അക്ഷരക്കൂട്ടം: വിരലടയാളങ്ങൾ ❇️
അക്ഷരക്കൂട്ടം ഓൺലൈൻ

03 ഏപ്രിൽ 2025

വിരലടയാളങ്ങൾ ❇️

വിരലടയാളങ്ങൾ


സിനിമകളിൽ തെളിയിക്കപ്പെടാതെ കിടക്കുന്ന ഏത് കേസും വിരലടയാളത്തിന്റെ സഹായ ത്തോടെ തെളിയിക്കുന്നത് കണ്ടിട്ടുണ്ടാകും.

സിനിമകളിലും സാഹിത്യത്തിലുമൊക്കെ കേസുകൾ തെളിയിക്കാൻ ഒക്കെ വിവരിക്കുന്ന കുറ്റമറ്റ ഒരു ടൂൾ ആണ് വിരലടയാളങ്ങൾ.  അനവധി കുറ്റാന്വേഷണ സിനിമകളിൽ സംശയിക്കുന്നവരുടെ വിരലടയാളങ്ങൾ ഗ്ലാസ്സ് , ബോട്ടിൽ തുടങ്ങിയവയിൽ അവരറിയാതെ പതിപ്പിച്ചു കുറ്റം തെളിയിക്കുന്ന സീനുകളും ധാരാളമുണ്ട്. ശാസ്ത്രീയ കുറ്റാന്വേഷണത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വിരലടയാള ശാസ്ത്രം വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനമായത് രണ്ട് വ്യക്തികളുടെ വിരലടയാളങ്ങൾ ഒരിക്കലും യോജിക്കുകയില്ല എന്നുള്ള കണ്ടുപിടുത്തമാണ്.ഒരാളെ മറ്റൊരാളിൽ നിന്നും സംശയാതീതമായി തിരിച്ചറിയാൻ ഏറ്റവും ഉപയുക്തമായ മാർഗ്ഗം വിരലടയാള പരിശോധന മാത്രമാണ്. ലോകത്തുള്ള ഓരോ മനുഷ്യന്റെയും വിരലടയാളങ്ങൾ വ്യത്യസ്തമായിരിക്കും. വിരലടയാളംകൊണ്ട് ഓരോ വ്യക്തിയെയും തിരിച്ചറിയാൻ കഴിയുമെന്നതാണ് അതിൻറെ കാരണം. എഴുതി ഒപ്പിടാൻ സാധിക്കാത്തവരുടെ വിരൽ അടയാളം പതിപ്പിക്കുന്നതും ഓഫിസുകളിൽ വിരലടയാളം പതിപ്പിക്കുന്ന പഞ്ചിങ് മെഷീനും കണ്ടിട്ടുണ്ടാകും.


