അക്ഷരക്കൂട്ടം: സ്വയാവബോധം 😶
അക്ഷരക്കൂട്ടം ഓൺലൈൻ

29 മാർച്ച് 2025

സ്വയാവബോധം 😶

സ്വയാവബോധം

വിനയൻ കുളി കഴിഞ്ഞു ആഹാരം കഴിക്കാനിരുന്നപ്പോൾ

രാത്രി പത്തുമണി. ആഹാരം കഴിച്ചു തുടങ്ങിയപ്പോൾ

മൊബൈൽ ഫോൺ ശബ്‌ദിച്ചു. അവിടിരുന്നുകൊണ്ടു തന്നെ ഫോണിൽ സംസാരിച്ചു.

സംസാരം തീർന്നപ്പോൾ ഭാര്യ അക്ഷമയോടെ ചോദിച്ചു:

"ആഹാരം കഴിയ്ക്കാൻ കൂടി സമ്മതിക്കുകയില്ലല്ലോ. ഇപ്പോഴെങ്കിലും ഇതൊന്ന് ഓഫ് ചെയ്തു വച്ചുകൂടെ"?


"അത്യാവശ്യ കാര്യങ്ങൾ ഉണ്ട്. അതൊഴിവാക്കുവാൻ പറ്റുമോ?" 

അയാളുടെ മറുപടിയിൽ നീരസം കലർന്നിരുന്നു.


ആഹാരം കഴിക്കുന്നതിനിടയിൽ വിനയൻ മൂന്നു നാലു പ്രാവശ്യം മൊബൈൽ ഫോണിൽ സംസാരിച്ചു.


"ആഹാരം കഴിയ്ക്കാൻ പോലും സമയമില്ലാതെ എന്തൊരു ജീവിതമാണിത്? 

ഭാര്യ അസ്വസ്ഥതയോടെ പറഞ്ഞു കുറ്റബോധം കൊണ്ടാവാം അയാൾ മറുപടിയൊന്നും പറഞ്ഞില്ല.


വിനയൻ പട്ടണത്തിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ

സീനിയർ മാനേജരാണ്. ഭാര്യ അടുത്തുള്ള കോളേജിൽ പഠിപ്പിക്കുന്നു. രണ്ടു കുട്ടികൾ ഹൈസ്‌കൂളിൽ പഠിക്കുന്നു. ബാങ്കിലെ ജോലിത്തിരക്ക് കാരണം അയാൾ വളരെ വൈകിയാണ് മിക്കപ്പോഴും വീട്ടിലെത്തുക. ഭാര്യയും കുട്ടികളുമായി സംസാരിക്കാൻ അധികസമയം ലഭിക്കാറില്ല. ഏറെ സമയം മൊബൈൽ അപഹരിക്കും. കുറെ സമയം ടിവിയുടെ മുന്നിൽ ചെലവഴിക്കും. സാമ്പത്തിക വാർത്തകളിലാണ് താല്‌പര്യം. അന്നത്തെ ഷെയർ മാർക്കറ്റിലെ ചലനങ്ങൾ, ഓഹരി വിലകളുടെ കയറ്റിറക്കങ്ങൾ എല്ലാം ശ്രദ്ധിക്കും. കാരണം അയാൾ ഒരു നല്ല തുക ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുണ്ട്. ഓഹരികളുടെ വിലയിടിയുമ്പോൾ വിനയൻ്റെ മനസിടിയും, രക്തസമ്മർദ്ദം ഉയരും. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങൾ അയാളുടെ മനസിൽ വികാരവേലിയേറ്റങ്ങൾ സൃഷ്ടിക്കുന്നു.


വിനയന് രണ്ടു എസ്റ്റേറ്റുകൾ സ്വന്തമായുണ്ട്. ഇടയ്ക്കിടക്ക്

അവയുടെ കാര്യങ്ങൾ അന്വേഷിക്കുവാൻ പോകണം. ബാങ്കിലെ ജോലികൾതന്നെ തീർക്കാൻ സമയം ലഭിക്കാറില്ല. അതിനിടയിലാണ് ഒരു നൂറുകൂട്ടം കാര്യങ്ങൾ. അവധി ദിവസംപോലും വിശ്രമിക്കാൻ കഴിയാറില്ല. ജീവിതം ഒരു ഓട്ടപ്പന്തയമായിരിക്കുന്നു വിനയന്. പണത്തിനും പദവിക്കും വേണ്ടിയുള്ള നെട്ടോട്ടം. ഇതിനിടയിൽ ആഹാരത്തിലോ ആരോഗ്യത്തിലോ തീരെ ശ്രദ്ധയില്ലാതായി. വ്യായാമത്തിനോ വിശ്രമത്തിനോ സമയം ലഭിക്കുന്നില്ല. അങ്ങനെയാണ് അയാൾ ഹൃദ്രോഗിയായി തീർന്നത്.


