AKSHARAKKOOTTAM ONLINE

🟢വായനയെ സ്നേഹിക്കുന്നവർക്കായി അക്ഷരങ്ങൾക്ക് ജീവൻ നൽകുന്ന ചെറിയ യാത്ര; ഓരോ അക്ഷരകൂട്ടവും ഹൃദയത്തിലേക്ക് പ്രകാശം ചൊരിയട്ടെ🟢

09 ഏപ്രിൽ 2025

പൊക്കം 🔝

 പൊക്കം 🔝 

 ```````````````````````````

 (1) ''നഹി, നഹി, ആകാരോ  ദീർഘ: അകാരോ  ഹ്രസ്വ:'' 


  കോഴിക്കോട്ടെ  മാനവിക്രമ രാജാവിന്റെ സദസ്സിലെ പതിനെട്ടര കവികളിലെ ഒരാളായ കാക്കശ്ശേരി, സംസ്കൃത പണ്ഡിതനായ ഉദ്ദണ്ഡ ശാസ്ത്രികളോട്  പറഞ്ഞതാണ് മേൽ കുറിച്ചത്. 

ഇരുവരും തമ്മിലുള്ള സംവാദത്തിനിടെ, കാക്കശ്ശേരിയുടെ  പൊക്കമില്ലായ്മയെ കളിയാക്കി ഉദ്ദണ്ഡ ശാസ്ത്രികൾ  ഒന്ന് താങ്ങി.


  ''ആകാരോ ഹ്രസ്വ:'' 

(ആകൃതി  ചെറുത്, ന്നു വച്ചാ തനിക്ക് ഉയരമില്ല.)

ഉടനെ തിരിച്ചടി വന്നു, അല്ല അല്ല  


''ആ'' കാരം ദീർഘമാണ്. ''അ'' കാരമാണ് ഹ്രസ്വം. 


 (2) പൊക്കമില്ലാത്ത മനുഷ്യരെ  സൂചിപ്പിക്കാൻ  കുള്ളന്മാർ (Dwarf) എന്ന പദത്തോടൊപ്പം  നാട്ടിൻ പുറങ്ങളിൽ  അവരെ കളിയാക്കി വിളിക്കാൻ  ''തവക്കുള, പക്രു, എട്ടുമുക്കാൽ അട്ടി'' തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് പോന്നു.

പരിഷ്കൃത മനസ്സിലേക്കുള്ള മാറ്റം ഉടലെടുക്കുമ്പോൾ, ഇത്തരം  ഇരട്ടപ്പേര് വിളികൾ  ഒഴിവാകുകയും, കളിയാക്കലുകൾ അവസാനിക്കുകയും ചെയ്യും. പലപ്പോഴും സാഹിത്യ കൃതികളോ കലാ രൂപങ്ങളോ അതിനു വഴിയൊരുക്കും.     


 (3) കെ.ജി. ജോർജ്ജിന്റെ  'മേള' എന്ന ചിത്രം  ഉയരം കുറഞ്ഞുപോയ ഒരു മനുഷ്യന്റെ കഥയാണ്.

അവർക്കും നിങ്ങളെപ്പോലെ ജീവിക്കാനുള്ള  എല്ലാ അവകാശങ്ങളും ഉണ്ടെന്നും, വികാര വിചാരങ്ങൾ ഉള്ളവരാണെന്നും, കളിയാക്കപ്പെടേണ്ടവർ അല്ലെന്നും ആ പടം ജനങ്ങളോട് വിളിച്ചുപറഞ്ഞു.

ഒടുക്കം വരെ നൊമ്പരത്തോടെ മലയാളികൾ കണ്ട ആ പടം  വൻ വിജയമായിരുന്നു എന്ന് മാത്രമല്ല ഒരുപാട് പേരെ ഇരുത്തി ചിന്തിപ്പിച്ചു. 


 (4)  SYMPATHY  എന്ന  സഹതാപം  അല്ല, മറിച്ച്  EMPATHY  അഥവാ തന്മയീഭാവം ആണ്  നമുക്ക് വേണ്ടത്. ഒരാളുടെ അവസ്ഥ എന്താണെന്ന് മനസ്സിലാക്കാൻ  സ്വയം അയാളാണെന്ന് സങ്കൽപ്പിക്കുക. -മനസ്സ് കൊണ്ടും ശരീരം കൊണ്ടും. 

ശരീരം തളർന്നു കിടക്കുന്ന രോഗിയുടെ അവസ്ഥ മനസ്സിലാക്കാൻ ഒരു ചെറിയ പരീക്ഷണം ആവാം.

കയറുകൊണ്ട് സ്വശരീരം കട്ടിലിൽ ബന്ധിക്കാൻ പറയുക. 

എത്ര നേരം അനങ്ങാതെ ഒരു മുറിയ്ക്കുള്ളിൽ  കിടക്കാൻ പറ്റും ? 

ലോകം കാണാതെ, സഹജീവികളെ കാണാതെ ഒരുമുറിയ്ക്കുള്ളിൽ  ജീവിതം കഴിച്ചുകൂട്ടുന്നവരെപ്പറ്റി  - പുഷ്പന്മാരെപ്പറ്റി, ഒന്നോർത്തു നോക്കൂ.  


(5) വൈലോപ്പിള്ളി  ശ്രീധരമേനോൻ  കുറിച്ചിട്ട വരികൾ...

 

 കത്തിയാൽ, മരുന്നിനാൽ

 മാറാത്ത നോവും മാറ്റാ -

 നൊത്തിടാമൊരു നേർത്ത 

 ഭാവഹർഷത്താൽ മാത്രം.


ചിരി പലതരമുണ്ട്. 

ശിശുക്കളുടെ നിഷ്ക്കളങ്കമായ  പുഞ്ചിരി മുതൽ പരിഹാസം, അട്ടഹാസം തുടങ്ങി പലവിധം ചിരികൾ. 

ഏത് വിഭാഗത്തിലാണ് അവനവൻ്റെ ചിരി വരുന്നത് എന്നത് സാഹചര്യത്തെയും വ്യക്തിത്വത്തെയും ആശ്രയി "ച്ചിരി" യ്ക്കും.


NB:

 പൊക്കമില്ലായ്മയാണെൻ്റെ

പൊക്കം

(കുഞ്ഞുണ്ണി മാഷ്)


പൊക്കമില്ലാത്ത നെപ്പോളിയൻ ബോണപ്പാർട്ടും, മറഡോണയും, മെസ്സിയും, സച്ചിൻ ടെണ്ടുൽക്കറും ഒക്കെ ഉയരക്കാരെ വീഴ്ത്തി ലോകം കീഴടക്കിയവരാണ്.

 ⚜️⚜️⚜️⚜️⚜️⚜️⚜️

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