അക്ഷരക്കൂട്ടം: ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!
അക്ഷരക്കൂട്ടം ഓൺലൈൻ

12 സെപ്റ്റംബർ 2025

ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!

ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!

രാവിലെ സ്കൂളിലെത്തിയ അധ്യാപകർ ബോർഡിൽ പതിച്ചിരുന്ന അറിയിപ്പ് വായിച്ചപ്പോൾ ഞെട്ടിപ്പോയി:


"നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സമായി നിന്നിരുന്ന വ്യക്തി ഇന്നലെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. മൃതദേഹം പൊതുദർശനത്തിനായി ഹാളിൽ വെച്ചിരിക്കുന്നു. എല്ലാവരെയും അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു."


ഒരു സഹപ്രവർത്തകന്റെ മരണവാർത്ത കേട്ട് ആദ്യം ദുഃഖം തോന്നിയെങ്കിലും, ഉടൻ തന്നെ അവരുടെ മനസ്സിൽ ഒരു കൗതുകം ഉയർന്നു—

“എന്റെ വളർച്ചയ്ക്ക് തടസ്സമായി നിന്നത് ആരായിരിക്കും?”


"എന്റെ വളർച്ച തടഞ്ഞവൻ മരിച്ചു… എന്തൊരു ആശ്വാസം," എന്ന ചിന്ത അവരുടെ മനസ്സിലൂടെ ഒഴുകി.


ഒന്നൊന്നായി അധ്യാപകർ ശവപ്പെട്ടിയ്ക്കരികിലേക്ക് നീങ്ങി. പക്ഷേ അകത്ത് നോക്കിയപ്പോൾ, അവർ വിറങ്ങലിച്ച് നിന്നുപോയി. ഞെട്ടലോടെ അവർ പിന്നോട്ടടി വെച്ചു.

അവരെ നടുക്കിയത് അവിശ്വസനീയമായ ഒരു കാഴ്ചയായിരുന്നു.


ശവപ്പെട്ടിക്കുള്ളിൽ അവരുടെ സ്വന്തം രൂപം പ്രതിഫലിക്കുന്ന ഒരു കണ്ണാടി ആയിരുന്നു.


കണ്ണാടിക്കരികിൽ ഒരു കുറിപ്പും ഉണ്ടായിരുന്നു:


"നിങ്ങളുടെ വളർച്ചയ്ക്ക് തടസ്സം നിൽക്കാൻ കഴിയുന്ന ഒരേയൊരു വ്യക്തി...

അത് നിങ്ങളാണ്!


നിങ്ങളുടെ സന്തോഷം, വിജയം, സ്വപ്നങ്ങൾ— ഇവയെല്ലാം സ്വാധീനിക്കാൻ കഴിയുന്നവൻ നിങ്ങളാണ്!


നിങ്ങളുടെ ജീവിതം മാറുന്നത്, ഹെഡ്മാസ്റ്റർ മാറിയതുകൊണ്ടോ, സുഹൃത്തുക്കൾ മാറിയതുകൊണ്ടോ, സ്കൂൾ മാറിയതുകൊണ്ടോ അല്ല.

ജീവിതം മാറണമെങ്കിൽ, ആദ്യം നിങ്ങൾ തന്നെ മാറണം.


ആ മാറ്റം നിങ്ങളുടെ ഉള്ളിൽ നിന്നു തുടങ്ങണം.

അത് ഇന്നുതന്നെ തുടങ്ങണം.


നിങ്ങളുടെ നെഗറ്റീവ് ചിന്തകളിൽ നിന്ന് പുറത്തേക്ക് വരിക!


നിങ്ങളുടെ ജീവിതത്തിനുത്തരവാദി നിങ്ങളാണ് എന്ന് മനസ്സിലാക്കുക.


മറ്റുള്ളവരെ കുറ്റപ്പെടുത്തലും കണ്ണീർ ചൊരിയലും നിങ്ങളുടെ ജീവിതത്തിൽ  മാറ്റം വരുത്തില്ല.

അത് നഷ്ടം മാത്രമേ നൽകൂ...


ഒരു മുട്ടയെ പുറത്തുനിന്ന് തകർത്താൽ, ജീവൻ അവസാനിക്കും.

പക്ഷേ, അത് ഉള്ളിൽനിന്ന് പൊട്ടുമ്പോൾ, ജീവൻ ആരംഭിക്കും.😊


മഹത്തായ കാര്യങ്ങൾ എല്ലാം ഉള്ളിൽ നിന്നാണ് ആരംഭിക്കുന്നത്...!


ആ മാറ്റം നിങ്ങളിൽ തുടങ്ങട്ടെ...!

അത് ഇന്നുതന്നെ തുടങ്ങട്ടെ...!


🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം രേഖപ്പെടുത്തുക 🤗