ഒരു മനുഷ്യന്റെ വിരൽത്തുമ്പിലെ ചാലുകൾ പോലുള്ള രേഖകളാണ് വിരലടയാളം.ഈ സൂക്ഷ്മ രേഖകൾ ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. ഈ പ്രത്യേകത ഉപയോഗിച്ചാണ് ശാസ്ത്രം പ്രയോജനപ്പെടുത്തുന്നതും മിക്ക കേസുകൾക്കും തുമ്പുണ്ടാക്കുന്നതും. വിരലടയാളം മാറില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ജനനം മുതൽ മരണം വരെ വിരലുകൾ വലുതായാലും അടയാളങ്ങൾ മാറില്ല. ഗർഭാശയത്തിനുള്ളിൽ കുഞ്ഞിന് മൂന്നു മാസമാകുമ്പോൾ വിരലിൽ രേഖകൾ പ്രത്യക്ഷപ്പെടും. മനുഷ്യരുടെ വിരലുകളിൽ അതീവ സൂക്ഷ്മ പരിശോധനയിൽ മാത്രം ദൃശ്യമാകുന്ന വരകൾ അഥവാ റിഡ്‌ജസ് ഉണ്ട്. അവയിലൂടെ പുറത്തു വരുന്ന വിയർപ്പും കൊഴുപ്പും ആണ് വിരലിന്റെ അടയാളങ്ങൾ തൊടുന്നിടത്തെല്ലാം പതിപ്പിക്കുന്നത്. ചാൻസ് പ്രിന്റ് എന്നാണു വിരലടയാള വിദഗ്ധർ അതിനെ വിശേഷിപ്പിക്കുന്നത്. വിയർപ്പു പെട്ടെന്ന് ബാഷ്പീകരിച്ചു അടയാളം മാഞ്ഞെന്നു വരാം. എന്നാൽ കൊഴുപ്പിന്റെ അംശം മായാതെ ദിവസങ്ങളോളം അവിടെ തന്നെ കിടക്കും.അവ തൂണിലും തുരുമ്പിലും തുണിയിലും തുകലിലും വരെ പതിയാം. അത് കണ്ടെത്തുന്നതിലാണ് ഒരു വിരലടയാള വിദഗ്ധന്റെ മിടുക്ക്. രണ്ടു വിരലടയാളങ്ങൾ തമ്മിൽ പരിശോധിച്ചാൽ അവ ഒരാളിന്റെ ഒരേ വിരലിന്റെ പതിപ്പുകൾ ആണോ അല്ലയോ എന്ന് ഒറ്റവാക്കിൽ രേഖപ്പെടുത്തുന്നതിന് ഈ ശാസ്ത്ര വിഭാഗത്തിന് സാദ്ധ്യമായതിനാൽ ഈ ശാസ്ത്രം മറ്റു ശാസ്ത്ര വിഭാഗങ്ങളിൽ നിന്നും ശ്രേഷ്ഠമായ പദവി അർഹിക്കുന്നു.അതിനാലാണ് പോലീസുദ്യോഗസ്ഥർ ഫിംഗർ പ്രിൻറിന് വളരെയധികം പ്രാധാന്യം കൊടുക്കുന്നത്. അത് കൊണ്ട് തന്നെയാണ് സിനിമയിലും സാഹിത്യത്തിലും കുറ്റകൃത്യം തെളിയിക്കുന്നതിൽ വിരലടയാളങ്ങൾക്കു ഇത്രയധികം പ്രാധാന്യം.

മരിച്ചുകഴിഞ്ഞാൽ തൊലി നശിക്കുന്നതുവരെയും വിരലടയാളങ്ങൾ നശിക്കില്ല. ശസ്ത്രക്രിയ ചെയ്തോ മറ്റോ വിരലടയാളത്തെ ഒരിക്കലും തന്നെ നമുക്ക് മായ്ചുകളയാൻ കഴിയില്ല. ഉദാഹരണത്തിന് വിരൽപ്പുറത്തെ തൊലി കളഞ്ഞാൽ വിരലടയാളം താൽക്കാലികമായി ഇല്ലാതാക്കാൻ കഴിയുമെങ്കിലും, തുടർന്ന് വരുന്ന തൊലിയിൽ അതുണ്ടാവും. ഒരു മൈേക്രാസ്കോപ്പെടുത്ത് വിരൽ പരിശോധിച്ചാൽ അകം തൊലിയിൽ വിരൽപ്പാടുകൾ തെളിഞ്ഞുകാണാൻ കഴിയും. വിരലടയാള ശാസ്ത്രത്തിന് ഡക്ടിലോഗ്രഫി (𝗗𝗔𝗖𝗧𝗬𝗟𝗢𝗚𝗥𝗔𝗣𝗛𝗬) എന്നാണ് പറയപ്പെടുന്നത്. ഒരു ഗ്രീക് പദമാണിത്. ഡക്ടിലിസ് എന്നാൽ ഗ്രീക്കിൽ വിരൽ എന്നു പറയും.

പുരാതന ബാബിലോണിയന്‍, ഈജിപ്ഷ്യന്‍, ചൈനീസ്, ഗ്രീക്ക് ചരിത്രാവശിഷ്ടങ്ങളില്‍ പലതിലും പല ഫിംഗര്‍ പ്രിന്റുകളും കണ്ടെടുത്തിട്ടുണ്ടെങ്കിലും എല്ലാ മനുഷ്യര്‍ക്കും വ്യത്യസ്ത തരത്തിലുള്ള വിരലടയാളങ്ങളാണ് ഉള്ളതെന്ന വിവരം അന്നത്തെ ആളുകള്‍ക്ക് ഉണ്ടായിരുന്നു എന്ന് പറയാന്‍ യാതൊരു തെളിവും കാണുന്നില്ല. എഴുതപ്പെട്ട ചരിത്രത്തിലൊന്നും അത്തരം കാര്യങ്ങള്‍ പ്രാചീന കാലത്ത് ആളുകള്‍ മനസ്സിലാക്കിവന്നതായി രേഖപ്പെടുത്തിയിട്ടില്ല.

