അക്ഷരക്കൂട്ടം: വീര ചരിത്രം⚔️
അക്ഷരക്കൂട്ടം ഓൺലൈൻ
വീര ചരിത്രം⚔️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വീര ചരിത്രം⚔️ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

15 സെപ്റ്റംബർ 2025

മാവേലി നാടുവാണീടും കാലം 💮

മാവേലി നാടുവാണീടും കാലം 💮

സഹോദരൻ അയ്യപ്പന്റെ ഓണപ്പാട്ട്  കൃത്യമായി വായിച്ച് മനസ്സിലാക്കിയ  എത്ര മലയാളികളുണ്ട് ?


ഓണപ്പാട്ട്!


മാവേലി നാടുവാണീടും കാലം….


ഈ കവിതയെഴുതിയ കവിയെ അറിയുമോ?


കവിതയുടെ പൂർണ്ണ രൂപം വായിച്ചിട്ടുണ്ടോ?


ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സഹോദരൻ അയ്യപ്പൻ എഴുതിയ പ്രസിദ്ധമായ ഓണപ്പാട്ടിന്റെ പൂർണ്ണരൂപം.


ഇതിന്റെ അധികഭാഗവും സെൻസർ ചെയ്താണല്ലോ നമ്മളെയെല്ലാം പഠിപ്പിച്ചിട്ടുള്ളത്.


———————————–


==== ഓണപ്പാട്ട് ====


സഹോദരൻ അയ്യപ്പൻ 


മാവേലി നാടുവാണീടും കാലം

മനുഷ്യരെല്ലാരുമൊന്നുപോലെ

ആമോദത്തോടെ വസിക്കും കാലം

ആപത്തങ്ങാർക്കുമൊട്ടില്ല താനും

കള്ളവുമില്ല ചതിവുമില്ല –

എള്ളോളമില്ല പൊളിവചനം

കള്ളപ്പറയും ചെറുനാഴിയും –

കള്ളത്തരങ്ങൾ മറ്റൊന്നുമില്ല

ആധികൾ വ്യാധികളൊന്നുമില്ല –

ബാലമരണങ്ങൾ കേൾക്കാനില്ല

ദുഷ്ടരെ കൺകൊണ്ടു കാണ്മാനില്ല

നല്ലവരല്ലാതെ ഇല്ലപാരിൽ

തീണ്ടലുമില്ല തൊടീലുമില്ല –

വേണ്ടാതനങ്ങൾ മറ്റൊന്നുമില്ല

ചോറുകൾവച്ചുള്ള പൂജയില്ല –

ജീവിയെക്കൊല്ലുന്നയാഗമില്ല

ദല്ലാൾവഴി ക്കീശസേവയില്ല

വല്ലാത്ത ദൈവങ്ങളൊന്നുമില്ല

സാധുധനികവിഭാഗമില്ല –

മൂലധനത്തിൻ ഞെരുക്കമില്ല

ആവതവരവർ ചെയ്തുനാട്ടിൽ –

ഭൂതി വളർത്താൻ ജനം ശ്രമിച്ചു

വിദ്യപഠിക്കാൻ വഴിയേവർക്കും –

സിദ്ധിച്ചു മാബലി വാഴും കാലം

സ്ത്രീക്കും പുരുഷനുംതുല്ല്യമായി-

വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം

കാലിക്കുകൂടി ചികിത്സ ചെയ്യാൻ –

ആലയം സ്ഥാപിച്ചിതന്നു മർത്യർ

സൗഗതരേവം പരിഷ്കൃതരായ്

സർവ്വം ജയിച്ചു ഭരിച്ചു പോന്നോർ

ബ്രാഹ്മണർക്കീർഷ്യ വളർന്നു വന്നി-

ഭൂതി കെടുക്കാനവർ തുനിഞ്ഞു

കൗശല മാർന്നൊരു വാമനനെ – 

വിട്ടു ചതിച്ചവർ മാബലിയെ

ദാനം കൊടുത്ത സുമതി തന്റെ –

ശീർഷം ചവിട്ടിയായാചകനും

അന്നുതൊട്ടിന്ത്യയധ: പതിച്ചു –

മന്നിലധർമ്മം സ്ഥലം പിടിച്ചു.

ദല്ലാൾ മതങ്ങൾ നിറഞ്ഞു കഷ്ടം

കൊല്ലുന്ന ക്രൂര മതവുമെത്തി

വർണ്ണവിഭാഗ വ്യവസ്ഥ വന്നു –

മന്നിടം തന്നെ നരകമാക്കി

മർത്യനെ മർത്യനശുദ്ധനാക്കും -

മയ്ത്തപ്പിശാചും കടന്നുകൂടി

തന്നിലശക്തന്റെ മേലിൽകേറി –

തന്നിൽബലിഷ്ടന്റെകാലുതാങ്ങും

സ്നേഹവും നാണവും കെട്ടരീതി-

മാനവർക്കേകമാം ധർമ്മമായി.

സാധുജനത്തിൻവിയർപ്പുഞെക്കി-

നക്കിക്കുടിച്ചു മടിയർവീർത്തു

നന്ദിയും ദീനകരുണതാനും –

തിന്നു കൊഴുത്തിവർക്കേതുമില്ല

സാധുക്കളക്ഷരം ചൊല്ലിയെങ്കിൽ –

ഗർവ്വിഷ്ടരീ ദുഷ്ടർ നാക്കറുത്തൂ

സ്ത്രീകളിവർക്കുകളിപ്പാനുള്ള

പാവകളെന്നു വരുത്തിവെച്ചു

ആന്ധ്യമസൂയയും മൂത്തു പാരം –

സ്വാന്തബലം പോയ് ജനങ്ങളെല്ലാം

കഷ്ടമേ, കഷ്ടം പുറത്തു നിന്നു –

മെത്തിയോർക്കൊക്കെയടിമപ്പെട്ടു

എത്രനൂറ്റാണ്ടുകൾ നമ്മളേവം

ബുദ്ധിമുട്ടുന്നു സഹോദരരേ

നമ്മെയുയർത്തുവാൻ നമ്മളെല്ലാ-

മൊന്നിച്ചുണരണം കേൾക്ക നിങ്ങൾ

ബ്രാഹ്മണോപജ്ഞമാം കെട്ട മതം

സേവിപ്പവരെ ചവിട്ടും മതം

നമ്മളെ ത്തമ്മിലകറ്റും മതം

നമ്മൾ വെടിയണം നന്മ വരാൻ

സത്യവും ധർമ്മവും മാത്രമല്ലൊ

സിദ്ധി വരുത്തുന്ന ശുദ്ധമതം

ധ്യാനത്തിനാലെ പ്രബുദ്ധരായ

ദിവ്യരാൽ നിർദ്ദിഷ്ടമായ മതം.

ആ മതത്തിന്നായ് ശ്രമിച്ചിടേണം

ആ മതത്തിന്നു നാം ചത്തിടേണം

വാമനാദർശം വെടിഞ്ഞിടേണം

മാബലി വാഴ്ചവരുത്തിടേണം

ഓണം നമുക്കിനി നിത്യമെങ്കിൽ

ഊനം വരാതെയിരുന്നുകൊള്ളും.


 

➖➖️➖️➖️➖➖➖➖➖

04 സെപ്റ്റംബർ 2025

മഹാബലിയുടെ കഥ ⛳

മഹാബലിയുടെ കഥ



ഓണക്കഥയിലെ വാമനന്റെയും മഹാബലിയുടെയും കഥ മഹാഭാഗവത പുരാണത്തില്‍ നിന്ന് ഇന്ന് വളരെയധികം അകലെയെത്തി വിരൂപമായിരിക്കുന്നു. 


ആളില്‍ കുറിയവന്‍ എന്നതുകൊണ്ട് വാമനനെ വഞ്ചനയുടെ പ്രതീകമായി നാം ചിത്രീകരിച്ചു. സദ്ഭരണത്താല്‍ ഇതിഹാസാതീതമായ പുരുഷത്വവും മഹത്തായ ത്യാഗം അഥവാ ബലിദാനം കൊണ്ട് മഹാബലിയെന്ന ബിരുദവും കൊടുത്ത് ഇന്ദ്രസേനനെ നാം പലവിധത്തില്‍ കൊണ്ടാടിപ്പുകഴ്ത്തി.


അവരുടെ യഥാര്‍ത്ഥത്തിലുള്ള സഞ്ചാരപഥങ്ങള്‍ വ്യാസന്റെ പുരാണവാക്യങ്ങളില്‍ ഒതുങ്ങിക്കിടക്കുമ്പോള്‍ നാം നിരന്തരം വാമൊഴികളില്‍ക്കൂടി മവേലിയെ നൂറ്റാണ്ടുകളായി ആരാധിച്ചും എതിരേറ്റും, തോന്നിയ മാര്‍ഗങ്ങളില്‍ക്കൂടി മുന്നോട്ട് കൊണ്ടുപോയി.


എന്നാല്‍ വാമനന്‍ എന്ന അവതാരകുമാരനെ മഹാഭാഗവത (മൂലം) കഥകളില്‍ക്കൂടി ഇനിയെങ്കിലും നോക്കിക്കാണാന്‍ ഒരു ശ്രമം ആവശ്യമായിവന്നിരിക്കുന്നു.


ഹിന്ദുക്കള്‍ ഇപ്പോഴും വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയെന്നും നല്ലചക്രവര്‍ത്തിയായിരുന്ന അദ്ദേഹം തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ ആണ്ടിലൊരിക്കല്‍ വരുന്നുവെന്നുമുള്ള കഥകളില്‍ അടിയുറച്ചു വിശ്വസിക്കുന്നു.


ഭാഗവതതത്ത്വങ്ങള്‍ ഭാഗവതകഥാകാരനായ വ്യാസന്‍ രേഖപ്പെടുത്തിയിട്ടുള്ള അതേവഴികളില്‍ക്കൂടി പാമരജനങ്ങള്‍ക്ക് വായിച്ചുകേള്‍പ്പിച്ച് അതിന്റെ അന്തഃസത്ത അഥവാ ധ്വനി എന്താണെന്ന് അവരെ ബോധ്യപ്പെടുത്തി അന്ധകാരത്തില്‍നിന്ന് ജ്ഞാനത്തിന്റെ മാര്‍ഗത്തിലേക്ക് നയിക്കാനായിരിക്കണം യജ്ഞങ്ങള്‍ നടത്തപ്പെടേണ്ടത്. അപ്രകാരം ഉദ്ദേശിച്ചു നടപ്പാക്കാത്തതുകൊണ്ടാണ് ജനങ്ങള്‍ ഇന്നും പാമരന്മാരായിത്തന്നെ മ്ലേച്ഛകഥകളും പറഞ്ഞ് വിഡ്ഢിത്താഭിമാനികളായി നടക്കുന്നത്.


കഥയും കാഴ്ചപ്പാടും


അസുരാധിപത്യത്തിന്റെ ശക്തമായ കാലം. ദേവവൃന്ദത്തെ പാരമ്പര്യ ശത്രുക്കളായിക്കണ്ട അസുരന്മാര്‍ ദേവന്മാരെ തോല്‍പ്പിച്ച് അവരെ സ്വദേശത്തുനിന്ന് പായിക്കുകയും ദേവേന്ദ്രനെപ്പോലും നാടുകടത്തുകയും ചെയ്തു. ഭഗവാന്‍ വിഷ്ണുവിന്റെ ഭക്തരില്‍ സര്‍വ്വശ്രേഷ്ഠനും ഭഗവദനുജ്ഞയാല്‍ മുപ്പത്താറായിരം വര്‍ഷം നാടുവാഴാന്‍ ഭാഗ്യം ലഭിച്ചവനുമായ പ്രഹ്ലാദന്റെ പൗത്രനായ ഇന്ദ്രസേനനാണ് ഇപ്പോഴത്തെ ദേവേന്ദ്രന്‍. ദേവലോകം മാത്രമല്ല ഇതരലോകങ്ങളും കീഴ്‌പ്പെടുത്തിയെങ്കിലും അഹങ്കാരമത്തുബാധിക്കാതെ അദ്ദേഹം ധര്‍മ്മാനുസൃതമായി പ്രജാപരിപാലനം ചെയ്തുപോരുന്നു. അസുരകുല ജാതരാണെങ്കിലും പ്രപിതാമഹനായ ഹിരണ്യാക്ഷന്റെ കാലത്തിനുശേഷം അസുരഭാവങ്ങള്‍ മാറ്റിവച്ച് കുലമര്യദകള്‍ പാലിക്കുന്നവരും വിഷ്ണുഭക്തരുമായിത്തീര്‍ന്നു പിന്‍തലമുറക്കാര്‍; ഇന്ദ്രസേനനും.


