രാത്രി വൈകിയും സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവരേ ശ്രദ്ധിക്കൂ, അപകടം അടുത്തുകൊണ്ടിരിക്കുന്നു.
കണ്ണെടുക്കൂ, ശാന്തമായി ഉറങ്ങൂ💤
ഡോ.എ.പി.ജയരാമൻ
സ്ക്രീൻ സമയം ഓരോ മണിക്കൂർ കൂടുമ്പോഴും ഹൃദയത്തിന്റെ അപകട സൂചിക നൂറിൽ ഒരംശം ഉയരുമെന്നാണു പഠനങ്ങൾ പറയുന്നത്. ഉറക്കം കുറയുമ്പോൾ ആശങ്ക ഇരട്ടിയാകും. അത് അപകടത്തിലേക്കു നയിക്കും.
പ്രോഗ്രാം ഇന്റർനാഷനൽ സ്‌റ്റുഡൻ്റ് അസസ്മെന്റ് (PISA) ഡേറ്റ പ്രകാരം, 14 വയസ്സുള്ള വിദ്യാർഥി ശരാശരി ഏഴോ എട്ടോ മണിക്കൂർ സ്ക്രീനിൽ കണ്ണുനട്ടിരിക്കുന്നു; അതിൽ പകുതിയിലധികം വിനോദത്തിനായാണ്. പെൺകുട്ടികൾ കൂടുതൽ സമയം ചെലവഴിക്കുന്നതു സോഷ്യൽ മീഡിയയിലും ആൺകുട്ടികൾ ഗെയിമിങ്ങിലുമാണ്. അതുണ്ടാക്കുന്ന ഉറക്കക്കുറവ് പഠനശേഷിയെയും മനോബലത്തെയും ബാധിക്കുന്നു.
പുതിയ പഠനങ്ങൾ ചിത്രം കൂടുതൽ വിവർണമാക്കുന്നു. നീലവെളിച്ചം അഥവാ ബ്ലൂറേസ് ഉറക്കഹോർമോണായ മെലറ്റോനിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. വെളിച്ചത്തിന്റെ തീവ്രതയും സമയവും അത്രമേൽ പ്രധാനമാണ്. 90 മിനിറ്റ് മുൻപ് സ്ക്രീൻ ഓഫ് ചെയ്യുന്നത് ഉറക്കഗുണം മെച്ചപ്പെടുത്തുന്നുണ്ട്.
മറ്റു പ്രവൃത്തികൾക്കിടെ ഇടയ്ക്കു മൊബൈൽ സ്ക്രീൻ നോക്കാനുള്ള അടക്കാൻ വയ്യാത്ത വ്യഗ്രത മൈക്രോ ഡിസ്ട്രാക്‌ഷൻ ആണ്. ഒരു ദിവസം ശരാശരി 50-60 പ്രാവശ്യം ഇങ്ങനെ ശ്രദ്ധമാറുന്നുണ്ട്. തലച്ചോറിന്റെ ശേഷി കുറയ്ക്കുന്ന കാര്യമാണിത്. ശ്രദ്ധയോടെയുള്ള വായന പോലും ബുദ്ധിമുട്ടാകാം.
കണ്ണുകൾക്ക് 20-20-20 എന്ന നിയമമുണ്ട്; 20 മിനിറ്റ് ഇടവിട്ട് 20 അടി ദൂരെയുള്ളത് 20 സെക്കൻഡ് നോക്കുക. ഈയിടെ പുറത്തിറങ്ങിയ നേത്രാരോഗ്യ പഠനങ്ങൾ പ്രകാരം, ഇതു കണ്ണിന്റെ ഡിജിറ്റൽ സമ്മർദം കുറയ്ക്കുന്നു. നോട്ടിഫിക്കേഷൻ നോക്കുന്നതു കുറച്ചാൽ. സന്ദേശങ്ങൾ മണിക്കൂറിൽ ഒരിക്കൽ മാത്രം നോക്കുന്ന രീതി സ്വീകരിച്ചാൽ ഫോക്കസ് മോഡും ആപ് ടൈമറും പ്രവർത്തിപ്പിച്ചാൽ മൊത്തം സ്ക്രീൻ സമയം 20-30% വരെ കുറയ്ക്കാൻ കഴിയുമെന്നു പരീക്ഷണങ്ങൾ കാണിക്കുന്നു. വീട് മുഴുവൻ ബാധകമാവുന്ന സ്ക്രീൻ-ലൈറ്റ് നിയമങ്ങൾ പരീക്ഷിക്കാം; ബെഡ്റൂമിലും ഡൈനിങ് ടേബിളിലും സ്ക്രീനിനു നോ എൻട്രി, രാത്രി ഡിജിറ്റൽ സൺസെറ്റ് എന്നിവ ബാധകമാക്കാം.
ഒരു കാര്യം അംഗീകരിക്കണം. കുറ്റവാളി സ്ക്രീൻ അല്ല. അളവും സമയവുമാണ്. പഠനത്തിനു സ്ക്രീൻ ഉപകാരപ്രദമാണ്. എന്നാൽ ഓട്ടോപ്ലേയും എൻഡ്‌ലസ് സ്ക്രോളും സമയം വിഴുങ്ങും. ദിവസത്തിൻ്റെ ആദ്യ 30 മിനിറ്റും രാത്രിയുടെ അവസാന 90 മിനിറ്റും സ്ക്രീൻ രഹിതമാക്കുക. അധ്യാപകരും മാതാപിതാക്കളും ഒരേ പാഠം പഠിക്കണം. ആദ്യം സ്വന്തം സ്ക്രീൻ ശീലങ്ങൾ ശരിയാക്കുക. പിന്നീട് കുട്ടികളെ ബാലൻസിങ് പഠിപ്പിക്കുക.
