അക്ഷരക്കൂട്ടം: കോട്ടയം 💿
അക്ഷരക്കൂട്ടം ഓൺലൈൻ

06 ഒക്‌ടോബർ 2025

കോട്ടയം 💿

 💿💿💿

💿💿

💿

കോട്ടയം

ഇന്ത്യയിലെ തെക്കേ അറ്റത്തെ സംസ്ഥാനമായ കേരളത്തിലെ ഒരു ജില്ലയാണ് കോട്ടയം. മധ്യകേരളത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ജില്ലയുടെ കിഴക്ക് ഗംഭീരമായ മലനിരകളുള്ള പശ്ചിമഘട്ടവും, പടിഞ്ഞാറ് വേമ്പനാട് കായലും, കുട്ടനാട്ടിലെ നെൽപ്പാടങ്ങളും അതിര്‍ത്തികളായി വരുന്ന അതുല്യമായ സവിശേഷതകളുള്ള ഭൂപ്രദേശമാണ്. പരന്നുകിടക്കുന്ന കായല്‍പരപ്പുകളും, സമൃദ്ധമായ നെല്‍പ്പാടങ്ങളും, മലമ്പ്രദേശങ്ങളും, മേടുകളും, കുന്നുകളും, വ്യാപിച്ച റബ്ബര്‍മര തോട്ടങ്ങളുമുള്ള ഈ പ്രദേശം നിരവധി ഐതിഹ്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്നു. ആംഗലേയ ഭാഷയില്‍ കോട്ടയത്തെ ലാന്റ് ഓഫ് ലെറ്റേഴ്സ്, ലെയ്‍ക്സ്, ആന്‍ഡ് ലാറ്റക്സ് എന്നും വിശേഷിപ്പിക്കാറുണ്ട്. നാണ്യ വിളകളുടെ, പ്രത്യേകിച്ചും റബ്ബറിന്റെ പ്രധാന വിപണന കേന്ദ്രമാണ് കോട്ടയം. ജില്ലയില്‍ ഏക്കറു കണക്കിന് വ്യാപിച്ചു കിടക്കുന്ന നന്നായി പരിപാലിക്കപ്പെടുന്ന തോട്ടങ്ങളില്‍ നിന്നാണ് ഇന്‍ഡ്യയിലെ സ്വാഭാവിക റബ്ബറിന്റെ ഭൂരിഭാഗവും ഉല്പാദിക്കപ്പെടുന്നത്. റബ്ബര്‍ ബോര്‍ഡിന്റെ ആസ്ഥാനവും കോട്ടയത്താണ്. അച്ചടി മാധ്യമത്തിന് കോട്ടയം നല്‍കുന്ന സംഭാവനകള്‍ മൂലം കോട്ടയത്തെ അക്ഷര നഗരി എന്നും വിളിക്കുന്നു.