സ്വന്തം ഭൂമിയും കിടപ്പാടവും കൈയൂക്കുകൊണ്ട് അന്യര്‍ തട്ടിയെടുത്തത് തിരിച്ചുകിട്ടുകയും, തങ്ങളുടെ രാജാവിനെ ഇന്ദ്രപദവിയില്‍ തിരിച്ചുകൊണ്ടുവരികയും വേണമെന്നുള്ള ന്യായമായ ആഗ്രഹം മാത്രമേ അന്ന് ദേവസമൂഹത്തിനുള്ളൂ. തന്റെ മുന്നില്‍ മക്കളുടെ ദുരവസ്ഥയോര്‍ത്ത് വിലപിച്ചുനിന്ന ദേവമാതാവായ അദിതിയോട് അതിനുള്ള പരിഹാരം വിഷ്ണുഭഗവാന്‍ ഉപദേശിച്ചു. പക്ഷെ, ആ കാലം അസുരകുലത്തിന് അനുകൂലമാണെന്ന് ഭഗവാന്‍ കണ്ടു. അതോടൊപ്പം ദേവപക്ഷത്തിന് പ്രതികൂലമാണെന്നും.


കാലം സ്വതന്ത്രമാണ്. കാലപുരുഷനായ തനിക്കുപോലും അതിന്റെ ക്രമഗതിയെ മാറ്റിമറിക്കാനാകില്ല. ലോകത്തില്‍ ആധിപത്യം സ്ഥാപിക്കാന്‍ ദേവപക്ഷമായാലും അസുരപക്ഷമായാലും ഇരുകൂട്ടര്‍ക്കും അവസരം കൊടുക്കുകയെന്നുള്ളത് കാലത്തിന്റെ ഒരു ലീലയാണ്. അസുരപക്ഷത്തിന് ഇപ്പോള്‍ അനുകൂലമായ കാലമായതുകൊണ്ട് അവര്‍ സര്‍വൈശ്വര്യങ്ങളും സുഖങ്ങളും അനുഭവിക്കുന്നു. ദേവന്മാര്‍ക്ക് അനുകൂലവും അസുരന്മാര്‍ക്കും അവരുടെ ചക്രവര്‍ത്തിക്കും പ്രതികൂലവുമാകുന്ന കാലഘട്ടം വരുവോളം കാത്തിരിക്കേണ്ടിവരുമെന്ന് ഭഗവാന്‍ അമ്മയോട് പറഞ്ഞു.


എല്ലാം ചിന്തിച്ച ഭഗവാന്‍ കാലത്തെ കുറെക്കൂടി മുന്നോട്ട് കടത്തിവിടാന്‍ ദേവമാതാവായ അദിതിയോട് ഇങ്ങനെ പറഞ്ഞു.- ഭവതി എന്നെ വിഷ്ണുരൂപത്തില്‍ ധ്യാനിച്ച് കഴിഞ്ഞുകൂടുക. ദേവമാതാവിന്റെ ആ ധ്യാനകാലം ആയിരത്തിലധികം ആണ്ടുകളെ തള്ളിനീക്കി. ശേഷം കാലം അനുകൂലമായി വന്നപ്പോഴാണ് വാമനാവതാരത്തിന് സന്ദര്‍ഭം തെളിഞ്ഞത്. ആ അവതാരവേള ഇന്ദ്രസേനന്റെ ഇഹലോകവാസത്തിന്റെ ജാതകാന്ത്യവുമായിത്തീര്‍ന്നു.


അങ്ങനെ കാലപുരുഷന്‍ ചുവടുമാറ്റി ചവുട്ടിയ ഒരു കാലം. നര്‍മ്മദയുടെ വടക്കേക്കരയിലുള്ള ഭൃഗുകച്ഛമെന്ന വയലില്‍ ഇന്ദ്രസേനന്‍ അശ്വമേധയാഗമാരംഭിച്ചു. (വിശ്വജിത്തെന്ന യാഗമായിരുന്നെന്ന് മഹാഭാരതം). ഒരുദിനം യാഗശാലയിലേക്ക് സൂര്യന്മട്ടില്‍ തേജസ്സാര്‍ന്ന മുഖേത്താടെ ബാലനായ ബ്രാഹ്മണവടു കടന്നുവന്നു. ആ തേജസ്സില്‍ മതിമറന്ന എല്ലാവരും ആ വടുവിന്റെ മഹാതേജസ്സില്‍ ആശ്ചര്യംകൊണ്ടു. എല്ലാവരും എഴുന്നെറ്റുചെന്ന് വടുവിനെ വേണ്ടവിധം ബഹുമാനിച്ചാദരിക്കാനാരംഭിച്ചു. ഇന്ദ്രസേനന്‍ ഭാര്യയായ വിന്ധ്യാവലിയുമൊത്ത് അര്‍ഘ്യപാദ്യാദികള്‍വച്ച് പൂജിച്ചു. തനിക്ക് തപസ്സനുഷ്ഠിക്കാന്‍ മൂന്നടി സ്ഥലം വേണമെന്ന് വടു ചക്രവര്‍ത്തിയോട് ആവശ്യപ്പെട്ടു.


ദാനശീലനായ ഇന്ദ്രസേനന്‍ വടു ആവശ്യപ്പെട്ട ഭൂമി നല്‍കാന്‍ ഒരുമ്പെട്ടപ്പോള്‍ അസുരകുലഗുരുവായ ശുക്രന്‍ ആഗതനായ വടുവിന്റെ പുറവും അകവും അകക്കണ്ണാല്‍ മനസ്സിലാക്കിയിട്ട് ഇന്ദ്രസേനന്റെ ദാനയത്‌നത്തെ തടഞ്ഞു. പ്രഹ്ലാദന്റെ പൗത്രനായ താന്‍ സത്യം ചെയ്തു പോയാല്‍ എന്തു വിപത്തുവന്നാലും പാലിക്കുമെന്ന് പറഞ്ഞ് അദ്ദേഹം ഓം എന്നുചൊല്ലി ദാനം ചെയ്തു നീര്‍വീഴ്ത്തി. അനന്തരം വിന്ധ്യാവലിയുമൊത്ത് ആ വടുവിന് പാദപൂജചെയ്തു.


വടുവായ ബാലന്‍ പെട്ടെന്ന് വളര്‍ന്നു. ആകാശംമുട്ടെ വളര്‍ന്നുകൊണ്ട് തന്റെ വിശ്വരൂപപ്രകടനത്തില്‍ക്കൂടി സകല പ്രപഞ്ചസഞ്ചയത്തെയും ചരാചരവര്‍ഗ്ഗങ്ങളെയും ഇന്ദ്രസേനാദി അസുരവൃന്ദത്തില്‍ ചിലര്‍ക്കും അവിടെ കൂടിയിരുന്ന മഹര്‍ഷിമാര്‍ക്കും കാട്ടിക്കൊടുത്തുകൊണ്ട് രണ്ടു ചുവടുകള്‍ വച്ചു ഭൂലോകവും സ്വര്‍ലോകവും അളന്നുകഴിഞ്ഞു. മൂന്നാമത് ഉയര്‍ത്തിയ കാലുമായി വടു ഇന്ദ്രസേനനെന്ന അസുരാധിപനോട് ചെദിച്ചു: ’മൂന്നാമത് കാലടിവയ്ക്കാന്‍ ഇനി സ്ഥലമുണ്ടെങ്കില്‍ കാട്ടിത്തരിക. മൂന്നാമതളക്കാന്‍ ഭൂമി കാട്ടിക്കൊടുക്കാനാവതില്ലാഞ്ഞ് ഇന്ദ്രസേനന്‍ കുഴങ്ങി. അദ്ദേഹം പരവശപ്പെട്ടു. തന്റെ വാക്കുപാലിക്കാനാകുന്നില്ല. തന്നെ സത്യദോഷം ബാധിച്ചിരിക്കുന്നു എന്നൊക്കെ ചിന്തിച്ച് ആകെ വ്യാകുലപ്പെട്ടുനിന്നു. തുടര്‍ന്ന് വാമനന്‍ അനേകതരത്തിലുള്ള ആക്ഷേപവാക്കുകള്‍ പറഞ്ഞ് അനേകരുടെ മുന്നില്‍വച്ച് അദ്ദേഹത്തെ അപമാനിച്ച് പരവശനാക്കി. ദേവദൃഷ്ടി തന്നില്‍ പതിഞ്ഞപ്പോള്‍ ഗരുഡന്‍ പെട്ടെന്നു പറന്നുവന്ന് ഇന്ദ്രസേനനെ വരുണപാശംകൊണ്ട് ബന്ധിച്ചുകഴിഞ്ഞു. എന്തൊരു കഷ്ടം!


ബന്ധനസ്ഥനായ ഇന്ദ്രസേനന്‍ ഭഗവാനോടായി പറഞ്ഞു: ‘ഞാന്‍ അങ്ങയെ വഞ്ചിച്ചിട്ടില്ല. അങ്ങയുടെ മൂന്നാം ചുവട് എന്റെ ശിരസ്സില്‍ അര്‍പ്പിച്ചാലും. അദ്ദേഹം തൊഴുകൈകളോടെ വടുവിന്റെ മുന്നില്‍ കുമ്പിട്ടിരുന്നു. ഭയവിഹ്വലവും കലുഷിതവും അസുരപരിവാരങ്ങളില്‍ കോപത്തിനും കാരണമായിത്തീര്‍ന്ന രംഗങ്ങള്‍ നിറഞ്ഞ ആ യാഗശാലയിലേക്ക് ഒരു മഹാവൃദ്ധതേജസ്സ് കടന്നുവന്നു - പ്രഹ്ലാദന്‍! ഇന്ദ്രസേനന്‍ പരവശനായിട്ടും പിതാമഹനെ ആദരിച്ച് ഒരുതരത്തില്‍ എഴുന്നേറ്റുനിന്നു. ലജ്ജിതനും പരാജിതനും അപമാനിതനുമായി അദ്ദേഹം കണ്ണുനീര്‍ തൂകിപ്പോയി. പ്രഹ്ലാദന്‍ ഭംഗിവാക്കുകള്‍ ചൊല്ലി സാന്ത്വനിപ്പിച്ചുനില്‍ക്കെ ബ്രഹ്മാവ് ഹംസപക്ഷങ്ങളുടെ പ്രവേഗത്തില്‍ അവിടെ എത്തിച്ചേര്‍ന്നു. അദ്ദേഹം ഭഗവാനോടായി പറഞ്ഞു: ‘ദേവദേവ! ഈ സാധുശീലനെ അങ്ങ് മോചിപ്പിച്ചാലും. ഇവന്‍ സമസ്തവിഭൂതികളും സ്വന്തം ദേഹംപോലും സന്മനസ്സോടെ നിന്തിരുവടിക്കായി ദാനം ചെയ്തുകഴിഞ്ഞല്ലൊ. ഇതിനിടയില്‍ സോമരസം പെട്ടെന്ന് ഹവിസ്സായി അഗ്നിയില്‍ അര്‍പ്പിച്ചുകൊണ്ട് ഋത്വിക്കുകള്‍ ഇന്ദ്രസേനനുവേണ്ടി തുടങ്ങിയ യാഗം അവസാനിപ്പിച്ചു.


