ള ഉത്തരം ഞാൻ തന്നെ പറയാം.”

അദ്ദേഹം തുടർന്നു. 

“ചായ കുടിക്കുക എന്നതാണ്‌ നമ്മുടെ ആവശ്യം. 

ഇവിടെ കപ്പുകളിൽ മാത്രമേ വ്യത്യാസമുള്ളൂ. 

അതിനകത്തുള്ള ചായ ഒന്ന് തന്നെയാണ്‌. 

ഇവിടെ നാം ചായക്കാണ്‌ പ്രാധാന്യം നൽകേണ്ടിയിരുന്നത്‌. 

പക്ഷെ അറിഞ്ഞോ അറിയാതെയോ നാം പ്രാധാന്യം നൽകിയത്‌ കപ്പുകൾക്കാണ്‌.” 


ഒന്ന് നിർത്തി എല്ലാവരെയും ഒരു വട്ടം മാറി മാറി നോക്കിയ ശേഷം അദ്ദേഹം തുടർന്നു. 


“നമ്മുടെ ജീവിതം എന്ന് പറയുന്നത്‌ ചായ പോലെയാണ്‌. 

നമ്മുടെ തൊഴിലും ബിസിനസ്സും മറ്റുമെല്ലാം ഈ കപ്പുകൾ പോലെയും. 

ഇവിടെ ചായക്ക്‌ വേണ്ടിയാണ്‌ കപ്പുകൾ, അല്ലാതെ കപ്പുകൾക്ക്‌ വേണ്ടിയല്ല ചായ. 

നമ്മുടെ ജോലിയും ബിസിനസ്സും വരുമാനവും വസ്ത്രങ്ങളും ആഭരണങ്ങളും സ്വത്തും സമ്പത്തുമെല്ലാം നമ്മുടെ ജീവിതം സന്തോഷകരമാക്കാനുള്ള ചെറിയ ഉപാധികൾ മാത്രമാണ്‌. 

അത്‌ തന്നെയാണ്‌ ജീവിതം എന്ന് ചിന്തിച്ചു അവക്ക്‌ പുറകെ പോയാൽ സന്തോഷമുണ്ടാകുകയില്ല. 

അവക്ക്‌ അവ അർഹിക്കുന്ന പ്രാധാന്യം മാത്രം നൽകി ജീവിതത്തിലെ സുപ്രധാനമായ ഘടകങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. 

ഭാര്യയോടും മക്കളോടുമൊപ്പാം സമയം ചെലവഴിക്കുക. 

പ്രായമായ അച്ഛനമ്മമാരോടൊപ്പമിരിക്കാൻ സമയം കണ്ടെത്തുക. 

കൂട്ടുകാരോടും സഹപ്രവർത്തകരോടും അൽപനേരം സൊറ പറഞ്ഞിരിക്കുക. 

അവനവന്‌ സന്തോഷം നൽകുന്ന പ്രവൃത്തികളിലേർപ്പെടുക. 

ചുരുക്കിപ്പറഞ്ഞാൽ മത്സരിക്കാനും പിടിച്ചടക്കാനും മാത്രമല്ല, ജീവിക്കാനും സമയം കണ്ടെത്തുക. 

ജീവിതത്തിൽ എന്തിനാണോ പ്രാധാന്യം നൽകേണ്ടത്‌ അത്‌ മാത്രം തലയിലേറ്റിവെക്കുക. 

കപ്പിന്‌ പുറകെ പോയി ചായയെ മറന്നു കളയാതിരിക്കുക. 

അപ്പോൾ നിങ്ങൾ നേരത്തെ ചോദിച്ച സന്തോഷവും സമാധാനവും നിങ്ങളെത്തേടി വരും.” 


ആ അഞ്ച്‌ പേർക്കും അതൊരു വലിയ തിരിച്ചറിവായിരുന്നു. 

അത്ര നാൾ തങ്ങൾ സഞ്ചരിച്ചു വഴികളയിരുന്നില്ല ശരി എന്നവർ തിരിച്ചറിഞ്ഞു. 

ഗുരുനാഥനോട്‌ നന്ദി പറഞ്ഞ്‌ അവർ അവിടെ നിന്നിറങ്ങി. 


നമുക്കും ഇതൊരു പാഠമായിരിക്കട്ടേ 💐

(കടപ്പാട്)

🔵🔴🟡🟢🟡🔴🔵🔴🟡🟢🟡🔴🔵

18 സെപ്റ്റംബർ 2025

മാറുന്ന ബന്ധങ്ങൾ👩‍❤️‍👨

മാറുന്ന ബന്ധങ്ങൾ👩‍❤️‍👨👨‍❤️‍👨👩‍❤️‍👩

റിലേഷൻഷിപ്പ്സിലെ  ചില നവകാലപ്രയോഗങ്ങളിതാ !


1. ക്യാറ്റ് ഫിഷിംഗ് (Catfishing)  


ഇൻസ്റ്റയിലും എഫ്ബിയിലും ഡേറ്റിംഗ് ആപ്പുകളിലും വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച്  ആളുകളെ റിലേഷൻഷിപ്പിലേക്ക് ആകർഷിക്കുന്ന രീതി !

വ്യാജനെ ശരിക്കും മനസ്സിലാക്കുമ്പോഴുള്ള ട്രോമ ആലോചിച്ചു നോക്കൂ!


2. ഗോസ്റ്റിംഗ് (Ghosting)


രണ്ടുപേർ തമ്മിലുള്ള റിലേഷൻഷിപ്പിൽ ഒരാൾ പെട്ടെന്നൊരു കാരണവും പറയാതെ, ഒന്നും മിണ്ടാതെ ബന്ധം വിച്ഛേദിച്ച് പോവുക !

എന്തെളുപ്പം !

ഒരു കാരണവും ആരോടും ബോധിപ്പിക്കേണ്ടതില്ല!

തേയ്പ്പിന്റെ ഒരു അത്യന്താധുനിക വേർഷൻ!


3. സ്റ്റാഷിംഗ് (Stashing) 


റിലേഷൻഷിപ്പിൽ ഒരാൾ മറ്റേയാളോട് വളരെ  ആക്റ്റീവ് ആയി ഇടപെടും .

പക്ഷേ തങ്ങൾക്ക് വേണ്ടപ്പെട്ടവരിൽ നിന്നെല്ലാം ആ ബന്ധം ബോധപൂർവം മറച്ചുവയ്ക്കും !

മറ്റേയാളെ നമുക്ക് വേണ്ടപ്പെട്ട ആരും അറിയരുത് !