ഇന്‍ഡ്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സാക്ഷരതാ നഗരം കോട്ടയമാണ്. (1989-ല്‍ തന്നെ ഈ അവിസ്മരണീയ ലക്ഷ്യം സാക്ഷാത്ക്കരിച്ചു). തെക്കേ ഇന്‍ഡ്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസം കോട്ടയത്തെ പഴയ സെമിനാരിയില്‍ നിന്നും 1813-ലാണ് ആരംഭിച്ചത്. കേരളത്തിലെ ആദ്യത്തെ അച്ചടി ശാലയും 1821-ല്‍ കോട്ടയത്ത് ശ്രീ.ബെഞ്ചമിന്‍ ബെയ്‍ലി സ്ഥാപിച്ചതാണ്. സംസ്ഥാനത്തെ ആദ്യത്തെ കോളേജും 1840-ല്‍ (സി.എം.എസ്.കോളേജ്) കോട്ടയത്ത് ആരംഭിച്ചു. മലയാളം – ഇംഗ്ലീഷ് നിഘണ്ടുവും, ഇംഗ്ലീഷ് – മലയാളം നിഘണ്ടുവും ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത് യഥാക്രമം 1846 ലും, 1847 ലും കോട്ടയത്തു നിന്നുമാണ്. എഴുത്തുകാരുടെയും, പ്രസാധകരുടെയും സഹകരണമേഖലയിലുള്ള ഏക പ്രസിദ്ധീകരണശാലയും 1945-ല്‍ കോട്ടയത്ത് സ്ഥാപിച്ച സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ്. പുസ്തകങ്ങളുടെയും, സമകാലിക പ്രസിദ്ധീകരണങ്ങളുടെയും, മാതൃപട്ടണമായ കോട്ടയമാണ് പ്രസിദ്ധീകരണ വ്യവസായത്തിന്റെ സംസ്ഥാനത്തെ കേന്ദ്രം. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എക്കോസിറ്റിയായി പരിവര്‍ത്തനപ്പെടുത്തുന്നതിനായി തെരഞ്ഞെടുത്ത ആദ്യ പട്ടണവും കോട്ടയമാണ്. മുന്‍ പ്രസിഡന്റായിരുന്ന കെ.ആര്‍.നാരായണന്റെ ജന്മസ്ഥലവും കോട്ടയമാണ്. മൂന്നാര്‍, പീരുമേട്, തേക്കടി, ക്ഷേത്രനഗരമായ മധുര എന്നിവിടങ്ങളിലേക്കുള്ള യാത്ര ക്രമീകരിക്കുവാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലവും, ശബരിമല, മാന്നാനം, വൈക്കം, ഏറ്റുമാനൂര്‍, ഏരുമേലി, മണര്‍കാട് തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെ കവാടവും കൂടിയാണ് കോട്ടയം.

ചരിത്രം

കോട്ടയം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ കോട്ട + അകം എന്നാണ്. മുഞ്ഞനാട്, തെക്കന്‍കൂര്‍ ഭരണാധികാരികളുടെ ആസ്ഥാനം ഇപ്പോഴത്തെ കോട്ടയം പട്ടണത്തിലുളള താഴത്തങ്ങാടി ആയിരുന്നു. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മ തെക്കന്‍കൂറിനെ ആക്രമിക്കുകയും കൊട്ടാരവും, തളിയില്‍ കോട്ടയും നശിപ്പിക്കുകയും ചെയ്തു. കൊട്ടാരത്തിന്റേയും, കോട്ടയുടേയും അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെ കാണാന്‍ സാധിക്കും.


ഇപ്പോഴത്തെ കോട്ടയം ജില്ല മുന്‍ തിരുവിതാംകൂര്‍ രാജ്യത്തിന്റെ ഭാഗമായിരുന്നു. തെക്ക് വടക്ക് എന്ന രണ്ട് റവന്യൂ ഡിവിഷനുകളിലായി ദിവാന്‍ പേഷ്ക്കാര്‍മാരുടെ ഭരണത്തില്‍ കീഴിലായിരുന്ന തിരുവിതാംകൂര്‍ ദേശത്തില്‍ 1868 ല്‍ കൊല്ലം, കോട്ടയം എന്നീ രണ്ടു റവന്യൂ ‍ഡിവിഷനുകള്‍ കൂടി രൂപീകരിക്കുകയും പിന്നീട് കുറച്ച് കാലത്തേയ്ക്ക് ദേവികുളം എന്ന ഡിവിഷന്‍ കൂടി രൂപീകരിക്കപ്പെടുകയും ചെയ്തെങ്കിലും ഈ ഡിവിഷന്‍ കോട്ടയത്തോടു കൂടി ചേര്‍ത്തു. തിരുകൊച്ചി സംയോജന സമയത്ത് (1949) ഈ റവന്യൂ ഡിവിഷനുകളെ ജില്ലകളായി പുനര്‍ നാമകരണം ചെയ്യുകയും ദിവാന്‍‌ പേഷ്ക്കരന്‍മാരുടെ സ്ഥ‌ാനത്ത് ജില്ലാ കളക്ടര്‍മാര്‍ അവരോഹിതരാകുകയും, അങ്ങനെ 1949 ജൂലൈയില്‍ കോട്ടയം എന്ന ജില്ല രൂപീകൃതമാകുകയും ചെയ്തു.