ഭഗവാന്‍ പറഞ്ഞു:'ബ്രഹ്മദേവാ! ഞാന്‍ എന്റെ ഭക്തനെ അനുഗ്രഹിക്കാന്‍ തുടുങ്ങുമ്പോള്‍ അവന്റെ ഐശ്വര്യം മുഴുവനും ആദ്യമായി അപഹരിക്കുന്നു. ജന്മകര്‍മ്മങ്ങളും വിദ്യയും വയസ്സും സൗന്ദര്യവും ധര്‍മ്മമാര്‍ഗത്തിലൂടെ സമ്പാദിച്ച ധനവും ഐശ്വര്യവും എല്ലാമുണ്ടായിട്ടും അഹങ്കരിക്കാതിരിക്കുവാന്‍ ഇവന് സാധിച്ചത് എന്റെ അനുഗ്രഹംകൊണ്ടുതന്നെയാണ്. ഇവന്റെ സര്‍വ്വ സമ്പത്തുകളും ഞാന്‍ പിടിച്ചടക്കിയിട്ട് ഇവന്‍ ലേശംപോലും ദുഃഖിതനായില്ല. സമ്പത്തും ഇന്ദ്രപദവിയും ബന്ധുക്കളുമൊക്കെ നഷ്ടമായതും ശത്രുക്കള്‍ പരിഹസിച്ചതുമെല്ലാം അവന്‍ സഹിച്ചു. ശുക്രാചാര്യന്‍ നിന്ദാവാക്കുകളോടെ അവനെ ശപിച്ചിട്ടുപോലും അവന്‍ വാക്കുപാലിച്ചു. 'ഞാന്‍ പരിഹാസ്യമായ നിന്ദാവാക്കുകളോടെയായിരുന്നു അവനോട് ധര്‍മ്മോപദേശം ചെയ്തതുപോലും. എന്നിട്ടും അചഞ്ചലമായി സ്ഥിരബുദ്ധിയോടെ നിന്ന ഈ അസുരാധിപന്‍ അണുവിടപോലും സത്യത്തില്‍നിന്നു വ്യതിചലിച്ചില്ല. അതുകൊണ്ട് ദേവന്മാര്‍ക്കുപോലും ലഭ്യമല്ലാത്ത ഒരുസ്ഥാനത്ത് ഇവനെ ഞാന്‍ പ്രതിഷ്ഠിക്കുന്നു. കൂടാതെ സാവര്‍ണിമനുവിന്റെ കാലത്ത് ഈ സത്യവാക്പടുവിന് ഇന്ദ്രനായി വാഴാനുള്ള അവസരവും ഞാനിതാ വാഗ്ദാനം ചെയ്യുന്നു. അക്കാലം വരെ ഇവന്‍ വിശ്വകര്‍മ്മാവിനാല്‍ നിര്‍മ്മിതമായ സുതലത്തില്‍ പോയി സുഖമായി വസിക്കട്ടെ.


അവിടെ വസിക്കവെ ഈ വീരന് യഥേഷ്ടം എന്നെ വന്നുകാണാനുള്ള അനുവാദവും ഞാന്‍ കൊടുക്കുന്നു. മഹത്തായ ബലിയനുഷ്ഠിച്ചതുകൊണ്ട് ഇന്ദ്രസേനന്‍ ഇന്നുമുതല്‍ മഹാബലിയെന്നു കീര്‍ത്തിക്കപ്പെടും. അവസാനം മഹാബലിയായിത്തീര്‍ന്ന ഇന്ദ്രസേനനോട് വാമനന്‍ പറഞ്ഞു: ’അങ്ങേക്ക് ഉണ്ടായിരുന്ന അസുരഭാവം എന്നോടുള്ള സമ്പര്‍ക്കം നിമിത്തം ക്രമേണ നഷ്ടമായിത്തീരട്ടെ!' മഹാബലി സന്തോഷവാനായി സുതലത്തിലേക്ക് യാത്രതിരിച്ചു.


ഓണം  തമിഴ്നാട്ടിലെയും ക്ഷേത്രോത്സവം


തമിഴ്നാട്ടില്‍ മധുരയില്‍ വാമനന്‍റെ ഓര്‍മ്മയ്ക്കായി ഏഴ് ദിവസത്തെ ആഘോഷം നടത്തിയിരുന്നു. അതിന് ഇന്നത്തെ ഓണാചാരങ്ങളുമായി വളരെ സാമ്യമുണ്ടായിരുന്നു. ശ്രാവണ പൗര്‍ണമി നാളിലായിരുന്നു ആഘോഷമെന്ന് മാത്രം. ഓണത്തല്ലിന്‍റെ പേരില്‍ ചേരിപ്പോര്‍ എന്നൊരു ആചാരവും മധുരയില്‍ ഉണ്ടായിരുന്നുവെന്ന് മാകുടി മരുതനാര്‍ എഴുതിയ മധുരൈ കാഞ്ചി എന്ന കാവ്യത്തില്‍ പരാമര്‍ശിക്കുന്നു. ഓണം തമിഴ്നാട്ടിലും കേരളത്തിലും ക്ഷേത്രാചാരമായിരുന്നു.


തൃക്കാക്കരയില്‍ മുമ്പ് 28 ദിവസത്തെ ഉത്സവമായിരുന്നു. കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ആഘോഷമുണ്ടായിരുന്നു. ഇത് പിന്നീട് ഇല്ലാതെയായി. കേരളത്തിലിത് പത്തു ദിവസത്തെ ഉത്സവമായി ചുരുങ്ങി. എങ്കിലും കര്‍ക്കിടകത്തിലെ ഓണം കുട്ടികളുടെ ഓണമായി പിള്ളേരോണമായി ആഘോഷിക്കാറുണ്ട്.


(കടപ്പാട് ഭഗവതിമഠം)


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

29 ഓഗസ്റ്റ് 2025

കായലിന്റെ രാജാവ്

കായലിന്റെ രാജാവ്


ഇതിഹാസ തുല്യമായിരുന്നു വേമ്പനാട്ടു കായലിന്റെ രാജാവായി വാണിരുന്ന ജോസഫ്‌ മുരിക്കന്റെ ജീവിതം.


സത്യത്തിൽ തെക്കൻ കേരളത്തെ മുട്ടില്ലാതെ അരിഭക്ഷണം ഊട്ടിയതിൽ ആ മഹാന്റെ പ്രയത്നം വളരെ വളരെ വലുതാണ്.


 കേരളത്തിലെ കുട്ടനാട്ടിൽ നെൽകൃഷി വ്യാപകമാകുന്നതിൽ സുപ്രധാന പങ്കുവഹിച്ച കർഷകനും ഭൂവുടമയുമായിരുന്നു മുരിക്കുമ്മൂട്ടിൽ ഔതച്ചൻ അഥവാ ജോസഫ് മുരിക്കൻ.


ഔതച്ചന്റെ പിതാവ് തൊമ്മൻ ലൂക്കാ, ഔതച്ചൻ ജനിച്ചത് 1900 -ത്തിൽ ആയിരുന്നു. വൈക്കത്തിനടുത്ത്, കുലശേഖരമംഗലം കരയിൽ അഴീക്കൽ വീട്ടിൽ നിന്നും ഫലഭൂഷ്ടിയുള്ള കൃഷി സ്ഥലം തേടി കാവാലത്ത് വന്ന് താമസം തുടങ്ങി. 


1940 കളിൽ വലിയ അരിക്ഷാമം കേരളത്തെ നേരിടുകയുണ്ടായി അന്ന്  പരന്നു കിടക്കുന്ന വേമ്പനാട് കായലിലെ വെള്ളപ്പരപ്പിനു താഴെ ഭൂമിയുണ്ടാക്കി നെൽകൃഷി ഇറക്കി മധ്യതിരുവതാംകൂറിനെ അന്നമൂട്ടിയ അന്നദാന പ്രഭു ആയിരുന്നു ജോസഫ് മുരിക്കൻ.


 കായൽ നികത്തി ആയിരത്തിലേറെ ഏക്കർ കൃഷിനിലം പുതുതായി ഉയർത്തിയാണ് മുരിക്കൻ ശ്രദ്ധേയനായത്.


 കുട്ടനാട്ടിലെ കാവാ‍ലം സ്വദേശിയായിരുന്ന ഇദ്ദേഹം കായൽ രാജാവ് എന്നറിയപ്പെടുന്നു.


നെല്ല് കൊയ്യുന്നതിനും സംഭരിക്കുന്നതിനും ധാരാളം തൊഴിലാളികളും വള്ളങ്ങളും സംഭരണ ശാലകളുമടങ്ങുന്ന വിപുലമായ സം‌വിധാനം അദ്ദേഹത്തിനുണ്ടായിരുന്നു. 


രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഉണ്ടായ ഭക്ഷ്യക്ഷാമം, ബർമയിൽ നിന്നെത്തിയിരുന്ന  അരിയും വരാതായി. 


ബജറ, ഗോതമ്പ്, ഉണക്ക കപ്പ തുടങ്ങിയവ കൊണ്ട് നാടിന് വിശപ്പടക്കേണ്ടി വന്ന കാലം.


 ഈ കെടുതി പരിഹരിക്കാൻ കൂടുതൽ കൃഷിയിടങ്ങൾ കണ്ടെത്തണമെന്ന ശ്രീചിത്തിരതിരുനാൾ മഹാരാജാവിന്റെ കല്പനയുടെ പിൻബലത്തിലാണ് കായൽ നികത്തി മുരിക്കൻ  നെല്പാടങ്ങളുണ്ടാക്കിയത്. 


മനുഷ്യാദ്ധ്വാനവും മുതൽമുടക്കും ഏറെ ആവശ്യമായ ഒന്നായിരുന്നു കായൽ നികത്തൽ.


 ബണ്ട്‌ നിർമ്മാണമാണ്‌ ആദ്യം.


 തെങ്ങിൻകുറ്റി 30 അടി നീളത്തിൽ മുറിച്ച്‌ നാലായി കീറി കൂർപ്പിച്ച ശേഷം കായലിന്റെ അടിത്തട്ടിലെ ചെളിയിൽ അടിച്ചുതാഴ്ത്തിയാണ്‌ ബണ്ടിന്റെ ഇരുവശവും ഭദ്രമാക്കുക. 


അടിത്തട്ടിൽ 20 അടി വീതിയും മുകളിൽ അഞ്ച്‌ അടി വീതിയുമാണ്‌ ബണ്ടിന്‌.


 തെങ്ങിൻകുറ്റികളുടെ നിരയുടെ ഉൾഭാഗത്ത്‌ മുള ചതച്ചുണ്ടാക്കിയ ചെറ്റ നിരത്തിക്കെട്ടിയാണ്‌ ഭിത്തി നിർമ്മിക്കുക. 


ഭിത്തിക്കുള്ളിൽ ആദ്യം ഒരടി കനത്തിൽ കടപ്പുറം മണ്ണ്‌ വിരിക്കും. 


അതിന്‌ മുകളിൽ മൂന്നടി കനത്തിൽ കായലിൽനിന്നുള്ള ചെളിക്കട്ട. 


കുറ്റിച്ചെടികളും മരക്കൊമ്പുകളും കെട്ടിയുണ്ടാക്കുന്ന കറ്റകൾ ചെളിക്കട്ടകൾക്കുമുകളിൽ നിരത്തുന്നു. 


അതിനും മുകളിൽ കട്ടയും മണലുമിട്ട്‌ ചിറയാക്കുന്നു.