ആരുമറിയാതെ ഒരു ബന്ധം കാഷ്യലായി കൊണ്ടുപോകുന്ന വഴി!


4. മൈക്രോ ചീറ്റിംഗ് (Micro cheating)


ഒരു ബന്ധത്തിൽ തുടരുമ്പോൾത്തന്നെ ആ ബന്ധത്തിന് പുറത്ത് മറ്റൊരാളുമായി വൈകാരികമായും ശാരീരികമായും ഒരു രഹസ്യബന്ധം കൂടി സ്ഥാപിയ്ക്കുക , മെസ്സേജുകൾ അയക്കുക.


5. ബെഞ്ചിംഗ് (Benching) 


മറ്റൊരാൾക്ക് പൂർണ്ണമായ ഒരു ഉറപ്പും കൊടുക്കാതെ  റിലേഷൻഷിപ്പിൽ അയാളെ ഒരു ബാക്ക് അപ്പ് എന്ന നിലയ്ക്ക് വെയിറ്റിംഗിൽ നിർത്തിയിരിക്കുക!

എത്ര ദയനീയമാണ് ആ നിസ്സഹായന്റെ അവസ്ഥ എന്നാലോചിച്ചു നോക്കൂ!

തന്നെ സ്വീകരിക്കുമോ ഇല്ലയോ അതോ സ്വീകരിച്ചോ എന്നൊന്നുമറിയാത്ത അവസ്ഥ!


6. ബ്രെഡ്ക്രംബിംഗ് (Breadcrumbing)


വല്ലാത്തൊരു ചതിയാണ്!

ഒരാൾക്ക് ഇടയ്ക്കിടെ മെസ്സേജുകൾ അയച്ചും അയാളോട് സല്ലപിച്ചും  എന്നാൽ യാതൊരു കമ്മിറ്റ്മെൻ്റും   നൽകാതെ  അയാളിൽ ഒരു   താല്പര്യം വളർത്തി  അയാളെ അങ്ങനെ എയറിൽ നിർത്തുക!

ഒരു സദുദ്ദേശവും ഇല്ലാത്ത പ്രവൃത്തി !


7. സിറ്റുവേഷൻഷിപ്പ് (Situationship)


വ്യക്തമായി നിർവചിക്കപ്പെടാത്ത ഒരു വെറും ബന്ധം !

റൊമാൻസും സെക്സും ഒക്കെ കണ്ടേയ്ക്കാം, പക്ഷേ നോ സീരിയസ്നസ് !

ഇടയ്ക്ക് ഒരാൾ കൂടുതൽ ക്ലാരിറ്റി ആവശ്യപ്പെട്ടാൽ തീർന്നു!


8.സ്ലോ ഫെയ്ഡ് (Slow fade) 


ആശയ വിനിമയവും സാന്നിധ്യവും ഒക്കെ ക്രമേണ ക്രമേണ കുറച്ച്, ഒരാൾ ഒരു റിലേഷൻഷിപ്പ് പെട്ടെന്ന് ബ്രേക്ക് ചെയ്യാതെ സാവധാനം അവസാനിപ്പിക്കുന്ന രീതി!

മറ്റേയാൾക്ക്  എന്താണ് അവസ്ഥ എന്നതിനെക്കുറിച്ച് ഒരു ക്ലാരിറ്റിയും ഉണ്ടാവില്ല!


9. ഓപ്പൺ റിലേഷൻഷിപ്പ് (Open relationship)


റിലേഷൻഷിപ്പിൽ ഉള്ള രണ്ട് വ്യക്തികൾ പരസ്പരം സമ്മതിച്ചു തന്നെ  മറ്റു വ്യക്തികളുമായി റൊമാൻറിക്കും സെക്ഷ്വലും ആയ ബന്ധം സ്ഥാപിക്കൽ !

വ്യക്തിപരമായ ആവശ്യങ്ങളും അതിരുകളും ഇവിടെ പരസ്പരം ബഹുമാനിക്കപ്പെടുന്നുവത്രെ !


10. സെക്സ്റ്റിംഗ് (Sexting) 


മൊബൈലിലൂടെ സെക്സ് ചാറ്റ്, ദൃശ്യങ്ങൾ കൈമാറൽ തുടങ്ങിയ രീതി.

പരസ്പരം വളരെ അകലെ ആയിരിക്കുമ്പോഴുള്ള ബന്ധങ്ങളിലും ഇൻ്റിമസി നിലനിർത്താൻ ആഗ്രഹിക്കുന്ന ബന്ധങ്ങളിലും സംഭവിക്കുന്നത്.


11. സാപ്പിയോസെക്ഷ്വൽ (Sapiosexual)


വൈകാരികമായും ശരീരികവുമായുള്ള ആകർഷണത്തിനപ്പുറം ഒരാളുടെ ഇന്റലിജൻസ് മറ്റൊരാൾക്ക് ആകർഷണീയമാവുക !

ചുരുക്കത്തിൽ ബുദ്ധിമാന്മാരോടും ബുദ്ധിമതികളോടും തോന്നുന്ന ആകർഷണം !


12. കിറ്റൻ ഫിഷിംഗ് ( Kittenfishing) 


ക്യാറ്റ് ഫിഷിംഗിൻ്റെ ഒരു ലളിതമായ വേർഷൻ!

ഇല്ലാത്ത ഗുണഗണങ്ങൾ പൊലിപ്പിച്ചു കാട്ടിയും ഫോട്ടോ എഡിറ്റ് ചെയ്തത് സൗന്ദര്യം വർദ്ധിപ്പിച്ചു കാട്ടിയും പങ്കാളിയെ ആകർഷിക്കുന്ന രീതി!


13 . ടെക്സലേഷൻഷിപ്പ് (Texslationship)


നേരിട്ടുള്ള യാതൊരു ബന്ധവുമില്ലാതെ മെസ്സേജുകളിലൂടെ മാത്രം അഥവാ ഡിജിറ്റൽ  കമ്മ്യൂണിക്കേഷനിലൂടെ മാത്രം പോകുന്ന  റിലേഷൻഷിപ്പ് !


14. മൂണിംഗ് ( Mooning) 


ഫോൺ Do not disturb മോഡിൽ ഇട്ട് ഒരാൾ അറിയാതെ അയാളെ ഒഴിവാക്കുന്ന രീതി!


15 . ഓർബിറ്റിംഗ് ( Orbiting)


സംഭവം വളരെ രസകരമാണ്.

ഒരാളുമായി നേരിട്ടുള്ള എല്ലാ കമ്മ്യൂണിക്കേഷനും നിർത്തിയ ശേഷം അയാളുടെ പോസ്റ്റുകൾ ലൈക്ക് ചെയ്യുക, അയാളെ ഫോളോ ചെയ്യുക, അയാളുടെ സ്റ്റോറികൾ സ്ഥിരമായി കാണുക തുടങ്ങിയ കലാപരിപാടികൾ !