ചെറുതാകുന്നു, ശക്തിയേറുന്നു.
'ചെറുതല്ലോ സുന്ദരം' എന്നു സാമ്പത്തിക ചിന്തകൻ ഇ.എഫ്.ഷൂമാക്കർ പറഞ്ഞെങ്കിലും ലോകം മുഴുവൻ വലുതിൻ്റെ പിന്നാലെയുള്ള പാച്ചിലിലാണ്. എന്നാൽ, പുതിയകാലത്തെ പരീക്ഷണശാലകളും ക്ലാസ്മുറികളും 'ചെറുതാകുക-ചെലവു കുറയ്ക്കുക-ഉത്തരവാദിത്തമേറുക' എന്ന ചിന്തയിലേക്കു വഴിമാറുകയാണ്.
ഇതിന്റെ ആദ്യ ഉദാഹരണം നിർമിതബുദ്ധിയിൽനിന്നാണ്.
പണ്ട്, 'എല്ലാ വിവരങ്ങളും (ഡേറ്റ) ഒന്നും വിടാതെ തരൂ, ഒപ്പം പരിധിയില്ലാതെ വൈദ്യുതിയും തരൂ' എന്നായിരുന്നു മുദ്രാവാക്യം. അതുമാറി, ഫോണിൽ പ്രവർത്തിക്കുന്ന ഓൺ ഡിവൈസ് എഡ്‌ജ് എഐ എന്ന കൂർമനിർമിതബുദ്ധി ആവശ്യമായ കാര്യങ്ങൾ പുസ്‌തകക്കുമ്പാരത്തിനുള്ളിൽനിന്നു പോലും വീണ്ടെടുത്തു തരും (റിട്രീവൽ). ആശുപത്രിയുടെയും കോടതിയുടെയും വിവരശേഖരത്തിൽ നിന്നുപോലും ഇങ്ങനെ വീണ്ടെടുക്കാം. 'കംപ്യൂട്ട്' കുറയുമ്പോൾ പണവും വൈദ്യുതിയും ലാഭം, ഭാഷ, നിയമം, പാഠ്യപദ്ധതി തുടങ്ങിയ കാര്യങ്ങൾ എഡ്‌ജ് എഐക്ക് എളുപ്പം വഴങ്ങും. രോഗികൾക്കു കുറിച്ചുനൽകുന്ന മരുന്നുകളുടെ പരസ്‌പരമുള്ള പ്രതിപ്രവർത്തനത്തെക്കുറിച്ചുപോലും മുന്നറിയിപ്പു നൽകുന്ന ചെറുമോഡലുകളുണ്ട് പേജ് റഫറൻസ് സഹിതം മറുപടി നൽകുന്ന പാഠപുസ്തക റിട്രീവൽ പൈലറ്റുകളും തുടങ്ങി. 'എനിക്ക് അറിയാവുന്നിടത്തോളം നൽകാം' എന്ന ജാമ്യമെടുക്കലോടെ വിവരങ്ങൾ പങ്കുവയ്ക്കാനുള്ള മര്യാദയും ഇവയുടെ പ്രത്യേകതയാണ്.
മറ്റൊരു ഉദാഹരണം ബാറ്ററിയിലാണ്. ഇ-വാഹനങ്ങളുടെ ഹൃദയം ബാറ്ററിയാണ്. ഫെയിൽ സ്ലോ എന്ന മോഡലാണു ബാറ്ററിയിൽ ഇപ്പോൾ പരീക്ഷിക്കപ്പെടുന്നത്. തകരാറുണ്ടായാലും വേണ്ടത്ര സമയമെടുത്തു സുരക്ഷിതമായി ഓരംചേർത്തു വാഹനം നിർത്താനുള്ള സംവിധാനം ചൂട് വേഗം പുറത്തേക്കു നീക്കാൻ താപ-ചാനലുകൾ, ഒരു സെൽ തകരാറിലായാലും മറ്റുള്ളവയെ പിടിച്ചുനിർത്താൻ ഭിത്തികൾ, സെക്കൻഡുകൾക്കുള്ളിൽ വിവരം അറിയിക്കുന്ന ഫൈബർ, അക്വസ്‌റ്റിക് സെൻസിങ്, ഇവയെല്ലാം ചേർന്നു യാത്രക്കാരനു സുരക്ഷിതമായി പുറത്തിറങ്ങാൻ സമയം നൽകും.
മൂന്നാമത്തെ ഉദാഹരണം മിതവ്യയ എൻജിനീയറിങ്ങിന്റേതാണ്. ഇതിനർഥം ആവശ്യമുള്ളതു മാത്രം, എല്ലാവർക്കും കിട്ടുന്ന വിധത്തിൽ എന്നാണ്. കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്ന ഉപഗ്രഹം, ഗ്രാമങ്ങൾക്കായുള്ള ചെലവുകുറഞ്ഞ ജലശുദ്ധീകരണ യന്ത്രങ്ങൾ, കയ്യൊതുക്കമുള്ള ഡയഗ്നോസ്റ്റിക് കിറ്റ് എന്നിവയൊക്കെ ഇതിൽപ്പെടും.
ചെറുത് സുന്ദരമായത് വലുപ്പം കുറച്ചതുകൊണ്ടു മാത്രമല്ല, ഉപയോഗശേഷി കൂട്ടിയതുകൊണ്ടുകൂടിയാണ്.
(കടപ്പാട് : മലയാള മനോരമ)
➕➕➕➕➕➕