ആയിരക്കണക്കിന്‌ ദണ്‌ഡ്‌ നീളമുള്ള ചിറയാണ്‌ മുരിക്കൻ നിർമ്മിച്ചത്‌. 


ഒരു ദണ്‌ഡ്‌ നീളത്തിൽ ചിറ കെട്ടാൻ 16 തെങ്ങിൻകുറ്റി, എട്ട്‌ മുളയുടെ ചെറ്റ, 500 കറ്റ, 16 ടൺ ചെളിക്കട്ടയും മണലും, 80 തൊഴിലാളികളുടെ അദ്ധ്വാനം എന്നതാണ്‌ കണക്ക്‌.


ഭൂമി തെളിഞ്ഞപ്പോൾ മഹാരാജാവ് നേരിട്ടെത്തി നെൽ വിത്തെറിഞ്ഞു.

 

അത് അൻപതും, നൂറും മേനിയായി വിളഞ്ഞു. 


ജോലിക്ക് മുടക്കം കൂടാതെ കൂലി കൊടുത്തു. 


വറുതിയിലേക്ക് വീണുപോയ ഒരു സമൂഹത്തെ നിശ്ചയ ദാർഢ്യം കൊണ്ടും കരുത്തുകൊണ്ടും കൈപിടിച്ചുയർത്തി, മുരിക്കുംമൂട്ടിൽ ഔതച്ചൻ.


തന്റെ "എലിയാസ്" എന്ന ബോട്ടിൽ തുണികൊണ്ടുള്ള ചാരുകസേരയായിരുന്ന് വേമ്പനാട് കായലിലൂടെ അദ്ദേഹം  സഞ്ചരിച്ചു. 


വെള്ള ചീട്ടി തുണിയുടെ ഒറ്റമുണ്ടും, ഷർട്ടും ധരിക്കാറുണ്ടായിരുന്ന മുരിക്കുംമൂട്ടിൽ ഔതച്ചൻ ഒരിക്കലും ‘മുതലാളി’ എന്ന് വിളിക്കപ്പെടാൻ ഇഷ്ട്ടപ്പെടാത്ത വ്യക്തിത്വമായിരുന്നു.


 അതുകൊണ്ട് കുട്ടനാട് അദ്ദേഹത്തിനെ സ്നേഹപൂർവ്വം " അച്ചായൻ" എന്ന് വിളിച്ചു.


 ജലനിരപ്പിനു താഴെ കൃഷി ചെയ്തുകൊണ്ടുള്ള അത്ഭുതം കുട്ടനാട്ടിലും പിന്നങ്ങ് ഹോളണ്ടിലും മാത്രമേ ഉള്ളു.


മൂന്ന് പതിറ്റാണ്ടിനുമേൽ അച്ചായൻ കൃഷിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.


പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധിയോടൊപ്പം കായൽ നിലങ്ങൾ സന്ദർശിച്ച്, സന്തോഷിച്ച്, അദ്ദേഹത്തെ അഭിനന്ദിച്ചു…


പക്ഷെ കുറഞ്ഞ കൂലിയുമായി ബന്ധപ്പെട്ട് ഇടതു പക്ഷ തൊഴിലാളി പ്രസ്ഥാനങ്ങൾ മുരിക്കനെതിരെ സമരങ്ങൾ നടത്തി.


 തുടർന്ന്  1973-ൽ രാജ്യരക്ഷാനിയമം ഉപയോഗിച്ച്‌ മുരിക്കന്റെ കായൽനിലങ്ങൾ സർക്കാർ ഏറ്റെടുത്തു.


 ആദ്യവർഷം സർക്കാർ കൃഷി ലാഭമുണ്ടാക്കി. 


അടുത്ത രണ്ടു വർഷവും നഷ്‌ടമായി. 


1976-ൽ  കൂട്ടുകൃഷി സംഘങ്ങളുണ്ടാക്കി കൃഷി നടത്തിയിട്ടും ലാഭകരമായില്ല. 


പിറ്റേ വർഷം ഭൂരഹിത കർഷക തൊഴിലാളികൾക്ക്‌ അര ഏക്കർ പാടം വീതം നൽകി കൂട്ടുകൃഷി നടത്തി. 


പിന്നീട്‌ പാട്ടക്കൃഷിയും  പരീക്ഷിച്ചുവെങ്കിലും മാർത്താണ്‌ഡം ഒഴികെയുള്ള നിലങ്ങളിൽ പരാജയപ്പെട്ടു.


 ചിത്തിരയിലും റാണിയിലും ബണ്ടുകൾ തകർന്നു.


തൊഴിലാളിക്ക് പണിയില്ലാതായി. 


കേരളം ആന്ധ്രയിൽ നിന്നും, തമിഴ്നാട്ടിൽ നിന്നും വരുന്ന അരിക്കായി കാത്തിരിപ്പ് തുടങ്ങി.


1974 ഡിസംബർ 9ന് ഒരു ഭാരത് ബന്ദ് ദിവസം കായലിന്റെ രാജാവ് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ കിടക്കവേ ജീവിതത്തിന്റെ മറുകരയിലേക്ക് യാത്രയായി.


ശ്രീചിത്തിര തിരുനാൾ ഔതച്ചന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഇങ്ങനെ  പറഞ്ഞു :-

" സാഹസികനും, കഠിനാദ്ധ്വാനിയും, ഈശ്വരവിശ്വാസിയും, എളിമയും ഉള്ള മുരിക്കുംമൂട്ടിൽ തൊമ്മൻജോസഫ് രണ്ടാം ലോകമഹായുദ്ധാന്തര കാലത്ത് തിരുവതാംകൂറിൽ ഭക്ഷ്യക്ഷാമം ഉണ്ടായപ്പോൾ തിരുവതാംകൂറിലെ പ്രജകളെ പട്ടിണിയിൽ നിന്നും രക്ഷിച്ച മഹത് വ്യക്തിയാണ് "


മനുഷ്യ സാധ്യം എന്ന വാക്കിന് കൂടുതൽ മാനങ്ങൾ തീർത്ത, ഐതിഹാസിക ജീവിതം നയിച്ച വേമ്പനാട്ടുകായലിന്റെ രാജാവിന്റെ ഓർമ്മകൾ മനുഷ്യനുള്ളിടത്തോളം മായാതിരിക്കട്ടെ….

(കടപ്പാട്)

24 ഓഗസ്റ്റ് 2025

ഒരു തമാശ വിതച്ച വിന!

 ഒരു തമാശ വിതച്ച വിന!


അജീയൻ അഥവാ ഈജിയൻ കടലിൽ (Aegean Sea) ടർക്കിയോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രീക്ക് ദ്വീപാണ് സാമോസ് (Samos). ഒരിക്കൽ അവിടം ഭരിച്ചിരുന്നത് പോളിക്രേറ്റിസ് (Polycrates) എന്നൊരു രാജാവായിരുന്നു. അയാൾക്ക് ഒട്ടനവധി കപ്പലുകളും, ധനവും ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്തുള്ള പേർഷ്യൻ പ്രവിശ്യയായ സാർഡിസിലെ ഗവർണ്ണർ ആയിരുന്ന ഒറിറ്റിസിനു ഈയാളോട് കലശലായ അസൂയമൂത്തു. ഒറിറ്റിസിന്റെ കൂട്ടുകാരിൽ ഒരാൾ തനിക്ക് സമോസ്  ദ്വീപിലെ  പോളിക്രേറ്റിസിനെ ഭയമാണ് എന്ന് ഒരിക്കൽ തമാശയ്ക്ക് പറഞ്ഞതാണത്രേ ഈ അസൂയക്ക് കാരണം. അവസാനം സമാധാന ചർച്ചക്കാണെന്നും പറഞ്ഞു ഒറിറ്റിസ് പോളിക്രേറ്റിസിനെ സാർഡിസിലേക്ക് വിളിച്ചു വരുത്തുകയും, ചതിയറിയാതെ വന്ന പോളിക്രേറ്റിസിനെ അയാൾ വധിച്ചു കളയുകയും ചെയ്തു. ശേഷം പോളിക്രേറ്റിസിന്റെ കൂടെവന്നവരെ തടവിലാക്കുകയും ചെയ്തു. അതായത് പ്രത്യേകിച്ച് കാരണമൊന്നും ഇല്ലാതെ വെറുതെ കൂട്ടുകാരൻ പറഞ്ഞതിന്റെ പേരിൽ ഒരാളെ വധിച്ചു കളഞ്ഞ ആളാണ് ഒറിറ്റിസ്. 


ഒറിറ്റിസ് കുഴപ്പക്കാരനാണ് എന്ന് മനസിലാക്കിയ പേർഷ്യൻ ചക്രവർത്തി ദാരിയസ്, ഈയാൾ ഇപ്പോഴും പേർഷ്യൻ സാമ്രാജ്യത്തോട് കൂറ് കാണിക്കുന്നുണ്ടോ എന്നറിയുവാൻ ഒരു പരീക്ഷണം നടത്തി. ഒറിറ്റിസ് ചെയ്യേണ്ടുന്ന ഭാരിച്ച കുറച്ച് ഉത്തരവാദിത്വങ്ങളുടെ ഒരു ലിസ്റ്റ് എഴുതി തയ്യാറാക്കി ഒരു സന്ദേശവാഹകനെ ദാരിയസ് അങ്ങോട്ടേയ്ക്ക് പറഞ്ഞുവിട്ടു. എന്നാൽ ഒറിറ്റിസ് ഒരു ഉത്തരവും പാലിച്ചില്ല എന്ന് മാത്രമല്ല, ദാരിയസിന്റെ സന്ദേശവാഹകനെ തിരികെ പോരും വഴി വധിച്ചുകളയുകയും ചെയ്തു. 


ഇതറിഞ്ഞ ദാരിയസ് കോപം കൊണ്ട് വിറച്ചു. തന്റെ അടിമയായി ഇരിക്കേണ്ടവൻ തന്നെ അനുസരിക്കാതെ സ്വയം രാജാവ് ചമഞ്ഞു തന്നെ എതിർക്കുന്നു. തന്റെ മെസഞ്ചറെ കൊന്നു കളഞ്ഞിരിക്കുന്നു. അവസാനം ഒറിറ്റിസിനെ വധിക്കുവാൻ തന്നെ ദാരിയസ് തീരുമാനിച്ചു. എന്നാൽ ദാരിയസിന്റെ ഉപദേശകർ ഒരു ആക്രമണത്തെ എതിർത്തു. ഒറിറ്റിസിനെ ഇല്ലാതാക്കണം, പക്ഷെ അതിന് ഒരു യുദ്ധത്തിന്റെ ആവശ്യമില്ല. ഒന്നാമത് അയാൾക്ക് വലിയൊരു സേനയുണ്ട്. ശരിയാണ് ആ സൈനികർ നമ്മെ അനുസരിക്കാൻ കടപ്പെട്ടവർ തന്നെയാണ്. പക്ഷെ അവർക്ക് ഇപ്പോൾ ഒറിറ്റിസിനെ അനുസരിക്കാതിരിക്കാൻ നിർവ്വാഹമില്ല. സ്വന്തം സാമ്രാജ്യത്തിൽ തന്നെ ഒരു പടയോട്ടം നടത്തി നമ്മുടെ തന്നെ ഒരു പ്രവിശ്യയുടെ അധികാരിയെ കൊല്ലേണ്ട ആവശ്യം നമുക്കില്ല. മാത്രവുമല്ല അയാളുടെ സൈനികരെ നമ്മുക്ക് ആവശ്യമുള്ളതുമാണ്. അതുകൊണ്ട് സൂത്രത്തിൽ അയാളെ മാത്രം വകവരുത്തുന്നതാണ് ബുദ്ധി.