റിലേഷൻഷിപ്പുകൾ നീണാൾ വാഴട്ടെ.


💙നിറയട്ടെ പോസിറ്റിവിറ്റി💙


(കടപ്പാട്: പ്രശാന്ത് വാസുദേവ്)

14 സെപ്റ്റംബർ 2025

തുരുമ്പിക്കാത്ത ഇരുമ്പിന്റെ രഹസ്യം⚫

 തുരുമ്പിക്കാത്ത ഇരുമ്പിന്റെ രഹസ്യം

ഇപ്പോൾ ദില്ലിയിൽ സ്ഥിതി ചെയ്യുന്ന തുരുമ്പുപിടിക്കാത്ത ഉരുക്കു സ്തൂപം ഒരു മഹാത്ഭുതമാണ്.

 പ്രചരിപ്പിക്കപ്പെടുന്നതു പോലെ ഏലിയൻമാരോ, മന്ത്രമോ ഒന്നും ഇതിൽ ഇടപെട്ടിട്ടില്ല.


പുരാതന ഇന്ത്യയിലെ ആയസ വിദഗ്ധരുടെ അറിവും കൗശലവും മാത്രമാണ് ഈ അത്ഭുതത്തിനു പിന്നിലെ രഹസ്യം.


ഇരുമ്പിന്റെ അയിരുകളെ കരിയുടെ സാന്നിധ്യത്തിൽ 1000-1200 ഡിഗ്രി താപനിലയിൽ ചൂടാക്കി ഉരുക്കിയാൽ മാത്രമേ ഇരുമ്പ് വേർതിരിയൂ.


കരിയായി സാധാരണ കൽക്കരി ഉപയോഗിക്കാനാവില്ല.


സാധാരണ കൽക്കരിയിൽ അടങ്ങിയിട്ടുള്ള ഗന്ധകം (സൾഫർ ) എല്ലാം കുളമാക്കും.


ഇപ്പോൾ വായുവിന്റെ അസാന്നിധ്യത്തിൽ ചൂടാക്കി സൾഫർ നീക്കം ചെയ്ത് കോക്കിംഗ് കോൾ ആക്കി മാറ്റിയാണ് കൽക്കരി ബ്ലാസ്റ്റ് ഫർണ്ണസുകളിൽ ഉപയോഗിക്കുന്നത്.


ഏകദേശം 4000 വർഷം മുമ്പ് തെക്കെ ഇന്ത്യയിലെ പെരും കൊല്ലൻമാർ മരക്കരി ഉപയോഗിച്ച് 1000 - 1200 ഡിഗ്രി താപനില നിലനിർത്താവുന്ന തരം ഫർണ്ണസുകൾ രൂപകൽപ്പന ചെയ്തെടുത്തു.


 അതോടെയാണ് ഇരുമ്പ് മനുഷ്യന് വഴങ്ങുന്നത്.


ഇരുമ്പ് നിർമ്മിക്കാനായെങ്കിലും ഇരുമ്പിന്റെ തുരുമ്പിക്കൽ ഒരു പ്രശ്നമായി നിലനിന്നു.


പക്ഷെ ആ പ്രശ്നവും പെരുങ്കൊല്ലന്മാർ ഏതാനും നൂറ്റാണ്ടുകൾക്കുള്ളിൽ പരിഹരിച്ചെടുത്തു.


 ചില പ്രത്യേക മരങ്ങളുടെ കരി ഉപയോഗിച്ച് നിനോക്സീകരിച്ചെടുക്കുന്ന ഇരുമ്പിന് തുരുമ്പിനെ ചെറുക്കാനാവുമെന്ന് പെട്ടന്ന് തന്നെ കണ്ടെത്തപ്പെട്ടു.


ഫോസ്ഫറസിന്റെ അംശം താരതമ്യേന കൂടുതലുള്ള ചില മരങ്ങളുടെ (പുളി, പുളിവാക .... ) കരി ഉപയോഗിച്ചു ഇരുമ്പയിരിന്റെ നിരോക്സീകരണം നടത്തിയാൽ ലഭിക്കുന്നത് ഏകദേശം 0.2 -0.3% ഫോസ്ഫറസിന്റെ അംശമുള്ള ഇരുമ്പാണ്.


ഇതിൽ ഏകദേശം 0.1-0.2% കാർബൺ (കരി) കൂടി ഉണ്ടായാൽ ലഭിക്കുന്നത് നൂറ്റാണ്ടുകളോളം തുരുമ്പിക്കലിനെ ചെറുക്കുന്ന തരം ഇരുമ്പാണ്.


ആധുനിക കാലത്ത് നിർമ്മിക്കപ്പെട്ട മരാജിംഗ് സ്റ്റീൽ പോലെ ഒരു സ്പെഷ്യൽ ഗ്രേഡ് ഉരുക്കാണ് നമ്മുടെ പെരുങ്കൊല്ലന്മാർ മൂന്നോ നാലോ സഹമ്പ്രാബ്ദങ്ങൾക്ക് മുമ്പ് നിർമ്മിച്ചെടുത്തത്.


ഇന്ത്യയെമ്പാടും ഇത്തരം തുരുമ്പിക്കാത്ത ആയസ സ്തൂപങ്ങളുണ്ട്.


 കർണ്ണാടകത്തിലെ കുടജാദ്രിയിലും, മധ്യപ്രദേശിലെ ധർലും , ഒറീസയിലെ കൊണാർക്കിലുമെല്ലാം അനേക ടൺ ഭാരം വരുന്ന ഇന്നും നിർമ്മിക്കാൻ പ്രയാസമായ ആയസ സ്തംഭങ്ങളും ബീമുകളും സഹസ്രാബ്ദങ്ങളെ അതിജീവിച്ച് ഇന്നും നിലനിൽക്കുന്നു.


🧇🧇🧇🧇🧇🧇🧇🧇🧇🧇🧇🧇🧇🧇

12 സെപ്റ്റംബർ 2025

ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!

ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!

രാവിലെ സ്കൂളിലെത്തിയ അധ്യാപകർ ബോർഡിൽ പതിച്ചിരുന്ന അറിയിപ്പ് വായിച്ചപ്പോൾ ഞെട്ടിപ്പോയി:


"നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായി നിന്നിരുന്ന വ്യക്തി ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മൃതദേഹം പൊതുദർശനത്തിനായി ഹാളിൽ വെച്ചിരിക്കുന്നു. എല്ലാവരെയും അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു."