ബ്രിട്ടീഷ് ഇന്ത്യയിലെ സബ് കലക്ടര്‍ സര്‍ വില്ല്യം ഹേര്‍ഷല്‍ ആണ് വിരലടയാളം ആദ്യമായി (𝟭𝟴𝟱𝟴) തെളിവിനായി ഉപയോഗിച്ചത്. പിന്നീട് സര്‍ ഫ്രാന്‍സിസ് ഗാള്‍ട്ടന്‍ (𝟭𝟴𝟴𝟴) വിരലടയാളം ശാസ്ത്രീയമായി അപഗ്രഥിക്കുന്നതില്‍ വിജയിച്ചു.𝟭𝟵𝟬𝟭 മുതല്‍ സര്‍ എഡ്വേഡ് ഹെന്റി വികസിപ്പിച്ച രീതി ഉപയോഗിച്ച് സ്‌കോട്ട്‌ലാന്റ്‌യാഡ് കുറ്റവാളികളെ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം വിരലടയാളങ്ങളിലെ പാറ്റേണുകളെ പലതായി തരംതിരിച്ചിരുന്നു.


വിരലടയാളം തരങ്ങൾ

ആർച്ച്, ലൂപ്പ്, വേൾ, കോമ്പസിറ്റ് എന്ന പാറ്റേണുകളാണ് വിരലടയാളങ്ങളുടെ തരം തിരിവുകൾ. 𝟲𝟬% - 𝟲𝟱% ആൾകാരിലും ലൂപ്പ് പാറ്റേൺ ആണുള്ളത്.

വിരലടയാളം നോക്കി ഒരാളുടെ പ്രായം അറിയാൻ പറ്റും. ഗവേഷകനായ 𝗙𝗔𝗥𝗢𝗧𝗧 ആണു ഇതിനായുള്ള സമവാക്യം രൂപപ്പെടുത്തിയത്. അടയാളത്തിലെ ചാലുകൾ നല്ലതാണെങ്കിൽ അതു ഒരു യുവാവിൻറെതാണ്‌. വിരലടയാളം ആണിൻറെയാണോ,പെണ്ണിൻറെയാണോ എന്നു തിരിച്ചറിയാൻ കഴിയില്ല.ഇതിനേക്കുറിച്ച് ഗവേഷണങ്ങൾ നടന്നു വരുന്നു.


അടിക്കുറിപ്പ്:വിരല്‍ത്തുമ്പുകളുടെ മറ്റൊരു വലിയ സവിശേഷത, നാം കൈവിരലുകള്‍ നിവര്‍ത്തി വെക്കുമ്പോള്‍ വിരലുകളുടെ വലുപ്പങ്ങള്‍ക്ക് വ്യത്യാസമുണ്ട് എങ്കിലും വിരലുകള്‍ മടക്കുമ്പോള്‍ എല്ലാം ഒരേ നിരയില്‍ വരുന്നു എന്നതാണ്. കൈയിലെ ജോയിന്റുകളുടെ ഈയൊരു സവിശേഷതകൊണ്ടാണ് നമുക്ക് ചെറിയ സാധനങ്ങള്‍ പോലും പിടിക്കുവാനും എഴുതുവാനും കൈകൊണ്ടുള്ള സൂക്ഷ്മമായ മറ്റു പണികളൊക്കെ ചെയ്യുവാനും കഴിയുന്നത്. അത്യന്തം അത്ഭുതകരമായ ഒരു ഡിസൈനാണ് ഇത് എന്നു നിസ്സംശയം പറയാം.

(കടപ്പാട്)

💠💠💠🛑💠💠💠

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