അങ്ങനെ ദാരിയസ് തന്റെ സദസ്സിലെ മിടുക്കരായ സകല ഉദ്യോഗസ്ഥരെയും വിളിച്ചു വരുത്തി. എന്നിട്ട് ഇക്കാര്യങ്ങൾ അവരെ അറിയിറച്ചു. ഒരു പടനീക്കത്തിലൂടെയല്ലാതെ ബുദ്ധിപൂർവം ഒറിറ്റിസിനെ വകവരുത്തുവാൻ ശേഷിയുള്ള ആരുണ്ട് പേർഷ്യൻ രാജസദസിൽ എന്നായിരുന്നു ദാരിയൂസിന്റെ ചോദ്യം. ഇത് കേട്ടതോടെ ആളുകൾ ആവേശഭരിതരായി. പേരെടുക്കുവാനും, ചക്രവർത്തിയുടെ ആദരവ് പിടിച്ചുപറ്റുവാനും സാധിക്കുന്ന സുവർണ്ണാവസരം. മുപ്പതോളം പേരാണ് തങ്ങൾ ഈ ഉദ്യമത്തിന് തയ്യാറാണ് എന്നും പറഞ്ഞു മുന്നോട്ട് വന്നത്.  ഇതിൽനിന്നും നിങ്ങൾ തന്നെ മിടുക്കനായ ഒരാളെ കണ്ടെത്തൂ എന്ന് ചക്രവർത്തി അവരോട് പറഞ്ഞു. അവസാനം അവരെല്ലാം കൂടി ബേഗിയസ് (Bagæus) എന്ന ഒരാളുടെ പേരാണ് നിർദേശിച്ചത്. 


അതീവബുദ്ധിമാനായിരുന്നു ബേഗിയസ്. ആദ്യമേതന്നെ അയാൾ ചക്രവർത്തിയുടെ കയ്യിൽ നിന്നും ഒട്ടനവധി ഉത്തരവുകൾ മുദ്രവെച്ച് വാങ്ങി. അതിൽ നിസാരമായ ചില ഉത്തരവുകളും, എന്നാൽ വളരെ ഗൗരവമേറിയ രണ്ടു ഉത്തരവുകളും ഉണ്ടായിരുന്നു. ശേഷം ബേഗിയസ് നേരെ ഒറിറ്റിസിന്റെ കൊട്ടാരത്തിലേക്ക് ചെന്നു. എന്നിട്ട് താൻ ചക്രവർത്തിയുടെ കൽപ്പനകൾ കൊണ്ട് വന്നതാണ് എന്ന് അറിയിച്ചു. ശേഷം അപ്രധാനമായ കുറച്ചു ഉത്തരവുകൾ ബേഗിയസ് അവിടെ ഉറക്കെ വായിച്ചു കേൾപ്പിച്ചു. ഒറിറ്റിസിന്റെ പരമാധികാരത്തെ ഒരിക്കലും ബാധിക്കാത്ത കുറച്ചു ചെറിയ ഉത്തരവുകൾ മാത്രമായിരുന്നു അത്. 


അതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങൾ അല്ലാതിരുന്നതിനാൽ ഒറിറ്റിസ് ബേഗിയസിന് അവിടെ തങ്ങുവാൻ  അനുവാദം കൊടുത്തു. ഇനിയും കുറച്ചു ഉത്തരവുകൾ കൂടി ഉണ്ടെന്നും അതൊക്കെ ഇതിനേക്കാൾ പ്രാധാന്യം കുറഞ്ഞവയാണെന്നും ബേഗിയസ് അറിയിച്ചു. അതൊക്കെ താൻ എന്തെങ്കിലും ചെയ്യ് എന്ന മട്ടിൽ ഒറിറ്റിസ്‌ ബേഗിയസിനെ തീർത്തും അവഗണിച്ചു. എന്നാൽ അയാളുടെ കൊട്ടാരത്തിൽ താമസിക്കുന്ന സമയത്ത് ബേഗിയസ്‌ അവിടുത്തെ സൈനിക നേതാക്കളുമായി ചങ്ങാത്തത്തിലായി. കൂട്ടത്തിൽ അവരെ നിങ്ങൾ പേർഷ്യൻ ചക്രവർത്തി ദാരിയസിന്റെ പ്രവിശ്യയിലെ സൈനികരാണ് എന്നും, അതുകൊണ്ട് തന്നെ  ദാരിയൂസിനെയാണ് നിങ്ങൾ അനുസരിക്കേണ്ടത് എന്നും കൂടെകൂടെ ഓർമിച്ചുകൊണ്ടിരുന്നു. ദാരിയസിന്റെ  പേർഷ്യൻ രാജധാനിയിൽലെ ചില പ്രധാനികളുടെ മക്കളും അവിടെ സൈന്യത്തിൽ ഉണ്ടായിരുന്നു. അവരെയെല്ലാം നേരിട്ട് പോയി കണ്ട് അറ്റോസ റാണി അവരെയെല്ലാം പ്രത്യേകം അന്വേഷിച്ചു എന്നൊക്കെ ബേഗിയസ്‌ തട്ടിവിട്ടു. പേർഷ്യൻ സാമ്രാജ്യ സ്ഥാപകനായ സൈറസിന്റെ മകളും, ഇപ്പോൾ  ദാരിയസ്  ചക്രവർത്തിയുടെ പത്നിയുമായ അറ്റോസ തങ്ങളെ ഓർക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ അവർക്ക് സന്തോഷമായി. ഇതിനിടെ ദാരിയസിന്റെ ചില ചെറിയ ചെറിയ കല്പനകൾ ബേഗിയസ് ഇടയ്ക്കിടെ സൈന്യത്തിന് കൊടുക്കുന്നുമുണ്ടായിരുന്നു.  


അവസാനം സൈന്യം പൂർണ്ണമായും തന്റെ വരുതിയിൽ ആയിക്കഴിഞ്ഞു എന്ന് മനസിലാക്കിയ ബേഗിയസ്‌, ദാരിയൂസ് ചക്രവർത്തി കൊടുത്ത അവസാനത്തെ രണ്ട് ഉത്തരവുകൾ സൈനിക നേതാക്കന്മാരെ കാണിച്ചു. അതിൽ ഒന്നാമത്തെ ഉത്തരവ് ഒറിറ്റിസിനെ വധിക്കുവാനുള്ളതും രണ്ടാമത്, ആ പദവിയിൽ ബേഗിയസിനെ അവരോധിക്കുവാനുമുള്ള ഉത്തരവും ആയിരുന്നു. സൈറസിനോടും, അറ്റോസയോടും, കൂറ് പുലർത്തിയിരുന്ന സൈനികർ ദാരിയസിന്റെ ആ കല്പനകൾ അക്ഷരംപ്രതി പാലിച്ചു. അങ്ങിനെ ഒറിറ്റിസിന്റെ പ്രശ്‌നം എന്നന്നേയ്ക്കുമായി അവസാനിച്ചു.


Source : Script from my own video series "Persian History"

Julius Manuel

24 ജൂലൈ 2025

ബാന്‍ഡിറ്റ് ക്വീന്‍ 🗡️

ബാന്‍ഡിറ്റ് ക്വീന്‍


ചമ്പൽറാണി ഫൂലൻദേവി വെടിയേറ്റു മരിച്ചിട്ട് 24 വർഷം (2001)


താഴ്ന്നജാതിയിൽ ജനിച്ച് സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പെട്ട് കൊള്ളക്കാരിയായി മാറിയ ബാൻഡിറ്റ് ക്വീൻ എന്നറിയപ്പെടുന്ന ഫൂലൻ ദേവി. ഫൂലൻ എന്ന സാധാരണക്കാരിയായ ഗ്രാമീണ പെൺകുട്ടിയെ ഫൂലൻ ദേവി എന്ന സാധാരണക്കാരിയായ പാവപ്പെട്ടവളായ ഒരു സ്ത്രീയെ കൊള്ളക്കാരിയാക്കിയത് സമൂഹം അവളുടെ മേൽ അടിച്ചേൽപ്പിച്ച പീഡനങ്ങളാണ്. 11-ാം  വയസ്സിൽ ഭർത്താവിൽ നിന്നേറ്റ ലൈംഗിക പീഡനം മുതൽ, യൗവ്വനത്തിൽ തന്നെ ജയിൽ ഡോക്ടർ നടത്തിയ കൊടിയ ക്രൂരത വരെയുണ്ട് ആ കൂട്ടത്തിൽ. കാൺപൂരിനടുത്തുള്ള ബെഹ്‌മെയി എന്ന ഗ്രാമം ഒരു രാത്രി ചമ്പൽകൊള്ളക്കാർ വളഞ്ഞ് ആക്രമിച്ചത്തിന്റെ പിറ്റേന്നാണ് ഇന്ത്യ ഫൂലൻ ദേവി എന്ന പേര് ആദ്യമായി കേൾക്കുന്നത്. ഇന്ത്യയെ വിറപ്പിച്ച കൂട്ടക്കൊലയായിരുന്നു ബെഹ്‌മെയിയിലേത്. 

1963  ഓഗസ്റ്റ് 10 ന് ഉത്തർ പ്രദേശിൽ യമുനാ നദിയുടെ തീരത്തുള്ള 'ഗോർഹാ കാ പുർവാ' എന്ന് പേരുള്ള ഗ്രാമത്തിൽ ദേവിദീൻ - മൂലാ ദമ്പതികളുടെ മകളായി ജനിച്ചു. 11-ാം വയസ്സില്‍ ആദ്യവിവാഹം. ആദ്യവിവാഹം മുതല്‍ ഫൂലന്റെ ജീവിതത്തില്‍ പീഡനവും ആരംഭിച്ചു. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ സ്വന്തം ഗ്രാമത്തിലേക്ക്‌ മടങ്ങേണ്ടിവന്നു. അന്ധവിശ്വാസങ്ങളുടെ വിളനിലമായ ഗ്രാമം പക്ഷേ ഫൂലനെ സ്വീകരിക്കാന്‍ മടിച്ചു. 12 വയസ്സായ ഫൂലനെ വേശ്യയെന്നു വിളിക്കാന്‍ ഗ്രാമവാസികള്‍ക്ക്‌ ഒരു മടിയുണ്ടായിരുന്നില്ല. വീട്ടുക്കാര്‍ക്ക്‌ ഫൂലന്‍ ഒരു തുണയായിരുന്നു. അസാമാന്യ ധൈര്യമുള്ള ഒരു പെണ്‍കുട്ടി. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ഉടന്‍ ഫൂലനെ ചമ്പല്‍ക്കൊള്ളക്കാര്‍ ബലാത്സംഗം ചെയ്തു. പിന്നീട് ചമ്പല്‍ക്കൊള്ളക്കാരുടെ കൂടെയായി ഫൂലന്റെ ജീവിതം. 20 വയസ്സായപ്പോഴേക്കും സ്വന്തമായി ഒരു കൊള്ളസംഘത്തെ നയിക്കാന്‍ ഫൂലന്‍ പ്രാപ്തയായി. സ്വന്തം ജീവിതത്തില്‍ ജാതിയുടെ പേരില്‍ ഫൂലന്‍ ഒട്ടനവധി പീഡനങ്ങള്‍ അനുഭവിച്ചു. ബലാത്സംഗത്തിനും ലൈംഗിക പീഡനത്തിനും ശാരീരിക പീഡനങ്ങള്‍ക്കും പല തവണ ഫൂലന്‍ ഇരയായി.