ഒരു സഹപ്രവർത്തകന്റെ മരണവാർത്ത കേട്ട് ആദ്യം ദുഃഖം തോന്നിയെങ്കിലും, ഉടൻ തന്നെ അവരുടെ മനസ്സിൽ ഒരു കൗതുകം ഉയർന്നു—

“എന്റെ വളർച്ചയ്ക്ക് തടസ്സമായി നിന്നത് ആരായിരിക്കും?”


"എന്റെ വളർച്ച തടഞ്ഞവൻ മരിച്ചു… എന്തൊരു ആശ്വാസം," എന്ന ചിന്ത അവരുടെ മനസ്സിലൂടെ ഒഴുകി.


ഒന്നൊന്നായി അധ്യാപകർ ശവപ്പെട്ടിയ്ക്കരികിലേക്ക് നീങ്ങി. പക്ഷേ അകത്ത് നോക്കിയപ്പോൾ, അവർ വിറങ്ങലിച്ച് നിന്നുപോയി. ഞെട്ടലോടെ അവർ പിന്നോട്ടടി വെച്ചു.

അവരെ നടുക്കിയത് അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നു.


ശവപ്പെട്ടിക്കുള്ളിൽ അവരുടെ സ്വന്തം രൂപം പ്രതിഫലിക്കുന്ന ഒരു കണ്ണാടി ആയിരുന്നു.


കണ്ണാടിക്കരികിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു:


"നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി...

അത് നിങ്ങളാണ്!


നിങ്ങളുടെ സന്തോഷം, വിജയം, സ്വപ്നങ്ങൾ— ഇവയെല്ലാം സ്വാധീനിക്കാൻ കഴിയുന്നവൻ നിങ്ങളാണ്!


നിങ്ങളുടെ ജീവിതം മാറുന്നത്, ഹെഡ്മാസ്റ്റർ മാറിയതുകൊണ്ടോ, സുഹൃത്തുക്കൾ മാറിയതുകൊണ്ടോ, സ്കൂൾ മാറിയതുകൊണ്ടോ അല്ല.

ജീവിതം മാറണമെങ്കിൽ, ആദ്യം നിങ്ങൾ തന്നെ മാറണം.


ആ മാറ്റം നിങ്ങളുടെ ഉള്ളിൽ നിന്നു തുടങ്ങണം.

അത് ഇന്നുതന്നെ തുടങ്ങണം.


നിങ്ങളുടെ നെഗറ്റീവ് ചിന്തകളിൽ നിന്ന് പുറത്തേക്ക് വരിക!


നിങ്ങളുടെ ജീവിതത്തിനുത്തരവാദി നിങ്ങളാണ് എന്ന് മനസ്സിലാക്കുക.


മറ്റുള്ളവരെ കുറ്റപ്പെടുത്തലും കണ്ണീർ ചൊരിയലും നിങ്ങളുടെ ജീവിതത്തിൽ  മാറ്റം വരുത്തില്ല.

അത് നഷ്ടം മാത്രമേ നൽകൂ...


ഒരു മുട്ടയെ പുറത്തുനിന്ന് തകർത്താൽ, ജീവൻ അവസാനിക്കും.

പക്ഷേ, അത് ഉള്ളിൽനിന്ന് പൊട്ടുമ്പോൾ, ജീവൻ ആരംഭിക്കും.😊


മഹത്തായ കാര്യങ്ങൾ എല്ലാം ഉള്ളിൽ നിന്നാണ് ആരംഭിക്കുന്നത്...!


ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!

അത് ഇന്നുതന്നെ തുടങ്ങട്ടെ...!


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

04 സെപ്റ്റംബർ 2025

സാറിനും പട്ടിക്കും 👨‍🏫

സാറിനും പട്ടിക്കും 👨‍🏫


"സാറിനും പട്ടിക്കും ചോറു കൊടുത്തെങ്കിൽ അടുക്കള അടയ്ക്കരുതോ?"

എന്നൊരു ചോദ്യമുണ്ട് കാരൂരിന്റെ ഒരു കഥയിൽ. 

നരകതുല്യമായ അന്നത്തെ അദ്ധ്യാപക ജീവിതത്തിന്റെ വിവിധ വശങ്ങളെ ഹൃദയസ്പർശിയാംവിധം അവതരിപ്പിച്ചിട്ടുള്ള ആ കഥയുടെ പേര്  'സാറിനും പട്ടിക്കും' എന്നാണ്.


ഒരു കഥയിലല്ല. 

കാരൂരിന്റെ പല കഥകളിലും അത്തരം ചോദ്യങ്ങളുണ്ട്.

 അവഗണനയുടെ- അപമാനത്തിന്റെ - നേർസാക്ഷ്യങ്ങളുണ്ട്. 

ഇന്ന് സമൂഹത്തിൽ തലയുയർത്തി നിൽക്കുന്ന ഒരു വർഗ്ഗത്തിന്റെ ചരിത്രമെന്താണെന്നറിയാൻ ആ കഥകളിലൂടെയൊക്കെയൊന്ന് സഞ്ചരിച്ചാൽ മതി. 


പുരാണത്തിലെ  സാന്ദീപനിയുടേയും പരശുരാമന്റേയും വിശ്വാമിത്രന്റേയും വസിഷ്ഠന്റെയും ദ്രോണാചാര്യരുടേയും കഥകൾ വായിച്ച് അതാണു തങ്ങളുടെ ചരിത്രമെന്നു കരുതിയുള്ള വംശഗാഥയുടെ ധാർഷ്ട്യമൊക്കെയങ്ങ് പോയിക്കിട്ടും.


കാരൂരിന്റെ  'പൊതിച്ചോറി'ലും 'അത്ഭുതമനുഷ്യനി'ലും 'സാർ!വന്ദന'ത്തിലും 'ഊണിന്റെ കണക്കി'ലും 'പെൻഷനി'ലും 'മാലപ്പടക്ക'ത്തിലും 'കഴുതയാടി'ലും 'കുടുംബബഡ്ജറ്റി'ലും 'ഒന്നാം വാധ്യാരി'ലും 'കാൽച്ചക്ര'ത്തിലും 'ഉത്തരക്കടലാസി'ലുമെല്ലാം ആ ചരിത്രമുണ്ട്.


 അധ്യാപകപ്രസ്ഥാനങ്ങൾ കേരളത്തിൽ സംഘടിതശക്തിയായി മാറിയപ്പോൾ ചരിത്രത്തിൽ നിന്നപ്രത്യക്ഷമായ ചില നിലവിളികൾ ആ കഥകളിലുണ്ട്.

