അക്ഷരക്കൂട്ടം: (2) നടത്തം എങ്ങോട്ട്? 🚶
അക്ഷരക്കൂട്ടം ഓൺലൈൻ

(2) നടത്തം എങ്ങോട്ട്? 🚶

 നടത്തം എങ്ങോട്ട് ?


ആ നാട്ടിൽ ദേവാലയവും സിനിമാ തിയറ്ററും അടുത്തടുത്താണു സ്ഥിതിചെയ്യുന്നത്. പ്രാർഥനാശുശ്രൂഷയും സിനിമയും ഏതാണ്ട് ഒരേ സമയത്താണ് ആരംഭിക്കുന്നതും അവസാനിക്കുന്നതും പ്രാർഥനയ്ക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങുന്ന പലരും തിയറ്ററിലേക്കു കയറാറുണ്ട്.

ഒരിക്കൽ അവിടെയെത്തിയ മറുനാട്ടുകാരനായ പുരോഹിതൻ ദേവാലയത്തിലേക്കു വരുന്നതിനിടയ്ക്ക് രണ്ടു സംഘം ആളുകളെ ശ്രദ്ധിച്ചു. കൂടെയുണ്ടായിരുന്ന പ്രദേശവാസിയോട് അദ്ദേഹം ചോദിച്ചു, 'ഒരു കൂട്ടർ ദേവാലയത്തിലേക്കും മറ്റുള്ളവർ തിയറ്ററിലേക്കും പോകുന്നവരാണല്ലേ?' അയാൾ അദ്ഭുതത്തോടെ തിരിച്ചു ചോദിച്ചു, ആദ്യമായി ഈ സ്ഥലം കാണുന്ന താങ്കൾക്ക് അതെങ്ങനെ മനസ്സിലായി? 

പുരോഹിതൻ പറഞ്ഞു - "അവരുടെ നടപ്പിന്റെ വേഗം കണ്ടാൽ അവർ എങ്ങോട്ടാണെന്നു മനസ്സിലാകും."

ആഗ്രഹത്തിലേക്കുള്ള നടപ്പും ആചാരങ്ങളിലേക്കുള്ള നടപ്പും തമ്മിൽ വലിയ വ്യത്യാസമുണ്ടാകും. നിർബന്ധിത സമ്പ്രദായങ്ങൾ ദിനചര്യയുടെ ഭാഗമായാൽ പോലും അവിടെ സ്വാഭാവികമായ മുഷിപ്പും നിർവികാരതയും രൂപപ്പെടും. എന്തിനോടാണോ താൽപര്യവും അഭിനിവേശവും ഉള്ളത്. അതിലേക്കു പെട്ടെന്നു നടന്നടുക്കും; അത് പ്രതീക്ഷകളായാലും പ്രലോഭനങ്ങളായാലും. 
അനിഷ്ട‌ങ്ങളോടുള്ള അകലം അനുനിമിഷം പ്രകടമാകും; ചുവടുവയ്‌പിലും പങ്കാളിത്തത്തിലും. മനസ്സ് എത്തുന്നിടത്തു മാത്രമേ ശരീരം എത്തൂ. അല്ലാത്തിടത്ത് ശരീരമെത്തിയാലും മനസ്സ് അതിന്റെ മേച്ചിൽപുറങ്ങളിൽത്തന്നെ അലഞ്ഞുതിരിയും. 

പ്രിയങ്കരമായവ മാത്രമല്ല പ്രയോജനകരമായവയും കൂടി ഉണ്ടാകണം, ജീവിതത്തിൻ്റെ പ്രവർത്തനപത്രികയിൽ. പ്രിയപ്പെട്ടവ മാത്രം ചെയ്യുന്നവർ അതതു സമയത്തെ വൈകാരികതയെ മാത്രം തൃപ്‌തിപ്പെടുത്തുന്നവരാകും. താൽക്കാലിക ഇഷ്ട‌ാനിഷ്ടങ്ങൾക്ക് ആജീവനാന്ത ഗുണമേന്മ പ്രദാനം ചെയ്യാനാകില്ല. ഇഷ്ടങ്ങളെ ചേർത്തുപിടിക്കണം. പക്ഷേ, ഇഷ്‌ടവഴികളുടെ ലക്ഷ്യസ്ഥാനം എവിടെയെന്ന് തിരിച്ചറിയാനുള്ള വിവേകവും ഉണ്ടാകണം.
(കടപ്പാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