ഫൂലന്റെ അച്ഛന്റെ ജ്യേഷ്ഠ സഹോദരൻ ബിഹാരി ലാലും  അയാളുടെ മകൻ മൈയ്യ ദീനും കൂടി, ആധാരത്തിൽ കൃത്രിമം കാട്ടി അവരുടെ കുടുംബസ്വത്തൊക്കെ തട്ടിയെടുത്തിരുന്നു. മൈയ്യ ദീനെതിരെ ഫൂലന്‍ തുടർന്ന് ഈ ബന്ധു ഒരു കള്ളക്കേസില്‍ ഫൂലനെ കുടുക്കി. ഒരു മാസം പോലീസ്‌ കസ്റ്റഡിയില്‍ കഴിഞ്ഞ ഫൂലന്‍ വീട്ടില്‍ തിരിച്ചെത്തിയത്‌ ജീവനുള്ള ശവമായിട്ടായിരുന്നു.

മര്‍ദ്ദനമേറ്റും കൂട്ടബലാത്സംഗത്താലും അവള്‍ അവശയായിരുന്നു. കാര്യങ്ങള്‍ അവിടം കൊണ്ടു തീര്‍ന്നില്ല.  മൈയ്യ ദിൻ പണം കൊടുത്ത് ഏർപ്പാടാക്കിയ ബാബു സിംഗ് ഗുജ്ജർ എന്ന കുപ്രസിദ്ധനായ ചമ്പൽ കൊള്ളക്കാരന്റെ സംഘം അന്നുരാത്രി തന്നെ ഗോർഹാ കാ പൂർവ ഗ്രാമത്തിലെത്തി ഫൂലനെ തട്ടിക്കൊണ്ടു പോകുന്നു. അങ്ങനെ ഫൂലനെ തട്ടിക്കൊണ്ടുപോയതിനു ശേഷം ഫൂലനെ ഈ ബാബു സിംഗ് ഗുജ്ജർ എന്ന കൊള്ളക്കാരൻ തുടർച്ചയായി രണ്ടുമൂന്നു ദിവസത്തോളം അതിക്രൂരമായി ബലാത്സംഗം ചെയ്യുന്നു. പീഡനപരമ്പരയുടെ മൂന്നാം ദിവസം, അത് കണ്ടുനില്‍ക്കാന്‍ കഴിയാതെ ഗുജ്ജറിന്റെ സംഘത്തില്‍ തന്നെയുള്ള വിക്രം മല്ല തന്റെ നേതാവിനെ വെടിവച്ചുകൊന്നു. തുടര്‍ന്ന്‌ വിക്രം മല്ല സീകരിച്ചതോടെ ഫൂലന്‍ കൊള്ളസംഘത്തിലെ ഒരംഗമായി. പിന്നീട് ചമ്പല്‍ക്കൊള്ളക്കാരുടെ കൂടെയായി ഫൂലന്റെ ജീവിതം. രാജാവിനെപ്പോലെ കൊള്ളക്കാര്‍ ബഹുമാനിക്കുന്ന തലവന്റെ ഭാര്യ‌. സവര്‍ണനായ ബാബു ഗുജാറിനെ കൊന്ന്‌ ഒരു അവര്‍ണനായ വിക്രം മല്ല കൊള്ളസംഘം ഭരിക്കുന്നത്‌ അവരുടെ കൂടെത്തന്നെയുണ്ടായിരുന്ന ഉയർന്ന സമുദായത്തിലുള്ളവർക്ക് ഇഷ്ടപ്പെട്ടില്ല. താക്കൂര്‍മാരെ വിക്രം മല്ല ഭരിക്കുന്നത് സഹിക്കാന്‍ കഴിയാതെ ചതിയില്‍ അയാളെയും കൊലപ്പെടുത്തി. അതുവരെ ഫൂലൻ ദേവിയെ ഒരാൾക്കും വിട്ടുകൊടുക്കാതെ, ചേർത്ത് പിടിച്ചു കൊണ്ടുനടന്നിരുന്ന ആൾ, അവളുടെ മെന്റർ -സംരക്ഷണ കവചം അതോടെ ഇല്ലാതെയായി. അന്ന് വൈകുന്നേരത്തോടെ ശ്രീറാമും, ലല്ലാറാമും ഒക്കെകൂടി തങ്ങളുടെ കയ്യിൽ കിട്ടിയ ഇരയായ ഫൂലൻ ദേവിയെ ഠാക്കൂർമാർക്ക് ഭൂരിപക്ഷമുള്ള ബെഹ്‌മായി എന്ന ഗ്രാമത്തിലേക്ക് കൂട്ടിക്കോണ്ടുപോകുന്നു. ഈ സംഭവം നടക്കുമ്പോൾ ഫൂലന് പ്രായം 17 വയസുമാത്രമാണ്.


മൂന്നാഴ്ചയോളം ഫൂലനെ അവർ അവിടെ വെച്ച് തുടർച്ചയായ ബലാത്സംഗത്തിനും കൊടിയ മർദ്ദനങ്ങൾക്കും വിധേയയാക്കി. പരിപൂർണ നഗ്നയാക്കിയ ശേഷം ഫൂലനെക്കൊണ്ട് ആ ഗ്രാമത്തിലെ കിണറ്റിൽ നിന്ന് വെള്ളം കോരിച്ചു എന്നും പറയപ്പെടുന്നുണ്ട്. പ്രതികാര നിര്‍വഹണത്തിന്‌ 17 മാസം കാത്തിരിക്കേണ്ടിവന്നു ഫൂലന്‍ ദേവിക്ക്‌. അതിനിടെ ആയോധന കലയില്‍ പ്രാവീണ്യമുള്ള കുറച്ചുപേരെകൂടി ചേര്‍ത്ത്‌ അവള്‍ സംഘം ശക്തമാക്കി. കുഗ്രാമത്തിലെ പെണ്‍കുട്ടിയില്‍ നിന്നും പ്രതികാരദുര്‍ഗ്ഗയായവള്‍ ഉയര്‍ന്നു. അവളുടെ പ്രതികാരാഗ്നി താമസിയാതെ തങ്ങളേയും ചുട്ടുചമ്പലാക്കുമെന്ന് അവളെ ഉപദ്രവിച്ചവര്‍ കരുതിയില്ല. ഒരു ഫെബ്രുവരി 14 ന് യമുനാനദിയുടെ കരയില്‍  ആയുധധാരികളായ ഇരുപതോളം യുവാക്കള്‍  ഫൂലന്റെ നിര്‍ദ്ദേശപ്രകാരം ആ സംഘം മൂന്നായി പിരിഞ്ഞ് നദി കടന്ന് ഗ്രാമത്തിലേക്ക് കടന്ന് തന്നെ പിച്ചിച്ചീന്തിയവര്‍ക്ക് വെടിയുണ്ടകള്‍ കൊണ്ട് മറുപടി നല്‍കിയ ശേഷം  വീണ്ടും കാട്ടിലേക്ക് കയറി. മറ്റൊരു രാത്രി. ഗ്രാമത്തിന്റെ സ്വച്ഛതയെയും നിശബ്ദതയെയും തകര്‍ത്ത് നിരവധി വെടിയൊച്ചകള്‍ ഉയര്‍ന്നു. ഗ്രാമത്തിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച്‌ പുറത്തുവന്ന ഫൂലന്‍ പഴക്കവും തഴക്കവും വന്ന കൊള്ളക്കാരിയെപ്പോലെ ഒരു മെഗാഫോണ്‍ പുറത്തെടുത്ത്‌ പറഞ്ഞു....

📎 ശ്രദ്ധിക്കുക. നിങ്ങള്‍ക്ക്‌ ജീവനില്‍ പേടിയുണ്ടെങ്കില്‍ കൈയ്യിലുള്ള പൈസയും സ്വര്‍ണ്ണവും വെള്ളിയും ഞങ്ങള്‍ക്ക്‌ കൈമാറുക. എന്നെ കൂട്ട ബലാല്‍സംഗം ചെയ്ത ദുഷ്ടന്മാരെയും ഞങ്ങള്‍ക്ക്‌ കൈമാറുക. ഇത്‌ ചെയ്യുന്നില്ലെങ്കില്‍ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരിക്കും. പറയുന്നത് ഫൂലന്‍ദേവി. ജയ്‌ ദുര്‍ഗ്ഗാമാതാ..

ഫൂലന്‍ദേവിയുടെ സംഘം ഗ്രാമത്തെ തച്ചുതകര്‍ത്തു. കൊള്ളയടിച്ച്‌ നശിപ്പിച്ചു. പക്ഷേ ഫൂലന്‍ദേവി അന്വേഷിച്ചിരുന്നവരെ അവര്‍ക്ക്‌ കിട്ടിയില്ല. കൈയില്‍ കിട്ടിയ പുരുഷന്മാരെയെല്ലാം ഫൂലന്‍ ഒന്നിച്ചു ചേര്‍ത്തുനിര്‍ത്തി. അവസാനമായി ഒരു പ്രാവശ്യം കൂടി പറഞ്ഞു. 

📎 എനിക്കറിയാം, നിങ്ങളവരെ ഒളിപ്പിച്ചിരിക്കുകയാണെന്ന്. അവരെ എനിക്ക്‌ കൈമാറുക...

പ്രതികരണമുണ്ടായില്ല. ഫൂലന്‍ തോക്കിന്‍തുമ്പില്‍ അവരെ നിരത്തി. നിര്‍ദാക്ഷിണ്യം വെടിവെച്ചുകൊന്നു.


1981ല്‍ ഉത്തര്‍പ്രദേശിലെ ബെഹ്‌മായി എന്ന ഉയര്‍ന്ന ജാതിയില്‍ പെട്ട 22 പേരെ ഒരുമിച്ച് വെടിവച്ച് കൊന്നതോടെ ഫൂലന്‍ കുപ്രസിദ്ധിയുടെ ഉയരങ്ങളിലെത്തി. ഉയര്‍ന്ന ജാതിയില്‍ പെട്ട സമ്പന്നരില്‍ നിന്നും പണം കൊളളയടിക്കുക. പിന്നീട് താഴ്ന്ന ജാതിയില്‍ പെട്ട പാവങ്ങള്‍ക്ക് അത് വിതരണം ചെയ്യുക - ഇതിലൂടെ സാധാരണക്കാര്‍ക്കിടയില്‍ ഫൂലന്‍ പെട്ടെന്ന് പ്രിയങ്കരിയായി. ഇതോടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന 

 ഇന്ദിരാഗാന്ധി നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചു. ഇന്ത്യന്‍ ഭരണകൂടം പുതിയ വഴി തേടി. ഫൂലന്‌ മാപ്പുകൊടുക്കാന്‍ തയ്യാറാണെന്ന്‌ ഇന്ത്യന്‍ ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ചു. വെറും എട്ടുവര്‍ഷത്തെ തടവുശിക്ഷ മാത്രം. ഫൂലന്‍ വ്യവസ്ഥകള്‍ അംഗീകരിച്ചു.


1983 ഫെബ്രുവരി മാസത്തിലെ ഒരു ദിവസം ഭിണ്ട്‌ ജില്ലാ പോലീസ്‌ സുപ്രണ്ട്‌ രാജേന്ദ്ര ചതുര്‍വേദിയും അര്‍ജ്ജുന്‍ സിംഗും ഉയര്‍ന്ന ഉദ്യോഗസ്ഥരും പിന്നെ പതിനയ്യായിരത്തോളം വരുന്ന ആരാധകവൃന്ദവും ഒരു മൈതാനത്ത് കാത്തു നിന്നു. തൂക്കിക്കൊല്ലില്ലെന്ന മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉറപ്പിനെ തുടര്‍ന്ന് 1983ലാണ് ഫൂലന്‍ ആയുധം വച്ച് കീഴടങ്ങിയത്. ഫൂലന്റെ കൂടെയുള്ളവര്‍ക്ക് എട്ടുവര്‍ഷത്തിലധികം തടവുശിക്ഷ നല്കില്ലെന്നും കരാറുണ്ടാക്കിയിരുന്നു.12 വർഷത്തെ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ഫൂലന്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായി. 1996ല്‍ മിര്‍സാപൂരില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1999ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ അവര്‍ വീണ്ടും ലോക്സഭയിലെത്തി. തൊഴില്‍ ക്ഷേമ സമിതിയില്‍ അംഗവുമായിരുന്നു ഫൂലന്‍. എംപിയായതിനു ശേഷം ജനസേവന പ്രവര്‍ത്തനങ്ങളില്‍ മുഴുകി പുതിയൊരു ജീവിതത്തിന്റെ താളം വീണ്ടെടുക്കുകയായിരുന്നു ഫൂലന്‍. എംപിയായതിനു ശേഷം അവര്‍ക്ക് എല്ലാവരും മിത്രങ്ങളായിരുന്നു.