 സ്മൃതിഭ്രംശം സംഭവിച്ചവർക്ക് ആ കഥകൾ ഉപകരിക്കും.


അധ്യാപകർക്ക് സമൂഹത്തിൽ ഇന്നുള്ള സ്ഥാനമൊന്നും ഇല്ലാതിരുന്ന ഒരു കാലത്ത് നീണ്ട നാൽപ്പതുവർഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ഒരു മനുഷ്യന്റെ ആത്മകഥാഖ്യാനങ്ങളാണവ.


അവകാശ സമരങ്ങളെപ്പറ്റിയൊന്നും തന്റെ കഥകളിലെവിടെയും പ്രതിപാദിക്കാൻ കാരൂർ ശ്രമിച്ചിട്ടില്ല. 

അതുകൊണ്ടുതന്നെ വർഗ്ഗസമരങ്ങളുടെ തീപ്പൊരികളൊന്നും കാരൂരിന്റെ കഥകളിൽ കാണില്ല.

 ആറ്റുനോറ്റുണ്ടാക്കിയെടുത്ത വാഴക്കുല ഇല്ലത്തേക്കെടുക്കാൻ തമ്പുരാൻ കൽപ്പിച്ചപ്പോൾ 'കരയാതെ മക്കളേ' എന്നു മാത്രം വിലപിക്കാനറിയുന്ന ചങ്ങമ്പുഴക്കവിതയിലെ 'മലയപ്പുലയ'നാണ് പലപ്പോഴും കാരൂർക്കഥകളിലെ നായകൻ.

'അധികാരം കൊയ്യണമാദ്യം നാം!'

 എന്ന മുദ്രാവാക്യസമാനമായ ഒരു വരി കാരൂരിന്റെ കഥകളിൽ കണ്ടെത്താൻ പ്രയാസമാണ്.


സ്വന്തം രചനകളിലൂടെ ദീനവിലാപങ്ങളല്ല, അധ്യാപകരുടെ അവകാശപ്രഖ്യാപനം നടത്തിയ ഒരു മനുഷ്യൻ സമാനകാലഘട്ടത്തിലുണ്ടായിരുന്നു.


ചെറുകാട് സി ഗോവിന്ദപ്പിഷാരടി!


ചെറുകാടിന്റെ 'മുത്തശ്ശി' എന്ന നോവൽ കേരളത്തിലെ അധ്യാപകർ ഒരു പാഠപുസ്തകം പോലെ വായിക്കേണ്ട ഒന്നാണ്.


 ഇരമ്പിയാർക്കുന്ന കടലുപോലെയാണാ നോവൽ.


അതിൽ നമ്മൾ നടന്നു വന്ന വഴികളുണ്ട്. 


അധ്യാപക പ്രസ്ഥാനത്തിന്റെ എക്കാലത്തെയും ചരിത്രം! 


ആ ചരിത്രത്തെ സിലബസ്സിൽ നിന്നും മാറ്റി നിർത്താനായിരുന്നു പലപ്പോഴും ശ്രമം.


 ഡിഗ്രിക്കും പി.ജിക്കും ഒരേ നോവൽ തന്നെ സിലബസ്സിൽ ആവർത്തിച്ചു കടന്നുവന്നപ്പോഴൊന്നും അബദ്ധത്തിൽപ്പോലും 'മുത്തശ്ശി' അതിൽപ്പെട്ടില്ല.


1958ൽ രചിക്കപ്പെട്ട 'മുത്തശ്ശി'ക്ക് ശാപമോക്ഷം കിട്ടിയത് 2008 ലോ മറ്റോ ആണെന്നു തോന്നുന്നു.


 മൂന്നാലു വർഷം കഴിഞ്ഞ് സിലബസ് പരിഷ്കരിച്ചപ്പോൾ ആ 'അബദ്ധം' തിരുത്തുകയും ചെയ്തിട്ടുണ്ട്.


ഷഷ്ടിപൂർത്തി കഴിഞ്ഞ മുത്തശ്ശി ഇപ്പോഴും പടിക്കു വെളിയിൽത്തന്നെ!


മുത്തശ്ശി എന്ന നോവലിനെ വെളിയിൽ നിർത്താൻ പല കാരണങ്ങളുമുണ്ടാകാം.


കാർഷികമേഖലയിൽ ജന്മിത്തത്തോടുള്ള വെല്ലുവിളിയും വിദ്യാഭ്യാസമേഖലയിൽ മാനേജ്മെന്റിന്റെ ചൂഷണത്തിനെതിരായുള്ള വെല്ലുവിളിയും ഒരേസമയം കൈകോർക്കുന്ന നോവലാണ് മുത്തശ്ശി.


ഈ രണ്ട് ചൂഷണത്തിനും അറുതി വരുത്തിയ 1957ലെ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ ചരിത്രം കൂടി  ആഖ്യാനത്തിന്റെ ഭാഗമായി ഉള്ളതുകൊണ്ടാകാം 'മുത്തശ്ശി' സിലബസ്സിന്റെ പടിക്കു പുറത്തായത്. 


അധ്യാപകരുടെ വർഗ്ഗസമരത്തിന്റെ ഇതിഹാസമാണ് മുത്തശ്ശി.


അധ്യാപകർ കേവലം 

'പ്രജകൾ'

 മാത്രമായിരുന്ന കാലത്തു നിന്ന് 

'പൗരസമൂഹ'

മാകുന്നതിന്റെ ചരിത്രം കൂടിയുണ്ട് ആ നോവലിൽ.


അധ്യാപകർ തങ്ങൾ വന്ന വഴി മറക്കാതിരിക്കാൻ ബി.എഡിന്റെയും മറ്റും സിലബസ്സിൽക്കൂടി ഉൾപ്പെടുത്തേണ്ട പുസ്തകമാണത്.


അധ്യാപികയായി സ്കൂളിൽ പ്രവേശിച്ച അവസരത്തിൽ പരിശോധനയ്ക്കു വരുന്ന ഇൻസ്പെക്ടറുടെ മുന്നിൽ 'പാട്ടക്കുടിയാനെപ്പോലെ' നിന്ന നാണിയിൽ നിന്ന് അവകാശബോധവും പ്രതികരണശേഷിയുമുള്ള നാണി മിസ്ട്രസ്സിലേക്കുള്ള വളർച്ചയുടെ കഥ പറയുന്ന നോവലും നോവലിസ്റ്റും എന്തുകൊണ്ടാണ് നമ്മുടെ അക്കാദമിക- യാഥാസ്ഥിതിക പണ്ഡിതശിങ്കങ്ങളുടെ അവഗണനയ്ക്ക് പാത്രമായത്?