 വിദ്യാസമ്പന്നരായ തിരുവിതാംകൂറിലെ യുവാക്കള്‍ക്ക് തിരുവിതാംകൂര്‍ സിവില്‍ സര്‍വ്വീസില്‍ മെച്ചപ്പെട്ട പദവികള്‍ ലഭിക്കുന്നതിനു വേണ്ടി സംഘടിപ്പിക്കപ്പെട്ട പ്രക്ഷോഭമായ മലയാളി മെമ്മോറിയല്‍ പ്രക്ഷോഭത്തിന്റെ ഉറവിടവും കോട്ടയമായിരുന്നു. പ്രക്ഷോഭസമയത്ത് ശ്രീമൂലം തിരുനാള്‍ മഹാരാജാവിന് സമര്‍പ്പിക്കുന്നതിനുളള നിവേദനം തയ്യാറാക്കിയത് കോട്ടയം പബ്ലിക്ക് ലൈബ്രറിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ചാണ്. ഈ സംഭവം ആധുനിക കേരള ചരിത്രത്തിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെ നാന്ദിയായി ചരിത്രത്തില്‍ രേഖപ്പെടു ത്തിയിരിക്കുന്നു.


തൊട്ടുകൂട്ടായ്മയ്ക്ക് എതിരായ ഐതിഹാസിക പ്രക്ഷോഭമായ വൈക്കം സത്യാഗ്രഹവും ഇവിടെയാണ് നടന്നത്. പട്ടികജാതിക്കാര്‍ക്കും മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കും ക്ഷേത്ര പ്രവേശനം മാത്രമല്ല ക്ഷേത്ര വഴികളിലൂടെയുളള സഞ്ചാര സ്വാതന്ത്ര്യം പോലും ആ കാലഘട്ടത്തില്‍ തിരുവിതാംകൂറില്‍ നിഷേധിച്ചിരുന്നു. ഇതിനെതിരായ സത്യാഗ്രഹത്തിന്റെ പ്രതീകാത്മക വേദിയായി വിഖ്യാതമായ ശിവക്ഷേത്രം സ്ഥിതി ചെയ്യുന്ന വൈക്കം തിരഞ്ഞെടുത്തു. മഹാത്മാഗാന്ധി, ദേശീയ നേതാക്കളായിരുന്ന സി. രാജഗോപാലാചാരി, ആചാര്യ വിനോബാഭാവെ. ഇ.വി. രാമസ്വാമി നായ്ക്കര്‍ എന്നിവര്‍ പങ്കെടുത്ത ഈ സത്യാഗ്രഹം ചരിത്രപരമായി വളരെ പ്രാധാന്യമേറിയതായിരുന്നു.


മുസ്ലീങ്ങള്‍ക്കും സംസ്ഥാന നിയമ സഭയിലേയ്ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നതിനായി മുപ്പതുകളുടെ ആദ്യ കാലഘട്ടത്തില്‍ നടത്തിയ നിവര്‍ത്തന പ്രക്ഷോഭത്തിന് ജില്ലയില്‍‌ നിന്നും കാര്യമായ പിന്‍തുണ ലഭിച്ചിരുന്നു.


തിരുവിതാംകൂറില്‍‌ ഉത്തരവാദിത്വ ഭരണത്തിനു വേണ്ടി സംസ്ഥാന കോണ്‍ഗ്രസ്സ് നടത്തിയ പ്രക്ഷോഭങ്ങളുടെ കേന്ദ്രം കോട്ടയം ആയിരുന്നു. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ പുറത്താക്കപ്പെടലോടു കൂടി ഈ സമരം പര്യവസാനിച്ചു.

💿

💿💿

💿💿💿

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