ഫൂലന്‍ദേവിയുടെ ജീവിതകഥയെ ആസ്പദമാക്കി ശേഖര്‍കപൂര്‍ സംവിധാനം ചെയ്ത ബാന്‍ഡിറ്റ് ക്വീന്‍ എന്ന സിനിമ ഫൂലന് കൂടുതല്‍ ആരാധകരെ നേടിക്കൊടുത്തു. സിനിമയില്‍ സീമാ ബിശ്വാസ് ആണ് ഫൂലന്റെ വേഷത്തില്‍ അഭിനയിച്ചത്. സിനിമയ്ക്കു ശേഷം ഫൂലന്‍ ബാന്‍ഡിറ്റ് ക്വീന്‍ എന്ന പേരിലാണ് അറിയപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തനങ്ങളും മറ്റുമായി ഫൂലന്‍ പുതിയ ജീവിതത്തില്‍ മുഴുകി. എല്ലാവരെയും മിത്രങ്ങളാക്കി മാറ്റി. പക്ഷേ അവിടെ അവര്‍ക്ക് ചുവടുപിഴച്ചു. ഭൂതകാലത്തിന്റെ കരിനിഴലുകള്‍ അവരെ വേട്ടയാടിക്കൊണ്ടിരുന്നു.

2001 ജൂലൈ 25 ബുധനാഴ്ച. എം പിമാരുടെ അശോകാ റോഡിലുള്ള ക്വാര്‍ട്ടേഴ്സ്. മാരുതി കാറിലെത്തിയ മൂന്നംഗ സംഘം ഫൂലന് നേരെ നിറയൊഴിച്ചു. വെടിവച്ച അഞ്ജാത സംഘം പിന്നീട് ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം അകലെയുള്ള അശോകമാര്‍ഗ്ഗിലെ ഔദ്യോഗിക വസതിക്കുമുന്നിലാണ് അവര്‍ വെടിയേറ്റു മരിച്ചുവീണത്.

കടപ്പാട് : വിവിധ മാധ്യമങ്ങൾ.

23 ജൂലൈ 2025

കല്ലണൈ അണക്കെട്ട് ⛲

കല്ലണൈ അണക്കെട്ട്


ലോകത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ടുകളിൽ ഒന്നായ കല്ലണൈ, ഏകദേശം 2000 വർഷം മുമ്പ് ചോളന്മാർ നിർമ്മിച്ച അത്ഭുതകരമായ ജലസേചന നിർമ്മിതിയാണ്.


തമിഴ്നാട്ടിലെ കാവേരി നദിയിൽ സ്ഥിതിചെയ്യുന്ന കല്ലണൈ ഇന്ത്യയിലെ ഇപ്പോഴും പ്രവർത്തനക്ഷമമായ ഏറ്റവും പഴയ അണക്കെട്ടായി അവശേഷിക്കുന്നു.


ചോള രാജാവ് കരികാലൻ നിർമിച്ച ഈ അണക്കെട്ട് ഇന്നും കാവേരി ഡെൽറ്റയിലെ വിപുലമായ കൃഷിയിടങ്ങൾക്കായുള്ള ജലസേചനം തുടരുകയാണ്.


കാലത്തേയും പ്രകൃതിദുരന്തങ്ങളെയും അതിജീവിച്ച്, കല്ലണൈ ഇന്ന് ഇന്ത്യയുടെ തനതായ സുസ്ഥിര നിർമാണശേഷിയുടെ അതിമനോഹര ഉദാഹരണമാണ്.


⛲⛲⛲⛲⛲⛲⛲⛲⛲⛲⛲⛲

02 മേയ് 2025

ത്യാഗരാജ ഭാഗവതർ 🎭

മണ്ണിൽ  വീണടിഞ്ഞ ഒരു താരം

•••••••••••••••


'ത്യാഗരാജ ഭാഗവതർ' 

എന്ന തമിഴ് സിനിമാ നടൻ്റെ 

വ്യത്യസ്തമായ ജീവിതകഥ


തമിഴ് സിനിമയിലെ 'മുടിചൂടിയ' മന്നനായി ഒരു കാലത്തു വാണരുളിയ ഒരു താരം, പിന്നീട് യാചകനായി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന കഥ....   


മായാവാരം കൃഷ്‌ണമൂര്‍ത്തി (എം. കെ.) ത്യാഗരാജഭാഗവതര്‍ തമിഴ്‌ നടനും നിര്‍മാതാവും കര്‍ണാടക സംഗീതഞ്‌ജനുമായിരുന്നു. പൊന്‍പട്ടിന്റെ ജുബ്ബയും മുണ്ടും കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്ന കസവിന്റെ അംഗവസ്ത്രവും കുങ്കുമപ്പൊട്ടും വൈരക്കല്ലുകൾ നിറഞ്ഞ ആഭരണങ്ങളും, കാലിൽ ഒന്നു വീഴാൻ കാത്തിരിക്കുന്ന ആരാധകപ്പടയുമായി തമിഴകത്തെ 'മൂടിചൂടാമന്നനാ'യിരുന്നു ത്യാഗരാജ ഭാഗവതർ.


തൃശ്ശിനാപ്പിള്ളിയിൽ ഒരു സ്വർണ്ണത്തൊഴിലാളി കുടുബത്തിൽ ജനിച്ച അദ്ദേഹം 1920- കാലഘട്ടത്തിൽ സ്റ്റേജ് നാടകങ്ങളിലും സംഗീതകച്ചേരികളിലും ഏറ്റവും ജനപ്രീതിയുള്ള താരമായി തിളങ്ങി.1930-കളിൽ സിനിമാ ലോകത്തെത്തിയ അദ്ദേഹം, വൻ ഹിറ്റു ചിത്രങ്ങൾ നിർമ്മിച്ചും അഭിനയിച്ചും സംഗീത ആലാപനവും  സംവിധാനവും നടത്തിയും എല്ലാം തമിഴ് സിനിമാ ലോകത്തെ ചക്രവർത്തിയായി തുടർന്നു....


'ഏഴിശൈ മന്ന'നെന്നു അറിയപ്പെട്ട അദ്ദേഹം തമിഴ് സിനിമയിലെ ആദ്യ 'സൂപ്പർ സ്റ്റാറായി' മാറി. ആരാധകർ ദൈവതുല്യം ആരാധിച്ച ഭാഗവതരുടെ ജീവിതവും രാജകീയ പ്രൗഡിയിലായിരുന്നു,


തമിഴിൽ 'മെഗാ-സൂപ്പർ താരം' ആയിരുന്ന ഈ 'ഏഴിശൈ മന്ന'ൻ എന്ന എം.കെ.ത്യാഗരാജ ഭാഗവതർ പ്രമാദമായ 'ലക്ഷ്മികാന്തൻ കൊലക്കേസിൽ' ഗൂഢാലോചന നടത്തി എന്നാരോപിക്കപ്പെട്ട് 1944-ൽ‍ അറസ്‌റ്റിലായി; പിന്നീട് ശിക്ഷിക്കപ്പെട്ട് അൻ്റാമാൻ ജയിലിൽ അടക്കപ്പെട്ടു.


ഒരു 'ഫ്രോഡ്' ആയിരുന്ന ലക്ഷ്മികാന്തൻ 'മഞ്ഞപ്പത്രം' നടത്തി പ്രശസ്ത വ്യക്തിത്വങ്ങളെ (വ്യക്തികളെ) അപകീർത്തി ഭീഷണി മുഴക്കി ബ്ലായ്ക്ക് മെയിൽ ചെയ്ത് പണം സമ്പാദിക്കുകയായിരുന്നു. ഒരു ദിവസം മദ്രാസിലെ വേപ്പേരിയിലെ വസതിയിൽ തൻറെ വക്കീലിനെ കണ്ടു സൈക്കിൾ റിക്ഷയിൽ മടങ്ങുമ്പോൾ രണ്ട് പേർ റിക്ഷ തടഞ്ഞ് ലക്ഷ്മികാന്തൻറെ വയറ്റിൽ കഠാര കുത്തിയിറക്കി. ത്യാഗരാജ ഭാഗവതരും തമിഴ് സിനിമയിലെ ഹാസ്യസാമ്രാട്ട് എൻ.എസ്.കൃഷ്ണനും സംവിധായകൻ ശ്രീരാമുലുവും ചേർന്നാണ് ഇത് ചെയ്യിച്ചത് എന്ന് ലക്ഷ്മികാന്തൻ പോലീസിന് മൊഴി നൽകി. പിറ്റേന്ന് മദ്രാസ് ജനറൽ ആസ്പത്രിയിൽ വെച്ച് ലക്ഷ്മികാന്തൻ മരണപ്പെട്ടു.


ഒരു കച്ചേരി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഭാഗവതരെ പോലീസ് അറസ്റ്റ് ചെയ്തു. ആരാധകർ പൊട്ടിക്കരഞ്ഞു. (ഭാഗവതർ നായകനായ 'ഹരിദാസ്' എന്ന സിനിമയുടെ ചിത്രീകരണം അതിനകം കഴിഞ്ഞിരുന്നു. 1944 ൽ ഇറങ്ങിയ ഹരിദാസ് മദ്രാസ്സിലെ സൺ (ബ്രോഡ് വെ?) തിയേറ്ററിൽ 3 വർഷം തുടർച്ചയായി പ്രദർശിപ്പിച്ചു.) കേസ് വിചാരണ കഴിഞ്ഞു. ആ രണ്ട് കൊലയാളികളെ തൂക്കിക്കൊല്ലാൻ വിധിച്ചു. സംവിധായകൻ ശ്രീരാമുലുവിനെ വെറുതെ വിട്ടു. ഭാഗവതരെയും എൻ.എസ്. കൃഷ്ണനെയും അൻ്റാമാൻ ജയിലിലേക്ക് അയക്കാൻ വിധിച്ചു. പോലീസ് മെനഞ്ഞ ഗൂഢാലോചനയിലൂടെ പറഞ്ഞുണ്ടാക്കിയ, ഒരേ ഒരു തെളിവ് എന്തെന്നാൽ അക്രമം നടക്കുന്ന സമയത്ത് ഭാഗവതർ ട്രാഫിക്ക് പോലീസുകാരനെ സ്വാധീനിച്ച് അങ്ങോട്ടേക്കുള്ള വാഹനം വഴി തിരിച്ചു വിട്ടു എന്ന് മാത്രമായിരുന്നു.


ത്യാഗരാജ ഭാഗവതർ ജയിലിൽ കഴിയുമ്പോൾ അദ്ദേഹം അവസാനം പൂർത്തിയാക്കിയ 'ഹരിദാസ്' എന്ന സിനിമ മദ്രാസ് സൺ തിയേറ്ററിൽ മൂന്ന് വർഷമാണ് തുടർച്ചയായി ഹൗസ്ഫുൾ ആയി ഓടിയത്. കേസും അപ്പീലും ഒക്കെയായി ഭാഗവതരുടെ സമ്പാദ്യമെല്ലാം തീർന്നു. മൂന്ന് വർഷം ജയിലിൽ കഴിഞ്ഞ ഭാഗവതർ പ്രിവി കൗൺസിലിൽ ഹരജി നൽകിയത് അനുസരിച്ച് കേസ് പുനർവിചാരണ നടത്താൻ ഉത്തരവായി. 1947-ൽ‍ ആ പുനര്‍വിചാരണയില്‍ ഭാഗവതരും എൻ.എസ്. കൃഷ്ണനും നിരപരാധികൾ ആണെന്ന് കണ്ടെത്തി വെറുതെ വിടപ്പെട്ടു.