ജീവിതചര്യകളിൽ മാറ്റം വരുത്തണമെന്നു ഡോക്ട‌ർമാർ ഉപദേശിച്ചു. എല്ലാദിവസവും വ്യായാമം ചെയ്യണമെന്നും കർശനമായി നിർദ്ദേശിച്ചു. കുറച്ചുദിവസം ശ്രമിച്ചു നോക്കി. പക്ഷെ ഇപ്പോൾ വീണ്ടും പഴയപടി തന്നെ. ഒന്നിനും സമയം ലഭിക്കുന്നില്ല. 

എന്നും ഓരോരോ പ്രശ്‌നങ്ങൾ! 

മനസിന് ഒരു സ്വസ്ഥതയുമില്ല....!


യാന്ത്രിക ജീവിതം നയിക്കുന്ന ആധുനിക മനുഷ്യൻ


അതിവേഗ ജീവിതം നയിക്കുന്ന, ഒന്നിനും സമയവും സാവകാശവുമില്ലാത്ത, സ്വയാവബോധം നഷ്ടപ്പെട്ട ആധുനിക മനുഷ്യന്റെ പ്രതിനിധിയാണ് വിനയൻ.

ധാരാളം പണം,

സമ്പാദ്യങ്ങൾ... 

ഉന്നതപദവി... എല്ലാമുണ്ട് പക്ഷെ ജീവിതത്തിൽ ഒരു സ്വസ്ഥതയുമില്ല. ഒരു നിമിഷംപോലും ആസ്വദിക്കാനാവുന്നില്ല. തികച്ചും യാന്ത്രിക ജീവിതം നയിക്കുന്ന ആധുനിക മനുഷ്യൻ, ചുറ്റുപാടുകളെ അറിയുന്നില്ല, പ്രകൃതിയെ നിരീക്ഷിക്കുന്നില്ല, തന്നെത്തന്നെ അറിയുന്നില്ല. അവൻ യാന്ത്രീകമായി ചലിക്കുന്നു, യാന്ത്രികമായി പ്രവർത്തിക്കുന്നു, യാന്ത്രികമായി ഭക്ഷിക്കുന്നു. ആഹാരത്തിൻ്റെ രുചിയറിയുന്നില്ല, ഗുണമറിയുന്നില്ല, മണമറിയുന്നില്ല... ഭക്ഷിക്കുകയാണെന്നുപോലും അവനപ്പോൾ അറിയുന്നില്ല. പൂർവ്വകാല ദുരന്തസ്മരണകളിലോ ഭാവിയുടെ വിഹ്വലതയിലോ അവൻ തടവറയിലാക്കപ്പെട്ടിരിക്കുന്നു. വർത്തമാനകാലം അവന് നഷ്ടമായിരിക്കുന്നു. അതിൻ്റെ മഹത്വം അവനറിയാതെ പോകുന്നു. ഈ 'നിമിഷത്തിൻ്റെ' മാധുര്യം അവനന്യമായിരിക്കുന്നു. മനോഹരമായ നീലാകാശവും നക്ഷത്രങ്ങളും മലനിരകളും കുളിരേകുന്ന മന്ദമാരുതനും, കിളികളുടെ കളകളകൂജനങ്ങളും, പൂക്കളും അവയുടെ സുഗന്ധവും ഒന്നും അവനറിയുന്നില്ല. എല്ലാം ഈ യാന്ത്രീകതയിൽ നഷ്ടമാകുന്നു.


