മികച്ചവർ പിന്നിലുമുണ്ട്
വളരെ തിരക്കേറിയ പാതയായിരുന്നു അത്. വാഹനങ്ങളുടെ അമിതവേഗംമൂലം ധാരാളം അപകടങ്ങളും സംഭവിച്ചിരുന്നു. ആ പ്രദേശത്തിൻ്റെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങളെ ക്യാമറയിലൂടെ നിരീക്ഷിക്കാനും അമിതവേഗമുള്ളവയ്ക്കു പിഴയിടാനും തീരുമാനിച്ചു. അധികമാരും ശ്രദ്ധിക്കാത്ത ഒരു വളവിൽ കാത്തിരുന്ന് അദ്ദേഹം ജോലി തുടങ്ങി. ആദ്യ രണ്ടുദിവസം ധാരാളം പിഴ ലഭിച്ചെങ്കിലും മൂന്നാംദിനം മുതൽ എല്ലാവരും വേഗം നിയന്ത്രിച്ചു തുടങ്ങി. കാര്യമന്വേഷിച്ച് അദ്ദേഹം നൂറു മീറ്റർ പിറകോട്ടുനടന്നു. അവിടെ ഒരു ബാലൻ ബോർഡുമായി നിൽക്കുന്നു മുന്നിൽ റഡാർ നിരീക്ഷണമുണ്ട്: വേഗം കുറയ്ക്കു. തിരിച്ച് തന്റെ നിരീക്ഷണ സ്ഥലത്തെത്തി മുന്നോട്ടു നോക്കിയപ്പോൾ അവിടെയും ഒരു ബാലൻ ബക്കറ്റുമായി നിൽക്കുന്നു. ആ ബക്കറ്റിൽ ഒരു വാചകവും. ഇഷ്ടമുള്ള ടിപ് ഇതിലിടുക. ആ ബക്കറ്റ് നിറയെ പണം ഉണ്ടായിരുന്നു.
സാമർഥ്യം ആരുടെയും കുത്തകയല്ല മുൻപരിചയവും അനുഭവവുമുള്ളവർ മാത്രമല്ല സമർഥർ അപ്രതീക്ഷിതമായെത്തുന്ന ചില അപരിചിതർ അദ്ഭുതങ്ങൾ കാണിക്കും. പ്രായം കൂടുതലുള്ളതുകൊണ്ടും ഒരേ തൊഴിലിൽ അനേകവർഷം നിലനിന്നതുകൊണ്ടും തങ്ങൾക്കാണ് കൂടുതൽ മഹിമ എന്നും ഗർവു പ്രകടിപ്പിക്കുന്നവർ തങ്ങളുടെ ചുറ്റുമതിലിനപ്പുറത്തുള്ള ലോകത്തെക്കുറിച്ച് അജ്ഞരാണ്. തന്നെക്കാൾ കഴിവും കാര്യശേഷിയുമുള്ളവരുണ്ടെന്ന് അംഗീകരിക്കാനും അവരുടെ നൂതന പാതകളെ ബഹുമാനിക്കാനും പഠിച്ചാൽ കൂടുതൽ ശ്രേഷ്‌ഠമായ അടുത്ത തലമുറയുണ്ടാകും. താനാണ് സർവജ്‌ഞനെന്നും തന്റെ വഴിയാണ് ഏകവഴിയെന്നും ശരിവഴിയെന്നും വിശ്വസിച്ച് സ്വയം സിംഹാസനങ്ങൾ തീർക്കുന്നവർ ഇപ്പോഴുള്ളവർക്കും ഇനി വരാനുള്ളവർക്കും മാർഗതടസ്സമാണ്. പിന്നാലെ പോകുന്നവരെല്ലാം മുൻപേ ഗമിക്കുന്നവരെക്കാൾ താണവരോ ഗുണമേന്മ കുറഞ്ഞവരോ അല്ല സാഹചര്യംകൊണ്ടും പരിചയക്കുറവുകൊണ്ടും പുറകിലായതാകാം. തന്റെ കീഴിലും പിന്നിലും ഉള്ളവർ തന്നെക്കാൾ മികവുറ്റവരെന്നു കണ്ടെത്തി അവരെ മുന്നിൽ നിർത്താൻ ധൈര്യപ്പെടുന്ന നായകരുള്ളിടത്തു മാത്രമേ സമർഥർ പടർന്നു പന്തലിക്കുകയുള്ളൂ.
( കടപ്പാട് )


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