 

നമ്മുടെ പ്രഖ്യാപിതസാഹിത്യ ചരിത്രങ്ങളിലൊക്കെ ചെറുകാടിനെപ്പറ്റി പറയുന്ന ഭാഗം വരുമ്പോൾ വാക്കുകൾക്ക് എന്തു പിശുക്കാണ്!


ചെറുകാട് അത്ര 'ചെറിയ' കാടല്ല!


 ഇരുപതിലധികം നാടകങ്ങളുടേയും,

എട്ടു നോവലുകളുടേയും, 

നിരവധി കഥകളുടേയും, 

കവിതകളുടേയും,

 ബാലസാഹിത്യകൃതികളുടേയും,

 ആത്മകഥയുടേയും

 രചയിതാവായ ഒരു മനുഷ്യനെ എത്ര നിസ്സാരനായാണ്  പ്രഖ്യാപിതസാഹിത്യചരിത്രങ്ങൾ  പരിഗണിച്ചിട്ടുള്ളത്!


 ചിലതിലൊക്കെ തൊട്ടുതലോടിപ്പോയിട്ടുണ്ട്.

'പ്രചരണാത്മകത'

എന്ന വലിയ 'ദോഷ'ത്തിൽപ്പിടിച്ച് ഉരുണ്ടുകളി നടത്തിയിട്ടുണ്ട്.


'ഇൻക്വിലാബ് സിന്ദാബാദ്'

എന്ന മുദ്രാവാക്യമൊക്കെ ആഖ്യാനത്തിന്റെ ഭാഗമാക്കിയ 'കൊടുംകുറ്റ'ത്തെ 'നിഷ്പക്ഷനിഷ്കളങ്കർ' എങ്ങനെ പൊറുത്തു കൊടുക്കും?


'ഇന്ദുലേഖ'യുടെ 'കയ്യും കസവും' വേർതിരിച്ചറിയാൻ കഴിയാത്ത ആശങ്കയിൽ കുറേക്കാലം തള്ളിനീക്കിയ നിരൂപകർ 'ഉന്തിയ പല്ലും ഒട്ടിയ കവിളുമുള്ള ' നാണിമിസ്ട്രസ്സിനെ മാറ്റി നിർത്തി.


 കേരളത്തിലെ കർഷക പ്രസ്ഥാനത്തിന്റെ/

അധ്യാപക പ്രസ്ഥാനത്തിന്റെ/

ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ/

 കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ

 ചരിത്രം പേറുന്ന ഒരു നോവൽ  സാഹിത്യചരിത്രകാരന്മാരുടെ 'ഒച്ചാട്ടി'നു പാത്രമായി.


'നമ്മളെങ്ങനെ നമ്മളായെന്ന്' തിരിച്ചറിയാൻ 'മുത്തശ്ശി' വായന ഉപകരിക്കും.


സംഘടനയൊക്കെ എന്തിന് എന്ന ചോദ്യമുയർത്തുന്ന അരാഷ്ട്രീയവാദികൾക്കുള്ള ചെകിട്ടത്തടിയാണ് 'മുത്തശ്ശി'.


 കോൺഗ്രസ് ക്രമേണ കോൺഗ്രസ് സോഷ്യലിസ്റ്റും കമ്യൂണിസ്റ്റുമൊക്കെയായി പരിവർത്തിക്കുന്നതിന്റെ ചരിത്രം മുത്തശ്ശിയെ ഒരു ചരിത്രനോവൽ കൂടിയാക്കുന്നു.


ചരിത്രത്തിന്റെ ആധികാരികതയും സാഹിത്യത്തിന്റെ പാരായണക്ഷമതയും ഒന്നിക്കുന്ന നോവൽ!


വ്യഷ്ടിയെ സമഷ്ടിയിലേക്ക് വിലയിപ്പിച്ചത് സംഘടനയാണെന്ന് ബോധ്യപ്പെടുത്തുന്ന നോവൽ.


 'തടിക്കു കേടുകൂടാതെ' യുള്ള സംഘടനാപ്രവർത്തനം അവനവന്റെ സ്വാർത്ഥതയ്ക്കു വേണ്ടി കൂടെക്കൊണ്ടുനടക്കുന്ന ആളുകൾ 'മുത്തശ്ശി' വായിക്കണം.


 അടിമത്തത്തിന്റെ നുകം കഴുത്തിലെ ആഭരണമായി ഇട്ടു നടന്നിരുന്ന അധ്യാപകവർഗ്ഗത്തിന് നിവർന്നു നിൽക്കാനുള്ള അവകാശം നേടിത്തന്ന കുറേ മനുഷ്യരെ അപ്പോൾ ഓർമ്മ വരും.


 ഭൂമിയിലുള്ള മറ്റു മനുഷ്യരെക്കൂടി പരിഗണിക്കാൻ പഠിക്കും!


അദ്ധ്യാപകദിനാശംസകൾ...


🔐🔐🔐🔐🔐🔐🔐🔐🔐

27 ഓഗസ്റ്റ് 2025

വിലകൂടിയ വാച്ച് ⌚

 സമാധാനം കളയരുത്


അദ്ധ്യാപകൻ ട്രെയിൻ യാത്രയിലാണ്.


തന്റെ വാച്ചിലേക്കുതന്നെ ഒരു കുട്ടി നോക്കിയിരിക്കുന്നതുകണ്ട അദ്ദേഹം അവനോടു ചോദിച്ചു:

വാച്ച് ഇഷ്‌ടപ്പെട്ടോ?


അവൻ പറഞ്ഞു:

അതു വിലകൂടിയ വാച്ചാണ് എനിക്കൊന്നു കാണാൻ തരുമോ?


നിനക്കിതിന്റെ വില അറിയില്ല.


വിരമിക്കുന്ന സമയത്ത് കുട്ടികൾ സമ്മാനമായി നൽകിയതാണ് എന്നുപറഞ്ഞ് അദ്ദേഹം ആ വാച്ച് ഊരി നൽകി.


കുട്ടി കൗതുകത്തോടെ നോക്കുന്നതിനിടയിൽ വാച്ച് ജനലിലൂടെ പുറത്തുപോയി അടുത്തിരുന്നവരെല്ലാം ഞെട്ടി.


കുട്ടി കരച്ചിലായി.


അടുത്ത സ്‌റ്റേഷനിൽ ഇറങ്ങാറായപ്പോൾ അദ്ദേഹം പറഞ്ഞു:

വാച്ച് ഒരു മണിക്കൂറിനുള്ളിൽ എനിക്കു കിട്ടും.


സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസിലെത്തിയ അദ്ദേഹം കാര്യം പറഞ്ഞു.


ഏകദേശം ഏതു പ്രദേശത്താണ് നഷ്ടപ്പെട്ടതെന്നറിയുമോ:

എന്ന് സ്‌റ്റേഷൻ മാസ്‌റ്റർ ചോദിച്ചു.


അധ്യാപകൻ പറഞ്ഞു: ഇവിടെനിന്നു നൂറ്റിഇരുപത്തഞ്ചാമത്തെ പോസ്‌റ്റിന്റെ ചുവട്ടിൽ.


വാച്ച് പോയപ്പോൾമുതൽ ഞാൻ കൃത്യമായി അത് എണ്ണുകയായിരുന്നു.


തുടരന്വേഷണത്തിൽ അതേ സ്ഥലത്തുനിന്ന് വാച്ച് ലഭിച്ചു.


പ്രശ്ന‌ത്തിലകപ്പെട്ടാൽ പ്രതികരണം രണ്ടുവിധത്തിലാകാം ഒന്ന് മനക്ലേശത്തോടെ, രണ്ട് മനസ്സാന്നിധ്യത്തോടെ.


അപ്രതീക്ഷിതമായതെന്തെങ്കിലും സംഭവിച്ചാൽ മനോനില തെറ്റുക എന്നതാണ് മിക്കവരും അഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം.


സംഭവിച്ച ദുരന്തത്തെക്കാൾ വലുതാണ് നഷ്ടപ്പെടുന്ന സമാധാനം.


വീണ കയത്തിൽനിന്നു കയറിവരാനാകാത്ത തിൻ്റെ കാരണം കയത്തിന്റെ ആഴമല്ല, മനസ്സിന്റെ തകർച്ചയാണ്.


തളർന്ന മനസ്സിന്റെ ചിന്തകൾ ദുർബലവും നിരാശാജനകവുമാണ്.


ഇനിയെങ്ങനെ പുറത്തുവരും,

എനിക്കെന്താണ് ഇങ്ങനെ സംഭവിക്കുന്നത്,

ഈ നഷ്ടം എങ്ങനെ പരിഹരിക്കും.

ചുറ്റും നിൽക്കുന്നവരെല്ലാം കണ്ടില്ലേ

തുടങ്ങിയ നിഷേധ ചിന്തകളാണ് പ്രശ്നങ്ങളുടെ വലുപ്പം കൂട്ടുന്നത്.


മനസ്സാന്നിധ്യത്തോടെ തുടരുന്നവരുടെ ചിന്തകൾ പ്രായോഗികവും പ്രശ്നപരിഹാരകേന്ദ്രീകൃതവുമാകും.


ഇനിയെന്താണ് മാർഗം, പരിഹാരത്തിന് എന്തെല്ലാം സാധ്യതകളുണ്ട്, ഉടനടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ, കുറച്ചു നേരം കാത്തിരുന്നാൽ പ്രതിവിധിയുണ്ടാകുമോ തുടങ്ങിയ ചിന്തകളെല്ലാം പരിഹാരത്തിലേക്കു നയിക്കുന്നതാണ്.


ആകുലപ്പെടുന്നതിന്റെ പേരിൽ ഒരു വൈഷമ്യവും അവസാനിക്കില്ല, പരിഹാരമാർഗങ്ങൾ കണ്ടെത്താനാകാത്തവിധം മനസ്സ് ദുർബലമാകുകയേയുള്ളൂ.


(കടപ്പാട്)


⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡⚡

23 ഓഗസ്റ്റ് 2025

നല്ല കൂട്ടുകെട്ട് ആയുസ്സ് കൂട്ടുമെന്ന് പഠനങ്ങൾ 🫶

 ചങ്ങാതി നന്നായാൽ 





ഷെയ്‌ക്‌സ്‌പിയറുടെ ഒഥല്ലോയിലെ ഇയാഗോ പുറംമോടിയിൽ തുളുമ്പുന്ന സ്നേഹവും ഉള്ളിൽ കട്ടപിടിച്ച കാപട്യവുമുള്ള കഥാപാത്രമാണ്.


ഫ്രെനിമി എന്ന ഇംഗ്ലിഷ് വാക്കുകൊണ്ടു നിർവചിക്കാവുന്ന വ്യക്തിത്വമാണത്.


നമ്മുടെ ജീവിതത്തിലും ഇത്തരം ആളുകളുണ്ട്.


ഒരു കപ്പ് കാപ്പിക്ക് അപ്പുറമിരുന്നു വശ്യതയോടെ സംസാരിക്കും; പിന്നെ ഒരൊറ്റ വാക്കുകൊണ്ടു നമ്മുടെ മനസ്സമാധാനം കെടുത്തും.


പുറത്തെ പുഞ്ചിരിയും ഉള്ളിലെ വിഷവും ചേർന്ന ഈ സുഹൃദ്-ശത്രു ബന്ധം ശരീരത്തിനകത്തു ഹാനികരമായ ജൈവരാസമാറ്റത്തിനു കാരണമാകും!



ഇത്തരം ബന്ധങ്ങളുടെ സമ്മർദം ശരീരത്തിലെ ക്രോമസോമുകളുടെ വാൽഭാഗത്തിൻ്റെ (ടെലോമിയർ എന്നു വിളിക്കുന്ന ഡിഎൻഎ ചങ്ങലകൾ നിറഞ്ഞത്) സംരക്ഷണതുമ്പുകളെ ചുരുക്കുന്നു എന്നാണു ഗവേഷകർ പറയുന്നത്.



ഇതു ചുരുങ്ങുന്തോറും മനുഷ്യനു പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങൾക്കു സാധ്യത കൂടും.


ഗവേഷകർ ശരീരത്തിൻ്റെ ഡിഎൻഎ മെഥിലീകരണം (ഡിഎൻഎ തന്മാത്രയോട് മീഥൈൽ ഗ്രൂപ്പ് കൂടിച്ചേരുന്നത്) എന്ന മാറ്റം കൂടി പഠിച്ച്, ഇത്തരം ബന്ധങ്ങളെ ജൈവവയസ്സു കണക്കാക്കുന്ന ഘടികാര സൂചിയായി അവതരിപ്പിക്കുന്നു.


ശത്രുവായ സുഹൃത്തിനെ തോളിലേറ്റി നടക്കുന്തോറും സൂചിക്കു വേഗം കൂടും, ബന്ധം ഉപേക്ഷിക്കുമ്പോൾ ആരോഗ്യം മെച്ചപ്പെടും, സൂചി മെല്ലെയാകും.