സ്വയാവബോധത്തിൻ്റെ കാലിക പ്രാധാന്യം


ഓരോ നിമിഷത്തിലും നിങ്ങൾ ബോധത്തോടെ ജീവിക്കുവാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് സ്വയാവബോധം കൈവരുന്നു. അപ്പോൾ നിങ്ങളുടെ ജീവിതത്തിലെ ഓരോ അനുഭവങ്ങളും സ്വയം നിരീക്ഷിക്കുവാൻ കഴിയുന്നു. നിങ്ങൾ കാണുന്ന കാഴ്‌ചകളിലേക്ക്, കേൾക്കുന്ന ശബ്ദങ്ങളിലേക്ക്, ഒരു ക്യാമറപോലെ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതോടൊപ്പം നിങ്ങളെന്ന കാഴ്ചക്കാരനെയും കേൾവിക്കാരനെയും നിരീക്ഷിക്കുന്നു.


നിങ്ങൾ കളിക്കുമ്പോൾ 'ഞാൻ ഇപ്പോൾ കളിക്കുകയാണ്' എന്ന അഹംബോധത്തോടെ കളിക്കുന്നു. ആഹാരം കഴിക്കുമ്പോൾ ഞാൻ ഇപ്പോൾ ആഹാരം കഴിക്കുകയാണ്' എന്ന ബോധത്തോടെ ആഹാരം കഴിക്കുന്നു. അപ്പോൾ ആ അനുഭവം സമ്പൂർണ്ണമാകുന്നു. ആ നിമിഷം ധന്യമാകുന്നു. മാധുര്യമേറിയതാവുന്നു. ജീവിതത്തിന് അർത്ഥവും ആഴവും കൈവരുന്നു. അതുകൊണ്ടാണ് ഓഷോ ഇപ്രകാരം പറഞ്ഞത്: 


'നിങ്ങൾക്ക് ഈ നിമിഷത്തിൽ നൈമർല്യത്തിലും,

നിശബ്ദതയിലും,

നൈസർ ഗികതയിലും ജീവിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ ജീവിതം പരിവർത്തനം ചെയ്യപ്പെടും',


നിങ്ങളിൽ നിരന്തരം സ്വയാവബോധം വളരുമ്പോൾ നിങ്ങളുടെ ചിന്തയിലും പെരുമാറ്റത്തിലും ഗുണപരമായ മാറ്റങ്ങൾ സംഭവിക്കുന്നു. നിങ്ങളിൽ ആത്മനിയന്ത്രണം ശക്തിപ്രാപിക്കുന്നു. നിങ്ങളുടെ വ്യക്തിത്വത്തിൽ വ്യക്തമായ വ്യതിയാനങ്ങൾ സംഭവിക്കുന്നു. നിങ്ങൾ ഉദാത്തമായ വ്യക്തിത്വത്തിൻ്റെ ഉടമകളായിത്തീരുന്നു.



സ്വയാവബോധം വളർത്താൻ മാർഗ്ഗങ്ങൾ



നിങ്ങളെ ഈ നിമിഷത്തിൽ ജീവിക്കുവാൻ സഹായിക്കുന്ന

ഒരു മാനസിക ഭാവമാണല്ലോ 'സ്വയാവബോധം'.

ചിന്തകളിൽ സ്വയം നഷ്ടമാകാതെ നിങ്ങളുടെ അനുഭവങ്ങളിൽ പൂർണ്ണമായി മുഴുകുവാൻ സ്വയാവബോധം നിങ്ങളെ സഹായിക്കുന്നു.


ഉദാത്തമായ സ്വയാവബോധം വളർത്തിയെടുക്കുവാനുള്ള ഏതാനും മാർഗ്ഗങ്ങൾ വ്യക്തമാക്കാം:


1. ഈ നിമിഷത്തിൽ ജീവിക്കുവാൻ ശീലിക്കുക


പൂർവ്വകാല ചിന്തകളിലും ഭാവികാല വിഹ്വലതകളിലും അകപ്പെട്ടുപോകാതെ മനസിനെ വർത്തമാന കാലത്തിൽ ഉറപ്പിച്ചു നിർത്തുക. ഈ നിമിഷത്തിൽ പൂർണ്ണമായി ബോധത്തെ ഉറപ്പിച്ചു നിർത്തുക. അതുമാത്രമാണ് യഥാർത്ഥ അനുഭവം, യഥാർത്ഥജീവിതം എന്ന് തിരിച്ചറിയുക.


