പെരുവഴിയിൽനിന്ന് പുതുവഴി
കൃഷിയിടത്തിൽ തടസ്സമായി കിടന്ന പാറ കൃഷിക്കാരൻ റോഡരികിലേക്ക് ഉരുട്ടിയിട്ടു. അപ്പോഴാണ് ഒരു ശിൽപി അതു വഴി വന്നത്. ഉപേക്ഷിക്കപ്പെട്ട ആ കുറ്റൻ കല്ല് അദ്ദേഹം തന്റെ ശിൽപശാലയിൽ എത്തിച്ചു മനോഹരമായ ശിൽപം അതിൽനിന്നു കൊത്തിയുണ്ടാക്കി പ്രദർശനത്തിനുവച്ചു. പഴയ കൃഷിക്കാരൻ ആ വഴി വന്നു, ശിൽപഭംഗിയിൽ ആകൃഷ്‌ടനായി. എന്തു കൊടുത്തും അതു വാങ്ങണമെന്ന ആഗ്രഹത്തിൽ വില ചോദിച്ചു. ശിൽപി പറഞ്ഞു: 'നിങ്ങൾ എനിക്കു വിലയൊന്നും തരേണ്ട അതു നിങ്ങൾക്ക് അവകാശപ്പെട്ടതാണ്. അന്നു വഴിയരികിൽ ഉപേക്ഷിച്ച പാറയിൽനിന്നാണു ഞാനിത് ഉണ്ടാക്കിയത്.'
പണി അറിയുന്നവൻ്റെ കയ്യിൽ മാത്രമേ പദാർഥങ്ങൾക്കും പണിയായുധങ്ങൾക്കും പ്രസക്‌തിയുള്ളൂ. ഓരോ വസ്‌തുവും ഉപയുക്തമാകുന്നത് അത് ഉപയോഗിക്കാൻ അറിയാവുന്നവരുടെ കൈകളിൽ എത്തുമ്പോൾ മാത്രമാണ്. സംഗീതമില്ലാത്തവനു വീണ എന്നും അനാവശ്യമായിരിക്കും.
സ്വന്തം പരിമിതികളുടെ മറുവശം അപരൻ്റെ സാധ്യതകളാണ്. കരവിരുതില്ലാത്തവരുടെ കൈകളിൽ ഏതുശിലയും ശ്വാസം മുട്ടി മരിക്കും. എല്ലാവർക്കും എന്തിനോടും സമരസപ്പെടാൻ കഴിഞ്ഞെന്നു വരില്ല. എനിക്കു വേണ്ടാത്തത് ആർക്കും വേണ്ടാ ത്തതാണ് എന്ന വിധിന്യായമാണു പല ജീവിതങ്ങൾക്കും തിരശ്ശീല വീഴ്ത്തുന്നത്
ഉപയോഗമറിയാത്തവരുടെ പത്തായങ്ങളിൽ വസിക്കുന്നതിനെക്കാൾ ഭേദം പെരുവഴിയിലെ പ്രദർശനമാണ്. പുതിയ സഹവാസം ഉണ്ടാകും - ആളും അർഥവും അറിയുന്നവരുടെ കൂടെ പെരുവഴിയിൽനിന്ന് പുതുവഴി തെളിയും - നവജീവിതത്തിലേക്ക്.
(കടപ്പാട് )


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അഭിപ്രായം രേഖപ്പെടുത്തുക 🤗