നൽകിയ വാക്കുകൾക്കിടയിൽ വീർപ്പുമുട്ടി ദശരഥരാജൻ 9
ചില വാക്കുകൾ ജന്മാന്തരത്തോളം നമ്മെ പ്രചോദിപ്പിക്കുകയും ചിലതു വേട്ടയാടുകയും ചെയ്യും. ദശരഥ മഹാരാജാവിനെ വേട്ടയാടിയത് അന്ധരായ വൃദ്ധദമ്പതികളുടെ ശാപമാണ്.
നായാട്ടിനിടെ വന്ന അശ്രദ്ധ ഒരു ജീവനെടുക്കുകയും കുടുംബത്തെ തകർക്കുകയും ചെയ്തു. മകനെ വധിച്ച ദശരഥനെ മരണസമയത്തു മക്കളടുത്തില്ലാതെ പോകട്ടെയെന്നാണു ശപിക്കുന്നത്.
അയോധ്യ രാമൻ്റെ പട്ടാഭിഷേകത്തിനു തയാറായി നിൽക്കുന്നു. എപ്രകാരവും ചടങ്ങ് മുടക്കാനുള്ള മന്ഥരയുടെ തന്ത്രം ഫലിച്ചു.
കൊട്ടാരം സന്തോഷത്തിലാറാടി നിൽക്കെ കൈകേയിയുടെ അന്തപുരം ശോകമൂകമായി. വിവരമറിഞ്ഞെത്തിയ ദശരഥൻ ഭാര്യമാരിൽ ഏറ്റവും ഇളയവളായ കൈകേയിയുടെ ദുഃഖത്തിൻ്റെ കാരണമന്വേഷിച്ചു. ആദ്യം ഒന്നും മിണ്ടാതെ നിന്ന കൈകേയി അവസാനം ദേവാസുര സമയത്തു തനിക്കു നൽകാമെന്നേറ്റ രണ്ടു വരങ്ങൾ ദശരഥനോട് ആവശ്യപ്പെട്ടു
ഭരതനെ യുവരാജാവായി വാഴിക്കണമെന്നും രാമനെ 14 വർഷം വനവാസത്തിനയ്ക്കണമെന്നുമുള്ള ആവശ്യം കേട്ട് ദശരഥൻ തളർന്നു.
പുത്രൻമാരുടെ ഖ്യാതി വാനോളം ഉയർന്നു നിൽക്കുന്നതിനിടെ കൊട്ടാരത്തിലുണ്ടായ അന്തഛിദ്രം എങ്ങനെയെങ്കിലും മറയ്ക്കാൻ ദശരഥൻ പാടുപെട്ടു. ഭരതനെ യുവരാജാവാക്കാം. പക്ഷേ, രാമനെ കാട്ടിലേക്ക് അയക്കാനുള്ള വരം പിൻവലിക്കാൻ കൈകേയിയോട് ആവശ്യപ്പെട്ടു. കൈകേയി പിൻമാറിയില്ല.
രാജാവും രാഞ്ജിയും തമ്മിലുള്ള കലഹം പതുക്കെ പുറത്തേക്കു പടരാൻ തുടങ്ങി.
ഈ സമയം അവിടെയെത്തിയ രാമൻ അച്ഛൻ നൽകിയ വാക്കു പാലിക്കാൻ താൻ വനവാസത്തിനൊരുക്കമാണെന്നു പറഞ്ഞു.
പ്രജകൾക്കിടയിൽ മാത്രമല്ല, അയൽരാജ്യങ്ങൾക്കിടയിലും വംശമഹിമ നിലനിർത്താൻ തൻ്റെ സുഖസൗകര്യങ്ങൾ ഒഴിവാക്കാൻ തയാറായി.
മന്ത്രി സുമന്ത്രരോട് വനവാസത്തിനു വേണ്ട ഒരുക്കങ്ങൾ നടത്താൻ രാമൻ കൽപന കൊടുത്തു.