ജയിലിൽ നിന്ന് നിരപരാധിത്വം തെളിയിക്കപ്പെട്ട് പുറത്ത് വന്നെങ്കിലും, ഒന്നും തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല. ആന്റമാൻ ജയിൽ കഠിന ശിക്ഷയ്ക്കായി എത്തിപ്പെടും മുമ്പ് മോചിതനായി എന്നു മാത്രം!

🌍


 എം. കെ. ത്യാഗരാജ ഭാഗവതർ എന്ന ആ സംഗീത-നടന ചക്രവർത്തി, തൻ്റെ അമ്പതാം വയസ്സിൽ, തികച്ചും ദയനീയമായ ചുറ്റുപാടിൽ 1959-ൽ മരണത്തിന് കീഴടങ്ങി.

......................

with the valuable inputs from കോലപ്പൻ ആചാരി, ശങ്കർ ഭാസ്കരാചാര്യ & കെ. പി. സുകുമാരൻ

.................

05 ഡിസംബർ 2023

കുറിച്യകലാപം





       1812-ൽ വയനാട്ടിൽ നടന്ന സ്വാതന്ത്ര്യ സമരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒരു സമരമാണ്‌ കുറിച്യകലാപം. കുറിച്യകലാപത്തിന്റെ പ്രധാനകാരണം മലബാറിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നടപ്പാക്കിയ ജനവിരുദ്ധ നികുതിനയങ്ങളായിരുന്നു. കുറിച്യലഹള ആദ്യകാല സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു. പഴശ്ശിരാജക്കു വേണ്ടി കുറിച്യരും കുറുമ്പരും നടത്തിയ പടയോട്ടങ്ങൾ ചരിത്രത്തിൽ പേരുകേട്ടവയാണ്. 1802 ലെ പനമരം കോട്ട ആക്രമണം ഈസ്റ്റിന്ത്യാ കമ്പനിക്ക് മലബാറിലേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു.

പശ്ചാത്തലം

● വയനാട്, കോട്ടയം, കുറുമ്പ്രനാട്, കൊട്ടിയം ദേവസ്വങ്ങളുടെ അവകാശികൾ കുറിച്യരായിരുന്നു.

● കന്നഡഭാഷയിൽ കുറി എന്ന പദത്തിന് മല എന്നും, ചിയൻ എന്നതിന് ആൾ എന്നുമാണ് അർത്ഥം. 

 ● കുറിച്യർ എന്ന പേര് പഴശ്ശിരാജാവ് നൽകിയതാണെന്ന് കുറിച്യരുടെ പിൻതലമുറക്കാർ വിശ്വസിക്കുന്നുണ്ട്.
 
● എന്നാൽ കുറിച്യർ, കുറവർ, കുറുമ്പൻ എന്നീ പേരുകളെല്ലാം ഒന്നു തന്നെയാണെന്ന് വില്ല്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നു. 

● കുറിച്യർ അവരുടെ ആചാരനുഷ്ഠാനങ്ങളിൽ പേരുകേട്ടവരാണ്.

● അയിത്താചരണങ്ങളിൽ അവർ അത്യന്തം നിഷ്ഠ പുലർത്തിയിരുന്നു. മലവാസികളോ, കാട്ടാളരോ അവരെ തൊട്ടാൽ അശുദ്ധിയാണ്.

കാരണങ്ങൾ

           പഴശ്ശിക്കലാപം അടിച്ചമർത്തിയ ശേഷം ബ്രിട്ടീഷുകാരുടെ കുറിച്യരോടുള്ള സമീപനം നിഷ്ഠൂരമായിരുന്നു. അവരുടെ ചെറിയ ഭൂമികൾ പോലും പിടിച്ചെടുക്കുകയും വൻതോതിൽ നികുതി ഈടാക്കുകയും ചെയ്തു. മലബാർ പ്രിൻസിപ്പൽ കലക്ടർ തോമസ് വാർധന്റെ നികുതി പരിഷ്കാരങ്ങൾ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ഉൽപ്പാദനച്ചെലവ് കഴിച്ച് ബാക്കിവരുന്നത് കർഷകരും, ജന്മിയും, കമ്പനിയും വിഭജിച്ചാണ് എടുത്തിരുന്നത്. മൂന്നിലൊരു ഭാഗം കർഷകനു ലഭിക്കുമ്പോൾ, പത്തിലാറു ഭാഗം കമ്പനിക്കും പത്തിൽ നാലുഭാഗം ജന്മിക്കും ലഭിക്കുമായിരുന്നു. കമ്പനിക്കുള്ളത് പണമായി തന്നെ നൽകണമെന്നതായിരുന്നു വ്യവസ്ഥ. കുരുമുളകിനും മറ്റു ഉൽപന്നങ്ങൾക്കും മേൽ ഏർപ്പെടുത്തിയ നികുതി കുറിച്യരുടെ ജീവിതം ദുസ്സഹമാക്കി. മുൻകാലങ്ങളിൽ നൽകിയതിനേക്കാൾ പത്തുശതമാനം നികുതി കർഷകർക്കുമേൽ അടിച്ചേൽപ്പിക്കപ്പെട്ടു. മാത്രമല്ല വർഷങ്ങളായി അവർ അനുവർത്തിച്ചുപോരുന്ന കാടുകത്തിച്ചു കൃഷി ചെയ്യുന്ന രീതിയെ തടയുകയും ചെയ്തു. നികുതികുടിശ്ശിക തീർക്കാൻ കുറിച്യർക്ക്‌ തങ്ങളുടെ വീട്ടുപകരണങ്ങൾ പോലും വിൽക്കേണ്ടിവന്നു. കുടിശ്ശിക വരുത്തിയ കുറിച്യരെ കമ്പനിക്കാർ അടിമകളായും ഉപയോഗിച്ചിരുന്നു.

കലാപം 

             കുറിച്യർ അവിടെത്തന്നെയുള്ള കുറുമ്പർ എന്ന് ഗോത്രവർഗ്ഗക്കാരുമായി ചേർന്ന് അവരുടെ തലവൻ രാമനമ്പിയുടെ നേതൃത്വത്തിൽ 1812 ൽ കലാപം തുടങ്ങി. മല്ലൂരിൽ മാർച്ച് 25ന് കുറിച്യർ ഒരു ആലോചനായോഗം കൂടിയിരുന്നു. ഇത് പിരിച്ചുവിടാൻ പോലീസിന് ബലം പ്രയോഗിക്കേണ്ടി വന്നു. ഇതോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. അമ്പും വില്ലുമായിരുന്നു ഈ കലാപത്തിനുപയോഗിച്ച ആയുധങ്ങൾ. പാലങ്ങളുടെ ഇരുമ്പു കമ്പികൾ ഇളക്കിയെടുത്ത് അമ്പുകൾ ഉണ്ടാക്കിയിരുന്നതായി പറയപ്പെടുന്നു. കമ്പനി ഭരണത്തിന്റെ കീഴിൽ ജോലിചെയ്തിരുന്നവർ പോലും ഉദ്യോഗം രാജിവെച്ച് കലാപത്തിൽ പങ്കുചേർന്നു. കലാപകാരികൾക്ക് അവരുടെ ഗോത്രദൈവങ്ങളുടെ അനുഗ്രഹങ്ങളുണ്ടാവുമെന്ന് പറഞ്ഞ് പുരോഹിതന്മാർ ഈ കലാപത്തെ ആളിക്കത്തിച്ചു. "വട്ടത്തൊപ്പിക്കാരെ നാട്ടിൽനിന്നും പുറത്താക്കുക" എന്നതായിരുന്നു കുറിച്യകലാപത്തിന്റെ ലക്ഷ്യമെന്ന് ടി.എച്ച്.ബാബർ രേഖപ്പെടുത്തിയിരിക്കുന്നു. 
1812-ൽ വയനാടൻ മലകളിലെ മുളകളെല്ലാം പൂത്തതും വറുതിയ്ക്ക്‌ ഒരു കാരണമായിരുന്നിരിക്കാം. നികുതിപിരിക്കുന്നവരെ തടഞ്ഞുകൊണ്ടാണ്‌ കലാപം തുടങ്ങിയത്‌. ചുരങ്ങൾ വഴിയുള്ള ഗതാഗതം പൂർണ്ണമായി തടഞ്ഞു. പോലീസ്‌ സ്റ്റേഷനുകൾ ആക്രമിക്കപ്പെട്ടു. വയനാട്ടിലെ ഗതാഗതമെല്ലാം കലാപകാരികളുടെ നിയന്ത്രണത്തിലായി. വയനാട്ടിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം കുറിച്യർ നിലയുറപ്പിച്ചു. ഏലചുരം എന്ന സ്ഥലത്തുവെച്ച് കമ്പനിയുടെ പട്ടാളത്തെ എതിരിട്ടു തോൽപ്പിച്ചു. പ്ലാക്ക ചന്തു, ആയിരവീട്ടിൽ കോന്തപ്പൻ, മാസിലോട്ടാടൻയാമു, വെൺകലോൻ കേളു എന്നിവരായിരുന്നു കുറിച്യസമരത്തെ മുന്നിൽ നിന്നും നയിച്ചത്. ഒടുവിൽ ശ്രീരംഗപട്ടണത്തുനിന്നും സൈന്യത്തെ കൊണ്ടുവന്നാണ്‌ ലഹള അടിച്ചമർത്തിയത്‌. സബ്കലക്ടർ ബാബർ കൂടുതൽ സൈന്യത്തിനായി അപേക്ഷിച്ചതിൻ പ്രകാരമാണ് ആധുനിക ആയുധങ്ങളുമായി മൈസൂരിൽ നിന്നും ബ്രിട്ടീഷ് പട്ടാളം വന്നത്. ഇവർ എല്ലാ ഭാഗത്തുനിന്നും കുറിച്യരെ നേരിട്ടു. ഒരു മാസം കൂടി കലാപകാരികൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ വിജയം അവരുടെ കൂടെയായിരുന്നേനെ എന്നു പറയപ്പെടുന്നു. ലഹളകൾക്ക്‌ നേതൃത്വം നൽകിയ രാമൻനമ്പി എന്ന കുറിച്യനെ 1825-മെയ്‌ 1 ന് ബ്രിട്ടീഷുകാർ തലവെട്ടിയാണ്‌ കൊലപ്പെടുത്തിയത്‌. വെൺകലോൻ കേളുവിനെ പരസ്യമായി തൂക്കിലേറ്റി. 1812 മെയ്‌ 8-ഓടെ കലാപം പൂർണ്ണമായി അടിച്ചമർത്തി. 
ബ്രിട്ടീഷ് ആധിപത്യത്തിനെതിരേ സാധാരണജനങ്ങളുടെ നേതൃത്വത്തിൽ നടന്ന ജനകീയ കലാപമായിരുന്നു കുറിച്യകലാപം. പഴശ്ശിസമരങ്ങളിലെ യോദ്ധാക്കളുടെ അവസാന സമരവുമായിരുന്നു ഇത്. ദക്ഷിണേന്ത്യയിലെ ആദ്യത്തേയും അവസാനത്തേയും കോളനിവിരുദ്ധ ഗിരിവർഗ്ഗ സമരം കൂടിയായിരുന്നു കുറിച്യകലാപം എന്ന് ചരിത്രകാരന്മാർ പറയുന്നു.