2. സ്വയാവബോധത്തോടെയുള്ള നടത്തം ശീലിക്കുക


നിങ്ങൾ നടക്കുമ്പോൾ ചിന്തകളിൽ ആണ്ടുപോകാതെ മനസിനെ നിങ്ങളുടെ കാലടികളിലേക്കു കൊണ്ടുവരിക. ഓരോ ചുവടും നിരീക്ഷിക്കുക. ചുറ്റുപാടും കാണുന്ന മരങ്ങളും നിരീക്ഷിക്കുക. നിങ്ങളെന്ന നിരീക്ഷകനെയും നിരീക്ഷിക്കുക.


3. മനസിന് അവധി നല്‌കുക


നിങ്ങളുടെ വേഗതയേറിയ ജീവിതചര്യയിൽനിന്ന് ഒന്നോ രണ്ടോ ദിവസം അകന്നു നില്ക്കുക. മനസിന് വിശ്രമം ലഭിക്കട്ടെ. ആരും ശല്യം ചെയ്യാത്ത പ്രകൃതിരമണീയമായ ഒരു സ്ഥലം തെരഞ്ഞെടുക്കുക. ചുറ്റുമുള്ള മനോഹരമായ കാഴ്‌ചകളിലും, ശബ്ദങ്ങളിലും ലയിക്കുക. നീലാകാശവും നീലക്കടലും, നെല്പാടങ്ങളും, മലനിരകളും, വൃക്ഷലതാദികളും, ജലാശയങ്ങളും, പക്ഷി മൃഗാദികളും, സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും എല്ലാം നിങ്ങളിൽ ഒരു നവചൈതന്യം നിറയ്ക്കും. ഒരു നവബോധം സൃഷ്ടിക്കും. ഓരോ നിമിഷത്തിലും സമ്പൂർണ്ണമായി ലയിക്കുക.


4. നിങ്ങളെപ്പറ്റിത്തന്നെയുള്ള 'റണ്ണിംഗ് കമന്ററി സ്വയം പറയുന്ന ശീലം വളർത്തുക


നിങ്ങൾ നിങ്ങളെപ്പറ്റിയുള്ള നിശബ്‌ദ 'റണ്ണിംഗ് കമന്ററി' പറഞ്ഞുകൊണ്ടിരിക്കുക. 'ഞാൻ ഇപ്പോൾ ആഹാരം കഴിക്കുന്നു. അതിന്റെ രുചി, മണം, നിറം എല്ലാം ഞാനറിയുന്നു. ഞാൻ ഇപ്പോൾ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഞാൻ സന്തോഷഭാവത്തിലാണിപ്പോൾ' ഓരോ നിമിഷവും ഇത്തരത്തിലുള്ള നിശബ്ദ തത്സമയ വിവരണം സ്വയം ശീലിച്ചാൽ സ്വയാവബോധം നിങ്ങളെ വിട്ടുപിരിയുകയില്ല.


5. ദിനാന്ത്യത്തിൽ ആ ദിവസത്തെ പുനരവലോകനം ചെയ്യുക.


ദിവസവും വൈകുന്നേരം, രാവിലെ ഉണർന്നപ്പോൾ മുതൽ ഉണ്ടായ അനുഭവങ്ങൾ ക്രമത്തിൽ ഓർക്കാൻ ശ്രമിക്കുക. സംഭവങ്ങളും കാഴ്‌ചകളും ചിന്തകളും വികാരങ്ങളുമെല്ലാം കൃത്യമായി ഓർമ്മയിൽ കൊണ്ടുവരാൻ ശ്രമിക്കുക, ഒരു സിനിമയുടെ 'റീപ്ലേ' പോലെ. ക്രമമായി പിറകോട്ടും ആ ദിവസത്തെ അനുഭവങ്ങൾ പുനരവലോകനം ചെയ്യുക. സ്വയാവബോധം വളർത്തുന്നതിനു പുറമെ, ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും, മനഃശുദ്ധി വരുത്തുന്നതിനും ഈ പ്രക്രിയ നിങ്ങളെ സഹായിക്കും.


6. ഡയറി എഴുത്ത് ശീലമാക്കുക


ഒരു ദിവസത്തെ സംഭവങ്ങളും വികാരങ്ങളും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് ദിനാന്ത്യത്തിൽ ഡയറി എഴുതുന്നത് സ്വയാവബോധം വളർത്താൻ സഹായകരമാണെന്ന് കണ്ടിട്ടുണ്ട്.


( കടപ്പാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