സമീപകാലത്തു ന്യൂയോർക്കിൽ ഇതുസംബന്ധിച്ച വലിയ പഠനം നടന്നു.


2232 പേരുടെ ഉമിനീർ സാംപിളുകളിൽ നിന്നുള്ള മെഥിലീകരണ പാറ്റേണുകളും അവരുടെ ബന്ധങ്ങളുടെ ചിത്രവും ചേർത്തു ജൈവവയസ്സ് എങ്ങനെയാണ് മാറുന്നതെന്നു നോക്കി.


'ഫ്രെനിമി' എന്നു വിളിക്കാവുന്ന ബന്ധം ഓരോ വ്യക്‌തിയുടെയും ജൈവവയസ്സ് അൽപം വേഗത്തിൽ മുന്നോട്ട് ഓടിക്കുന്നുവെന്നും അങ്ങനെ ശരീരത്തിൻ്റെ പ്രായം കലണ്ടറിനെക്കാൾ 2-3 മാസം മുമ്പേപോകുന്നു എന്നുമായിരുന്നു കണ്ടെത്തൽ.


ഇന്നു ചിരിക്കും, നാളെ നെറ്റി ചുളിക്കും ഇങ്ങനെ നിരന്തരം സമ്മർദമുണ്ടാക്കുന്ന ബന്ധം ശരീരത്തെ എപ്പോഴും ജാഗ്രതാമോഡിൽ കുരുക്കും.


സമ്മർദ ഹോർമോണുകൾ ഉയരുമ്പോൾ എഴുന്നേറ്റാൽ തലയ്ക്കകത്ത് ആകെ ഘനം തൂങ്ങിയപോലെ തോന്നും.


ചില പഠനങ്ങളിൽ ശരീരത്തിലെ അണുബാധയെ ഓർമിപ്പിക്കുന്ന വീക്ക സൂജകങ്ങൾ ഉയരുന്നതും രക്തസമ്മർദം ചെറിയ കാരണങ്ങൾകൊണ്ടുതന്നെ ചാഞ്ചാടുന്നതും കണ്ടിട്ടുണ്ട്.



ദാമ്പത്യത്തിൽ പരസ്‌പരം കുറ്റപ്പെടുത്തുന്ന സംഭാഷണങ്ങൾപോലും ഇതിൽപ്പെടുന്നു.



അതേസമയം, തളരുമ്പോൾ താങ്ങാവുന്ന ബന്ധങ്ങൾ (കേൾക്കുന്ന ആളുകൾ, വിശ്വാസംനിറഞ്ഞ കൂട്ടായ്‌മകൾ ശരീരത്തിൻ്റെ പ്രായസൂചിയുടെ വേഗം കുറയ്ക്കും.


നല്ല ഉറക്കം ലഭിക്കും.


ഉള്ളിൽ കട്ടപിടിച്ചു നിൽക്കുന്ന കുരുക്ക് അയയും പണ്ടേപറയുന്ന പാഠം തന്നെയല്ലേ ഇത്.


നല്ല ബന്ധങ്ങൾ ആരോഗ്യവും ആയുസ്സും കൂട്ടുന്നു.


ഒറ്റപ്പെടൽ കുറയുമ്പോൾ, കൂട്ടായ്മ കൂടുമ്പോൾ രോഗസാധ്യത കുറയുന്നു.



പുതിയ പഠനങ്ങളുടെ പ്രത്യേകത എന്തെന്നാൽ, ഇവ വലിയ സംഘം ആളുകളുടെ ദീർഘകാല ശീലങ്ങൾകൂടി കണക്കാക്കി അവയെ ശരീരത്തിലെ അടയാളങ്ങളുമായി ബന്ധിപ്പിക്കുന്നു എന്നതാണ്.




നമുക്കു പ്രയോഗിക്കാവുന്ന ചില കാര്യങ്ങൾ 



1. ബന്ധങ്ങളുടെ കണക്കെടുപ്പ്.


 ഒരാഴ്‌ചത്തെ കാര്യങ്ങൾ നോട്ട്ബുക്കിൽ രേഖപ്പെടുത്തുക-


ആരോടൊക്കെ സംസാരിച്ചു? 

ശേഷം എങ്ങനെ തോന്നി? 

സമാധാനം തന്നവർ ആരൊക്കെ?

സമ്മർദമുണ്ടാക്കിയത് ആരൊക്കെ?




2. ചില വാചകങ്ങൾ പഠിക്കാം.


 ഇപ്പോൾ പറ്റില്ല,

നാളെ നോക്കാം. 

ഇത് എനിക്കു പിടിക്കുന്നില്ല,

നമുക്കു വിഷയം മാറ്റാം 


എന്നിങ്ങനെ വിനീതവും വ്യക്തവുമായി പറയാവുന്നവ.




3. ഓരോ ആഴ്‌ചയും ആനന്ദമേകുന്ന ഒരു സൗഹൃദം വേറൊന്നും വേണ്ട;

ഒരു ചായ,

ഒരു നടത്തം,

10 മിനിറ്റ് നിശ്ശബ്ദമായി ഇരിപ്പ്.




4. പുതിയ ശീലങ്ങൾ:



 ദിവസവും കുറച്ചു നടത്തം,

ആഴ്‌ചയിൽ രണ്ടു ദിവസം ലഘുവ്യായാമ പരിശീലനം,

പച്ചക്കറികളും ധാന്യങ്ങളും അടങ്ങുന്ന ഭക്ഷണം; 

രാത്രി 8 മണിക്കൂർ ഉറക്കം.




5. ഡിജിറ്റൽ സന്ധ്യ വേണ്ട: 


രാത്രി ഫോണിനു വിശ്രമം നൽകാം. പലർക്കും ഇതുതന്നെ ചെറു ഔഷധം.




6. സംഭാഷണത്തിലെ പരിവർത്തനം:


 വാദപ്രതിവാദത്തിന്റെ കൊളുത്തിൽ പിടിക്കാതെ, 


'എനിക്ക് ഇങ്ങനെ തോന്നുന്നു. അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്' 


എന്നു പറയാം.




ശ്രദ്ധിക്കുക: 


ടെലോമിയർ, മെഥിലീകരണം പോലുള്ള സൂചകങ്ങൾ രോഗം നിർണയിക്കുന്നവയല്ല; അപായസൂചനകൾ നൽകുന്നുവെന്നു മാത്രം പരീക്ഷണശാലകൾ മാറിയാൽ പോലുമുണ്ട് വ്യത്യാസം.


(കടപ്പാട് : മലയാള മനോരമ

23-08-2025)


🌟🌟🌟🌟🌟🌟🌟🌟🌟🌟